ആർക്കു വേണ്ടിയാണ് നീ കണ്ണീരൊഴുക്കുന്നത്? നിനക്കു വേണ്ടിയോ, അതോ നിന്നെ വേണ്ടാത്ത വീട്ടുക്കാർക്കോ? മറിച്ച് നിൻ്റെ അവസ്ഥയിൽ ഒന്നു ആശ്വസിപ്പിക്കാതെ…..

_upscale

ദേവിക

Story written by Santhosh Appukuttan

” പട്ടാപകലുള്ള അiവിഹിതത്തിന് നാട്ടുകാർ പിടിച്ച രണ്ടു പേർ “

കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞു മുന്നിൽ നീണ്ടു കിടക്കുന്ന റോഡിലേക്ക് നോക്കി ഓട്ടോ ഓടിച്ചു കൊണ്ടിരുന്നു.

കുഴികളിൽ വീണ് ഇളകിയാടുന്ന ഓട്ടോയുടെ പിൻസീറ്റിൽ എല്ലാം നഷ്ടപ്പെട്ടതു പോലെ ഇരിക്കുന്നവളെ, അവൻ ഒരു നിമിഷം റിയർവ്യൂ മിററിലൂടെ നോക്കി.

” മാiനം നഷ്ടപ്പെട്ട ദേവികയ്ക്ക് മiരിക്കണമെന്നുണ്ടോ?’

അവൻ ചോദിച്ചതും, ഓട്ടോ പാലത്തിൻ്റെ കൈവരിയിലേക്ക് ചേർത്തു നിർത്തി.

” അങ്ങിനെ ഒരു ആഗ്രഹമുണ്ടെങ്കിൽ ദാ ഈ നിമിഷം പുഴയിലേക്ക് ചാടി നഷ്ടപ്പെട്ട മാiനം തിരിച്ചുപിടിച്ചോണം”

കിരണിൻ്റെ വാക്കു കേട്ട ദേവിക കണ്ണീർ തുടച്ചു കൊണ്ട് ദേഷ്യത്തോടെ അവനെ നോക്കി.

പിന്നെ തൻ്റെ അടുത്തിരിക്കുന്ന രണ്ട് മക്കളെയും മാiറോടു ചേർത്തു പിടിച്ചു.

” ആവേശത്തിൽ അങ്ങിനെ ചാടുകയാണെങ്കിൽ നിനക്കു മാത്രമാണ് നഷ്ടം… അല്ലാതെ ഈ നാട്ടുകാർക്ക് അല്ല “

കവിളിൽ തെളിഞ്ഞു കാണുന്ന കണ്ണീർ പാടുകൾ കണ്ടപ്പോൾ അവൻ പതിയെ തലതിരിച്ചു അവളെ നോക്കി.

“ആർക്കു വേണ്ടിയാണ് നീ കണ്ണീരൊഴുക്കുന്നത്? നിനക്കു വേണ്ടിയോ, അതോ നിന്നെ വേണ്ടാത്ത വീട്ടുക്കാർക്കോ? മറിച്ച് നിൻ്റെ അവസ്ഥയിൽ ഒന്നു ആശ്വസിപ്പിക്കാതെ, പരിഹാസത്തോടെ ചിരിച്ചു നിന്ന നാട്ടുകാർക്കു വേണ്ടിയോ?”

കിരണിൻ്റെ ആ ചോദ്യത്തിന് ഉത്തരമില്ലാതെ ഇരുന്ന അവൾ മറുചോദ്യത്തോടെ അവനെ നോക്കി.

‘ഒരിക്കലും നടക്കില്ലായെന്നു പറഞ്ഞിട്ടും, താനെന്തിനാ ഇന്നും എൻ്റെ വീട്ടിലേയ്ക്ക് വന്നത്? അതു കൊണ്ടല്ലേ നാട്ടുക്കാർ പിടിച്ചു… “

വാചകം പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പി പോയ അവൾ സാരി തലപ്പ് കടിച്ചു പിടിച്ചു പുറത്തേക്ക് നോക്കി ഇരുന്നു.

“നാട്ടുക്കാരുടെ കാര്യം വിട് ദേവിക….മറിച്ച് ആ വീട് നിൻ്റേതാണോ? സ്വന്തം വീട്ടിൽ ആരും വേലക്കാരിയാകാറില്ല. അതു കൊണ്ട് ചോദിച്ചതാ”

കിരൺ പറഞ്ഞു തീർന്നതും അവിശ്വസനീയതയോടെ അവൾ അവനെ നോക്കി.

” നിൻ്റെ ദോഷം കൊണ്ടാണ് മകൻ മരിച്ചതെന്നു വിശ്വസിക്കുന്ന ഭർത്താവിൻ്റെ മാതാപിതാക്കൾ, നിന്നെയൊരു ചതുർത്ഥി ആയിട്ടാണ് കാണുന്നതറിഞ്ഞ്, നിന്നെ ഒഴിവാക്കിയിട്ടുവേണം സ്ഥലം എത്രയും പെട്ടെന്ന് ഭാഗം വെക്കാൻ എന്ന ചിന്തയിലിരിക്കുന്ന സഹോദരങ്ങളുടെ അമർഷം അറിഞ്ഞിട്ട്… പിന്നെയും അവിടെ കടിച്ചു തൂങ്ങി എൻ്റെ വീടെന്നു പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല”

പറഞ്ഞു കഴിഞ്ഞ് അവൻ പരിഹാസം നിറഞ്ഞ ഒരു നോട്ടത്തോടെ അവളെ നോക്കി.

“എല്ലാം അറിഞ്ഞിട്ടാണ് അല്ലേ എൻ്റെ പിന്നാലെ നടന്നത്?”

അവൾ കണ്ണീർ തുടച്ച് അവനെ നോക്കി.

