ഗോപിയും രാധയും പറഞ്ഞതും പറയാത്തതും
story written by Suresh menon
“നീണ്ട മുപ്പത്തഞ്ച് വർഷങ്ങൾ അല്ലെ”
ചട്ടിയിൽ വിരിഞ്ഞ റോസാപ്പൂക്കളെ തഴുകി രാധാമണി പറഞ്ഞു
” ഉം ‘ FB യിൽ പോസ്റ്റ് ചെയ്തില്ലെ”
കാറ് തുടച്ചു കൊണ്ടിരിക്കുന്നതിന്നിടയിൽ ഗോപിനാഥ് രാധാമണിയോട് ചോദിച്ചു
“രാവിലെ ആറ് മണിക്ക് തന്നെ ആ ചടങ്ങ് തീർത്തു.
“ഫിൽറ്റർ ഉപയോഗിച്ചൊ ” “ചെറുങ്ങനെ “
രാധാമണിയുടെ മറുപടി കേട്ട ഗോപിനാഥ് കുലുങ്ങി ചിരിച്ചു. കൂടെ രാധാമണിയും
” സത്യത്തിൽ ഈ FB യൊക്കെയാണല്ലെ പലതിനെയും ലൈവാക്കിനിർത്തുന്നത് “
ഗോപിനാഥ് ഒന്നും മിണ്ടിയില്ല.
“അതേയ് ഇങ്ങുവാ ഇവിടെ അടുത്തിരി “
പൈപ്പ് വാട്ടറിൽ കൈകഴുകി നനഞ്ഞ കൈ മുണ്ടിൽ തുടച്ച് ഗോപി രാധാമണിയുടെ അടുത്ത് വന്നിരുന്നു. രണ്ടു പേരും ഒരു നേർമ്മപുഞ്ചിരിയോടെ പരസ്പരം നോക്കി. പതിയെ രാധാമണി ഗോപിയുടെ കൈ പിടിച്ച് തൻ്റെ മടിയിൽ വെച്ച് എന്തൊക്കെയൊ ആലോചിച്ച് ഓരോ വിരലുകളായി തഴുകി
” അതേയ് ഗോപിയേട്ടാ …. മുപ്പത്തഞ്ച് വർഷം……..ബോറടിച്ചൊ “
“അങ്ങിനെ ചോദിച്ചാൽ ഇല്ല എന്നുള്ളത് സത്യമല്ലാതാകും “
“ശരിയല്ലെ…… നീണ്ട മുപ്പത്തഞ്ച് വർഷങ്ങൾ .ഒരേ മുഖങ്ങൾ …… ഒരേ ചിന്തകൾ ….. ഒരേസ്വരങ്ങൾ …… ഒരേ മണങ്ങൾ ……ഒരേ സുഖങ്ങൾ ……ഹോ .. ആവർത്തനത്തിൻ്റെ കൊടുമുടികളാണല്ലെ……. “
രാധാമണി ഗോപിനാഥിൻ്റെ കൈ ശക്തിയോടെ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു
“തൊണ്ടയിൽ നിന്നു വരുന്ന ഒരു നുണ ആവർത്തി ച്ചാവർത്തിച്ചാവ ർത്തിച്ച് ഹൃദയത്തിൽ സത്യമായി എത്തിച്ചേരുന്നു എന്ന് നീ കേട്ടിട്ടില്ലെ”
“അമ്പട കള്ളാ…” ഗോപിനാഥിൻ്റെ വാക്കുകൾ കേട്ട രാധാമണി വീണ്ടും പൊട്ടി പൊട്ടിച്ചിരിച്ചു.
