Story written by Sajitha Thottanchery
“അമ്മേ…. ഞാൻ ബിബിടെ വീട് വരെ ഒന്ന് പോയി വരാം. അവൻ ഇത് വരെ ക്ലാസ്സിൽ വന്നു തുടങ്ങീട്ടില്ല. കഴിഞ്ഞ രണ്ടു പ്രാവശ്യം പോയപ്പോഴും വീട്ടിൽ ബന്ധുക്കൾ ഒക്കെ ഉണ്ടായിരുന്നോണ്ട് അധികം സംസാരിച്ചില്ല. ഞാനൊന്ന് പോയി നോക്കട്ടെ “.
വൈകീട്ട് ക്ലാസ്സു കഴിഞ്ഞു വന്ന ആദി അമ്മയോട് പറഞ്ഞു. ആദി പ്ലസ് ടു വിനാണ് പഠിക്കുന്നെ. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.
“അമ്മ മരിച്ച ചടങ്ങുകൾ എല്ലാം തീർന്നു കാണില്ലേ അവിടെ. എന്താണാവോ ക്ലാസ്സിൽ വരാത്തെ? ആരൊക്കെ ഉണ്ടെങ്കിലും അമ്മേടെ കുറവ് അത് നികത്താൻ പറ്റൊ. കുറച്ചൂടെ മുൻപ് അസുഖം കണ്ടെത്തിയിരുന്നേൽ ചിലപ്പോ…..ആ… ഇനിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ലാലോ. മോൻ പോയി വാ. ക്ലാസ്സിലേക്ക് വരാൻ പറ ബിബിയോട്.”അമ്മ ഭാഗ്യ പറഞ്ഞു.
“ആ, ഞാൻ പറയാം. പിന്നേ…… ഞാൻ അവന്റെ അടുത്ത് കുറച്ചു നേരം ഇരുന്നിട്ടെ വരു. ഇടയ്ക്കിടെ വിളിച്ചു ചോദിക്കണ്ട. ഞാൻ ഇങ്ങു വന്നോളും.”സാധാരണ പുറത്ത് പോയാൽ ഉള്ള വിളി ഒഴിവാക്കാൻ ആയി അവൻ മുൻകൂർ ജാമ്യം എടുത്തു.
“എടാ…. ബൈക്ക് എടുക്കണ്ട ടാ. നീ അതേൽ പോയാൽ അമ്മയ്ക്ക് സമാധാനം ഉണ്ടാകില്ല. പറയുന്ന കേൾക്ക്.”പോകാനായി അച്ഛന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ഭാഗ്യ പിന്നാലെ വന്നു പറഞ്ഞു.
“ഫ്രെയിം ചെയ്ത് വയ്ക്കാൻ അല്ലേ ഞാൻ ലൈസൻസ് എടുത്ത് വെച്ചേക്കുന്നേ. കഴിഞ്ഞ മാസം വരെ ലൈസൻസ് ഇല്ലാത്തോണ്ട് ഓടിക്കണ്ട എന്നാരുന്നു. എന്തൊരു കഷ്ടമാ ഇത്.”ദേഷ്യത്തോടെ അവൻ പറഞ്ഞു.
“എന്താ ഇവിടെ.”അമ്മേടേം മോന്റേം തർക്കം കേട്ട് അകത്തു ഉണ്ടായിരുന്ന അച്ഛൻ അതിൽ ഇടപെട്ടു.
“ഇത് കണ്ടോ അച്ഛാ…. ഇനി എപ്പോഴാ എനിക്ക് വണ്ടി എടുക്കാൻ അമ്മ സമ്മതം തരുന്നേ. എപ്പോ എടുത്താലും ഉടക്ക് ആയി വരും.”പരിഭവം പോലെ അവൻ പറഞ്ഞു.
ഒരുപാട് സ്പീഡിൽ പോകരുതെന്ന ഉറപ്പോടെ അവസാനം അച്ഛൻ അവനെ വണ്ടി എടുക്കാൻ സമ്മതിച്ചു.
ആദിയുടെ അടുത്ത സുഹൃത്താണ് ബിബിൻ. കുറച്ചു നാൾ മുൻപ് ആണ് അവന്റെ അമ്മ മരിക്കുന്നത്. കുടലിൽ കാൻസർ ആയിരുന്നു. ലാസ്റ്റ് സ്റ്റേജിൽ ആണ് അസുഖം കണ്ടു പിടിക്കുന്നത്. അത് കൊണ്ട് ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. അച്ഛനും രണ്ട് ആൺമക്കളും അടങ്ങുന്ന ആ വീടിനെ അനാഥമാക്കി അവർ പോയി.