” അങ്ങിനെയല്ല…. പിന്നാലെ നടന്നതിനു ശേഷമാണ് എല്ലാം അറിഞ്ഞത്”

മൗനം അവർക്കിടയിൽ കൂട് കൂട്ടിയതും, മാനം അവർക്കു മുകളിൽ കറുത്തു തുടങ്ങിയതും പെട്ടെന്നായിരുന്നു.

” കുടുംബശ്രീക്കാരുടെ ഹോട്ടലിൽ ഊണുകഴിക്കാൻ കയറിയ എനിക്കു മുന്നിലേക്ക് ഇലയിട്ടു ചോറു വിളമ്പിയ നിന്നെ കണ്ടപ്പോൾ എന്തോ ഒരു ആകർഷണം മനസ്സിൽ ഉടലെടുത്തു…. പക്ഷേ നീ തന്ന പുഞ്ചിരിയ്ക്ക് കണ്ണീരിൻ്റെ നനവുണ്ടെന്ന് എനിക്കു തോന്നി…. ആ കഥയറിയാൻ വേണ്ടീട്ടാണ് പിന്നെ എല്ലാ ദിവസവും നിങ്ങളുടെ ഹോട്ടലിലേക്ക് വന്നത്. നിൻ്റെ കഥ കേട്ടപ്പോൾ നിന്നെ എന്നോടു ചേർത്തുനിർത്തേണ്ടത് അത്യാവശമായി തോന്നി “

പറഞ്ഞു തീർന്നതും, അവൻ ഓട്ടോ ഒരു സൈഡിലേക്ക് നിർത്തി, സിiഗററ്റെടുത്ത് കiത്തിച്ച് പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി ഇരുന്നു.

“നിൻ്റെ ശiരീരം ആഗ്രഹിച്ചിട്ടല്ല ഞാൻ നിൻ്റെ വീട്ടിലേക്ക് വന്നത്? നിൻ്റെ മനസ്സ് മോഹിച്ചിട്ടു തന്നെയാണ്….”

അവൻ പറഞ്ഞു തീർന്നതും, അവളിൽ നിന്ന് ഒരു വരണ്ട ചിരിയുതിർന്നു .

” മനസ്സ് മോഹിച്ചിട്ട് … ഇതു പോലെ പലരും എൻ്റെ മനസ്സു മോഹിച്ചിട്ട് പാതിരാത്രിക്ക് വന്ന് മുറിയുടെ ജനാലയിൽ കൊട്ടിയിട്ടുണ്ട്.. അവർ ക്കൊക്കെ മനസ്സിനു പകരം ഞാൻ നീട്ടിയത് വാക്കത്തിയാണ്… പക്ഷേ വീട്ടിൽ ആളൊഴിഞ്ഞ നേരം, പട്ടാപകൽ വന്ന നിങ്ങൾക്കുനേരെ വാക്കത്തിയെടുക്കാൻ ഞാൻ മറന്നു പോയിരുന്നു… അതാണ് എനിക്കു പറ്റിയ തെറ്റ് “

അവൾ പറയുന്നതും കേട്ട് ഒരു പുഞ്ചിരിയോടെ അവൻ പുiകവലിച്ചു കൊണ്ടിരുന്നു.

” കാണാൻ കറുത്ത് തടിച്ച് കാണാൻ അത്ര ഭംഗിയില്ലാത്ത, നിങ്ങളെക്കാൾ ഒരു അഞ്ചാറ് വയസ്സിനെങ്കിലും പ്രായകൂടുതലുള്ള, രണ്ട് കുട്ടികളുടെ അമ്മയായ എന്നിൽ നിന്നും ഏത് തരം മനസ്സാണ് നിങ്ങളെ പോലെയുള്ളവർ ആഗ്രഹിക്കുന്നതെന്നറിയാം’.. പ്രത്യേകിച്ച് ഒരു വിധവ കൂടിയാണെങ്കിൽ “

അറപ്പോടെ തന്നെ നോക്കുന്ന ദേവികയെ കണ്ടതും അവൻ ഓട്ടോ,സ്റ്റാർട്ടാക്കി ചോദിച്ചു.

” ദേവികയ്ക്കും, മക്കൾക്കും ഇനി എവിടേയ്ക്കാ പോകേണ്ടത് ‘.. പറയുന്ന സ്ഥലത്ത് എത്തിച്ചു തരും ഞാൻ “

അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചതും, അവൾ ഉത്തരമില്ലാതെ പുറത്തേക്ക് നോക്കി.

പുറത്ത് പെയ്യുന്ന മഴ പോലെ കണ്ണിണകളും പെയ്തു തുടങ്ങിയപ്പോൾ അവൾ സാരി തലപ്പ് കൊണ്ട് മുഖം പൊതിഞ്ഞു.

അമ്മയെന്താണ് കാണിക്കുന്നതെന്ന് മനസ്സിലാവാതെ ഇരട്ട കുട്ടികൾ, മുഖം പൊതിഞ്ഞ സാരി പിടിച്ചു വലിക്കുമ്പോൾ, അവൾ ഒരു മണിക്കൂർ മുൻപ് നടന്ന കാര്യങ്ങൾ ഓർത്ത് നെഞ്ചു പൊട്ടുകയായിരുന്നു.

ഓടിക്കൂടിയവർക്ക് മുൻപിൽ പകച്ചു നിൽക്കുന്ന കിരണും, ദേവികയും!

