ദേവിഅമ്മൂമ്മ
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.
ദേവിഅമ്മൂമ്മയ്ക്ക് എന്താ വേണ്ടത്..?
ശരൺ തന്റെ കഴുത്തിൽ കിടന്ന നാലുപവന്റെ മാല ഊരി അവരുടെ കഴുത്തിലിട്ടു കൊടുത്തു.
അവർ ആകെ പരിഭ്രമിച്ചുകൊണ്ട് പറഞ്ഞു: അയ്യോ കുഞ്ഞേ.. എനിക്കിതൊന്നും വേണ്ട…
അവർ ആ മാല ഊരാൻ തുനിഞ്ഞു. ശരൺ തടഞ്ഞുകൊണ്ട് പറഞ്ഞു:
എന്നെ കുഞ്ഞുന്നാളിൽ ഒരുപാട് എടുത്തുകൊണ്ട് നടന്ന അമ്മൂമ്മയല്ലേ… ഇരിക്കട്ടെ…
ആ നിഷ്കളങ്കമായ കണ്ണുകളിൽ പൊട്ടിവിരിയുന്ന വാത്സല്യവും സ്നേഹവും കണ്ണുനീരും കണ്ട് ശരൺ അവരെ ഇരുകൈകൾകൊണ്ടും ചേർത്തുപിടിച്ച് മുടിയിൽ തലോടി.
ഇറയത്തിരുന്ന് അമ്മയും അച്ഛനും ജാനകിഅമ്മൂമ്മയും സരോജിനി അമ്മൂമ്മയും ചിരിയോടെ നോക്കുന്നുണ്ടായിരുന്നു.
ശരൺ ജോലി കിട്ടിയതിനുശേഷം ആദ്യമായി നാട്ടിലേക്ക് വന്നതാണ്. ഫോറിൻ സ൪വ്വീസ് തന്നെ വേണമെന്ന് വാശിപിടിച്ചത് അവനാണ്. അവന്റെ ഇഷ്ടത്തിനൊപ്പം അച്ഛനും അമ്മയും നിന്നു. അച്ഛൻ ഏറെനാൾ വിദേശത്തായിരുന്നു. നാട്ടിൽ ലീവിന് വന്ന നാളുകളിൽ ഇടയ്ക്ക് അവ൪ മൂവരും ടൂ൪ പോയിട്ടുള്ളത് സിംഗപ്പൂരും മലേഷ്യയിലും ജപ്പാനിലും സ്വിറ്റ്സർലൻഡിലുമൊക്കെ ആയിരുന്നു. അതോടെ വള൪ന്നതാണ് ശരണിന് വിദേശത്തെ ഉയ൪ന്ന ഉദ്യോഗങ്ങളോടുള്ള കമ്പം.
ചെറുപ്പത്തിലേ നന്നായി പഠിക്കുമായിരുന്നു അവൻ. തന്റെ ലക്ഷ്യത്തിലെത്താൻ എന്തൊക്കെ വേണമെന്ന് വലുതാവുന്തോറും അവൻ അന്വേഷിച്ചുതുടങ്ങി. അച്ഛനും അമ്മയും അവനെ പരമാവധി പ്രോത്സാഹിപ്പിച്ച് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അങ്ങനെ അവനിപ്പോൾ ജനീവയിൽ ജോലി ചെയ്യുകയാണ്.
കുഞ്ഞുന്നാളിൽ പകൽ സമയത്ത് അവനെന്നും കൂട്ട് ദേവിഅമ്മൂമ്മ യായിരുന്നു. വളരെയധികം കഷ്ടപ്പെട്ട് പഠിച്ചെടുത്ത് പി എസ് സി എഴുതി നേടിയ ജോലി നഷ്ടപ്പെടുത്താൻ അവന്റെ അമ്മ ശ്രീലക്ഷ്മി തയ്യാറായിരുന്നില്ല. അവരുടെ കുട്ടിക്കാലം വളരെ ദാരിദ്ര്യം നിറഞ്ഞ തായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ ഉത്തരവാദിത്തം അവ൪ സ്വയം ഏറ്റെടുത്തു. പക്ഷേ ശരൺ ജനിച്ചപ്പോൾ ശ്രീലക്ഷ്മി ആകെ വിഷമവൃത്തത്തിലായി. പക്ഷേ അതിൽനിന്നൊക്കെ വലിയൊരു മോചനവും ആശ്വാസവും ദേവിഅമ്മൂമ്മയായിരുന്നു.
