ഉമ്മ എന്തിനാ പേടിക്കുന്നത്? അവൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ? അവൻ പുറകിലെ ഏതേലും ബോഗിയിലുണ്ടാവും, അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തു മ്പോൾ ഇറങ്ങി ഇങ്ങോട്ട് വന്നോളും………

_upscale

എഴുത്ത്:-സജി തൈപ്പറമ്പ്

രാജധാനി കടന്ന് പോകാനുള്ളത് കൊണ്ട് ഞങ്ങളുടെ ട്രെയിൻ പെരുമ്പളം സ്റ്റേഷനിൽ കുറച്ച്നേ?രം പിടിച്ചിട്ടു, അപ്പോൾ സമയം രാത്രി 11 മണി

എൻ്റെ കൂടെയുള്ളത് ഞാൻ ഒരുമിച്ച് പ്രസവിച്ച മൂന്ന് മക്കളായിരുന്നു, സൈറ ,സാറ എന്ന രണ്ട്പെൺമക്കളും, സോനു എന്ന മകനും

സൈറയും സാറയും എൻ്റെ ഇരുവശവുമായി മടിയിൽ തല വച്ച് കിടന്ന് ഉറക്കത്തിലായിരുന്നു

സോനു പക്ഷേ, അപ്പോഴും മൊബൈലിൽ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നു.

ഉമ്മാ ഞാനൊരു കാപ്പി കുടിച്ചിട്ട് വരാം ഉമ്മയ്ക്ക് ചായ വേണോ ?

ഇടയ്ക്കവൻ ഫോണിൽ നിന്ന് തല ഉയർത്തി എന്നോട് ചോദിച്ചു

വേണ്ട, നീ കുടിച്ചിട്ട് വേഗം വരണേ, ട്രെയിൻ ചിലപ്പോൾ പെട്ടെന്ന് എടുത്താലോ ?

ഞാൻ ആധിയോടെ അവനോട് പറഞ്ഞു.

ഉമ്മ പേടിക്കണ്ട, അഥവാ വണ്ടി എടുത്താലും, ഞാൻ പുറകിലെ ഏതേലും ബോഗിയിൽ കയറിക്കോളാം,,

അവനതും പറഞ്ഞിട്ട് മൊബൈല് എന്നെ ഏല്പിച്ച്, വേഗം പ്ളാറ്റ്ഫോമിലേയ്ക്കിറങ്ങി പുറകിലേയ്ക്ക് നടന്ന് പോയി.

ഞങ്ങളുടെ കമ്പാർട്ട്മെൻ്റ് എൻജിനിൽ നിന്നും മൂന്നാമതായിരുന്നു ,സോനു കാപ്പി കുടിക്കാൻ പോയ കാൻറീൻ, നാലഞ്ച് കമ്പാർട്ട്മെൻ്റ് കഴിഞ്ഞുള്ള സ്ഥലത്തു മായിരുന്നു

അവൻ പോയതിന് തൊട്ട് പിറകെ, രാജധാനി ചൂളം വിളിച്ച് പാഞ്ഞ് പോയി ,പെട്ടെന്ന് തന്നെ ഞങ്ങടെ ട്രെയിനും ചലിച്ച് തുടങ്ങി, ഞാൻ വേഗം അവൻ്റെ ഫോണിലേയ്ക്ക് വിളിച്ചു ,അപ്പോഴാണ് അതെൻ്റെ കൈയ്യിൽ തന്നിട്ടാണ്, അവൻ പോയതെന്ന കാര്യം ഓർത്തത്.

വെപ്രാളത്തോടെ ഞാൻ ഫോൺ കട്ട് ചെയ്തു, സൈറയെയും സാറയെയും മടിയിൽ നിന്നിറക്കി സീറ്റിൽ കിടത്തിയിട്ട്, വേഗമെഴുന്നേറ്റ് ട്രെയിനിൻ്റെ വാതില്ക്കൽ ചെന്ന് പുറകിലേയ്ക്ക് നോക്കി

പക്ഷേ ,പ്ളാറ്റ്ഫോമിൽ ആകെ ഉണ്ടായിരുന്നത്, പച്ചവെളിച്ചം വിതറുന്ന ടോർച്ച്മായി നില്ക്കുന്ന സ്റ്റേഷൻ മാസ്റ്റർ മാത്രമായിരുന്നു.