” ഇപ്പോൾ മനസ്സിലായില്ലേ നിങ്ങൾ നാട്ടുക്കാർക്ക്? ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കൃഷിയല്ല… എൻ്റെ മോൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തുടങ്ങിയതാ…. ഈ വിഷമം മനസ്സിലിട്ടു നടന്നതുകൊണ്ടാണ് മുന്നിൽ നിന്നു വരുന്ന ലോറി കാണാതെ, അതിനു മുന്നിലേക്ക് കാർ ഓടിച്ചു കയറ്റിയതും, നിമിഷം കൊണ്ട് എല്ലാം തീർന്നതും “

‘ അമ്മായിയമ്മയുമായി എവിടെയേക്കാ പോയി വന്ന അമ്മായച്ചൻ്റെ വാക്കുകൾ കേട്ട ദേവികയുടെ ഹൃദയത്തിൽ ഒരു വെiള്ളിടി വെiട്ടി.

ഹൃദയം നുറുങ്ങുമ്പോഴും അവൾ ഭർത്താവിനെ കണ്ണീരോടെ ഓർത്തു.

“എന്തിനാ എന്നെയും മക്കളെയും ഇവർക്കു പന്തുതട്ടാൻ കൊടുത്തിട്ട് പോയത്?… ഒത്തിരി കൂടുതൽ സ്നേഹിച്ചത് ഇത്രയും നേരത്തെ പോകാനായിരുന്നോ?”

അറിയാതെ കണ്ണിൽ നിന്നും ചൂടുള്ള ദ്രാവകം കവിളിലേക്ക് കുതിച്ചൊഴുകുമ്പോഴും, കഥയറിയാതെ, സങ്കടത്തോടെ നിൽക്കുന്ന മക്കളെ ചേർത്തു പിടിച്ചിരുന്നു അവൾ.

“ഇനിയും ഈ വീട്ടിൽ നിൻ്റെ പൂങ്കണ്ണീർ ഒഴുക്കണ്ട… ഞങ്ങളില്ലാത്ത നേരത്ത് ഈ ചെക്കനെ വിളിച്ചു വരുത്തിയ നീ, സമയം നോക്കി ഞങ്ങളെ കൊiലയ്ക്കു കൊടുക്കുമെന്നതിൽ ഒരു തർക്കവുമില്ല. അതു കൊണ്ട് വിദേശത്തുള്ള എൻ്റെ രണ്ട് മക്കൾ അറിയും മുന്നേ ഇപ്പം ഇറങ്ങിക്കോണം ഈ വീട്ടിന്ന് …”

“അച്ഛാ “

എല്ലാം നഷ്ടമാകുന്നവളുടെ യാചന നിറഞ്ഞ വിളിയ്ക്കു ഉത്തരം പറഞ്ഞത് അമ്മയായിരുന്നു.

” ഇതു പോലെ ഞങ്ങളുടെ മോനേം നീ വiശീകരിച്ചു വലയിലാക്കിയതല്ലേ? അല്ലാതെ നാലാളു കാൺകെ കെട്ടി കൊണ്ടുവന്നതല്ലല്ലോ ഇങ്ങോട്ടേയ്ക്ക്. അതു കൊണ്ട് മോങ്ങാതെ ഇറങ്ങി പൊക്കോണം ഈ വീട്ടിന്ന് “

കലിതുള്ളി അമ്മയത് പറഞ്ഞപ്പോഴും, അമ്മയ്ക്ക് ഒപ്പം അച്ഛനും അകത്ത് കയറി വാതിൽ വലിച്ചടച്ചപ്പോഴും സ്തംഭിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ ദേവികയ്ക്ക് .

തിരിച്ചു പോകാൻ തനിക്കൊരിടമില്ലായെന്നറിയുന്ന അച്ഛനും, അമ്മയും…..

തന്നെ ആശ്വസിപ്പിക്കാൻ തൻ്റെ അച്ഛനോ, അമ്മയോ, സഹോദരങ്ങളോ ഈ മണ്ണിൽ ഇല്ലായെന്നറിയുന്നവർ….

എന്നിട്ടും…..?

കരയണമോ, ചിരിക്കണോ എന്നറിയാതെ ഭ്രാന്തിനു മുന്നോടിയുള്ള അവസ്ഥയിൽ നിൽക്കുന്നവളെ പോലെ, അവൾ ചുറ്റും കൂടി നിന്നിരുന്ന-നാട്ടുക്കാരെ ഒന്നു നോക്കി.

അവരൊക്കെ ഒരു കാഴ്ചവസ്തുവിനെ പോലെയാണ് തന്നെ നോക്കുന്ന തെന്നറിഞ്ഞ അവൾ പതിയെ മുഖം കുനിച്ചു.

അവളുടെ ഹൃദയമുരുകി,ചുടുകണ്ണീർ നിലത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു…..

” അമ്മ കരയണ്ട…. നമ്മൾക്ക് ഈ മാമൻ്റെ ഒപ്പം പോകാം”

മക്കളുടെ പറച്ചിൽ കേട്ട് ദേവിക ഞെട്ടിത്തെറിച്ച്, മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് കിരണിനു നേരെ ചൂണ്ടിയ മക്കളുടെ വിരലുകളാണ്.

” അതാ നല്ലത് ….അതാവുമ്പോൾ ഇങ്ങിനെ കഷ്ടപ്പെട്ട് വേലി ചാടണ്ടല്ലോ?”

ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ പറഞ്ഞ അഭിപ്രായം കേട്ടപ്പോൾ അവൾ ഒന്നു തലയാട്ടി, എന്തോ മനസ്സിലുറപ്പിച്ചത് പോലെ ഇത്രയും നാൾ കഴിഞ്ഞ വീടിനെ ഒന്നു തിരിഞ്ഞു നോക്കി.

പിന്നെ തെക്കേമുറ്റത്ത് എപ്പോഴോ പെയ്ത മഴയിൽ നനഞ്ഞു കിടക്കുന്ന കുഴിമാടത്തിലേക്ക് ഒന്നു നോക്കി.

