കാലിയായ അടുക്കളയിലേക്ക് ഓടിവന്ന് എന്തെങ്കിലുമൊക്കെ തിന്നാൻ ഉണ്ടോ അമ്മേയെന്ന് പിള്ളേര് ചോദിക്കുമ്പോൾ ഉള്ളിലൊരു കടലിന്റെ വിങ്ങലാണ്……

പണം അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന് കർശനമായി തന്നെ പറഞ്ഞുവെത്രെ. ആഫീസിൽ പോയി പരാതി പറഞ്ഞിട്ടും കാര്യമില്ല. എന്റെ കെട്ട്യോന് ആണെങ്കിൽ ഒറ്റയാൻ സമരം ചെയ്യാനുള്ള ആവതൊന്നുമില്ല. ആരോടും തർക്കിക്കാനും അറിയില്ല. അടുത്ത ബില്ല് കൂടി ഇങ്ങനെ വന്നാൽ വീണ് പോകും ഈ മുടന്തുന്ന കുടുംബം. അല്ലെങ്കിലും, സാങ്കേതികമാണെന്ന് പറഞ്ഞ് സർക്കാർ കുറുകെ നിന്നാൽ കമിഴ്ന്നടിച്ച് വീഴുന്നവർ തന്നെയാണല്ലോ ബഹുഭൂരിപക്ഷം സാധാരണക്കാരും….

ഇലക്ട്രിക് ഉപകരണങ്ങളെന്ന് പറയാൻ വെളിച്ചത്തിനപ്പുറം ആകെയൊരു ഫാനും, രണ്ട് മൊബൈൽ ചാർജ്ജറും മാത്രമുള്ള വീടാണ്. ആ ഒന്നരമുറി വീട്ടിലാണ് കറന്റ്‌ ബില്ലായി രണ്ടായിരത്തി അഞ്ഞൂറ് രൂപ വന്നത്. പിള്ളേർക്ക് കാണാൻ ഒരു ടീവി പോലും ഇല്ലാത്ത അവസ്ഥയിലും ഇങ്ങനെയൊക്കെ ബില്ല് വന്നാൽ എന്താണ് ചെയ്യുക. മീറ്റർ മാറ്റാനുള്ള അപേക്ഷ കൊടുക്കണമെന്നൊക്കെ അങ്ങേര് പറയുന്നുണ്ടായിരുന്നു…

ആ ആഴ്ച്ചയിൽ കിട്ടിയ കൂലിയോടൊപ്പം ആരോടൊ കടം വാങ്ങി ചേർത്താണ് കെട്ട്യോൻ ബില്ല് അടച്ചത്. അങ്ങേർക്ക് ഇഷ്ടിക കമ്പിനിയിലാണ് ജോലി. എനിക്ക് നല്ല ഓർമ്മയുണ്ട്. കറന്റ്‌ ബില്ല് അടച്ചതിന്റെ മൂന്നാം നാൾ ശനിയാഴ്ച്ച ആയിരുന്നു. അങ്ങേര് പണിക്ക് പോകുമ്പോൾ ഞാനൊരു കാര്യം പറഞ്ഞു.

‘നാളേക്ക്, അരി മാത്രമേയുള്ളൂ ഇവിടെ…’

പറഞ്ഞതിന്റെ അർത്ഥം മനസ്സിലായത് പോലെ അങ്ങേര് മൂളി. റേഷൻ കുഴപ്പമില്ല. ശനിയാഴ്ച്ചകളിലാണ് സാധാരണ നിലയിൽ കൂലി കിട്ടാറുള്ളത്. അത്യാവശ്യ സാധനങ്ങളുമായി അങ്ങേര് വരുമെന്ന് കരുതിയ ആ സന്ധ്യ നിരാശയുടേതായിരുന്നു.

‘നാളെ രാവിലെ വരാനാണ് കമ്പിനീന്ന് പറഞ്ഞേ…’

ക്ഷീണത്തോടെ അങ്ങേര് പറഞ്ഞു. അവധി നാളിൽ കൂലിക്കായി പോകാൻ പറഞ്ഞതിലെ കാര്യം എനിക്ക് മനസ്സിലായില്ല. ആ രാത്രി അണയുമ്പോൾ വല്ലാത്തയൊരു ആകുലത എന്നെ പിടികൂടിയിരുന്നു. എന്നിലും, അസ്വസ്ഥ അങ്ങേർക്ക് ഉള്ളത് കൊണ്ടായിരിക്കണം വെളുപ്പാൻ കാലത്ത് തന്നെ തന്റെ കൂലിക്കായി അങ്ങേര് പുറപ്പെട്ടത്…

‘അമ്മേ, ഇവിടെയൊന്നും ഇല്ലായല്ലേ…?