എൻ്റെ മനസ്സിലൂടെ ഭീതിയുടെ തീവണ്ടി, ചൂളം വിളിച്ച് കടന്ന് പോയി

ഞാൻ തിരിച്ച് വന്ന് മക്കളെ തട്ടിയുണർത്തി സോനുവിനെ കാണാനില്ലെന്ന കാര്യം പറഞ്ഞു

ഉമ്മ എന്തിനാ പേടിക്കുന്നത്? അവൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ? അവൻ പുറകിലെ ഏതേലും ബോഗിയിലുണ്ടാവും, അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തു മ്പോൾ ഇറങ്ങി ഇങ്ങോട്ട് വന്നോളും

പെൺമക്കളെന്നെ ആശ്വസിപ്പിച്ചിരുത്തി.

ട്രെയിൻ അധികം താമസിയാതെ തൊട്ടടുത്ത എറണാകുളം ടൗൺ സ്റ്റേഷനിൽ നിർത്തി

ഞാനെഴുന്നേറ്റ് ചെന്ന് പ്ളാറ്റ്ഫോമിലേയ്ക്കിറങ്ങാൻ നോക്കിയെങ്കിലും അപ്പോഴേയ്ക്കും അവിടെ നിന്നവരെല്ലാം കൂടി അകത്തേയ്ക്ക് തള്ളിക്കയറി വന്നു

അതോടെ എനിക്ക് പിന്നിലേയ്ക്ക് തിരിച്ച് വരേണ്ടി വന്നു ,കയറി വന്നവർ ഞങ്ങളുടെ സീറ്റ് കൈയ്യടക്കിയതോടെ മക്കളുടെ ഉറക്കം നഷ്ടമായി ,അവർ എഴുന്നേറ്റി രുന്നപ്പോൾ എൻ്റെ ഇരിപ്പിടവും നഷ്ടമായി

ഭാഗ്യത്തിന് മോൻ ഇരുന്നിടത്ത് അവൻ്റെ ബാഗിരുന്നത് കൊണ്ട് അതെടുത്ത് മാറ്റിയിട്ട് ഞാനവിടെ കയറിയിരുന്നു

വിൻഡോ സീറ്റായിരുന്നത് കൊണ്ട് അവൻ നടന്ന് വരുന്നത് കാണാൻ പ്ളാറ്റ്ഫോമിലേയ്ക്ക് ആകാംക്ഷയോടെ ഞാൻ എത്തിനോക്കി

പക്ഷേ, പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ച് കൊണ്ട് ട്രെയിൻ മുന്നോട്ട് നീങ്ങി തുടങ്ങി ,അത് വരെ കാലിയായിരുന്ന ഞങ്ങളുടെ കമ്പാർട്ടുമെൻ്റിൽ മണ്ണ് നുള്ളിയിടാൻ വിടവില്ലാത്ത വിധം യാത്രക്കാർ നിറഞ്ഞിരുന്നു

അവനെ കണ്ടില്ലല്ലോ മോളേ ?

ഞാൻ മക്കളോട് സങ്കടത്തോടെ പറഞ്ഞു

ഉമ്മാ,,ഈ തിരക്ക് കണ്ടില്ലേ? ഉമ്മായ്ക്ക് പുറത്തിറങ്ങാൻ പറ്റാതിരുന്നത് പോലെ അവനും കമ്പാർട്ട്മെൻ്റിനുള്ളിൽ കുടുങ്ങിക്കാണും, ഇനിയിപ്പോൾ ഷൊർണ്ണൂർ സ്റ്റേഷനിലെത്തുമ്പോൾ അവിടെ കുറച്ച് സമയം ഹാൾട്ടിങ്ങുണ്ട്, അപ്പോഴേക്കും ഈ തിരക്കും കുറയും, ആ സമയത്ത് അവൻ തിരിച്ച് വന്നോളും, ഉമ്മ ,ഒന്ന് സമാധാനമായിരിക്ക്,,

അവരുടെ വാക്കുകൾ എനിക്ക് നേരിയ ആശ്വാസം നല്കി ,പിന്നെയും കുറെ സ്റേഷനുകളിൽ വണ്ടി നിർത്തിയെങ്കിലും, യാത്രക്കാരുടെ തിരക്ക് കാരണം ,ഇരുന്നിടത്ത് നിന്ന് എനിക്കൊന്ന് ചലിക്കാൻ പോലും കഴിയുന്നില്ലായിരുന്നു,