മനസ്സിൽ ഒരായിരം വട്ടം ഭർത്താവിനോട് യാത്ര ചോദിക്കുമ്പോൾ, കാലവർഷത്തിൻ്റെ കാർമേഘങ്ങൾ കണ്ണിൽ ഇരുട്ട് പടർത്തുന്നതറിഞ്ഞ അവൾ മുഖമൊന്നു ഇളക്കി….

ഇനിയും നിന്നാൽ കണ്ണുകൾ നിറഞ്ഞു പെയ്തേക്കുമെന്ന് തോന്നിയ നിമിഷം അവൾ പതിയെ മന്ത്രിച്ചു.

സങ്കടം അറിയാൻ കഴിയാത്ത കരിങ്കൽ ഹൃദയമുളളവർക്ക് മുന്നിൽ ഇനിയും കരഞ്ഞ് കണ്ണീർ പാഴാക്കികൂടാ…

മനസ്സിൽ പതിയെ മന്ത്രിച്ചു കഴിയുമ്പോഴെയ്ക്കും കൈയിൽ ഒരു പിടുത്തം വീണതറിഞ്ഞ് അവൾ ഞെട്ടലോടെ തലയുയർത്തി.

ഒരു മകനെയും തോളത്തിട്ട് കിരൺ…

പോകാമെന്ന് അവൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ, ഒന്നും പറയാതെ മോനെ എടുത്ത് തോളത്തിട്ട്, അവൾ അവനു പിന്നാലെ നടന്നു…

” എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്…. എല്ലാ സ്വഭാവദൂഷ്യങ്ങളുമുള്ള, നഗരത്തിലെ ഗുiണ്ടയാണ് അവൻ. അവളുടെ കണ്ണിൽ പൊടിയിടാനാണ് ഈ ഓട്ടോ ഓടിച്ചു നടക്കുന്നത് “

പിന്നിൽ നിന്നുയർന്ന വാക്കു കേട്ടതും അവൾ അമ്പരപ്പോടെ കിരണിനു നേരെ തലയുയർത്തുമ്പോഴായിരുന്നു വീണ്ടുമുയർന്ന ശബ്ദം അവളുടെ കാതുകളെ പൊള്ളിച്ചത്.

” അല്ലെങ്കിലും കാണാൻ അത്ര ചേലില്ലാത്ത, അവനെക്കാൾ പ്രായം കൂടിയ രണ്ട് മക്കളുടെ അമ്മയെ കൊണ്ടു പോകുന്നത് കെട്ടി കൂടെ പൊറുപ്പിക്കാനാണെന്ന് വിചാരിച്ചോ? കുറച്ചു നാൾ കഴിഞ്ഞാൽ സ്റ്റാൻഡിൽ ഇവളെയും കാണാം “

പിന്നിൽ നിന്നുയർന്ന വാക്ക് കേട്ടതും കിരണിൻ്റെ ഒപ്പം നടന്നിരുന്ന ദേവിക പതിയെ നിന്നു അവൻ്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.

ദേവികയെ നോക്കി പുഞ്ചിരിയോടെ തലയാട്ടി കൊണ്ട്, അവളുടെ കൈ ബലമായി പിടിച്ച് മുന്നോട്ടു നടന്നപ്പോൾ, എതിർക്കാനാകാതെ, മനസ്സില്ലാ മനസ്സോടെ അവളുടെ പാദങ്ങളും ചലിച്ചു തുടങ്ങി.

“ഇറങ്ങേണ്ട സ്ഥലം പറഞ്ഞില്ല “

കിരണിൻ്റെ ശബ്ദം കേട്ടതും അവൾ ചിന്തയിൽ നിന്നുണർന്നു അവനെ വല്ലാതെ നോക്കി പതിയെ പറഞ്ഞു.

” പോകുന്നിടം വരെ പോകട്ടെ “

അവളുടെ വാക്ക് കേട്ടപ്പോൾ അവൻ ഒന്നു മൂളി ഓട്ടോ മൂന്നോട്ടെടുത്തു.

“ഈ പാലത്തിനപ്പുറത്ത് ആണ് എൻ്റെ നാട്… വന്നിട്ടുണ്ടോ ഇവിടെ “

പുഴയിൽ വീണലിയുന്ന മഴത്തുള്ളികളെയും നോക്കി അവൾ പതിയെ മൂളി.

കുറച്ചു ദൂരം ഓടി അവൻ ഓട്ടോ ഒരു ഹോട്ടലിൻ്റെ ഓരം ചേർത്തു നിർത്തി.

മസാലദോശ ആർത്തിയോടെ പിച്ചി പറിച്ചു കഴിക്കുന്ന മക്കളെ കണ്ടപ്പോൾ അവൾ സങ്കടത്തോടെ നോക്കി നിന്നു.

കൈയിലെടുത്ത ദോശയുടെ ഒരു ഭാഗം കഴിക്കാനാകാതെ നെഞ്ചു പൊട്ടി ഇരുന്നപ്പോൾ, കിരൺ പതിയെ ആ കൈ പിടിച്ചു… ..

അവൾ കഴിക്കാൻ തുടങ്ങിയതും, മുതലാളിയെന്നു തോന്നിക്കുന്ന ഒരു കുടവയറൻ അവർക്കരികെ വന്നു നിന്നു ചോദിച്ചതു കേട്ട് അവൾ തല കുനിച്ചു.

