Story written by Sajitha Thottanchery
“ദേവീ….നീ അറിഞ്ഞോ. നമ്മടെ ആ കൊചൗസെപ്പ് മരിച്ചു.
“ആണോ. കിടപ്പിലായിരുന്നു എന്ന് കേട്ടിരുന്നു. വയസ്സും ആയില്ലേ.”
“വയസ്സായി ന്നു മാത്രല്ല. ഒരുപാട് അനുഭവിച്ചു. ഷുഗർ കൂടി ഒരു കാലൊക്കെ മുiറിച്ചു മാറ്റിയിരുന്നുലോ. എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടെന്താ. അനുഭവിക്കാൻ ഉള്ളത് അനുഭവിച്ച തന്നെ തീർക്കണം.”
അടുത്ത വീട്ടിലെ ലതിക ചേച്ചിയും അമ്മയും കൂടി ഉള്ള സംസാരം കേട്ടാണ് ജോലി കഴിഞ്ഞു വർഷ കയറി വരുന്നത്.
“മോളെ നീ അറിഞ്ഞോ. ആ കവലയിൽ കട നടത്തിയിരുന്ന അപ്പാപ്പൻ മരിച്ചു ത്രെ.”ദേവി മോളോട് പറഞ്ഞു.
“ഏത്, ഇവിടെ വരാറുള്ള….”അവൾ സംശയത്തോടെ ചോദിച്ചു.
“മം.. അതെ”. അമ്മ ശബ്ദം താഴ്ത്തി പറഞ്ഞു.
ഒന്നും പറയാതെ വർഷ അകത്തേക്ക് കയറിപ്പോയി.
തലയിൽ ഒരു തോർത്തും കെട്ടി വഴിയിലൂടെ അയാൾ നടന്നു വരുമ്പോൾ ഒരു പാവം ഏഴ് വയസ്സുകാരിയുടെ നെഞ്ചിലൂടെ പറയാൻ അറിയാത്ത ഒരു പേടി കടന്നു പോകുന്നത് അവൾ ഓർത്തു. അടുക്കളയിലേക്ക് ഓടിക്കയറി അമ്മയോട് പുറത്തേക്ക് ചൂണ്ടിക്കാണിക്കും. കാര്യം പറയാൻ അവളുടെ നാവു ചലിക്കില്ല.
“സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു തിന്നുമ്പോൾ ഓർത്തില്ലേ പൈസ കൊടുക്കണമെന്ന്.”അയാൾ അയാളുടെ പതിവ് പല്ലവി ഉമ്മറത്തു നിന്നു ആവർത്തിക്കും.
“ചേട്ടന്റെ മരണം പെട്ടെന്നായിരുന്നില്ലേ. മനഃപൂർവം അല്ല. ഞാൻ കുറേശ്ശയായി തന്നു തീർക്കാം.”അമ്മ തല താഴ്ത്തി കണ്ണുകൾ നിറച്ചു കൊണ്ട് മറുപടി പറയും.
അമ്മയുടെ പുറകിൽ നിന്നു വർഷ അയാളെയും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കും.
പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു അയൽക്കാരെയും കേൾപ്പിച്ചു അയാൾ തിരിച്ചു പോകും.കരയുന്ന അമ്മയെ കെട്ടിപ്പിടിച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ തിരിച്ചു നടക്കുന്ന അയാളെ ദേഷ്യത്തോടെ നോക്കും.
വർഷയുടെ അച്ഛൻ പെട്ടെന്നാണ് മരിക്കുന്നത്. കാലത്ത് ജോലിക്ക് പോയ ആ മനുഷ്യൻ മടങ്ങി വരുന്നത് ആംബുലൻസിൽ ജീവൻ ഇല്ലാത്ത ശരീരം ആയാണ്. കുഴഞ്ഞു വീഴുകയായിരുന്നു. പറക്കമുറ്റാത്ത ആ കുഞ്ഞിനേയും കൊണ്ട് ഒന്ന് കരയാൻ പോലുമാവാതെ ദേവി തളർന്നിരുന്നു. അച്ഛൻ ഉണ്ടായിരുന്നപ്പോൾ ആ കടയിൽ നിന്നും പറ്റു ബുക്കിൽ എഴുതിയാണ് സാധനങ്ങൾ കൊടുത്തിരുന്നത്. ഓരോ മാസത്തേയും കണക്ക് ശമ്പളം കിട്ടുന്ന ദിവസം അച്ഛൻ തീർത്തു വരും. അന്നൊക്കെ അയാൾക്ക് ഭയങ്കര സ്നേഹം ആയിരുന്നു. അച്ചന്റെ ഒപ്പം ചെല്ലുമ്പോൾ സ്നേഹത്തോടെ മിട്ടായി ഒക്കെ എടുത്തു നീട്ടുമായിരുന്നു. അച്ഛന്റെ പെട്ടെന്നുള്ള മരണം അമ്മയെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ കൊണ്ട് നിറുത്തി. വേറെയും കടങ്ങൾ ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു കേട്ടിരുന്നെങ്കിലും അവൾ ഒരിക്കലും മറന്നു പോകാത്ത ഒന്ന് ഈ പലചരക്കു കടയിലെ കടമാണ്. ആദ്യമൊക്കെ അമ്മയെ ഇയാൾ എന്തിനാണ് വഴക്ക് പറയുന്നത് എന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് എപ്പോഴോ അയാൾക്ക് പൈസ കൊടുക്കാൻ ഉണ്ടെന്ന് മനസ്സിലായി.
