അമ്മേ… നാട്ടുകാരൊന്നും പറയുന്നത് വിശ്വസിക്കരുത്. എനിക്കൊന്നും സംഭവിച്ചിട്ടില്ല. ലീവ് കിട്ടിയാൽ ഞാൻ വരും………

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

കതക് തുറന്നപ്പോൾ ഞാൻ ആരാണെന്ന് പറയുന്നതിന് മുമ്പേ രാഘവൻ അല്ലേയെന്ന് ആ വൃദ്ധ എന്നോട് ചോദിച്ചു. അല്ലായെന്ന് പറയാൻ അവർ എന്നെ സമ്മതിച്ചില്ല. കത്ത് അയച്ചിട്ട് കൊല്ലം രണ്ടായപ്പോഴാണല്ലേ നിനക്കൊന്ന് വരാൻ തോന്നിയതെന്നും പറഞ്ഞ് ആ സ്ത്രീ എന്നെ അകത്തേക്ക് ക്ഷണിക്കുകയും ഹാളിലെ സോഫയിൽ ഇരുത്തുകയും ചെയ്തു.

തുടക്കത്തിൽ തെളിഞ്ഞ ആ വൃദ്ധയുടെ മുഖത്തേക്ക് അപ്പോഴേക്കും നിരാശയുടെ നിഴലുകൾ വീണിരുന്നു. ഞാൻ രാഘവനല്ലെന്നും വാഹനാപകടത്തിൽ മരിച്ച രാഘവന്റെ ഇൻഷൂറൻസ് തുക അനുവദിക്കുന്നതിനായിട്ടുള്ള എൻക്യുയറിക്ക് വന്നതാണെന്നുമൊക്കെ എനിക്ക് പറയണമെന്നുണ്ടായിരുന്നു. സാധിച്ചില്ല.

മിക്കവാറും എന്റെ മുന്നിൽ നിൽക്കുന്നത് മരിച്ചുപോയ രാഘവന്റെ വട്ടായ അമ്മയായിരിക്കുമെന്ന് എനിക്ക് തോന്നി. തോന്നാൻ കാരണമുണ്ട്. എന്നെ അവിടേക്ക് പറഞ്ഞയച്ച മാനേജർ അത് ചെറുതായൊന്ന് സൂചിപ്പിച്ചിരുന്നു. എന്നാലും, ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

‘നീ നിന്റെ മരിച്ചുപോയ അച്ഛന്റെ സ്കൂട്ടറിൽ പോകുമ്പോൾ ലോറിയിടിച്ച് ചiത്തുപോയി എന്നാണ് നാട്ടുകാരെല്ലാം പറഞ്ഞത്…! എനിക്കറിയാം… ഈ അമ്മയെ വിട്ട് മോനങ്ങനെയൊന്നും പോകാൻ പറ്റില്ലെന്ന്… കത്തിൽ ഞാൻ പറഞ്ഞിരുന്നുവല്ലോ…!’

അത് കേട്ടപ്പോൾ കാര്യമായൊന്നും മനസ്സിലായില്ല. ആ വൃദ്ധ അകത്തേക്ക് പോയിട്ട് പൊട്ടിച്ച് വായിച്ചയൊരു കത്തെടുത്ത് എന്റെ കയ്യിൽ തന്നപ്പോൾ എന്തിനാണെന്ന് പോലും അറിയാതെ എന്റെ അകം വിയർത്തിരുന്നു.

‘ഇത് കിട്ടിയപ്പോഴാണ്… എനിക്കെന്റെ ശ്വാസം തിരിച്ച് കിട്ടിയത്….’

ഞാൻ ആ കത്ത് തുറന്ന് വായിച്ചു…

‘അമ്മേ… നാട്ടുകാരൊന്നും പറയുന്നത് വിശ്വസിക്കരുത്. എനിക്കൊന്നും സംഭവിച്ചിട്ടില്ല. ലീവ് കിട്ടിയാൽ ഞാൻ വരും.

എന്ന് അമ്മയുടെ രാഘവൻ

മരിച്ചത് രാഘവനാണെന്നത് പകൽ പോലെ സത്യമാണെന്ന് അറിയുന്നത് കൊണ്ടാകും എനിക്ക് ആ കത്ത് വളരേ വിചിത്രമായാണ് അന്ന് തോന്നിയത്. ആരോ ഈ പാവം സ്ത്രീയെ കാര്യമായി കബളിപ്പിക്കുന്നുണ്ട്.

‘എന്നാലുമെന്റെ മോൻ വന്നല്ലോ…. ഇനി ചiത്താലും വേണ്ടില്ലാ…’

എനിക്ക് ആ അമ്മയോട് മാതാപിതാക്കൾ നഷ്ട്ടപ്പെട്ട കുട്ടിയോടെന്ന പോലെയൊരു സഹതാപം തോന്നി. മകന്റെ മരണം വിശ്വസിക്കാൻ സാധിക്കാത്ത മനസ്സാണവർക്ക്. എങ്കിലും അങ്ങനെയൊരു മതിഭ്രമ മനസ്സിന് മുന്നിൽ ഇങ്ങനെയിരുന്ന് കൊടുക്കേണ്ട ആവശ്യ മുണ്ടോയെന്ന് എനിക്ക് ആ നേരം തോന്നി. ഇന്നല്ലെങ്കിൽ നാളെ അവർ എല്ലാം അറിഞ്ഞല്ലേ പറ്റൂ…

പണ്ട്, അച്ഛന്റെ പുറത്ത് കയറി മകൻ ആനകളിച്ച കഥ ഇന്നലെ നടന്നെന്ന പോലെ പറയുകയാണ് ആ വൃദ്ധ. ഒരു ശ്വാസത്തിന്റെ ഇടവേള കിട്ടിയപ്പോൾ രാഘവനല്ലായെന്ന് ഞാൻ തുറന്ന് പറഞ്ഞു. അതുകേട്ടതും ആ അമ്മ സോഫയിൽ നിന്ന് എഴുന്നേറ്റ് എന്റെ രണ്ട് കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കുകയായിരുന്നു.