“രണ്ട് മക്കളെ ഫ്രീ കിട്ടിയെന്നു കേട്ടല്ലോ കിരൺ ?”വല്ലാത്ത ഒരു ഭാഗ്യം തന്നെ നിൻ്റേത് “

” എന്തു ഭാഗ്യം മുതലാളീ… രണ്ടും ആൺകുട്ടികളാണ് .. അതും അറിഞ്ഞിട്ട് തന്നെയാണ് കൂടെ കൂട്ടിയത്…. അല്ലാതെ മുതലാളിയുടെ പോലെ, ആരാൻ്റെ ഗർഭവും പേറി നടന്ന ഒരു പെണ്ണിനെ സ്വർണ്ണത്തിൻ്റെയും, കറൻസിയുടെയും തിളക്കം കണ്ട് കൂടെ കൂട്ടിയതല്ല “

കിരണിൻ്റെ സംസാരം കേട്ടതും, ഇരുമ്പുകൂടം കൊണ്ട് തലയ്ക്കടിയേറ്റതു പോലെ അയാൾ വിറച്ചു കൊണ്ട് ചുറ്റും നോക്കുമ്പോൾ കണ്ടത്, തന്നെ നോക്കി പരിഹസിക്കുന്നവരുടെ മുഖമായിരുന്നു.

എന്തോ കഴിക്കാൻ കയറിയ അയാൾ ജീവനും കൊണ്ട് ഓടുമ്പോൾ, ദേവിക പതിയെ തലയുയർത്തി പറഞ്ഞു.

” ഇത്രയ്ക്കും വേണ്ടായിരുന്നു “

” കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുത്തിട്ടില്ലെങ്കിൽ ഇവരെ പോലെയുള്ളവർ തലയിൽ കയറി നിന്ന് ഐ.പി.ൽ കളിക്കും”

കിരൺ പറഞ്ഞപ്പോൾ ശരിയാണെന്ന അർത്ഥത്തിൽ ദേവിക തലയാട്ടി.

“ഇനി നമ്മൾക്ക് കാവിലെ ഉത്സവം കാണാൻ പോകാം”

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ നേരം കിരൺ പറഞ്ഞപ്പോൾ അവൾ അനിഷ്ടത്തോടെ തലയാട്ടി.

“കുറെ നാളായിട്ട് ഞാനും ഉത്സവങ്ങൾക്കൊന്നും പോകാറില്ല… പക്ഷേ ഇന്നൊരു വല്ലാത്ത മൂഡ് “

കിരൺ പറഞ്ഞപ്പോൾ എതിർക്കാൻ നിൽക്കാതെ അവൾ തലയാട്ടി.

കാവിൻ്റെ ഒരു സൈഡിൽ ഓട്ടോ നിർത്തി, അവർ ആൾക്കൂട്ടത്തിലേക്ക് നടന്നു.

ചിലആൾക്കാരുടെ കൂർപ്പിച്ച നോട്ടം കണ്ട് അവളുടെ കൈയിൽ പിടിച്ചിരുന്ന അവൻ്റെ കൈവിടുവിക്കാൻ അവൾ ശ്രമിച്ചതും, അവൻ കൂടുതൽ മുറുക്കത്തോടെ പിടിച്ചു.

ആൾക്കൂട്ടത്തിനിടയിലൂടെ അമ്പലത്തിലേക്ക് കടക്കുമ്പോഴും അവൻ ആ പിടുത്തം വിട്ടിട്ടുണ്ടായിരുന്നില്ല.

ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് പ്രാർത്ഥിച്ച്, അവർ പതിയെ അമ്പലം വലം വെയ്ക്കാൻ തുടങ്ങി…

കരിങ്കൽ പാളി കൊണ്ടുള്ള തറയിലൂടെ കിരണിൻ്റെ കൈയും പിടിച്ചു അമ്പലം പ്രദക്ഷിണം വെക്കുമ്പോൾ, അവൾ ഇടംകണ്ണിട്ടു അവൻ്റെ മുഖത്തേക്ക് നോക്കി.

അവളുടെ മനസ്സിലപ്പോൾ കിരണിനെ പറ്റി നാട്ടുക്കാർ പറഞ്ഞ വാചകങ്ങൾ കിടന്നു തിളയ്ക്കുകയായിരുന്നു.

ഉത്തരം കിട്ടാത്ത ചോദ്യം പോലെയുള്ള കിരണിൻ്റെ പ്രവൃത്തികളെ അവൾ വിശകലനം ചെയ്തു തുടങ്ങി.

ആ മനസ്സിൽ എന്താണ് പദ്ധതിയെന്ന് എത്ര ചിന്തിച്ചിട്ടും കിട്ടാത്ത സമയത്താണ്, തൻ്റെ തിരുനെറ്റിയിൽ ആരോ തോണ്ടുന്നതു പോലെ തോന്നിയപ്പോൾ അവൾ ചിന്തകളിൽ നിന്നുണർന്നത് .

തൻ്റെ സാരിയിൽ വീണു കിടക്കുന്ന കുങ്കുമം കണ്ടപ്പോൾ അവൾ പതിയെ തിരുനെറ്റിയിൽ തലോടി.

കൈയിൽ പറ്റിയ കുങ്കുമം കണ്ടപ്പോൾ അവിശ്വസനീയതയോടെ കിരണിനെ ഒന്നു നോക്കിയ ശേഷം, സന്തോഷ കണ്ണീരോടെ ശ്രീകോവിലിലേക്ക് കണ്ണയച്ചു കൈകൾ കൂപ്പി .

ആകാശത്ത് പൊട്ടിച്ചിതറുന്ന പടക്കങ്ങളെ നോക്കി പച്ച, മഞ്ഞ, ചുവപ്പ് എന്ന് പറഞ്ഞ് കൈകൊട്ടുന്ന മക്കളെയും നോക്കി നിൽക്കുന്ന കിരണിൻ്റെ അരികിലേക്ക് അവൾ പതിയെ ചേർന്നു നിന്നു.