അപ്പാഴും എൻ്റെ പ്രതീക്ഷ, പുറകിലെ ഏതേലും കമ്പാർട്ട്മെൻ്റിൽ, എൻ്റെ മകൻ സുരക്ഷിതതനായി ഉണ്ടാകുമെന്നായിരുന്നു,

പക്ഷേ ,തൃശൂർ സ്‌റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ മുതൽ, എൻ്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു

ഷൊർണ്ണൂരെത്തുമ്പോഴേയ്ക്കും ആശങ്ക കൊണ്ടെൻ്റെ ഹൃദയമിടിപ്പിൻ്റെ വേഗത കൂടി കൂടി വന്നു.

മക്കള് പറഞ്ഞത് പോലെ, യാത്രക്കാരിൽ പകുതിയിലേറെ പേരും ഷൊർണ്ണൂരിലിറങ്ങി ,

അര മണിക്കൂറോളം അവിടെ ഹാൾട്ടിങ്ങുണ്ടാവുമെന്ന് അറിഞ്ഞത് കൊണ്ട് ,മക്കളോടൊപ്പം ഞാനും പ്ളാറ്റ്ഫോമിലേയ്ക്കിറങ്ങി.

പിന്നിലേയ്ക്കുള്ള ഓരോ കമ്പാർട്ട്മെൻറും, ഞങ്ങൾ അരിച്ച് പെറുക്കി നോക്കിയിട്ടും, സോനുവിനെ മാത്രം കണ്ടെത്താനായില്ല,

സർവ്വം നഷ്ടപ്പെട്ടവളെ പോലെ നില്ക്കുന്ന എന്നെ സമാധാനിപ്പിക്കാൻ കഴിയാതെ, സൈറയും, സാറയും നിസ്സഹായരായി നിന്നു.

ഉമ്മാ,,നമുക്ക്‌ Rpfനെ വിവരമറിയിക്കാം ,അവര് പെരുമ്പളം സ്റ്റേഷനിലേയ്ക്ക് വിളിച്ച് ചോദിക്കും ഒരു പക്ഷേ അവന് ട്രെയിനിൽ കയറാൻ പറ്റാതെ അവിടെ എവിടെയെങ്കിലും നില്ക്കുന്നുണ്ടാവും

എന്നാൽ വേഗം വാ മക്കളെ ,,

ഞാൻ മക്കളെയും കൂട്ടി RPF ൻ്റെ ഓഫീസിലേയ്ക്ക് ചെന്നു ,അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞു അദ്ദേഹം ഉടനെ പെരുമ്പളം സ്‌റ്റേഷനുമായി ബന്ധപ്പെട്ടു, അവിടെ അന്വേഷിച്ചിട്ട് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞത് കേട്ട് അദ്ദേഹം ഫോൺ കട്ട് ചെയ്തു

അല്ല നിങ്ങൾ എങ്ങോട്ട് പോകാൻ വന്നതാണ്?

സർ, കാണാതായ മോൻ ഉൾപ്പെടെ എൻ്റെ മൂന്ന് മക്കളും മംഗലാപുരത്തുള്ള ഒരു മെഡിക്കൽ കോളേജിൽ CVTഅഡ്മിഷന് അപ്ളേ ചെയ്തിട്ടുണ്ടായിരുന്നു , നാളെ അതിൻ്റെ ഇൻറർവ്യൂ ആണ് , അതിന് വേണ്ടി പോകുന്ന വഴിയാണ് ,നാളെ ഒരു അവസരം മാത്രമേയുള്ളു ,അത് കഴിഞ്ഞാൽ പിന്നെ അടുത്ത വർഷമേ ചാൻസുള്ളു, ഈ ഇൻ്റർവ്യൂവിന് എൻ്റെ മൂന്ന് മക്കളും പാസ്സാകുമെന്ന് എനിക്കുറപ്പുണ്ട് ,അത് കൊണ്ട് തന്നെ, ഞങ്ങളുടെ വീട് പണയപ്പെടുത്തി അവരെ പഠിപ്പിക്കാ നായിരുന്നു എൻ്റെ പ്ളാൻ, അവര് രക്ഷപ്പെട്ടാൽ എൻ്റെ കഷ്ടപ്പാടുകൾക്ക് ഒരു പരിഹാരമാകുമെന്ന് കരുതി ,ഇനിയിപ്പോൾ അവനില്ലാതെ ഞങ്ങൾ എങ്ങനെയാണ് സർ പോകുന്നത്,,

ഞാനവിടെ നിന്ന് പൊട്ടിക്കരഞ്ഞുപോയി.