എന്തൊക്കെ പറഞ്ഞാലും ഒരു സ്ത്രീ ഇല്ലാത്ത വീട് അതിന്റെ എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരിക്കും എന്നത് സത്യമാണെന്നു ആ വീടിന്റെ ഉമ്മറത്തു എത്തിയപ്പോൾ അവനു തോന്നി. ഗേറ്റ് മുതൽ വീട്ടിലെ ഓരോ സാധനങ്ങളും അത്രമേൽ ഭംഗി ആയാണ് അവന്റെ അമ്മ മെയ്ന്റയിൻ ചെയ്തിരുന്നത് .അവരുടെ അഭാവത്തിൽ അതിനെല്ലാം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു.അവന്റെ അച്ഛൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു. രണ്ടാഴ്ച കൊണ്ട് ആ മനുഷ്യൻ ഇത്ര വയസ്സൻ ആയിപ്പോയോ എന്ന് അവൻ മനസ്സിൽ പറഞ്ഞു.
“ബിബി എവിടാ അങ്കിളെ….”സിറ്റ്ഔട്ടിലേക്ക് കയറി ആദി ചോദിച്ചു.
“അകത്തുണ്ട് അങ്ങോട്ട് കയറിപോക്കോ മോനെ “.ബിബിയുടെ മുറി ചൂണ്ടി അയാൾ പറഞ്ഞു.
ആകെ അലങ്കോലമായി കിടക്കുന്ന മുറിയിൽ അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു. ആദി വന്നതും അവന്റെ കട്ടിലിൽ ഇരുന്നതും അവൻ അറിയുന്നുണ്ടായിരുന്നില്ല. പതിയെ ആദി അവന്റെ കൈകളിൽ തൊട്ടു.
“ആ നീയോ…. നീ വന്നത് ഞാൻ കണ്ടില്ല.”എഴുന്നേറ്റിരുന്ന് ബിബിൻ പറഞ്ഞു.
അവനോട് എന്ത് സംസാരിച്ച് തുടങ്ങണമെന്ന് ആദിക്ക് അറിയില്ലായിരുന്നു. അമ്മയ്ക്ക് അസുഖം ആണെന്ന് കണ്ടുപിടിച്ച നാൾ മുതൽ അവൻ വളരെ സൈലന്റ് ആയിരുന്നു. അമ്മയുടെ മരണ ശേഷം മറ്റു ബന്ധുക്കൾ ഇല്ലാതെ അവനെ ഇത്രേം അടുത്ത് ഇങ്ങനെ തനിച്ചു കിട്ടുന്നതും ആദ്യമായാണ്. അവന്റെ അനിയൻ ആരാ വന്നത് എന്നറിയാൻ ഒന്ന് എത്തിനോക്കി പോയി. ഒരാളുടെ മരണം ഈ മൂന്നു പേരെ എത്ര മാത്രം ബാധിച്ചിരിക്കുന്നു എന്നത് പറഞ്ഞറിയിക്കാൻ ആവാത്ത ഒന്നായിരുന്നു.
“നീ കണ്ടിരുന്നോ എന്റെ അമ്മയെ അവസാനമായി…” സംസാരിക്കാൻ തുടങ്ങിയത് ബിബി തന്നെ ആയിരുന്നു.
കണ്ടെന്നു ആദി മൂളി.
“അവസാനത്തെ രണ്ടാഴ്ച അച്ഛൻ മാത്രം ആയിരുന്നു ആശുപത്രിയിൽ. ദൂരെ നിന്നെ കണ്ടിരുന്നുള്ളു. പക്ഷേ മരിച്ചിട്ട് കൊണ്ട് വന്നപ്പോൾ എന്റെ അമ്മ അല്ലെന്ന് എനിക്ക് തോന്നിപോയെടാ. ചിരിക്കുമ്പോൾ നുണക്കുഴി വിരിഞ്ഞിരുന്ന കവിളൊക്കെ ഒട്ടി, മുഖമൊക്കെ എന്തൊക്കെയോ ആയിപ്പോയിരുന്നു. എന്ത് ഭംഗി ആയിരുന്നു അമ്മേടെ കണ്ണുകൾക്ക്. ദേഷ്യം വരുമ്പോൾ ഒന്നുകൂടി വിടരുമായിരുന്നു. എത്ര പെട്ടെന്ന അതൊക്കെ മാറി ഒരു പേക്കോലം കണക്കെ.” ബിബി ഇത് പറയുബോൾ ആദി അവന്റെ മുഖത്തേക്ക് നോക്കിയില്ല.