വെiടിക്കെiട്ട് കഴിഞ്ഞ്, ആൾക്കൂട്ടത്തിനിടയിലൂടെ അവർ പുറത്തു കടക്കുമ്പോൾ അവളുടെ കൈതണ്ടയിൽ കറുത്ത കുപ്പിവളകൾ കിലുങ്ങുന്നുണ്ടായിരുന്നു. കരിമണിമാല അവളുടെ കഴുത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.

ആൾക്കൂട്ടത്തിനിടയിൽ പെട്ട് പൊട്ടി പോകാതിരിക്കാനെന്നവണ്ണം, ബലൂണുകളെ മാറോടടുക്കി പിടിച്ചു മക്കൾ അവൾക്കു മുന്നിൽ നടന്നു…..

കാണുന്നതൊക്കെ സ്വപ്നങ്ങൾ അല്ലായെന്നറിഞ്ഞ നിമിഷം, അവളുടെ മനസ്സിൽ സന്തോഷത്തിൻ്റെ മഴവില്ല് ഉദിച്ചു തുടങ്ങി.

ഏതോ ചിന്തയിൽ മുന്നിൽ നടക്കുന്ന കിരണിൻ്റെ അരികത്തേക്ക് അവൾ ധൃതിയിൽ നടന്നു ചെന്നു അവൻ്റെ വിരലിൽ, വിരൽ കോർത്തു.

അവൻ മുറുക്കി പിടിക്കുന്നതറിഞ്ഞ അവൾ ലജ്ജയോടെ തല കുനിച്ച് പതിയെ പുഞ്ചിരിച്ചു.

“സെക്കൻ്റ് ഹാൻ്റ് വണ്ടിയുടെ കച്ചവടം നല്ല ലാഭമാണ് അല്ലേ കിരൺ ?”

ഓട്ടോയിലേക്ക് കയറാൻ തുടങ്ങിയതും, അവൾ ആ ചോദ്യം കേട്ട് തിരിഞ്ഞൊന്നു നോക്കി.

കുടിച്ചു, കണ്ണുചുവന്നിരിക്കുന്ന ഒരാൾ ആടിയാടി നിൽക്കുന്നു.

ഈ,മുഖം എവിടെയോ വെച്ച് കണ്ടതുപോലെ തോന്നിയപ്പോൾ, അവൾ ഓർത്തെടുക്കാൻ ശ്രമിച്ചതും പതിയെ തലയാട്ടി.

“സാർ ഒരു സെക്കൻ്റ് ഹാൻറ് വണ്ടി വിൽക്കാൻ വേണ്ടി കൊണ്ടു നടക്കുന്നുണ്ടല്ലോ? സാറിന് സമ്മതമാണെങ്കിൽ എൻ്റെ ഭർത്താവ് നല്ല വില തന്ന് വാങ്ങിച്ചോളും.. എന്താ സമ്മതമാണോ?”

ദേവികയുടെ ചോദ്യം കേട്ടതും, കുടിച്ച മiദ്യത്തിൻ്റെ ലiഹരി ആവിയായി തീർന്ന അയാൾ അവളെ തുറിച്ചു നോക്കുമ്പോൾ, കിരൺ അവളുടെ ആ ഡയലോഗും കേട്ട് കോൾമയിർ കൊള്ളുകയായിരുന്നു.

“എൻ്റെ ഭർത്താവ് “

അവൻ ആ വാചകം മനസ്സിലുരുവിട്ട്, ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി, കൈയൊന്നു കുടഞ്ഞതിനു ശേഷം അയാളുടെ കഴുത്തിൽ കുiത്തി പിടിച്ചു.

“ഇമ്മാതിരി ചെiറ്റത്തരം പറഞ്ഞ നിന്നെ ഇവിടെയിട്ട് ചiവിട്ടിക്കൂiട്ടാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ നിന്നെ പോലെയുള്ള നരുന്തുകൾക്ക് ഇവൾ തന്നെ ധാരാളം… കേട്ടോടാ…. നല്ല മോനെ”

പറഞ്ഞു തീർന്നതും, കിരൺ ശക്തിയോടെ തള്ളിയതും, അയാൾ അടുത്തുള്ള ഓടയിലെ ചെളിവെള്ളത്തിലേക്ക് തലയും കുത്തി വീണു..

എന്താണ് സംഭവിച്ചതെന്നറിയാൻആൾക്കാർ ഓടി കൂടുമ്പോഴെക്കും കിരൺ പതിയെ ഓട്ടോ മുന്നോട്ടെത്തു….

” അത് കിരണല്ലേ? അവൻ്റെ കൂടെ ഒരു സ്ത്രീയുമുണ്ടല്ലോ ഇതു വരെ പെൺ വിഷയത്തിൽ പെടാത്ത ഇവൻ ഇപ്പോൾ ഇതും തുടങ്ങിയോ?”

ആരോ വിളിച്ചു പറയുന്നത് കേട്ട, ദേവിക സന്തോഷത്തോടെ അവനെ നോക്കി.

ഇതുവരെ പെൺ വിഷയത്തിൽ പെടാത്തവൻ എന്ന ആ വാചകം അവളുടെ മനസ്സിൽ കുളിർ മഴയായി പെയ്തു….’

ഓട്ടോ കുറച്ചു മുന്നോട്ടു ഓടിയതും, ഒരു തുണി കടയ്ക്കു മുന്നിൽ നിന്നു.

ദേവികയെയും, മക്കളെയും കൊണ്ട് അവൻ തുണി കടയിലേക്ക് കയറി.

അവൻ മക്കൾക്കുള്ള ഡ്രസ്സും എടുത്ത് ,ദേവികയ്ക്കുള്ളചുരിദാർ സെലക്റ്റ് ചെയ്യുമ്പോൾ, അവൾ തൻ്റെ രൂപം വാൾമിററിൽ നോക്കി പുഞ്ചിരിയോടെ തലയാട്ടി.

