ഭാരതിയെ ഞാൻ വിവാഹം ചെയ്യുന്നതിൽ മോനും മരുമോൾക്കും നല്ല എതിർപ്പുണ്ട്. വീട് എന്റേത് ആയത് കൊണ്ടും, ശബ്ദിച്ചാൽ ഇറങ്ങി പോകേണ്ടി വരുമോയെന്ന ഭയമുള്ളത് കൊണ്ടും കൂടുതലൊന്നും പറയുന്നില്ലായെന്നേയുള്ളൂ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഭാരതിയെ ഞാൻ വിവാഹം ചെയ്യുന്നതിൽ മോനും മരുമോൾക്കും നല്ല എതിർപ്പുണ്ട്. വീട് എന്റേത് ആയത് കൊണ്ടും, ശബ്ദിച്ചാൽ ഇറങ്ങി പോകേണ്ടി വരുമോയെന്ന ഭയമുള്ളത് കൊണ്ടും കൂടുതലൊന്നും പറയുന്നില്ലായെന്നേയുള്ളൂ. അഞ്ചിൽ പഠിക്കുന്ന കൊച്ചുമോള് മാത്രം എന്റെ ഭാഗത്താണ്. നിസ്വാർത്ഥമായ സന്തോഷത്തിന്റെ പക്ഷത്താണ്.

‘അപ്പൂപ്പാ… ദേ, ഇവിടെയൊന്ന്, ദേ ഇവിടേയും…’

കല്ല്യാണ നാളിൽ, വീടിന്റെ പുറം ചുമരിൽ തൂക്കിയിട്ട കണ്ണാടിയിൽ നോക്കി മുടി കറുപ്പിക്കുകയായിരുന്നു ഞാൻ. വിട്ട് പോകുന്ന നരകളെ മിന്നുമോൾ സൂചിപ്പിക്കുന്നുമുണ്ട്. നാട്ടിലെ ക്ഷേത്രത്തിൽ വെച്ച് ലളിതമായാണ് ചടങ്ങ്. അലങ്കരിച്ച കാറുമായി സതീശൻ കൃത്യ നേരത്ത് തന്നെ എത്തും. ഭാരതി വരുമ്പോൾ വിളക്ക് കൊടുക്കേണ്ട ചുമതലയൊക്കെ മിന്നുമോൾക്കാണ്. എന്നെ സംബന്ധിച്ച്, റിട്ടേർഡ്മെന്റിന് ശേഷമുള്ള ഈ വീട്ടിലെ കാരണവരും, കൂട്ടുകാരിയും കൊച്ചുമോളായ മിന്നുമോളാണ്.

മോന് ആറ് വയസുള്ളപ്പോഴാണ് ഭാര്യ മരിക്കുന്നത്. എന്തുകൊണ്ടൊ, അന്നൊന്നും മറ്റൊരു വിവാഹത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ തോന്നിയില്ല. വന്ന് കയറുന്ന പെണ്ണിന് മോന്റെ കാര്യത്തിൽ ഗൗരവ്വമൊന്നും ഉണ്ടാകില്ലായെന്ന ആകുലതയായിരിക്കണം രണ്ടാമത്തെ കാരണം. ഒന്നാമതായി, മോന്റെ അമ്മയോടുള്ള എന്റെ ഇഷ്ടം തന്നെ ആയിരുന്നു.

‘അച്ഛന്, പണ്ടേ ആകായിരുന്നില്ലേ.. മൂത്ത് നരക്കുമ്പോഴാണൊ കെട്ടാൻ ഇറങ്ങേണ്ടത്..? നമുക്കൊക്കെ പുറത്തിറങ്ങി നടക്കണ്ടേ…?’

ഭാരതിയെ ഞാൻ വിവാഹം കഴിക്കാൻ പോകുകയാണെന്ന് അറിഞ്ഞ മകന്റെ ആദ്യ പ്രതികരണമായിരുന്നു. തമാശ പറയാതെ പോ അച്ഛായെന്ന് മരുമോളും പറഞ്ഞു. എന്നേയും ഭാരതിയേയും ചിരിക്കാനുള്ള വിഷയമാക്കി മാറ്റാൻ താൽപ്പര്യമില്ലാത്തത് കൊണ്ട് കൂടുതലായി യാതൊന്നും ഞാൻ മിണ്ടിയില്ല. ഇഷ്ടമല്ലാത്തവർക്ക് ഈ വീട്ടിൽ നിന്ന് പോകാമെന്ന് മാത്രം കൽപ്പിച്ചു. മറ്റെല്ലാം സ്വയമങ്ങ് തീരുമാനിച്ചു. ഭാരതിയും ഒപ്പത്തിനൊപ്പം നിന്നു.

