Story written by Sajitha Thottanchery
“ടീ നീ ഒരു ഫെമിനിസ്റ്റ് ആകുന്നുണ്ടോ?”. ഭർത്താവ് അരുൺ അങ്ങനെ ചോദിച്ചപ്പോൾ നിള എന്താപ്പോ ഇങ്ങനൊരു ചോദ്യം എന്ന മട്ടിൽ പുരികം ചുളിച്ചു അവളെ നോക്കി.
“അല്ല നീ എഴുതുന്നതിൽ കൂടുതലും അങ്ങനൊക്കെ ആണ്.”പരിഹാസം പോലെ അയാൾ പറഞ്ഞു.
“വായിക്കാറുണ്ടോ അപ്പൊ ഞാൻ എഴുതുന്നത്.”ആകാംഷയോടെ അവൾ ചോദിച്ചു.
“ഞാൻ വായിച്ചിട്ടൊന്നുമില്ല. എന്റെ ഫ്രണ്ട്സ് പറഞ്ഞതാ. പിന്നേ എനിക്ക് ഈ ഭ്രാന്ത് വായിക്കലല്ലേ പണി.”വാക്കുകളിൽ പുച്ഛം വിതറിയിരുന്നു.
“ഓഹ്…. ഫ്രണ്ട്സ്. ഞാൻ കരുതി നിങ്ങൾ വായിക്കാറുണ്ടെന്ന്.” തികട്ടി വന്ന നിരാശ അവൾ പ്രകടിപ്പിക്കാതിരുന്നില്ല.
“നിനക്ക് വട്ടാണോ. ഇങ്ങനെ ഓരോന്നു എഴുതാൻ. വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ. കാണുന്നവർ കരുതും ഞാൻ ഇത്ര ദുiഷ്ടൻ ആണെന്ന്. മനുഷ്യനെ നാണം കെടുത്താൻ ഓരോ കോപ്രായങ്ങൾ. പിന്നേ….. മാധവിക്കുട്ടി അല്ലേ.”ഇപ്പൊ അയാളുടെ വാക്കുകൾ പുച്ഛത്തിൽ നിന്നും ദേഷ്യത്തിലേക്ക് വഴിമാറിയിരുന്നു.
“അല്ല… നിങ്ങൾ ഞാൻ എഴുതിയ എന്തെങ്കിലും ഒന്ന് വായിച്ചിട്ടുണ്ടോ?ആദ്യം അത് ചെയ്തിട്ട് സ്വന്തമായി അഭിപ്രായം പറയ്. വല്ലൊരുടേം അഭിപ്രായം പറയാതെ. പിന്നേ ഞാൻ എഴുതുന്നത് എന്റെ ഇഷ്ടമാണ്. അത് കണ്ട് ആരെങ്കിലും എന്തെങ്കിലും പറയുബോൾ നിങ്ങൾക്ക് നാണക്കേട് എന്തിനാ. എന്റെ എക്സ്പീരിയൻസ് എന്തായാലും എന്റെ അക്ഷരങ്ങളിൽ ഇല്ലാതിരിക്കില്ല. കുറച്ചൊക്കെ ഇമേജിനേഷൻസ് ആണെങ്കിലും പൊതുവെ എന്റെ ലൈഫ്സ്റ്റൈൽ ഞാൻ എഴുതുന്നതിൽ വരാതിരിക്കോ. മാധവിക്കുട്ടി ആയില്ലേലും എന്റെ എഴുത്തുകൾ വായിക്കാനും ആൾക്കാരുണ്ട്. ആരെന്തു പറഞ്ഞാലും ഞാൻ എഴുതും.ബുദ്ധിമുട്ട് ഉണ്ടേൽ സഹിച്ചോ.”റോസിക്ക് ബുദ്ധിമുട്ടാണെൽ റോസി ഇവിടന്നു ഇറങ്ങിപോക്കോ എന്ന ഭാവത്തിൽ അവൾ കയറി കിടന്നു.
ഇതിനു മാത്രം അവൾ എന്താണ് എഴുതി പഠിപ്പിക്കുന്നെ. അതൊന്ന് അറിയണമല്ലോ. അയാൾ അവൾ എഴുതുന്നതൊക്കെ തിരഞ്ഞു പിടിച്ചു വായിക്കാൻ തുടങ്ങി.
കാലത്തെ എഴുന്നേറ്റ് വീട്ടിലെ എല്ലാ കാര്യങ്ങളും തീർത്തിട്ടും എന്തെങ്കിലും ഒരു കുഞ്ഞു തെറ്റ് വന്നാൽ അത് മാത്രം തിരഞ്ഞു പിടിച്ചു വിമർശിക്കുന്ന ഭർത്താവ് ആണ് ആദ്യം വായിച്ചതിലെ നായകൻ.
എന്തൊരു ക്രൂരൻ ആണയാൾ. കഥയിലെ നായികയോട് അരുണിനു വല്ലാത്ത അലിവ് തോന്നി.
അടുത്ത കഥയിൽ ബസ്സിന്റെ സമയം വൈകിയിട്ടും ഓഫീസിലേക്ക് ആക്കി തരുമോ എന്ന് ചോദിക്കുമ്പോൾ “നിനക്കെന്താ പണി, നേരത്തെ എഴുന്നേറ്റുടെ എന്ന് ചോദിച്ചു “ഭാര്യയെ കുറ്റപ്പെടുത്തി ഓഫീസിലേക്ക് നടത്തി വിടുന്ന ഭർത്താവ്.