“ദേ ഞാനൊന്ന് ചോദിക്കട്ടെ. മനസ്സ് കൊണ്ടെങ്കിലും നമ്മൾ ഈ കാലങ്ങളിൽ വേലി ചാടിക്കാണില്ലെ”
“തീർച്ചയായും……പക്ഷെ പരിക്കുകളില്ലാതെ തിരിച്ച് നമുക്കിടയിൽ തന്നെ നമ്മൾ എത്തി എന്നുള്ളതല്ലെ സത്യം “
” ഉം ……. ഒരു തരം survival “രാധാമണി മന്ത്രിച്ചു
കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടിയില്ല
“ഗോപിയേട്ടാ ആ പഴയ freshness ആ പഴയ സുഖം തിരിച്ചു പിടിക്കാൻ വല്ലാത്ത കൊതി ……,”
“നീ ഓർക്കുന്നൊ നമ്മൾ ആദ്യമായി അടുത്ത ആ നാളുകൾ ‘
“എന്നെ റെയിൽവേ സ്റ്റേഷനിലേക്ക് സൈക്കിളിൻ ചവുട്ടി കൊണ്ടുപോയതല്ലെ “
” ഉം “
” ഹോ ഇൻ്റർവ്യൂവിന് പോയ ദിവസം ഒരു ഓട്ടോ പോലും കിട്ടിയില്ല. അപ്പഴാണ് നമ്മുടെ നായകൻ സൈക്കിളുമായി വരുന്നത് ‘പതിനഞ്ച് മിനിറ്റിൽ റെയിൽവേ സ്റ്റേഷനിൽ എത്തണം ഹോ എന്നാ ചവുട്ടായിരുന്നു അന്ന് “
ഗോപിനാഥൻ ചിരിച്ചു കൊണ്ട് എല്ലാം കേട്ടിരുന്നു
“ഗോപിയേട്ടാ എനിക്കാ പഴയ കാലം തിരിച്ചു പിടിക്കണം ആ freshness …ഇല്ലെങ്കിൽ ഇനിയുള്ള കാലം ബോറടിച്ചു പണ്ടാരമടങ്ങി പോകുമെന്നേയ് “
” ന്നാ വാ കാറിൽ കയറ് റയിൽവേ സ്റ്റേഷനിലേക്ക് പോകാം”
“അയ്യേ ഞാനില്ല സൈക്കിളിൽ പോണം”
“സൈക്കിളിലോ അന്ന് നീ നാൽപ്പത്തിരണ്ട് കിലോയെയുള്ളു. ഇന്ന് അറുപത്തിയഞ്ച് കിലോയുണ്ട്. “
“അത് സാരല്യ… സൈക്കിളിൽ കയറുമ്പോ ഞാൻ നാൽപ്പത്തിരണ്ടാകും “
” ന്നാ പ്പൊ വരാം” “എവിടെ പോകുന്നു ” “സൈക്കിൾ വാടകക്ക് കിട്ടുമൊ എന്ന് നോക്കട്ടെ “
ഗോപിനാഥനും രാധാമണിയും സൈക്കിളിൽ റയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. അവരെ അറിയാവുന്ന പലരും അത് കണ്ട് അത്ഭുതത്തോടെ നോക്കി……ഗോപിനാഥൻ്റെ വയറ്റിലൂടെ കൈകൾ ചുറ്റി പിറക് വശത്ത് തല ചായ്ച്ച് കണ്ണടച്ചു കിടന്ന രാധാമണി പതിയെ പറഞ്ഞു
“അതേയ് അന്നത്തെ ആ സ്പീഡ് വേണ്ടാട്ടൊ പതിയെ പതിയെ മതി “
അത് വഴി വീശിയടിച്ച കാറ്റ് അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുമ്പ് വീശിയടിച്ച ആ കാറ്റിന് ഇന്നും വലിയ വ്യത്യാസങ്ങളൊന്നും വന്നിട്ടില്ലായിരുന്നു. അവരോട് എന്തോ ഇഷ്ടം തോന്നിയ കാറ്റ് അവരോടായി എന്തോ പറഞ്ഞു …….കാറ്റിൻ്റെ ഭാഷ മനസ്സിലാകാതെ ഗോപിനാഥനും രാധാമണിയും സൈക്കിളിൽ പതിയെ പതിയെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…… ആദ്യം കണ്ടു മുട്ടിയപോലെ ഒരിക്കൽ കൂടി കണ്ടുമുട്ടാനും എന്തൊക്കെയോ തിരിച്ചു പിടിക്കാനും…….