മിന്നുമോളുമായി നടക്കാൻ ഇറങ്ങുന്ന വൈകുന്നേരങ്ങളിൽ മിക്കപ്പോഴും വളർത്ത് നായയുമായി മുന്നിൽ തെളിയുന്ന പെണ്ണായിരുന്നു ഭാരതി. മൈതാനത്തിന് അടുത്താണ് അവളുടെ വീട്. വീണ്ടും വീണ്ടും കാണുന്നവർ തമ്മിൽ കൈമാറുന്ന പുഞ്ചിരികൾക്കും അപ്പുറം ഞങ്ങൾ അടുത്തു. അതിനും മിന്നുമോൾ തന്നെയായിരുന്നു കാരണം.

‘ആഹാ… കേമമായിട്ടുണ്ട്…’

വിശ്രമിക്കാൻ എന്നോണം മൈതാനത്തെ പുല്ലിൽ ഇരിക്കുമ്പോൾ മിന്നുമോൾ ഇടയ്ക്കൊക്കെ നൃത്തം ചെയ്യാറുണ്ട്. ആ നേരങ്ങളിൽ ഭാര്യ പോയപ്പോൾ മറന്ന് തുടങ്ങിയ പഴയയൊരു പാട്ടുകാരൻ എന്നിൽ ഉണരും. മുന്നിലെ ചുവടുകൾക്ക് അനുസൃതമായി കൈകൾ തുടയിൽ താളം പിടിക്കുകയും, ചുണ്ടുകൾ ചില അക്ഷരങ്ങളെ തത്തിക്കളിക്കുകയും ചെയ്യും. അങ്ങനെയൊരു രംഗത്തിലേക്ക് കേമമായിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഭാരതി ഒരുനാൾ വന്നത്.

‘എത്രാം ക്ലാസ്സിലാ മോള് പഠിക്കുന്നേ…?’

മിന്നുമോളോട് ഭാരതി ചോദിച്ചു. ചുവടുകൾ നിർത്തിയ അവൾ അഞ്ചിലെന്നും മൊഴിഞ്ഞ് നാണിച്ച് കൊണ്ട് എന്റെ അടുത്തേക്ക് ഓടിവന്നു. ആ ഓട്ടം കണ്ടപ്പോൾ ഭാരതിയുടെ ഓമന നായ മിന്നുമോളെ തടയുകയും, അവളുടെ ദേഹത്തേക്ക് ചാടുകയും ചെയ്തു. ആ പോമറേനിയൻ നായയുടെ പേര് ചിക്കു എന്നായിരുന്നു. താടിക്കൊരു ഉമ്മ കൊടുത്തുവെന്നല്ലാതെ ചിക്കു അവളെ യാതൊന്നും ചെയ്തില്ല. ആദ്യം ഭയന്ന് പോയെങ്കിലും മിന്നുമോൾ ചിരിച്ചു. ഞങ്ങളും..

പിന്നീടുള്ള നാളുകളിൽ ആ ബന്ധം വളർന്നു. മകളുടെ വിവാഹ ശേഷം തനിയേ താമസിക്കുന്ന ഭാരതിയുടെ ഏകാന്തത കൂടുതലൊന്നും പറയാതെ തന്നെ എനിക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ, അടങ്ങാത്ത ആവേശം തളിർക്കുന്ന യൗവ്വനത്തിൽ നിന്നും തുണയാകേണ്ടവരെ നഷ്ടപ്പെട്ട ഞങ്ങൾക്ക് പരസ്പരം അടുക്കാൻ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല.

അന്ന്, ഞങ്ങൾക്ക് രണ്ടുപേർക്കും നര നിറഞ്ഞ തലയായിരുന്നു. സൗഹൃദത്തിനും അപ്പുറം ഭാരതിയെ ഞാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ എന്റെ തലയെ കറുപ്പിക്കാൻ എനിക്ക് തോന്നി. ചെറുപ്പം കാത്ത് സൂക്ഷിക്കാനുള്ള സകല സൂത്രപ്പണികളും പ്രണയം ചെയ്യുമെന്ന് പറയുന്നത് എത്ര ശരിയാണല്ലോ…

എല്ലാമറിയുന്ന മിന്നുമോളുമായി പിറ്റേന്ന് ഞാൻ നടക്കാൻ ഇറങ്ങിയപ്പോൾ വല്ലാത്തയൊരു ആവേശമുണ്ടായിരുന്നു. തല കറുത്ത എന്നെ കാണുമ്പോൾ ഭാരതി എന്ത് പറയുമെന്ന ആകാംക്ഷയും ഉണ്ടായിരുന്നു. പക്ഷേ, പരസ്പരം കണ്ടപ്പോൾ ഞങ്ങൾക്ക് യാതൊന്നും പറയാൻ പറ്റിയില്ല. വ്യത്യസ്തമായ ചിരികളെ വിരിയിപ്പിച്ച് വെറുതേ തമ്മിൽ തമ്മിൽ നോക്കി നിന്നു.