‘ ശരിയാണ്! നീ രാഘവനല്ല. അവന്റെ കണ്ണുകൾ കുപ്പിച്ചില്ല് പോലെ തിളങ്ങുമായിരുന്നു!’

എന്നും പറഞ്ഞവർ മുറിയിലേക്ക് പോയി കതകടച്ചു. പ്രതീക്ഷിച്ചത് പോലെ യാതൊരു പൊട്ടിത്തെറിയും ഉണ്ടായില്ല. എന്ത്‌ ചെയ്യണമെന്നറിയാതെ ഞാൻ അവിടെ തന്നെ കുറേ നേരം ഇരിക്കുകയായിരുന്നു. മാനേജറെ ഫോണിൽ വിളിച്ച് നടന്നത് മുഴുവൻ പറഞ്ഞപ്പോഴാണ് ആശ്വാസമായത്.

ഒരു നെടുവീർപ്പോടെ എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോഴാണ് ആ സ്ത്രീ കതക് തുറന്ന് പുറത്തേക്ക് വന്നത്. കൈകളിൽ വിലാസവും തപാൽ സ്റ്റാമ്പും ഒട്ടിച്ച ഒരു കടലാസ്സ് കവറുണ്ടായിരുന്നു.

‘പോകുന്ന വഴിയിൽ മോനിതൊന്ന് അയക്കുമോ?’

അയക്കാമെന്ന് പറയാതെ തന്നെ അതും വാങ്ങി ഞാൻ പടികൾ ഇറങ്ങി. മുൻവശത്തെ ഗേറ്റും കഴിഞ്ഞ് മറയുന്നത് വരെ ആ സ്ത്രീ തന്റെ കണ്ണുകൾ എവിടേയും തടയാതെ വിദൂരതയിലേക്ക് എറിഞ്ഞ് കൊണ്ട്
കതകിൽ തന്നെ ചാരി നിൽപ്പുണ്ടായിരുന്നു. എന്റെ ഓരോ തിരിഞ്ഞു നോട്ടത്തിലും എനിക്ക് ഭയമാണ് തോന്നിയത്.

രഘവന്റെ മരണവും, ചിതയും, ആർത്താർത്ത് കരഞ്ഞതും, എല്ലാം ആ അമ്മ മറന്നിരിക്കുന്നു. കണ്ണുകളിൽ മകൻ തിരിച്ച് വരുമെന്ന തേടലുകൾ മാത്രം…

വിലാസമായി രാഘവനെന്ന് മാത്രം എഴുതിയ ആ കത്ത് ഞാൻ അയച്ചില്ല. അന്ന് സന്ധ്യക്ക്‌ വീട്ടിലെത്തിയ എനിക്കത് പൊട്ടിച്ച് വായിക്കണമെന്ന് തോന്നി.

‘മോനേ.. അമ്മയിനി എത്ര കാലമുണ്ടാകുമെന്നതിന് ഒരുറപ്പുമില്ല. ജോലി തിരക്കാണെന്ന് അമ്മയ്ക്കറിയാം. എന്നാലും നേരം പോലെ അമ്മയെ കാണാൻ എന്റെ മോൻ വരണം. പിന്നേ…. സ്കൂട്ടറിൽ പോകുമ്പോഴും വരുമ്പോഴുമെല്ലാം ലക്കില്ലാതെ വരുന്ന ലോറികളെ പ്രത്യേകം ശ്രദ്ധിക്കണമേ… മോൻ വരുന്നത് വരെ ജീവിച്ചിരിക്കണമെന്ന പ്രാർത്ഥന മാത്രമേയുള്ളൂ എനിക്ക്..’

എന്ന് മോന്റെ അമ്മ ‘

പിന്നെ ഞാൻ രാഘവന്റെ വീട്ടിൽ പോയിട്ടില്ല. ആ വൃദ്ധയെ നേരിടാൻ എനിക്ക് ആവില്ലായിരുന്നു. പിന്നീട് എപ്പോഴോ മാനേജറാണ് പറഞ്ഞത് ഇൻഷൂറൻസ് തുക ആ സ്ത്രീ കൈപ്പറ്റിയെന്ന്. അല്ലെങ്കിലും ലോകത്തിലെ ഏറ്റവും ദുഃഖകരമായ ചിത്രങ്ങളിലൊന്ന് മക്കളുടെ മരണ വാർത്തകൾ നേരിടേണ്ടി വരുന്ന മാതാപിതാക്കൾ തന്നെയാണ്…

പ്രിയപ്പെട്ടവരുടെ മരണമെന്നാൽ ജീവിച്ചിരിക്കുന്നവരെ കൊiല്ലാതെ കൊiല്ലുന്നയൊരു വില്ലനാണെന്ന് അതിൽ പിന്നെ എനിക്ക് തോന്നാറുണ്ട്. അതിന്റെ ആക്കം കൂട്ടാൻ എന്നോണം ഇടക്കൊക്കെ എന്റെ മേശ വലിവിൽ നിന്ന് ആ വൃദ്ധയുടെ തേങ്ങൽ ഞാൻ കേൾക്കാറുമുണ്ട്. എന്തുചെയ്യാം… രാഘവനിലേക്ക് എത്താത്ത ആ കത്ത് ഇപ്പോഴും അതിനകത്ത് തന്നെയാണല്ലോ…!!!

Leave a Reply

Your email address will not be published. Required fields are marked *