നിങ്ങൾ വിഷമിക്കാതെ, അവിടെയുള്ളവർ അര മണിക്കൂറിനുള്ളിൽ അന്വേഷിച്ച് അവനെ കണ്ട് പിടിക്കും ,പക്ഷേ അവനെയും കാത്ത് നിന്നാൽ, നിങ്ങൾ വന്ന ട്രെയിൻ ഇപ്പോൾ സ്റ്റേഷൻ വിടും , വേറെ ട്രെയിനുകളൊന്നും അങ്ങോട്ടേയ്ക്ക് ഉടനെയൊന്നും പോകാനുമില്ല ,നിങ്ങൾ താമസിക്കുന്തോറും നാളെ രാവിലെ ഒൻപത് മണിക്ക് നടക്കുന്ന ഇൻ്റർവ്യൂ മിസ്സാകും ,അത് കൊണ്ട് ഞാൻ പറയുന്നത് കേൾക്കു, നിങ്ങളുടെ ഫോൺ നമ്പര് തന്നിട്ട്, തത്ക്കാലം ഈ പെൺകുട്ടികളെയും കൊണ്ട് വന്ന ട്രെയിനിൽ കയറി മംഗലാപുരത്തേക്ക് പുറപ്പെട്ടോളു, ഞാൻ അര മണിക്കൂറ് കഴിഞ്ഞ് നിങ്ങളെ വിളിച്ച്, മകനെ കണ്ടത്തിയ സന്തോഷ വാർത്ത അറിയിച്ചോളാം അത് പോരെ?

ആ ഓഫീസറുടെ വാക്കുകൾ എനിക്ക് കുറച്ച് ആത്മധൈര്യം തന്നു ,അയാൾ പറഞ്ഞത് പോലെ ഇൻ്റർവ്യൂ മിസ്സാക്കിയാൽ, ഇത് വരെ കഷ്ടപ്പെട്ട് വന്നത് വൃഥാവിലാവും, തല്കാലം സൈറയുടെയും സാറയുടെയും കാര്യമെങ്കിലും നടക്കട്ടെ, സോനുവിൻ്റെ കാര്യം വേറെ ഏതെങ്കിലും കോളേജിൽ ഡ്രൈ ചെയ്യാം ,മംഗലാപുരത്ത് സ്വകാര്യ മെഡിക്കൽ കോളേജുകൾ വേറെയുമുണ്ടല്ലോ?

അപ്പോഴേക്കും ഞങ്ങൾ വന്ന ട്രെയിൻ പുറപ്പെടാനുള്ള സൈറൺ മുഴക്കി, പാതി ചത്ത മനസ്സുമായി ഞാനെൻ്റെ പെൺമക്കളെയും കൊണ്ട് കമ്പാർട്ട്മെൻ്റിലേക്ക് കയറി

പിന്നീടുള്ള യാത്രയിലുടനീളം നെഞ്ചിനകത്ത് വലിയൊരു ഭാരവുമായിട്ടാണ് ഞാനിരുന്നത്

എൻ്റെ വിവാഹം കഴിഞ്ഞ പിറ്റേ മാസം ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എന്നെക്കാൾ സന്തോഷം എൻ്റെ ഭർത്താവിനായിരുന്നു

പക്ഷേ സ്കാനിങ്ങിൽ എൻ്റെ വയറ്റിൽ വളരുന്നത് മൂന്ന് ജീവനുകളാണെ ന്നറിഞ്ഞതോടെ ഭർത്താവിൻ്റെ വിധം മാറി

ഇത് ശരിയാവില്ല ഷംലാ,, ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ പ്രസവിക്കുമ്പോൾ തന്നെ ഭാരക്കുറവായിരിക്കും പിന്നീട് പല കോംപ്ളിക്കേഷനുകളുമുണ്ടാവും ആരോഗ്യ മില്ലാതെ ജനിക്കുന്ന കുട്ടികളായത് കൊണ്ട് തന്നെ അവർക്ക് എപ്പോഴും ഓരോരോ അസുഖങ്ങളായിരിക്കാം പിന്നെ ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ സമയം കാണില്ല, മാത്രമല്ല ഒരു കുഞ്ഞിനെ തന്നെ വളർത്തിയെടുക്കാൻ നല്ല ക്ഷമയും സാമ്പത്തികവും വേണം, അപ്പോഴാണ് മൂന്നെണ്ണം, അതൊക്കെ വലിയ റിസ്ക്കാണ്, അത് കൊണ്ട് നമുക്കിത് വേണ്ടെന്ന് വയ്ക്കാം,,