വീട്ടുജോലിക്കായി വന്നതായിരുന്നു അവർ. വളരെ പെട്ടെന്നുതന്നെ ശ്രീലക്ഷ്മിയും ദേവിയേച്ചിയും കൂട്ടായി. ശ്രീലക്ഷ്മി ജോലി കഴിഞ്ഞ് വൈകുന്നേരം വരുമ്പോഴേക്കും വീട്ടിൽ വേണ്ട കാര്യങ്ങളൊക്കെ ദേവിയേച്ചി ഒരുക്കിവെക്കും. മുറ്റവും അകവുമൊക്കെ അടിച്ച് തൂത്ത് വൃത്തിയാക്കിയിട്ടിരിക്കും. വിളക്കും കിണ്ടിയും ഒക്കെ എടുത്ത് തുടച്ച് പൊൻനിറമാക്കി വെച്ചിരിക്കും. രാത്രിയിലേക്ക് വേണ്ടുന്ന ആഹാരമൊക്കെ പാചകം ചെയ്ത് അടച്ചുവെച്ചിരിക്കും. രാവിലെ എഴുന്നേറ്റ് ബ്രേക്ഫാസ്റ്റും ഉച്ചയ്ക്ക് വേണ്ട ആഹാരവും ഉണ്ടാക്കി, അലക്കി കുളിച്ച് ജോലിക്ക് ഓടുന്ന ശ്രീലക്ഷ്മിക്ക് പകൽനേരത്തെ ജോലിയും കഴിഞ്ഞ് വൈകുന്നേരം വരുമ്പോഴേക്കും കടുത്ത ക്ഷീണം ആയിരിക്കും. കുളിച്ച് ഒന്ന് കിടന്നാൽമതി എന്ന മട്ടിലാണ് അവ൪ വന്നുകയറുക.
ദേവിയേച്ചി ഉള്ളതുകൊണ്ട് വീട്ടുജോലികളൊക്കെ എളുപ്പം നടന്നു. ശരൺ കൂടി ജനിച്ചതോടെ ശ്രീലക്ഷ്മിക്ക് ടെൻഷൻ കൂടി. ശരണിന്റെ അച്ഛനും കുട്ടിക്കാലം മുതലേ ദാരിദ്ര്യത്തോട് പടവെട്ടി പൊരുതി ഉയർന്നുവന്ന ആളാണ്. വിദേശത്തുനിന്ന് സമ്പാദിക്കുന്ന മുഴുവൻ പണവും ഉപയോഗിച്ച് അഞ്ചെട്ട് ഏക്കർ ഭൂമി വാങ്ങിയിട്ടിട്ടുണ്ട് അജിത്ത്. നല്ലൊരു വീടും പണിതു. എന്നാലും ജോലി വിട്ടിട്ട് വരാൻ അയാൾക്ക് വിമുഖതയാണ്. ജോലിയില്ലാതെ ജീവിക്കുന്നത് അയാൾക്ക് പേടിയാണ്. നാളത്തെ കാര്യം എന്തായിരിക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.