“ഈശ്വരാ…. ആ അപ്പാപ്പൻ മരിച്ചു പോകണേ. അയാൾ എന്റെ അമ്മയെ വഴക്ക് പറയാൻ വരല്ലേ.”അമ്പലത്തിൽ പോകുമ്പോ ആ പ്രായത്തിൽ ആകെ പ്രാർത്ഥിക്കുന്നത് അത് മാത്രമാണ്.
തന്റെ അമ്മയെ വീട്ടിൽ വന്നു വഴക്ക് പറയുന്ന അയാളെ എന്തൊക്കെയോ ചെയ്യണമെന്ന് ഉള്ളിൽ ആഗ്രഹം ഉണ്ടെങ്കിലും ആ പ്രായത്തിൽ അവളെ കൊണ്ട് ആകുന്നത് അതാണ്. അയാൾ വീട്ടിൽ വരാതിരിക്കാൻ അവൾ കാണുന്ന മാർഗം. അയാൾ മരിച്ചു പോവണെ എന്ന് പ്രാർത്ഥിക്കുക. മരിച്ചാൽ പിന്നെ വരാൻ പറ്റില്ലല്ലോ.
തിരിച്ചറിവ് വന്നപ്പോൾ അതോർത്തു അവൾ ചിരിക്കാറുണ്ട്. ആ നേരത്ത് അമ്മയ്ക്ക് കടം വീട്ടാൻ പറ്റണെ എന്ന് പ്രാർത്ഥിക്കാൻ ഉള്ള വകതിരിവ് ഇല്ലാതെ പോയല്ലോ എന്നോർത്ത്. അമ്മ ആ കടം വീട്ടിയതിനു ശേഷം എത്രയോ തവണ അവളോട് അവിടെ പോയി സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്ത് കൊണ്ടോ അവളുടെ മനസ്സ് അയാളെ ശത്രുവായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അവൾ വേറെ ഏത് കടയിൽ പോയാലും അയാളുടെ അടുത്ത് മാത്രം പോകില്ല.
വലുതായതിനു ശേഷവും അയാളെ വഴിയിൽ എവിടെയെങ്കിലും വച്ചു കണ്ടാൽ മുഖത്തു നോക്കാറില്ല. കടം കൊടുക്കാൻ ഉണ്ടായത് കൊണ്ടാണ് അയാൾ വന്നു അങ്ങനെ ഒക്കെ സംസാരിച്ചിരുന്നത് എന്ന് വലുതായപ്പോൾ മനസ്സിലായെങ്കിലും ;തന്റെ അമ്മയെ കരയിപ്പിച്ച മനുഷ്യനോടുള്ള ഒരു തരം ദേഷ്യം അവളിൽ മാറാതെ കിടന്നു.
പിന്നീട് എപ്പോഴോ അയാൾക്ക് വയ്യാതായി എന്ന് ആരോ പറഞ്ഞു അറിഞ്ഞപ്പോൾ അവൾക്ക് ഒരു വല്ലായ്ക തോന്നിയിരുന്നു. എന്നാലും ഇന്നിപ്പോൾ അയാൾ മരിച്ചു എന്ന് കേട്ടപ്പോൾ അവൾക്ക് അവളുടെ പണ്ടത്തെ പ്രാർത്ഥന ഓർമ വന്നു.
“നീയെന്താ ചിരിക്കൂന്നേ…. “ചായ കുടിക്കുന്നതിനിടയിൽ വർഷയുടെ ചുണ്ടിൽ ചിരി കണ്ടപ്പോൾ അമ്മ ചോദിച്ചു.
“ഏയ് ഒന്നൂല്യ… ഒരു പഴയ ഏഴ് വയസ്സ്കാരിയുടെ പൊട്ടത്തരം ഓർത്തു ചിരിച്ചതാ. ഇനി അത് ചികയാൻ നിൽക്കണ്ട. പറയില്ല “. കണ്ണിറുക്കി അവൾ പറഞ്ഞു.