അന്ന് എൻ്റെ ഭർത്താവുമായി ഞാൻ കലഹിച്ചു ,ഒടുവിൽ, ഇനി നീയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ്, അയാളിറങ്ങിപ്പോയി.

എന്നിട്ടും എൻ്റെ വയറ്റിൽ വളരുന്ന കുരുന്നുകളെ ഇല്ലായ്മ ചെയ്യാൻ എൻ്റെ മനസ്സ് അനുവദിച്ചില്ല , കഴിഞ്ഞ പത്തൊൻപത് വർഷം ഞാൻ അനുഭവിച്ച ത്യാഗത്തിൻ്റെ ഫലമാണ് എൻ്റെ മക്കളെ ഇത് വരെ എത്തിക്കാൻ കഴിഞ്ഞത് ,

എൻ്റെ വീട്ടുകാരൊക്കെ അവരെ കൊണ്ട് കഴിയുന്നത് പോലെ സഹായിച്ചെങ്കിലും രാപകല് തയ്യൽ മെഷീൻ ചവിട്ടിയും അടുത്തുള്ള ചായക്കടയിലേയ്ക്ക് പാലപ്പം ചുട്ട് കൊടുത്തിട്ടുമൊക്കെയാണ് അരപ്പട്ടിണിയിലും ഞാനെൻ്റെ മക്കളെ പഠിപ്പിച്ചതും ഇത് വരെ എത്തിച്ചതും

മൂന്ന് മക്കളും എൻ്റെ ജീവൻ്റെ ജീവനാണ് ,അതിലൊരാളാണ് ഇപ്പോൾ എൻ്റെ കണ്ണിൽ നിന്ന് മറഞ്ഞ് നില്ക്കുന്നത് നാളെ നേരം വെളുക്കുമ്പോൾ അവനെ കണ്ട് കിട്ടിയെന്ന ശുഭയാത്ര എന്നെ കേൾപ്പിക്കണേ നാഥാ ,,

കണ്ണീരോടെ ഞാൻ അള്ളാഹുവിനോട് ദുഅ: ചെയ്ത് കൊണ്ടേയിരുന്നു, എന്നെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ എൻ്റെ ഇരുവശവുമിരുന്ന സാറയും സൈറയും നിശബ്ദരായിരുന്നു.

ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ലാതെ ഞങ്ങളെയും കൊണ്ട് മാവേലി എക്സ്പ്രസ് ഒടുവിൽ മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ ഓടിക്കിതച്ച് നിന്നു.

നേരം പരപരാ വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു, സ്റ്റേഷനകത്ത് തന്നെയുള്ള റീഫ്രഷ് മെൻറ് ഏരിയയിൽ ചെന്ന് ഞാനും കുട്ടികളും പ്രഭാതകൃത്യങ്ങളെല്ലാം നിർവ്വഹിച്ചു

ഇടയ്ക്കിടെ ഞാൻ എൻ്റെ ഫോണിൽ മിസ്സ്ഡ് കോള് വല്ലതുമുണ്ടോന്ന്ആ കാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു

മനസ്സ് മരവിച്ചിരുന്നത് കൊണ്ട് ഞങ്ങൾക്ക് മൂന്ന് പേർക്കും വിശപ്പില്ലായിരുന്നു

തത്ക്കാലം ഓരോ ചായ കുടിച്ചിട്ട് ഒരു ഓട്ടോറിക്ഷ പിടിച്ച് ഇൻ്റർവ്യൂ നടക്കുന്ന കോളേജിൻ്റെ ഓഫീസ് ബിൾഡിങ്ങിലേയ്ക്ക് ഞങ്ങൾ ചെന്നു.