പതിവ് നേരങ്ങളിലെ ആഹാരമൊന്നും ഇല്ലാതായപ്പോൾ മൂത്തവൻ ചോദിച്ചതാണ്. അച്ഛൻ ഇപ്പോൾ വരുമെന്ന് പറഞ്ഞ് ഞാൻ അവനെ സമാധാനിപ്പിച്ചു. ശേഷം, വാർത്ത് വെച്ചിരുന്ന ചോറ്, കഞ്ഞിയാക്കി ഞാൻ പിള്ളേരെ വിളിച്ചു. മൂത്തവൻ രണ്ട് മൂന്ന് വട്ടം കോരിക്കുടിച്ചിട്ട് നിർത്തി. ഇളയവൾ കഴിച്ചതേയില്ല. അവൾക്ക് ആറ് വയസ്സ് ആകുന്നതേയുള്ളൂ…

കാലിയായ അടുക്കളയിലേക്ക് ഓടിവന്ന് എന്തെങ്കിലുമൊക്കെ തിന്നാൻ ഉണ്ടോ അമ്മേയെന്ന് പിള്ളേര് ചോദിക്കുമ്പോൾ ഉള്ളിലൊരു കടലിന്റെ വിങ്ങലാണ്. ഇത്തരം സാഹചര്യങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ, അടുത്ത വീട്ടിലെ രമയുടെ അടുത്തേക്ക് ഞാൻ പോകും. പോകുമ്പോൾ മറ്റാരും കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ടായിരുന്നു. എന്തിനാണെന്ന് ചോദിച്ചാൽ, ദാരിദ്ര്യം കടന്ന് പിടിക്കുമ്പോൾ ഉണരുന്ന ദുരഭിമാനം എന്റെ യാചനയെ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തത് കൊണ്ടായിരിക്കണം…

ഒന്നോ രണ്ടോ ദിവസത്തിലേക്ക് വിശപ്പടക്കാൻ വേണ്ടതൊക്കെ മുഖം ചുളിയാതെ രമ തരും. ഇടത് വശത്ത് ചേർന്നുള്ള മോളിയാന്റിയുടെ അടുത്തേക്ക് പോയാലും തരാതിരിക്കില്ല. എന്റെ അയൽവാസികൾ സ്നേഹ സമ്പന്നരാണെന്ന് പല സാഹചര്യങ്ങളിലും ഞാൻ അനുഭവിച്ചിട്ടുണ്ട്. പക്ഷെ, എത്രായെന്ന് വെച്ചാ, അവരെയൊക്കെ ബുദ്ധിമുട്ടിക്കുക…

തവിയിട്ട് ഇളക്കാൻ വെറുതേ അടുപ്പ് കത്തിച്ച് വെള്ളം തിളപ്പിച്ചാലൊന്നും എന്റെ പിള്ളേരെ പറ്റിക്കാൻ പറ്റില്ല. അവർ വ്യക്തമായ തിരിച്ചറിവിലേക്ക് വളർന്നിരിക്കുന്നു. മൂത്തവൻ ആറിലാണെങ്കിലും അറിവാളിയാണ്. വീട്ടിലെ സാഹചര്യം അവൻ കൃത്യമായിട്ട് മനസ്സിലാകും. അത് കൊണ്ട് തന്നെയാണ് ഒന്നും ഇല്ലായല്ലേ അമ്മേയെന്ന് ചോദിച്ച് അവന് ഇങ്ങനെ തല കുനിച്ച് പോകാൻ പറ്റുന്നത്.

ഒരു അമ്മയ്ക്ക് ഇതെങ്ങനെ താങ്ങാനാകും! മക്കളുടെ വിശപ്പ് അടക്കാൻ പറ്റാത്ത അത്രത്തോളം പരാജയം ഒരു മാതാപിതാക്കൾക്കും സംഭവിക്കാനില്ല. എനിക്ക് ഈ ശ്വാസം മുട്ടിന്റെ പ്രശ്നം ഇല്ലായിരുന്നുവെങ്കിൽ എന്തെങ്കിലും പണിക്ക് ഞാൻ പോകുമായിരുന്നു. കെട്ട്യോന്റെ ഈ ഓട്ടപ്പാച്ചലിൽ തന്നാലാകും വിധം കൂടെ നിൽക്കാൻ ഞാനൊരു അണ്ണാറക്കണ്ണൻ ആകുമായിരുന്നു.

‘അമ്മേ… അച്ഛനെപ്പോൾ വരും…?’