” അമ്മയുടെ അസുഖം അമ്മയെ കൊണ്ട് പോകും എന്ന് ഉറപ്പായപ്പോൾ ആണ് അമ്മയെ ശ്രദ്ധിക്കാൻ തുടങ്ങിയുള്ളു. ഞങ്ങളുടെ മൂന്ന് പേരുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ചു അമ്മ ഓരോന്നു ഉണ്ടാക്കി തരുമ്പോൾ അമ്മേടെ ഇഷ്ടം എന്താന്ന് ഞങ്ങൾ ആരും ചോദിച്ചില്ല. അമ്മയുടെ ഇഷ്ടങ്ങൾ ഒന്നും ഞങ്ങൾക്ക് അറിയില്ലെടാ. നേരത്തിനു കഴിക്കാൻ എത്തിയില്ലേൽ അമ്മ വഴക്ക് പറയുമ്പോൾ വല്ലാത്ത ദേഷ്യം ആയിരുന്നു. അമ്മ കഴിച്ചോ എന്ന് ചോദിക്കാൻ മറന്നു പോകുമായിരുന്നു. ഞങ്ങൾക്ക് വയ്യാതായാൽ അടുത്ത് നിന്നു മാറാത്ത അമ്മയോട് അമ്മേടെ സുഖ വിവരങ്ങൾ ഞങ്ങൾ അന്വേഷിക്കാറില്ല.പുറത്ത് പോയാൽ ഒന്നിൽ കൂടുതൽ പ്രാവശ്യം വിളിച്ചാൽ പോലും വഴക്കിടുമായിരുന്നു ഞാൻ. ഇനിയിപ്പോ ആ വിളിയും ഉണ്ടാകില്ലല്ലോ.അമ്മ എന്നും അത് പോലൊക്കെ ഇവിടെ കാണുമെന്ന അഹങ്കാരം ആയിരുന്നു. ” ബിബിയുടെ വാക്കുകളിൽ വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു.
“നിനക്കറിയോ…. നാളെ എന്റെ അമ്മേടെ പിറന്നാളാ. ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും ഞാൻ ഓർത്തില്ല. അമ്മയെ ശ്രദ്ധിച്ചിരുന്നെങ്കിൽ ; വയറു വേദന എന്ന് പറഞ്ഞു ഗ്യാസിന്റെ മരുന്ന് കഴിക്കുമ്പോൾ ഒരിക്കൽ എങ്കിലും നിർബന്ധിച്ചു ഡോക്ടറുടെ അടുത്ത് കൊണ്ട് പോയിരുന്നെങ്കിൽ ;കുറച്ചൂടെ നേരത്തെ അസുഖം കണ്ടുപിടിക്കായിരുന്നു. കുറച്ചൂടെ നാൾ കൂടെ ഉണ്ടായേനെ. തന്ന സ്നേഹം പോലും തിരിച്ചു കൊടുക്കാൻ സമയം തരാതെ ശിക്ഷിച്ചു കളഞ്ഞെടാ….”ബിബിയോടൊപ്പം ആദിയും കരയുകയായിരുന്നു.
എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് ആദിക്ക് അറിയുന്നില്ലായിരുന്നു. ഒപ്പം അവന്റെ മനസ്സിലും കുറെ ചിത്രങ്ങൾ കടന്നു പോയി. അവന്റെ അമ്മ……
രണ്ടു ദിവസത്തിനകം ക്ലാസ്സിൽ വന്നു തുടങ്ങാമെന്ന് ബിബിയിൽ നിന്നും ഉറപ്പ് വാങ്ങിയിട്ടാണ് ആദി ആ റൂമിൽ നിന്നും പുറത്ത് കടന്നത്.റൂമിനു പുറത്ത് ഇവരുടെ സംസാരം കേട്ട് കൊണ്ട് കരച്ചിൽ അടക്കാൻ പാട് പെട്ട് നിന്നിരുന്ന അച്ഛനെയും അനിയനെയും കണ്ടില്ലെന്ന് നടിച്ചു ആദി പുറത്തേക്കിറങ്ങി. നെഞ്ചിലെ ഭാരം അവനു താങ്ങാവുന്നതിനു മുകളിൽ ആയിരുന്നു.
തിരിച്ചുള്ള യാത്രയിൽ ആദി അവനെ സ്വയം വിലയിരുത്തുകയായിരുന്നു.
“എനിക്ക് ദോശ മതീന്ന് അമ്മയ്ക്ക് അറിയില്ലേ.” കാലത്ത് ഇഡ്ഡലി ആണേൽ അതും പറഞ്ഞു കഴിക്കാതെ എഴുന്നേൽക്കും. ക്ലാസ്സിലേക്ക് ഇറങ്ങുന്ന നേരം ആകുമ്പോഴേക്കും രണ്ട് ദോശയുമായി അമ്മ പിന്നാലെ വന്നിരിക്കും. അമ്മയ്ക്ക് എന്താ ഇഷ്ടമെന്ന് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. എല്ലാരുടേം കാര്യങ്ങൾ കഴിഞ്ഞു അമ്മ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ കഴിച്ചോ എന്ന് ചോദിക്കാറില്ല.