അവിടെയെത്തിയപ്പോൾ സമയം എട്ടേമുക്കാൽ ആയിരുന്നു. ആദ്യം സൈറയുടെ പേരാണ് വിളിച്ചത് ,

മോളേ ,, സോനുവിൻ്റെ കാര്യം നീ മറന്നേക്ക് ,നിങ്ങള് പറഞ്ഞത് പോലെ അവൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ ?നമ്മളിവിടെ നിന്ന് തിരിക്കുന്നതിന് മുമ്പ് അവനെക്കുറിച്ചുള്ള ശുഭവാർത്ത എത്തും, അത് കൊണ്ട് ഇൻ്റർവ്യൂ ടെൻഷനൊന്നു മില്ലാതെ വേണം അറ്റൻ്റ് ചെയ്യാൻ,, ഉമ്മയുടെ കഷ്ടപ്പാടുകൾക്ക് ഫലമുണ്ടാവണം,,

ആ പറഞ്ഞത് രണ്ട് പേരോടും കൂടിയാണെന്ന് അവർക്ക് മനസ്സിലായിരുന്നു ,സൈറയും, സാറയും ഇൻറർവ്യൂ കഴിഞ്ഞ് സന്തോഷത്തോടെ ഇറങ്ങി വന്നപ്പോഴാണ് എനിക്ക് ആശ്വാസമായത്.

പക്ഷേ സോനുവിന് മാത്രം ഇൻ്റർവ്യൂ നഷ്ടമായത് ഒരു വേദനയായി മനസ്സിൽ കിടന്നു ,സാരമില്ല അവനിത് വിധിച്ചിട്ടില്ലായിരിക്കാം

ഞങ്ങൾ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ അഞ്ച് മണിക്കാണ്പ ക്ഷേ അത് വരെ കാത്ത് നില്ക്കാൻ മനസ്സ് അനുവദിച്ചില്ല എത്രയും പെട്ടെന്ന് സോനു ഇറങ്ങിപ്പോയ പെരുമ്പളം സ്റ്റേഷനിൽ എത്താൻ മനസ്സ് വെമ്പൽ കൊണ്ടു

പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തേയ്ക്കൊരു സ്പെഷ്യൽ ട്രെയിൻ ഉണ്ടെന്നും തത്ക്കാൽ ടിക്കറ്റെടുത്താൽ അതിൽ പോകാമെന്നും അറിയാൻ കഴിഞ്ഞു

പെരുമ്പളത്ത് പക്ഷേ സ്റ്റോപ്പില്ല ഞങ്ങൾ എറണാകുളം സൗത്തിലേയ്ക്ക് ടിക്കറ്റെടുത്തു

കൃത്യ സമയത്ത് ട്രെയിൻ ഒന്നാമത്തെ പ്ളാറ്റ്ഫോമിലെത്തി മക്കളെയും കൊണ്ട് ഞാൻ ട്രെയിനിലേയ്ക്ക് കയറി

മംഗലാപുരം സ്റ്റേഷനിൽ നിന്നും കേരളത്തിലേയ്ക്ക് തീവണ്ടി കുതിച്ചു

നൂറ് കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ചീറിപ്പായുന്നതെന്ന് മൊബൈലിലെ ആപ് നോക്കി കുട്ടികൾ പറഞ്ഞെങ്കിലും വേഗത തീരെ പോര എന്ന് എനിക്ക് തോന്നി

ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ എൻ്റെ മൊബൈൽ റിങ്ങ് ചെയ്തു

ആവേശത്തോടെ ഞാൻ ഫോൺ അറ്റൻറ് ചെയ്തു

ഹലോ മേഡം ഇത് Rpfൽ നിന്നാണ് നിങ്ങളുടെ മകനെ കണ്ട് കിട്ടിയിട്ടുണ്ട് പെരുമ്പളം സ്റ്റേഷനിലെ RPF ഓഫീസിൽ ആളെ ഇരുത്തിയിട്ടുണ്ട് വേറെ കുഴപ്പമൊന്നുമില്ല നിങ്ങൾ തിരിച്ച് വരുമ്പോൾ കൂട്ടി കൊണ്ട് പൊയ്ക്കോളു,,

ആ സന്തോഷവാർത്ത എൻ്റെയുള്ളിൽ ഒരു കുളിർമഴ പെയ്യിച്ചു ,എത്രയും വേഗം പെരുമ്പളംസ്റ്റേഷനിലെത്താൻ മനസ്സ് കൊതിച്ചു.