അഞ്ച് വയസ്സുള്ള തന്റെ അനിയത്തിയുമായി വന്ന് മൂത്തവൻ ചോദിച്ചു. അവൾക്ക് വിശപ്പ് കൂടുകയാണ് പോലും. അച്ഛൻ ഇപ്പോൾ വരുമെന്ന് പറഞ്ഞ് ഞാൻ അവരെ സമാധാനിപ്പിച്ചു. പിള്ളേരുടെ അച്ഛന് കൂലി കിട്ടിക്കാണില്ല. കിട്ടിയിരുന്നുവെങ്കിൽ ഇന്നേരം എത്തേണ്ടതാണ്. ആരോടെങ്കിലും കടം ചോദിക്കാൻ പോയിട്ടുണ്ടാകും. പറ്റ് തീർക്കാതെ, പലചരക്ക് കടയിൽ നിന്ന് യാതൊന്നും കിട്ടില്ല. പറ്റിക്കുമെന്ന് അവർ കരുതുന്നതിൽ തെറ്റുമില്ല.

സന്ധ്യയാകുന്നു. മഞ്ഞ വിളിച്ചത്തിലേക്ക് ഇരുട്ട് കലരാൻ തുടങ്ങിയിരിക്കുന്നു. എന്റെ കെട്ട്യോന് ഇതെന്ത് പറ്റിയെന്ന് ഓർത്ത് തല പുകയുകയാണ്. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. മക്കളുടെ വിശപ്പും തളർച്ചയും കണ്മുന്നിൽ ഇങ്ങനെ കാണുമ്പോൾ അiടി വiയറ്റിൽ ആരോ തീ കൊളുത്തിയത് പോലെയൊരു അനുഭവമായിരുന്നു. മക്കളെ ഇനിയും കാത്തിരിപ്പിക്കാൻ പാടില്ല. രമയുടെ അടുത്തേക്ക് തന്നെ പോകാമെന്ന് ഞാൻ കരുതി.

‘അമ്മേ… ദേ…’

മൂത്തവന്റെ ശബ്ദമാണ്. അങ്ങേര് വന്നെന്ന സന്തോഷത്തോടെ ഞാൻ മുൻവശത്തേക്ക് വന്നു. മോളിയാന്റിയെ പൊതിഞ്ഞ് എന്റെ പിള്ളേര് മുറ്റത്ത് നിൽക്കുകയാണ്. എന്നെ കണ്ടതും, നീ ഇതൊക്കെയെടുത്ത് അകത്തേക്ക് വെക്കെന്ന് പറഞ്ഞ് ആന്റി ചിരിച്ചു. പിള്ളേരുടെ സന്തോഷം കാണേണ്ടത് തന്നെയാണ്. എന്റെ കൈകളിലേക്ക് അടുക്കിവെച്ച മൂന്ന് പാത്രങ്ങൾ ആന്റി ഭദ്രമായി എടുത്ത് വെച്ചു. അതിനോട് മൂക്ക് മുട്ടിച്ച് മൂത്തവൻ അപ്പോൾ മണം പിടിക്കുകയായിരുന്നു. പൊരിച്ച ചിക്കനുണ്ട് മോളേയെന്ന് തന്റെ അനിയത്തിയോട് പറയുന്ന അവന്റെ പ്രസരിപ്പ് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.

‘സൂസിമോളുടെ പിറന്നാളായിരുന്നു ലീലേ. കേക്കും വെച്ചിട്ടുണ്ട്. പാത്രങ്ങളൊക്കെ നാളെ തന്നാൽ മതി. .’

എന്നും പറഞ്ഞ് മോളിയാന്റി പോയി. അപ്പോഴേക്കും, എന്റെ കൈയ്യിലുണ്ടായിരുന്നതെല്ലാം തറയിലേക്ക് എടുത്ത് വെച്ച് മൂത്തവൻ തുറക്കാൻ ആരംഭിച്ചിരുന്നു. ഇളയവളെ ഊട്ടാൻ അവൻ വെമ്പി നിന്നത് പോലെ. നിർത്താതെ ചോർന്ന് കൊണ്ടേയിരുന്ന എന്റെ കണ്ണുകളുടെ അനക്കത്തിൽ മറ്റൊരു കാഴ്ച്ചയും കൊണ്ടിരുന്നു. രണ്ട് കൈകളിലും നിറഞ്ഞ സഞ്ചിയുമായി എല്ലാത്തിനും സാക്ഷിയെന്നോണം പിള്ളേരുടെ അച്ഛൻ മുറ്റത്ത് നിൽക്കുന്നു. ആ കൺപോളകൾ ഒരു പെരുമഴ ക്കാലത്തിൽ മുങ്ങി നിവർന്നത് പോലെ കുതിർന്ന് പിടക്കുന്നുണ്ടായിരുന്നു…!!!

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *