എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
നല്ല കൊഞ്ച് കിട്ടിയാൽ വാങ്ങണമെന്നാണ് കുമാരേട്ടനോട് അവസാനമായി ഞാൻ പറഞ്ഞത്. കൊഞ്ച് ഇല്ലെങ്കിലും ആള് ഇങ്ങൊന്ന് വന്നാൽ മതിയെന്നേ ഇപ്പോൾ ആഗ്രഹിക്കുന്നുള്ളൂ…
മംഗലാപുരത്ത് മീൻ എടുക്കാൻ പോയ നാട്ടിലെയൊരു ലോറിയുടെ കിളിയാണ് കുമാരേട്ടൻ. എന്നെ കെട്ടുമ്പോഴും ആള് കിളിയായിരുന്നു. കൂട്ടിരിക്കുമ്പോഴും കിളി തന്നെ. കാണുമ്പോഴെല്ലാം കൊക്കുരുമാനും കുറുകാനും കാതോരം ചേരുന്ന ആ മനുഷ്യന്റെ മനസ്സും ഒരു കിളി കുഞ്ഞിന്റേതാണ്. എനിക്കും മക്കൾക്കും കൊത്തിപ്പെറുക്കാൻ അന്നം തേടണമെന്ന ചിന്ത മാത്രമേ എന്റെ ഈ പാവം കിളിക്കുള്ളൂ…
‘മംഗലാപുരത്ത് പാലം തകർന്നെന്നാ പറയന്നേ….’
കുമാരേട്ടൻ പോയതിന്റെ ഏഴാം ദിവസം അയലത്തെ സുകുവേട്ടൻ പറഞ്ഞതാണ്. ഓൻ വിളിച്ചിരുന്നുവോയെന്നും ചോദിച്ചു. പോയാൽ അഞ്ച് ദിവസത്തിനുള്ളിലൊക്കെ തിരിച്ചെത്തേണ്ട ആളാണ്. വിളിച്ചാൽ കിട്ടുന്നുമില്ല. എന്റെ നെഞ്ച് പട പടാന്ന് അടിച്ചു. നേരമായിട്ടും എത്തിച്ചേരണ്ടവരെ കാണാതിരിക്കുമ്പോഴുള്ള അവസ്ഥ നെഞ്ചിൽ തീ വീണത് പോലെയാണ്. പച്ചക്ക് കത്തി നിൽക്കുകയെന്നത് മാത്രമേ ചെയ്യാനുള്ളൂ…
‘ഒന്ന് പോയി നോക്കെടാ…’
സ്റ്റേഷനിൽ പരാതി കൊടുത്ത നാൾ കുമാരേട്ടന്റെ അമ്മാവന്റെ മോനോട് ഞാൻ പറഞ്ഞതാണ്. അവൻ അവന്റെ കൂട്ടുകാരെയൊക്കെ വിളിച്ച് അന്നു തന്നെ മംഗലാപുരത്തേക്ക് പുറപ്പെട്ടു. അവർക്കും അങ്ങേരെ കണ്ടെത്താൻ പറ്റിയില്ല. പാലം തകർന്നതുമായി ബന്ധപ്പെട്ട് പല വാഹനങ്ങളും ഒഴുക്കിൽ പെട്ടത്രെ. ഒഴുക്കെന്ന് പറഞ്ഞാൽ തൊട്ടടുത്ത് കടലാണ് പോലും!
