എഴുത്ത് :-സജി തൈപ്പറമ്പ്
എനിക്ക് പറയാനുള്ളത് അൻപത് കഴിഞ്ഞ പുരുഷൻമാരെ കുറിച്ചാണ്
യൗവനത്തിനും വാർദ്ധക്യത്തിനുമിടയിലുള്ള പ്രായം
ഇരുചെവികൾക്ക് മീതെയും, കൃതാവിലുമായി നരച്ച മുടിയുടെ കടന്ന് കയറ്റം , അയാളെ ,തൻ്റെ ശരീരത്തെക്കുറിച്ചും ഊർജ്ജസ്വലതയെ കുറിച്ചും ആത്മവിശ്വാസമില്ലാത്തവനാക്കുന്നു.
സ്വന്തം ഇണയോടുള്ള താത്പര്യം കുറയുമ്പോഴും, അന്യ സ്തീകളോടുള്ള അമിതഭ്രമം, പ്രായഭേദമന്യേ ഉണ്ടാകുന്നതും അൻപതുകളിലാണ്,
അത് പോലെ ,ഒരു പുരുഷൻ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദത്തി ലാകുന്നതും, ഈ പ്രായത്തിലാണ്
വിവാഹ പ്രായമായ പെൺമക്കളെയോർത്തും,പഠിപ്പ് പൂർത്തിയാക്കിയിട്ടും ജോലിയൊന്നുമാവാത്ത ആൺമക്കളെകുറിച്ചുമുള്ള ഉത്ക്കണ്ഠ മാത്രമല്ല, അതിന് കാരണം,
ഒരു സർക്കാർ ജീവനക്കാരനാണെങ്കിൽ, പടിവാതില്ക്കലെത്തി നില്ക്കുന്ന പെൻഷൻ പ്രായവും ,അയാളിൽ ആശങ്കയുണ്ടാക്കുന്നു ,
പങ്കാളി തന്നോട് കാണിക്കുന്ന നേരിയ അകൽച്ചയെ പോലും, അയാൾ തൻ്റെ പൗരുഷത്തെ, ചോദ്യമുനയിൽ നിർത്തുന്നു,

താനൊരു ലക്ഷണമൊത്ത പുരുഷനാണെന്നും, തൻ്റെ ശേഷിക്ക് യാതൊരു കുറവുമുണ്ടായിട്ടില്ലെന്നും, സ്വയം ബോധ്യപ്പെടുത്തുക എന്നതായിരിക്കും ,അയാളുടെ അടുത്ത ലക്ഷ്യം,
എന്നാൽ, സ്വതവേ കോൺഫിഡൻസില്ലാത്ത അയാൾ, അന്യ സ്ത്രീകളെ ഫെയ്സ് ചെയ്യാനുള്ള മടി കൊണ്ട് ,സോഷ്യൽ മീഡിയകളെ ആശ്രയിക്കും,
പാതിരാവുകളിലും പച്ച വെളിച്ചമണയാത്ത, യുവതികളുടെ ഇൻബോക്സുകളിൽ, അങ്ങനെ അയാൾ മെല്ലെ മുട്ടാൻ തുടങ്ങും,
കരുണയില്ലാത്ത ചിലർ അറിഞ്ഞ ഭാവം നടിച്ചില്ലെങ്കിലും, ഇങ്ങനെ യൊരാളെ പ്രതീക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ഇൻബോക്സ്, അയാൾക്ക് മുന്നിൽ മലർക്കെ തുറക്കും,
റോസാപ്പൂവിൻ്റെ മുഖമുള്ള ഇൻബോക്സിൽ ഒളിച്ചിരിക്കുന്ന ആ സുന്ദരിയെ, നേരിട്ട് കാണണമെന്ന തൻ്റെ ആഗ്രഹം, അയാൾ മെല്ലെ പ്രകടിപ്പിക്കും,
നേരിട്ട് കാണുമ്പോൾ ഞാൻ സുന്ദരിയല്ലെങ്കിൽ, നിങ്ങൾ എന്നെ മറക്കില്ലേ ?അതെനിക്ക് സഹിക്കാൻ കഴിയില്ല,,,