‘ആഹാ… രണ്ടാളും അസ്സലായിട്ടുണ്ട്…’

ഞങ്ങളുടെ തലകളിലേക്ക് മാറി മാറി നോക്കിയാണ് മിന്നുമോളത് പറഞ്ഞത്. ഭാരതിയും മുടി കറുപ്പിച്ചിരിക്കുന്നു. പരസ്പരം ആഗ്രഹിക്കുന്നുവെന്ന് അതിലും കൂടുതലായി ഞങ്ങൾക്ക് പ്രകടിപ്പിക്കേണ്ട ആവിശ്യമുണ്ടായിരുന്നില്ല.

ശേഷം, മിന്നുമോളുടെ ചുവടുകളും കണ്ട് മൈതാനത്തെ പുല്ലിൽ ഇരിക്കുമ്പോൾ ആദ്യമായി ഞങ്ങൾ തമ്മിൽ സ്പർശിച്ചു. അറിഞ്ഞോ, അറിയാതെയോ തൊട്ടുപോയ വിരലുകൾ തമ്മിൽ പടർന്ന് കൈകളെ കോർത്ത് പിടിപ്പിച്ചു. ആ അനുഭവം എപ്പോഴും വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചതിൽ എന്താണ് തെറ്റ്.

മറ്റുള്ളവർ എന്ത് പറഞ്ഞാലും അമ്മയുടെ ഇഷ്ടം പോലെ ജീവിച്ചാൽ മതിയെന്നാ യിരുന്നു ഭാരതിയുടെ മകളുടെ അഭിപ്രായം. തന്റെ അമ്മയെ നന്നായി നോക്കിക്കൊള്ളേണമെന്ന് എന്നോടും പറഞ്ഞു. ശരി അമ്മൂമ്മേയെന്ന് വിളിച്ച് അവളെ ഞാൻ കളിയാക്കി. ഭാരതി ചിരിച്ചു. പക്ഷെ, ഭാരതിയുടെ മകളുടെ ഹൃദയ വിശാലതയൊന്നും എന്റെ മോന് ഉണ്ടായിരുന്നില്ല. മരുമോൾക്ക് എന്റെ മുഖം കാണുന്നതേ ഇപ്പോൾ അലോസരമാണ്. മിന്നുമോൾക്ക് മാത്രം എന്നെ മനസ്സിലാകുന്നു.

‘അപ്പൂപ്പാ… പെട്ടെന്ന് റെഡിയാക്… കാറ് വന്നു.’

മിന്നുമോൾ ധൃതി വെക്കുകയാണ്. പറഞ്ഞതിലും നേരത്തേയാണല്ലോ കാറ് വന്നിരിക്കുന്നതെന്ന് ചിന്തിച്ച് ഞാൻ പുറത്തേക്കിറങ്ങി. മക്കളൊന്നും എന്റെ കൺവെട്ടത്തിൽ ഇല്ല. നോക്കുമ്പോൾ കല്ല്യാണ വണ്ടിയെന്ന് തോന്നുന്നതേയില്ല. ഒരു മാലയെങ്കിലും മുന്നിൽ തൂക്കിക്കൂടെ സതീശായെന്ന് പറയും മുമ്പേ അവൻ സംസാരിച്ച് തുടങ്ങിയിരുന്നു.

‘അത്, ഗംഗാദരേട്ടാ… നമുക്കൊരിടം വരെ പോണം.’

ആ ശബ്ദത്തിലെ ഗൗരവ്വം മറ്റൊന്നും ചിന്തിപ്പിക്കാതെ എന്നെ കാറിൽ കയറ്റിയിരുത്തി. എന്തുപറ്റിയെന്ന് ചോദിച്ചിട്ടും സതീശൻ യാതൊന്നും വിട്ട് പറയുന്നില്ല. ഭാരതിയേച്ചി എന്നൊക്കെ ഇടയ്ക്ക് മൊഴിയുന്നുണ്ട്. അവൾക്ക് എന്ത് സംഭവിച്ചുവെന്ന് അമർത്തി ചോദിക്കും മുമ്പേ, സ്ഥിരം നടക്കാൻ പോകാറുള്ള മൈതാനത്തിനരികിൽ കാറ് നിന്നു. ഇറങ്ങിയപ്പോഴാണ് ഭാരതിയുടെ വീട്ടിലൊരു ആൾക്കൂട്ടം കാണുന്നത്. മരണം സംഭവിച്ചതിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ആ അന്തരീക്ഷത്തിലേക്ക് ഞാൻ എങ്ങനെ കലർന്നുവെന്നത് ഇപ്പോഴും എനിക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല.