ഈ കരയിൽ പിള്ളേരേയും പൊത്തിപ്പിടിച്ച് ഇനിയുമെത്ര നാൾ ഇങ്ങനെയെന്ന് മാത്രം ചിന്തിച്ച് എന്റെ തല പുകഞ്ഞു കൊണ്ടേയിരുന്നു…
പതിനാലാം നാൾ… ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തിരിച്ചെത്തേണ്ട നേരമായെന്ന് ഞാൻ കേൾക്കാതെ പലരും പറയുന്നുണ്ട്. അച്ഛന് എന്തു പറ്റിയെന്ന് ചോദിക്കുന്ന പിള്ളേരോട് എന്ത് പറയണമെന്ന് പോലും എനിക്ക് അറിയില്ല. അവർക്കായി ഉണ്ടാക്കുന്ന പരിപ്പ് കറിയിൽ കുമാരേട്ടനെ ഓർത്ത് ഞാൻ ഇളക്കിക്കൊണ്ടേയിരുന്നു…
മക്കളെ വിശപ്പ് കൊത്തുന്നത് കണ്ട് നിൽക്കാൻ എത്ര വീണെന്ന് പറഞ്ഞാലും ഒരു അമ്മക്ക് കഴിയില്ലല്ലോ.. കുമാരേട്ടൻ ഇല്ലാതെ വന്നാലും ജീവിച്ചല്ലേ പറ്റൂ… അങ്ങനെ ഓർക്കുമ്പോൾ തന്നെ പ്രാണന് നെഞ്ച് തiല്ലി വിങ്ങാൻ തോന്നുകയാണ്.
‘രാധേ….!’
ആരോ മുറ്റത്ത് നിന്ന് വിളിക്കുന്നത് പോലെ… ശേഷം അച്ഛായെന്ന വിളിയോടെ പിള്ളേരുടെ ശബ്ദം കൂടി കേട്ടപ്പോൾ സ്വപ്നമാണോയെന്ന് വരെ ഞാൻ ചിന്തിച്ചു പോയി. കറി ഇളക്കിയ തവിയുമായി ഉമ്മറത്തേക്ക് നടന്നപ്പോൾ വൃത്തിയുള്ള ഉടുപ്പുമിട്ട് മുന്നിൽ കുമാരേട്ടൻ നിൽക്കുന്നു…! പിള്ളേർക്ക് സമ്മാനവുമുണ്ട്…
‘ഒന്നും പറയേണ്ട… ലോറി പോയി… ഞങ്ങള് എങ്ങനെയൊക്കെയോ… എനിക്ക്ണ്ടാ നിന്റെ നമ്പറ് ഓർമ്മയിൽ…. കുറേ നാള് ആസ്പത്രിയിലായിരുന്നു….’
കുമാരേട്ടൻ പറയുന്നതെല്ലാം അനങ്ങാതെ നിന്ന് ഞാൻ കേൾക്കുക യായിരുന്നു. തന്റെ കൈയ്യിലെ സഞ്ചി നേരെ നീട്ടയപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടാകുന്നത്. നഷ്ട്ടപ്പെട്ട് പോയെന്ന് കരുതിയ ജീവിതം തിരിച്ച് കിട്ടുമ്പോഴുള്ള സന്തോഷം ജീവനെ പൊട്ടി കരയിപ്പിച്ചു. അപകടത്തിൽ പെട്ട് എങ്ങോ പോയെന്ന് കരുതാൻ തുടങ്ങിയ എന്റെ കിളി ഭദ്രമായി തിരിച്ചെത്തിയിരിക്കുന്നു.
‘ഇതെന്താണ്…?’
എനിക്ക് നേരെ നീണ്ട ആ സഞ്ചി വാങ്ങുമ്പോൾ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ ചോദിച്ചതാണ്.
‘നല്ല കൊഞ്ച് കിട്ടിയാൽ വാങ്ങണമെന്ന് നീയല്ലേ പറഞ്ഞേ…’
അത് പറയുമ്പോൾ ചുളിഞ്ഞ കുമാരേട്ടന്റെ നെറ്റിയിലേക്ക് ചുണ്ട് കൊണ്ട് മുത്തണമെന്നേ എനിക്ക് ആ നേരം തോന്നിയുള്ളൂ. ഞാനത് ഭംഗിയായി ചെയ്യുകയും ചെയ്തു. എന്റെ ഉന്തിയ പല്ലുകളിൽ ഒന്ന് കൊണ്ടെന്നാണ് തോന്നുന്നത്! അല്ലെങ്കിൽ പിന്നെ പിള്ളേർക്ക് ചിരിക്കാൻ പാകം ഹൂവെന്ന് കൂവി അങ്ങേര് തുള്ളില്ലായിരുന്നുവല്ലോ…!!!