ഇയാൾക്കൊന്നു കൊണ്ട് വിട്ടാലെന്താ. വീട്ടിലെ എല്ലാ പണിയും ആ പെണ്ണ് ഒറ്റയ്ക്കല്ലേ ചെയ്യുന്നേ. അവിടേം അതിലെ നായികയോട് സഹതാപം.
ഇനിയൊന്നു എടുത്തപ്പോൾ മക്കളുടെ വികൃതിക്ക് അമ്മയുടെ വളർത്തുദോഷം ആണെന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്ന ഭർത്താവ്. അടുത്തതിൽ വയ്യാതെ കിടക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം വേണോന്നു പോലും ചോദിക്കാത്ത അറുബോറൻ നായകൻ.
അയാൾ തിരച്ചിൽ നിറുത്തി ഒന്ന് ആലോചിച്ചു. ഇതിലെ നായകന്മാരുടെ പേര് വ്യത്യസ്തം ആണെങ്കിലും ഇതൊക്കെ താൻ തന്നെ ആണല്ലോ എന്ന് അയാൾക്ക് തോന്നി. ഇവൾ ഈ എഴുതിയ എല്ലാം എന്നെ കുറിച് തന്നെ.
അതിൽ ഓരോരുത്തർ വന്നു ഇട്ടിരിക്കുന്ന കമെന്റുകളിലെ വില്ലൻ ഈ സുന്ദരനായ ഞാനാണല്ലോ ഈശ്വരാ….. അയാൾ കണ്ണാടി നോക്കി പറഞ്ഞു.
ഇതൊക്കെ ഓരോ ദിവസവും അവളോട് ചെയ്യുബോൾ തനിക്ക് എത്ര നിസ്സാരമായ കാര്യങ്ങൾ ആയിരുന്നു. പക്ഷേ പുറത്ത് നിന്നു ഒരാളായി ഈ അനുഭവങ്ങൾ വായിക്കുമ്പോൾ…..
ഉറങ്ങി കിടക്കുന്ന ഭാര്യയുടെ നിഷ്കളങ്കമായ മുഖത്തേക്ക് അയാൾ നോക്കി. വിളിച്ചു എഴുന്നേൽപ്പിച്ചു മാപ്പ് പറയണോ…. അയാൾ മനസ്സിൽ ആലോചിച്ചു.
“വേണ്ട, ഇപ്പൊ കാണുന്ന നിഷ്കളങ്കത ഉണർന്നാൽ ഉണ്ടായിക്കോള ണമെന്നില്ല.”അയാൾ സ്വന്തം മനസ്സിനെ അനുനയിപ്പിച്ചു.
കാലത്ത് എഴുന്നേറ്റ നിള ഭർത്താവിനെ റൂമിൽ കാണാതെ ഒന്ന് പേടിച്ചു.
“ദൈവമേ…. അതിനു ഞാൻ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ. എന്റെ എഴുത്ത് സഹിക്കാൻ വയ്യാതെ വല്ല കത്തും എഴുതി വച്ചു ഇറങ്ങിപ്പോയോ. എഴുതിയത് വായിച്ചു നോക്കിയാൽ എല്ലാം റിലേറ്റ് ചെയ്യാവുന്ന കാര്യങ്ങൾ ആണ്.”അവൾ മനസ്സിൽ പറഞ്ഞു.
റൂമിൽ നിന്നും പുറത്തിറങ്ങിയ നിള അടുക്കളയിൽ വെളിച്ചം കണ്ടു അങ്ങോട്ട് ചെന്നു.
“പിടിച്ചോ… ഒരു ചായ എന്റെ വക. കുടിച്ചു നോക്കി കൊള്ളാമോ എന്ന് പറ.”ഒരു ഗ്ലാസ് ആവി പറക്കുന്ന കട്ടൻ ചായ നീട്ടി അയാൾ പറഞ്ഞു.
“ദൈവമേ…. ഇങ്ങേർക്ക് വട്ടായതാണോ, അതോ ഞാൻ എഴുതിയത് വായിച്ചതിന്റെ പക തീർക്കാൻ ആണോ ഈ ചായ. “ചായ വാങ്ങി സംശയത്തോടെ തന്നെ അവൾ അയാളെ നോക്കി.
“സംശയിക്കണ്ട, ആള് മാറീട്ടൊന്നൂല്യ. ഇത് ഞാൻ തന്നെയാ. നിന്നെക്കൊണ്ട് ആണുങ്ങളെ പറ്റി നല്ലത് എഴുതിക്കാൻ പറ്റോ ന്നു ഞാൻ ഒന്ന് നോക്കട്ടെ.”അരിയാൻ ഉള്ള പച്ചക്കറികൾ എടുത്ത് അയാൾ പറഞ്ഞു.
എത്ര നാൾ എന്ന് അറിയില്ലെങ്കിലും അയാളുടെ ആ തീരുമാനത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തീരുമാനിച്ച നിള മറുത്തൊന്നും പറയാതെ അയാളെ നോക്കി നിന്നു…..
☆☆☆☆☆☆☆☆
എല്ലാ സ്ത്രീ ജനങ്ങളും നല്ലവർ ആണെന്ന് ഞാൻ പറയുന്നില്ല. എല്ലാ പുരുഷന്മാരും ഇങ്ങനെയുമല്ല. എന്നാലും ചിലരെങ്കിലും ഇങ്ങനെ അല്ലേ?