“ഞാനിപ്പം വരാവേ “

അവനോട് ഒരു ചമ്മലോടെ പറഞ്ഞിട്ട്, അവൾ അടുത്ത സെക്ഷനിലേക്ക് ഓടുന്നത് അവൻ പുഞ്ചിരിയോടെ നോക്കി നിന്നു.

ഒരു കവറിലായി കൊണ്ടുവന്ന സാധനങ്ങൾ, കിരൺ എടുത്ത സാധനങ്ങൾക്ക് ഒപ്പം വെച്ച് ബില്ല് അടിക്കാൻ കൊടുക്കുമ്പോഴും, അവൾ അവൻ്റെ മുഖത്തേക്ക് നോക്കിയില്ല.

” അളവും വീതിയും പറഞ്ഞ് ആണുങ്ങൾ എടുത്തു കൊടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്…. ആ ചാൻസ് നശിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ ?”

കിരൺ അവളുടെ കാതിൽ പതിയെ ചോദിച്ചതും, ഒരു മിന്നൽ ശരീരത്തിലൂടെ പാഞ്ഞത് പോലെ അവളൊന്നു ഞെട്ടി.

“ഇനി നമ്മളെങ്ങോട്ടാ.,,?”

വസ്ത്രമെടുപ്പും കഴിഞ്ഞ്, ഓട്ടോ മെയിൻ റോഡിലക്ക് ഇറങ്ങിയപ്പോൾ അവൾ പതിയെ ചോദിച്ചെങ്കിലും, അവൻ കേട്ടിരുന്നില്ല’..

രണ്ട് മൂന്നാവർത്തി ചോദിച്ചിട്ടും ഉത്തരം ലഭിക്കാതെ ആയപ്പോൾ അവൾ പതിയെ അവൻ്റെ ദേഹത്ത് തോണ്ടിയതും അവൻ പിൻതിരിഞ്ഞു.

“നമ്മൾ ഇനി എങ്ങോട്ടാ പോകുന്നത്?”

“എൻ്റെ വീട്ടിലേക്ക്.”

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ വീണ്ടും തോണ്ടിയപ്പോൾ അവൻ പിൻതിരിഞ്ഞു നോക്കി.

” ഇയാടെ അച്ഛനും അമ്മയും സമ്മതിക്കുമോ?

” ഇയാടെയോ? എനിക്ക് നല്ലൊരു പേരുണ്ട്…കിരൺ “

“പേര് വിളിക്കാൻ ഒരു മടി… “

“ദേവികയ്ക്ക് എന്നെ എന്ത് വിളിക്കണമെന്ന് ഇപ്പോൾ മാത്രമല്ല…. ഇനിയങ്ങോട്ട് അറിയുകയില്ല”

കിരണിൻ്റെ വാക്കു കേട്ട് ഒന്നും മനസ്സിലാകാതെ ദേവിക ഇരിക്കുമ്പോൾ, ഓട്ടോ ടാറിട്ട നിരത്തും കഴിഞ്ഞ്., ഒരു ഇടവഴിയിലൂടെ ഓടി, ഇരുട്ടിലാണ്ട ഒരു വലിയ വീടിനു മുന്നിൽ ചെന്നു നിന്നു.

ഓട്ടോ നിർത്തി, കിരൺ പുറത്തെ സ്വിച്ചിട്ടതും ഇരുട്ടിനെ വകഞ്ഞു മാറ്റി പ്രകാശം വീണു.

കൈയിലെ താക്കോൽ വാതിലിൻ്റെ കീഹോളിലേക്കിട്ട് അവൻ, ദേവികയെ നോക്കി ഒന്നു കണ്ണടച്ചു…..

” അച്ഛനും അമ്മയും ഉറക്കത്തിലാവും അല്ലേ?”

വിറയ്ക്കുന്ന ശiരീരത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ പതിയെ തലയാട്ടി തെക്കേ തൊടിയിലേക്ക് കൈ ചൂണ്ടി.

” അച്ഛനും, അമ്മയും അവിടെയാണ് ഉറക്കം.. അവർ മാത്രമല്ല… അനിയത്തിയും, ചേച്ചിയും ഉണ്ട് അവർക്ക് കൂട്ടിന് …”

വിതുമ്പി പറയുന്ന കിരണിനെ ഞെട്ടലോടെ നോക്കി നിന്നു ദേവിക .

വാതിൽ തുറന്ന് അകത്ത് കയറിയ കിരൺ ലൈറ്റ് ഇട്ടതും, അവൻ്റെ കണ്ണിൽ നീർ തിളങ്ങുന്നത് അവൾ കണ്ടു.

” ഒരു കല്യാണത്തിനു പോയതാ അവർ … വരുന്ന വഴി നിയന്ത്രണം തെറ്റിയ ഒരു തടി ലോറി “

പറഞ്ഞതു പൂർത്തിയാക്കാതെ അവൻ കൈയിലുണ്ടായിരുന്ന ക്വാർട്ടറിൻ്റെ അടപ്പ് തുറന്നു വായിലേക്ക് കമഴ്ത്തി.

മുഴുവൻ കുടിച്ചതിനു ശേഷം കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞു അവൻ അവളെ ഒന്നു നോക്കി.

” ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ, എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന നാളുകൾ… അടച്ചിട്ടിരുന്ന മുറിക്കുള്ളിലിരുന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയ നിമിഷം പുറത്തേക്കിറങ്ങി… “

അവൻ സിiഗററ്റ് എടുത്ത് കiത്തിച്ചു പുക ഉള്ളിലേക്കു ആഞ്ഞു വലിച്ചു.