കാലത്തൊരു നെഞ്ച് വേദനയായിരുന്നു പോലും. ആശുപത്രിയിലേക്ക് എത്തും മുമ്പേ മരിച്ചു. തന്റെ അമ്മയെ നന്നായി നോക്കണമെന്ന് പറഞ്ഞ ഭാരതിയുടെ മകൾ എന്റെ മാറിലേക്ക് വീണ് മിന്നുമോളേ പോലെ കരയുകയാണ്. മരിച്ചവളുടെ കൂട്ടിക്കെട്ടിയ തള്ളവിരലുകളിൽ തൊട്ടപ്പോൾ, പണ്ടൊരു വൈകുന്നേരത്ത് കൈകോർത്ത ആ രംഗം ഞാൻ ഓർത്തുപോയി. പോളകളിൽ പിടിച്ച് വെച്ച കണ്ണീരെല്ലാം സതീശന്റെ കാറിലേക്ക് തിരിച്ച് കയറിയതിന് ശേഷമാണ് ഞാൻ ഒഴുക്കി വിട്ടത്.

പണ്ട്, ഭാര്യ മരിച്ചപ്പോൾ തോന്നിയ സമാന അനുഭവങ്ങളുമായാണ് പിന്നീടുള്ള നാളുകളെല്ലാം എന്നെ തൊട്ടത്. മോനും മരുമോൾക്കെല്ലാം സന്തോഷ മായിട്ടുണ്ടാകും. മിന്നുമോള് മാത്രം എന്താണ് എന്നോട് പറയേണ്ടതെന്ന് പോലും അറിയാത്ത വിഷമത്തിലാണ്. അത് അവളുടെ ഓരോ ഇടപെടലിലും എനിക്ക് വ്യക്തമാകുന്നുണ്ടായിരുന്നു.

‘അപ്പൂപ്പാ.. വാ അപ്പൂപ്പാ.. എത്ര നാളായി…’

വൈകുന്നേരങ്ങളിലെ നടത്തം തുടരാനുള്ള മിന്നുമോളുടെ നിർബന്ധമാണ്. ഞാൻ വഴങ്ങി. അതിനായി ഇതായെന്ന് പറഞ്ഞ് എനിക്കൊരു ഡൈയുടെ പാക്കറ്റും നീട്ടി. തലയിൽ വീണ്ടും നര കയറിയിരിക്കുന്നു. കറുപ്പിക്കാൻ എനിക്ക് തോന്നിയില്ല. അതൊന്നും സാരമില്ലെന്ന് പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.

ഭാരതി പോയിട്ട് നാല് മാസങ്ങൾ കഴിഞ്ഞതേയുള്ളൂ. എല്ലാമൊരു സായാഹ്ന സ്വപ്നം പോലെ തോന്നുകയാണ്. മൈതാനത്തിന്റെ പരിസരത്തേക്ക് എത്തിയപ്പോഴേക്കും യാഥാർഥ്യത്തിന്റെ വീർപ്പ് മുട്ടൽ അനുഭവപ്പെടുകയായിരുന്നു. മിന്നുമോൾ എന്തൊക്കെയോ തമാശയൊക്കെ പറയുന്നുണ്ട്. അതെല്ലാം കേൾക്കുന്നതായും, ചിരിക്കുന്നതായും ഞാൻ വെറുതേ ഭാവിച്ചു.

സ്ഥിരമായി ഇരിക്കാറുള്ള ഇടം വിട്ട് മറ്റൊരു പുൽ മേടിലാണ് ഞങ്ങളന്ന് ഇരുന്നത്. നോട്ടം കൊച്ചുമോളുടെ ചുവടുകളിലേക്ക് ആണെങ്കിലും, ആഗ്രഹം ഭാരതി കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്നായിരുന്നു. തന്റെ വളർത്ത് നായയുമായി ഭാരതിയെ കണ്ട നാൾ തൊട്ടുള്ള സകല ചിത്രങ്ങളും മനസ്സിൽ തെളിയുകയാണ്. കണ്ണുകൾ അടച്ചപ്പോഴാണ് അവ നിറഞ്ഞിരിക്കുന്നുവെന്നത് ഞാൻ മനസ്സിലാക്കുന്നത്. അപ്പോഴേക്കും, സ്വാന്തനമെന്നോണം കിതപ്പോടെ ഒരു നാക്ക് വന്ന് എന്റെ കവിളിൽ ഉരസിയിരുന്നു. കൂടെ, മിന്നുമോളുടെ ആഹ്ലാദത്തിന്റെ ശബ്ദവും…

‘അപ്പൂപ്പാ… ഭാരതിയാമ്മയുടെ ചിക്കൂ…!!!

Leave a Reply

Your email address will not be published. Required fields are marked *