വല്ലപ്പോഴും ലീവിന് വരുന്ന അച്ഛന്റെ സാമീപ്യം ശരണിന് സ്വർഗ്ഗം കിട്ടുന്നതുപോലെയാണ്. അയാൾ അവനെ എല്ലായിടത്തും കൂട്ടിക്കൊണ്ടുപോകും. ഓരോന്നൊക്കെ കാണിച്ചുകൊടുക്കും. സംസാരിച്ചു കൊണ്ടും കഥ പറഞ്ഞുകൊണ്ടും അവന്റെ കൈവിരലുകളിൽ പിടിച്ചുകൊണ്ട് എപ്പോഴും കൂടെത്തന്നെ കാണും. അതുപോലെതന്നെ അമ്മ വൈകിട്ട് ജോലികഴിഞ്ഞു വന്നാൽപ്പിന്നെ ശരണിനെ നിലത്ത് വെക്കുകയില്ല. പകൽ മുഴുവൻ അടുത്ത് ഇല്ലാത്തതിന്റെ സ്നേഹവും വാത്സല്യവും മുഴുവൻ ശ്രീലക്ഷ്മി അവന് ആവോളം പകർന്നുകൊടുക്കും.
നീ കുളിച്ചിട്ടു വാ മോനേ…
അമ്മ അടുക്കളയിൽക്കയറി ശരണിന് ഇഷ്ടമുള്ളതൊക്കെ ഒരുക്കി അവനെ വിളിച്ചു. അവൻ ഇറയത്തിരുന്ന് അമ്മൂമ്മമാർ തന്റെ കുട്ടിക്കാലത്ത് നടന്ന വിശേഷങ്ങളൊക്കെ ഓർത്തെടുക്കുന്ന തിരക്കിൽ അലിഞ്ഞുചേർന്നിരിക്കുകയായിരുന്നു. തന്നെ അമ്മ പ്രസവിച്ച സമയം തൊട്ട് ഉണ്ടായിരുന്ന ഓരോ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ദേവിഅമ്മൂമ്മയും സരോജിനിയമ്മൂമ്മയും ജാനകിയമ്മൂമ്മയും മാറിമാറി പറഞ്ഞു കൊണ്ടിരുന്നു. അമ്മ ഓഫീസിൽനിന്ന് വൈകിട്ട് വരുമ്പോഴേക്കും കൈയ്യിലുള്ള ബാഗ് താഴ്ത്തിവെക്കാൻ ഇടനൽകാതെ പാലുകുടിക്കാൻ കുതിക്കുന്ന തന്റെ വാശിയും ആക്രാന്തവും മറ്റും പറഞ്ഞ് അവർ കുറേ ചിരിച്ചു. ശരണും ഉള്ളുനിറഞ്ഞ് കുറേച്ചിരിച്ചു.
ഇതൊക്കെ എത്രയോ തവണ കേട്ടിരിക്കുന്നു. എന്നാലും വീണ്ടും ഒക്കെ കേൾക്കാൻ ഒരു സന്തോഷമാണ്… വിദേശത്തുനിന്നും നാട്ടിലേക്ക് ഓടിയെത്താൻ ഏറ്റവും ഇഷ്ടമുള്ളത് അമ്മയുടെയും അച്ഛന്റെയും അമ്മൂമ്മമാരുടെയും അടുത്തേക്കാണ്…. അവരുടെ നടുക്കിരുന്ന് തന്റെ കുട്ടിക്കാലത്തെ കഥകളൊക്കെ അയവിറക്കുമ്പോൾ താൻ അനുഭവിക്കുന്ന സന്തോഷവും സുഖവും മനസ്സമാധാനവും വല്ലാത്തൊരു അനുഭൂതിയാണ്….
കാലം കടന്നുപോയപ്പോൾ ദേവിഅമ്മൂമ്മ ജോലിക്കു വരാതായി. ഇപ്പോൾ വല്ലപ്പോഴും ഒന്ന് വന്നിട്ട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞിട്ട് ഇത്തിരിനേരമിരുന്നിട്ട് പോകും. പകരം അമ്മയെ സഹായിക്കാൻ ഇപ്പോൾ ഒരു വാസന്തിച്ചേച്ചി വരാറുണ്ട്. എങ്കിലും സമയം കിട്ടുമ്പോഴൊക്കെ അമ്മ അങ്ങോട്ട് ചെന്നും ദേവിഅമ്മൂമ്മയെ കാണും. വല്ലതുമൊക്കെ കൊടുക്കും. താനും പഠനത്തിരക്കിനിടയിലും നാട്ടിൽ വന്നാലൊക്കെ ദേവിഅമ്മൂമ്മയെ കാണാൻ ചെല്ലുമായിരുന്നു. അങ്ങനെ ഒരിക്കൽ ചെന്നപ്പോൾ ഒരു ഫോൺകൊണ്ടുക്കൊടുത്തിരുന്നു. അതിലൂടെ വീഡിയോകാൾ വിളിക്കാനൊക്കെ പഠിപ്പിച്ചിരുന്നു. എവിടെ പോയാലും അവിടങ്ങളിലെ വിശേഷങ്ങളൊക്കെ ദേവിഅമ്മൂമ്മയോട് പറയുന്നത് ഒരു രസമായിരുന്നു. ജാനകിയമ്മൂമ്മ ശ്രേയച്ചിറ്റയുടെ കൂടെ താമസിക്കുന്നതുകൊണ്ട് വല്ലപ്പോഴുമേ കുട്ടിക്കാലത്ത് അവരെ കാണാൻ കിട്ടുമായിരുന്നുള്ളൂ. സരോജിനിയമ്മൂമ്മക്ക് കാലിന് വാതത്തിന്റെ അസുഖം വന്നതുകൊണ്ട് തന്നെ നോക്കാനായി കൂടെവന്ന് നിൽക്കാൻ സൌകര്യപ്പെടുമായിരുന്നില്ല. പക്ഷേ എന്തെങ്കിലും ആഘോഷമോ അവധികളോ ഒക്കെ വന്നാൽ അവ൪ രണ്ടുപേരും വീട്ടിലെത്തും.
തന്റെ കുട്ടിക്കാലത്തെ അവധിദിവസങ്ങളെല്ലാം ആഘോഷം നിറഞ്ഞതായിരുന്നു. പലഹാരങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ധാരാളമായി കിട്ടിയ ബാല്യം.
ജപ്പാനിലെ കൂട്ടുകാരിയോടൊത്ത് ഇടയ്ക്ക് കറങ്ങുമ്പോൾ അവളോട് ഈ കഥകളൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്. എല്ലാം അവൾക്ക് അത്ഭുതമാണ്. എന്നെക്കുറിച്ച് അമ്മൂമ്മമാരോട് പറഞ്ഞോ എന്ന് ഇടയ്ക്കിടെ അവൾ ചോദിക്കാറുണ്ട്.
അച്ഛനും അമ്മയും മാത്രമേ അറിഞ്ഞിട്ടുള്ളൂ… എല്ലാവരോടും സമയമാകുമ്പോൾ പറയാം..
ശരൺ അങ്ങനെ മറുപടി പറയും. അപ്പോൾ അവളുടെ ചുവന്ന് തുടുത്ത കവിളുകൾ ഒന്നുകൂടി തുടുക്കും. കുളികഴിഞ്ഞുവന്ന് ശരൺ അമ്മ ഡൈനിങ്ടേബിളിൽ നിരത്തിയ വിഭവങ്ങൾക്കരികിലിരുന്നു.
പിന്നെ എന്തൊക്കെയുണ്ട് വിശേഷം..?