” ഫാമിലിയോടൊപ്പം ഗൾഫിൽ കഴിഞ്ഞിരുന്ന എനിക്ക് ഇവിടുത്തെ സൗഹൃദങ്ങളെ പറ്റി അറിയില്ലായിരുന്നു…. ചെന്നു പെട്ടത് നല്ലൊരു ടീമിലായി …. ക്വiട്ടേഷൻ എടുക്കുന്ന അവരുടെ ഒപ്പം ഒരു രസത്തിനു കൂടി.. പിന്നെ ആ വഴിയിലൂടെ തന്നെ സഞ്ചരിച്ചു…. “

കുഴഞ്ഞു പോകുന്ന വാക്കുകൾ ചേർത്ത് വെക്കാൻ ശ്രമിച്ച് പരാജിതനായ അവൻ അവളെ നോക്കി ചിരിച്ചു.

” നേരം ഒരുപാട് വൈകി ദേവിക പോയി കുളിക്ക് … മക്കളെ ഞാൻ നോക്കി കൊള്ളാം”

ഉറങ്ങിക്കിടക്കുന്ന മക്കളെയും കെട്ടിപിടിച്ചു കിടക്കുന്ന അവനെ ഒന്നു നോക്കിയ ശേഷം അവൾ കുളിമുറിയിലേക്ക് നടന്നു….

കുളിച്ചു വന്ന ദേവിക കൂർക്കം വലിച്ചു കിടന്നിരുന്ന അവനരികിലായ് ചേർന്നു കിടന്നു …..

ഉറക്കം മുറിഞ്ഞ ഏതോ നിമിഷത്തിൽ, അവൻ ദേവികയുടെ വയറിലേക്ക് തലവെച്ചു കിടന്ന്, അവളുടെ കണ്ണുകളിലേക്കു ഒരു നിമിഷം
നോക്കിയ ശേഷം പതിയെ അവൻ ആ കൈ ചേർത്തു പിടിച്ചു.

” അന്ന് ആ കാർ ഓടിച്ചിരുന്നത് ഞങ്ങളുടെ ഡ്രൈവർ അല്ലായിരുന്നു… അയാൾക്ക് എവിടെയ്ക്കോ അർജൻറായി പോകേണ്ട കാരണം, അയാൾ ഏൽപ്പിച്ചു തന്ന അയാളുടെ സ്നേഹിതനായിരുന്നു… “

അവൻ ഒരു നിമിഷം നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.

“നിർഭാഗ്യവശാൽ അയാൾ ദേവികയുടെ ഭർത്താവായിരുന്നു “

കിരൺ പറഞ്ഞു തിർന്നതും അവൾ ഒരു മരവിപ്പോടെ ഇരുന്നു.

തൂകാൻ കണ്ണുനീർ തുള്ളിയില്ലാതെ…..

അവൻ പതിയെ അവളുടെ കൈ തണ്ടയിലൂടെ വിരലോടിച്ചു.

” കഴിഞ്ഞത് കഴിഞ്ഞു .. പോകാനുള്ളവർ പോയി… ഭൂമിയിലുള്ള നമ്മൾ അതോർത്ത് ജീവിതകാലം ദു:ഖിച്ചു കഴിയണോ?

അവൻ്റെ വാക്കുകളും കേട്ട് അവൾ അർത്ഥമറിയാതെ
പതിയെ തലയാട്ടി.

” അവർ സ്വർഗ്ഗത്തിൽ സാമാധാനത്തോടെ കഴിയുമ്പോൾ നമ്മളെന്തിന് ഇങ്ങിനെ സങ്കടങ്ങളും അമർത്തി പിടിച്ച്, ഈ ഭൂമിയിൽ നൂലറ്റ പട്ടം പോലെ, അലഞു തിരിയണം?”

അവൻ പറയുന്ന വാക്കുകൾ ഉൾകൊണ്ട്, നീർനിറഞ്ഞ മിഴിയോടെ ദേവിക അവനെ തന്നെ നോക്കിയിരിക്കെ മദ്യലഹരിയിൽ അവൻ്റെ കണ്ണുകൾ പതിയെ അടഞ്ഞുതുടങ്ങിയിരുന്നു.

മക്കൾക്കും, കിരണിനും അരികിലായ് ചേർന്നു കിടക്കുേമ്പോൾ അവളുടെ മനസ്സിൽ അത്ഭുതങ്ങളുടെ വേലിയേറ്റമായിരുന്നു.. ..

ഇന്നുവരെ സ്ത്രീയെന്ന പദത്തിൻ്റെ എല്ലാ ഭാവങ്ങളും നിഷേധിച്ച വിധി തന്നെ, സ്ത്രീയെന്ന പദത്തിൻ്റെ ഭാവങ്ങൾ വാത്സല്യത്തോടെ ആടി തീർക്കാൻ എത്തിച്ച ഒരിടം!

പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തിലേക്ക് കാതോർത്ത്, അവൻ്റെ മുടിയിഴകളിലൂടെ വാത്സല്യപൂർവ്വം തഴുകുമ്പോൾ അവൾ പതിയെ മന്ത്രിക്കുന്നുണ്ടായിരുന്നു.

“നീ പറഞ്ഞത് ശരിയാണ് കിരൺ….. നിന്നെ ഒരു പേരിലോ, ഭാവത്തിലോ ഒതുക്കി നിർത്താൻ കഴിയില്ലാ എനിക്ക് ….. എല്ലാവരും നഷ്ടപ്പെട്ട നിനക്ക് എല്ലാമായി തീരേണ്ടവളാണ് ഞാൻ…”

ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങി കിടക്കുന്ന അവൻ്റെ നെറ്റിയിൽ ചുiണ്ടമർത്തിയപ്പോൾ, എന്തിനാണെന്നറിയാതെ അവളുടെ കണ്ണുനിറഞ്ഞിരുന്നു.!!!

ശുഭം

Leave a Reply

Your email address will not be published. Required fields are marked *