“ഇടക്കിടെ വന്നു തൊട്ടു നോക്കുന്നത് എന്തിനാ. ഒന്ന് ശല്യപ്പെടുത്താതെ പോയെ അമ്മേ.”മുഖമൊന്നു വാടിയാൽ പതിവില്ലാത്ത നേരത്ത് കിടന്നാൽ അമ്മയ്ക്ക് സമാധാനം ഇല്ലാതാകും. ആ അമ്മയ്ക്ക് ഇത് വരെ വയ്യാതാകുന്നത് താൻ കണ്ടിട്ടില്ല. ശ്രദ്ധിക്കാത്തത് കൊണ്ടാകും താൻ അത് കാണാത്തെ.
“ഇങ്ങനെ വിളിച്ചോണ്ടിരിക്കല്ലേ ന്നു പറഞ്ഞാൽ കേൾക്കില്ല. പുറത്ത് പോയ എനിക്ക് വരാനും അറിയാം. എന്തൊരു കഷ്ടമാണ്.”ഒന്നിൽ കൂടുതൽ പ്രാവശ്യം വിളിച്ചാൽ ഇതാണ് താൻ പറയാറുള്ളത്. ആ വിളിയുടെ വില അറിയാൻ ഒരിക്കൽ അത് നിലക്കണം.
അങ്ങനെ അങ്ങനെ അവൻ ഓരോന്നു ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല. സിറൗട്ടിൽ തന്നെ അമ്മ അവനെയും നോക്കി ഇരിപ്പുണ്ടായിരുന്നു. സാധാരണ അങ്ങനെ നോക്കി ഇരിക്കുന്നതിനു വഴക്ക് പറയാറുള്ള അവൻ അന്ന് അമ്മയുടെ കവിളിൽ ഒരു ഉമ്മ നൽകി.
“അമ്മ കഴിച്ചോ.”ഭക്ഷണം അവനു വിളമ്പി നൽകിയപ്പോൾ പതിവില്ലാത്ത അവന്റെ ചോദ്യം കേട്ട് ഭാഗ്യയും ഒന്ന് അത്ഭുതപ്പെടാതിരുന്നില്ല.
“ഇല്ല. അച്ഛനും അവൾക്കും കൊടുത്തു. നീ വരാതെ കഴിക്കാൻ തോന്നിയില്ല”. ഒരു പ്ലേറ്റ് എടുത്ത് ഭക്ഷണം വിളമ്പി ക്കൊണ്ട് ഭാഗ്യ പറഞ്ഞു.
“അയ്യോ… നാളെ കാലത്തേക്ക് കടല വെള്ളത്തിൽ ഇട്ടില്ല. ഇപ്പൊ ചെയ്തില്ലെങ്കിൽ മറന്നു പോകും.”കഴിക്കാൻ തുടങ്ങുന്നതിനു മുൻപ് പ്ളേറ്റിനു മുന്നിൽ നിന്നും അതും പറഞ്ഞു എഴുന്നേൽക്കാൻ ഒരുങ്ങിയ അമ്മയെ ആദി തടഞ്ഞു.
കഴിച്ചിട്ട് മതി. ഞാനും കൂടാം ബാക്കി പണികൾക്ക്. അമ്മയോട് അത് പറയുബോൾ അവന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു.
“എന്താടാ നിനക്ക് പറ്റിയെ.”അവന്റെ താടിയിൽ പിടിച്ചു അത് ചോദിക്കുമ്പോൾ അവൻ ഒന്നും മിണ്ടിയില്ലെങ്കിലും ഭാഗ്യക്ക് കുറച്ചൊക്കെ മനസ്സിലായിരുന്നു.
പിന്നീടുള്ള ദിവസങ്ങൾ അവൻ അവന്റെ തെറ്റുകൾ തിരുത്തുകയായിരുന്നു. എല്ലാവരുടെയും പോലെ അമ്മയുടെ ഇഷ്ടങ്ങൾക്കും അന്ന് മുതൽ അവിടെ പ്രാധാന്യമുണ്ടായിരുന്നു.അവന്റെ മാറ്റം ആ വീട്ടിലെ ബാക്കി രണ്ടു പേരെ കൂടി മാറ്റി തുടങ്ങി. ഒരാളുടെ നഷ്ടബോധം ആണ് ഈ തിരിച്ചറിവ് ഉണ്ടാക്കിയത് എന്ന സങ്കടം ഉണ്ടെങ്കിലും തന്റെ തെറ്റുകൾ തിരുത്താൻ കഴിയുന്നതിൽ അവൻ സന്തോഷവാനായിരുന്നു.