ശരൺ ഓരോന്ന് കഴിച്ചുകൊണ്ട് വീണ്ടും ഒരോ കാര്യങ്ങളായി ചോദിക്കാൻ തുടങ്ങി. അച്ഛൻ വിദേശത്തെ ജോലി വിട്ടുവന്നതിനുശേഷം അമ്മയെ രാവിലെ ഓഫീസിൽ കൊണ്ടുവിടാനും വൈകുന്നേരം കൂട്ടിക്കൊണ്ടുവരാനും കാറുമെടുത്ത് പോകാറുണ്ട്. ഇപ്പോൾ സഹായത്തിന് നിൽക്കുന്ന വാസന്തിച്ചേച്ചിയുടെ കഥകളും നാട്ടുവിശേഷങ്ങളും മറ്റും പറഞ്ഞുകഴിയുമ്പോഴേക്കും നേരം ഒത്തിരി ഇരുട്ടിയിരുന്നു. എല്ലാം ഫോണിലൂടെ പറഞ്ഞറിഞ്ഞ കാര്യങ്ങൾ തന്നെ. എങ്കിലും വീണ്ടും വീണ്ടും എല്ലാം കേട്ടു. രണ്ടുമൂന്നു ദിവസത്തെ നാടുകാണലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പോകലും അമ്പലത്തിൽ പോകലും ഒക്കെക്കഴിഞ്ഞ് ശരൺ മടങ്ങി.
ഒരു ദിവസം പതിവുപോലെ ഓഫീസിൽനിന്ന് വന്ന് കാപ്പി ഉണ്ടാക്കി കുടിക്കുകയായിരുന്നു ശരൺ. പെട്ടെന്നായിരുന്നു ദേവിഅമ്മൂമ്മയുടെ വീഡിയോ കോൾ വന്നത്. നോക്കുമ്പോൾ ദേവിഅമ്മൂമ്മ ചുണ്ടത്ത് വിരൽവെച്ച് എന്തോ ആകാംക്ഷയോടെ കാണിച്ചുതരാനുള്ള ഒരുക്കത്തിൽ ആണെന്ന് മനസ്സിലായി. തന്റെ വീട്ടിലെ ജനലിന്നടുത്ത് ഒളിച്ചുനിന്ന് ദേവിഅമ്മൂമ്മ തന്റെ വീട്ടിനകത്തേക്കുള്ള ചില രംഗങ്ങൾ മൊബൈലിലൂടെ കാണിച്ചുതന്നു. വാസന്തിച്ചേച്ചി അമ്മയുടെ അലമാര തുറക്കാൻ ശ്രമിക്കുകയാണ്…. അതിൽനിന്നും അമ്മ സൂക്ഷിച്ചു വെക്കാറുള്ള ഒരു ചെറിയ ബോക്സ് എടുത്ത് അമ്മയുടെ ഒരു മാലയും രണ്ട് വളയും ഒതുക്കത്തിൽ ആരും കാണാതെ എടുത്തു പേഴ്സിലേക്ക് വെക്കാൻ തുനിയുകയാണ്…
പെട്ടെന്നാണ് വാസന്തിച്ചേച്ചി ജനാലയുടെ അടുത്ത് നിൽക്കുന്ന ദേവിഅമ്മൂമ്മയെ കാണുന്നത്. അവരുടെ കൈയ്യിൽനിന്നും പേഴ്സും ആ ബോക്സും ചിതറി താഴെ വീണു. അവർ ഓടി പുറത്തെത്തി. ദേവി അമ്മൂമ്മയുമായി വാക്കേറ്റവും പിടിച്ചുതള്ളലും ഒക്കെ നടന്നു. ഫോണിലൂടെ എന്തൊക്കെയോ ശബ്ദങ്ങൾ മാത്രം ശരണും കേട്ടു. ചില നിമിഷങ്ങളിൽ ദേവി അമ്മൂമ്മയുടെ കരച്ചിലും എന്തോ എടുത്ത് അiടിക്കുന്ന ശബ്ദവും ശരൺ കേട്ടു. അതോടെ ദേവി അമ്മൂമ്മയുടെ ശബ്ദം നിലച്ചു. ശരൺ ഫോണിലൂടെ ഉച്ചത്തിൽ അലറി:
നിങ്ങൾ ചെയ്ത മുഴുവൻ കാര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഉടനെതന്നെ ദേവിഅമ്മൂമ്മയെ ആശുപത്രിയിൽ എത്തിച്ചുകൊള്ളണം.. ഇല്ലെങ്കിൽ ഉറപ്പായും ഞാൻ ഇവിടെ റെക്കോർഡ് ചെയ്ത കാര്യങ്ങൾ പോലീസിന് കൈമാറും…
ശരൺ ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
നിങ്ങൾ ചോദിച്ച മുപ്പതിനായിരം രൂപ ഇന്നലെ അമ്മ നിങ്ങളുടെ വീട്ടിൽ കൊണ്ടുത്തരാൻ വന്നിരുന്നു. നിങ്ങൾ അവിടെ ഇല്ലായിരുന്നു എന്ന് അമ്മ ഇന്നലെ എന്നോട് പറഞ്ഞിരുന്നതാണല്ലോ.. നിങ്ങളുടെ ഭർത്താവിന് ആ പണം അമ്മ നൽകിയിരുന്നു. പിന്നെ എന്തിനാണ് നിങ്ങൾക്ക് എന്റെ അമ്മയുടെ മാലയും വളയും..?
പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിൽ ശരൺ കേട്ടു. വാസന്തിച്ചേച്ചി അലമുറയിട്ട് കരയുകയാണ്..
എന്നോട് പൈസ കിട്ടിയതൊന്നും പറഞ്ഞിട്ടില്ല കുഞ്ഞേ… അങ്ങേര് നാട്ടില് മുഴുവൻ കടമാക്കി വെച്ചിട്ട് എന്നെയും മോനെയും വല്ലാതെ ദ്രോഹിക്കും.. ഞാൻ എവിടെനിന്നാണ് പൈസ ഉണ്ടാക്കി കൊണ്ടുകൊടുക്കേണ്ടത്..
അവരുടെ ശബ്ദം നേർത്തുനേർത്തു വന്നു.
കുറച്ചുകഴിഞ്ഞ് ഫോൺ കട്ടായി. ഉടനെതന്നെ ശരൺ അമ്മയെയും അച്ഛനെയും മാറിമാറി വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. അവർ ഓഫീസിൽനിന്ന് മടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചുകഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് അവർ ഫോൺ വെച്ചു. അവർ വരുമ്പോഴേക്കും ദേവിഅമ്മൂമ്മയെ വാസന്തിച്ചേച്ചി ആശുപത്രിയിൽ എത്തിച്ചിരുന്നു. തiലക്കേറ്റ അiടിയിൽ ബോധം പോയെങ്കിലും അല്പം രiക്തം നഷ്ടപ്പെട്ടിരു ന്നെങ്കിലും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് അവർക്ക് ജീiവൻ തിരിച്ചുകിട്ടി.
കേസൊന്നും വേണ്ട എന്ന് ദേവിഅമ്മൂമ്മ പോലീസിനോട് പറഞ്ഞത്രേ..
ശരൺ ദിവസവും നാലുനേരം ദേവിഅമ്മൂമ്മയെ വിളിക്കും. ശ്രീലക്ഷ്മിയും അജിത്തും ദിവസവും ആഹാരസാധനങ്ങളുമായി ആശുപത്രിയിൽ അവരെ കാണാൻ ചെല്ലും. ഡിസ്ചാർജ് ചെയ്യുന്ന ദിവസം ആശുപത്രിയിലെ മുഴുവൻ തുകയും ശ്രീലക്ഷ്മി അടച്ചു.
ശരൺ അന്ന് വീഡിയോകോൾ ചെയ്തിട്ട് ദേവിഅമ്മൂമ്മയോട് പറഞ്ഞു:
ദേവിഅമ്മൂമ്മയെ ഞാൻ ഈ നാടൊക്കെ കാണിക്കാൻ കൂട്ടിക്കൊ ണ്ടുവരാൻ പോവുകയാണ്.. വേഗം പാസ്പോർട്ട് എടുക്കണം. അച്ഛനും അമ്മയും വരുമ്പോൾ കൂടെ പോന്നോളൂ.. ട്ടോ..
അവരുടെ പല്ലുകൾ കൊഴിഞ്ഞ മോണകാണിച്ചുള്ള ചിരി നോക്കി ശരൺ പുഞ്ചിരിച്ചു.