എറണാകുളം സൗത്തിൽ നിന്നും ടാക്സി പിടിച്ചാണ് പെരുമ്പളത്തെത്തിയത്

എന്നെ കണ്ടതും സോനു അടുത്തേയ്ക്ക് വന്നു ,സങ്കടവും ദേഷ്യവും കൊണ്ട് ഞാനവനെ തലങ്ങും വിലങ്ങും തiല്ലി ,

ഉമ്മാ എന്തായിത്? ഇത് നമ്മുടെ വീടല്ല ,,

സൈറയും ,സാറയും എന്നെ തടഞ്ഞു

എവിടെയായിരുന്നെടാ നീയ് ? ഞാനും നിൻ്റെ പെങ്ങൻമാരും ഈ നേരം കൊണ്ട് എത്ര വിഷമിച്ചെന്ന് നിനക്കറിയാമോ?

ഉമ്മാ ,, ഉമ്മയോട് ഞാൻ എത്ര തവണ പറഞ്ഞതാ എനിക്ക് ദൂരെയെങ്ങും പോയി പഠിക്കണ്ടാ നാട്ടിൽ എവിടെയെങ്കിലും മതിയെന്ന് അത് നിങ്ങളെ തനിച്ചാക്കി പോകാൻ വയ്യാത്തത് കൊണ്ടാണുമ്മാ,, നിങ്ങളതിന് സമ്മതിക്കാത്തത് കൊണ്ടാണ് ,ആ ഇൻ്റർവ്യൂവിൽ പങ്കെടുക്കാതിരിക്കാൻ ഞാൻ തത്ക്കാലം ഒഴിഞ്ഞ് നിന്നത്സൈ റയും സാറയും അവിടെ പഠിച്ചോട്ടെ ,ഇവിടെ ഞാൻ ഉമ്മയുടെ കൂടെ നിന്ന് എന്തെങ്കിലും പഠിച്ചോളാം ,ഇവിടെയാകുമ്പോൾ പഠിക്കുകയും ചെയ്യാം, അതോടൊപ്പം പാർട്ട് ടൈം ജോബ് എന്തേലും ചെയ്ത് എനിക്ക് ഉമ്മയെ സഹായിക്കുകയും ചെയ്യാം അല്ലാതെ ഞങ്ങൾ മൂന്ന് പേരും പോയി കഴിഞ്ഞ് ഉമ്മ ഒറ്റയ്ക്കിവിടെ കിടന്ന് കഷ്ടപ്പെടുന്നത് എനിക്ക് ഓർക്കാൻ കൂടിവയ്യുമ്മാ,, നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ലേ ഞാനിങ്ങനൊക്കെ ചെയ്തത് എന്നോട് സബൂർ ചെയ്യുമ്മാ ,,

അവനെന്നെ തോല്പിച്ച് കളഞ്ഞു, ഇപ്പോൾ ഞാൻ സന്തോഷത്തിലും സമാധാന ത്തിലുമാണ് ,സൈറയും സാറയും ഫൈനൽ ഇയർ മംഗലാപുരത്തും ,സോനു ഇവിടെയൊരു പ്രൈവറ്റ്ഇൻസ്റ്റിറ്റ്യൂട്ടിലും CVT കോഴ്സിന് പഠിക്കുന്നു

കൂടാതെ ഉച്ച വരെയുള്ള ക്ളാസ്സിന് ശേഷം, രാത്രി പന്ത്രണ്ട് മണി വരെ ഒരു പെട്രോൾ പമ്പിലെ ജോലിയ്ക്ക് പോയി സോനു, എന്നെ സഹായിക്കുകയും ചെയ്യുന്നുണ്ട്

ഒരു കിടപ്പ്മുറിയും, ഹാളും, അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണെങ്കിലും, തയ്യൽ മെഷീനും ഞാനും വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് കൊണ്ട് , കാര്യങ്ങളൊക്കെ ബുദ്ധിമുട്ടില്ലാതെ നടന്ന് പോകുന്നുണ്ട്,

ഇനി മക്കൾക്ക് സ്ഥിരജോലി ആയിട്ട് വേണം ,ഞങ്ങളുടെ സ്വന്തം വീട്തി. രിച്ചെടുക്കാൻ ,എൻ്റെ ജീവിതം ക്ഷമയോടെ കേട്ടിരുന്ന നിങ്ങളോട് ഉരുപാട് നന്ദിയുണ്ട് കെട്ടോ

Leave a Reply

Your email address will not be published. Required fields are marked *