അവൾ സിനിമാ ഡയലോഗ് കൊണ്ട്, അയാളെ ധർമ്മസങ്കടത്തിലാക്കും,
ഇല്ല, ഒരിക്കലുമില്ല, നിൻ്റെ സൗന്ദര്യം കണ്ടിട്ടല്ലല്ലോ ഞാൻ നിന്നെ ഇഷ്ടപ്പെട്ടത് ,? നിൻ്റെ സംസാരത്തിലെ ആത്മാർത്ഥതയും, വശ്യതയുമാണ് നിൻ്റെ സൗന്ദര്യം ,അത് കൊണ്ട് അങ്ങനൊരു ഭയം നിനക്ക് വേണ്ട,
അയാൾ ഇരുത്തംവന്ന സാഹിത്യകാരനാകും,,
എങ്കിൽ പിന്നെ എന്തിനാ, എന്നെ കാണുന്നത് ?അപ്പോൾ എന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ലേ? എനിക്ക് മനസ്സിലായി ,വിശ്വാസമില്ലാത്ത പ്രണയം ഒരു ബാധ്യതയാണ്, നമുക്കിത് ഇവിടെ അവസാനിപ്പിക്കാം,,
അവൾ പിണക്കത്തിൻ്റെയും, ദേഷ്യത്തിൻ്റെയും ഇമോജികൾ അയാൾക്ക് നേരെ തൊടുക്കും,
അയ്യോ പൊന്നേ, പിണങ്ങല്ലേ? ഞാനിനി നിന്നെ കാണണമെന്ന് പറയില്ല, സോറി,,
അപ്പോൾ അവൾ, ചിരിക്കുന്ന ഇമോജിക്കൊപ്പം തുടിക്കുന്ന ഹൃദയത്തിൻ്റെയും ഇമോജികൾ അയക്കും,
പിന്നീടുള്ള പാതിരാത്രികളിൽ, അയാളുടെ ഉറക്കം നഷ്ടമാകുന്നു, ഭാര്യയെയും മകളെയും, വീടിനെയും അയാൾ മറക്കുന്നു ,
അടിക്കടി ഉണ്ടാകുന്ന അവളുടെ ആവശ്യങ്ങൾക്ക്, അയാൾ മടി കൂടാതെ കൊടുക്കുന്നു ,അയാളുടെ ഫോണിലെ ഗൂഗിൾ പേയും, ഫോൺ പേയും ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു, ഒടുവിൽ സ്ഥിരം കണ്ട് കണ്ട്,
G പേയും , P പേയും ,തമ്മിൽ പ്രണയത്തിലാകുന്നു,
പതിയെ പതിയെ, അവളുടെ ബാധ്യതകൾ കുറഞ്ഞ് കുറഞ്ഞ് വരുന്നു, അപ്പോഴേക്കും അയാളുടെ ബാധ്യതകൾ, സിബിൽ സ്കോറിനെയും നാണം കെടുത്തി, മുകളിലേക്കെത്തുന്നു,
ഒടുവിൽ, ഒരു തൈക്കിളവനെ കൂടി, തൻ്റെ വലയിൽ കുടുക്കിയ ചാരിതാർത്ഥ്യത്തിൽ, അയാളുടെ ഫോൺ നമ്പരും ബ്ളോക്ക് ചെയ്ത് , അവൾ തൻ്റെ പച്ച ലൈറ്റ് എന്നെന്നേയ്ക്കുമായി അണയ്ക്കുന്നു,
തനിക്ക് പറ്റിയ അമളിയും, തൻ്റെ കാശ് പോയ വഴിയും വെളിപ്പെടുത്താനാവാതെ, അയാൾ നിശബ്ദനാകുന്നു.
NB :- ഇത് എല്ലാ പുരുഷൻമാരുടെയും കഥയല്ല കെട്ടോ, ഏതാനും ചിലരുടെ മാത്രം ,,,