എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഭാര്യവീട്ടിലേക്ക് പോകുകയാണ്. തെറ്റ് എന്റെ ഭാഗത്താണെന്ന് പരിപൂർണ്ണമായി മനസ്സിലാക്കിയിരിക്കുന്നു. മോനെയും കൂട്ടി പിണങ്ങിപ്പോയവളെ എങ്ങനേയും തിരികെ കൊണ്ട് വന്നേ പറ്റൂ. അതിനായി ഒരു നിമിഷം പോലും ഇനി വൈകാൻ പാടില്ല. പാതി പ്രാണനെ വീണ്ടും ചേർക്കാനുള്ള ധൃതിയിൽ ഇരിക്കുന്ന ഞാനുമായി ബസ്സ് പതിയേ ചലിച്ചു.
താൻ നിങ്ങളുടെ അടിമയൊന്നും അല്ലായെന്ന് പറഞ്ഞായിരുന്നു മൂന്ന് മാസങ്ങൾക്ക് മുമ്പ് അവൾ ഇറങ്ങിപ്പോയത്. തിരിച്ച് വിളിക്കാനൊന്നും ഞാൻ പോയില്ല. വാശിയെങ്കിൽ വാശിയെന്ന തലയുമായി നടന്നു. ആ നടത്തതിലെല്ലാം എവിടെയൊക്കെയോ തട്ടി വീഴുന്നത് പോലെ…
ഭാര്യയും, മോനും ഇല്ലാത്ത വീട്ടിലേക്ക് കയറുമ്പോഴേ തല പെരുകുകയാണ്. എന്നിരുന്നാലും, ആരോടുമത് പ്രകടിപ്പിച്ചില്ല. വിഷയത്തെപ്പറ്റി ചോദിക്കുന്ന വീട്ടുകാരോടും ബന്ധുക്കളോടും ഒരേ സ്വരത്തിൽ ഞാനത് പറയും.
‘അവളില്ലെങ്കിൽ എനിക്കെന്താ… ഇപ്പോഴാണ് ജീവിതത്തിന്റെ സുഖം അറിയുന്നത്…’
പറയുമ്പോൾ മാത്രം രസം തോന്നുന്ന ആ വാചകവും കെട്ടിപ്പിടിച്ച് ജീവിക്കുമ്പോഴും തലയിൽ നിന്ന് വാശിയുടെ പിടുത്തത്തെ ഞാൻ വിട്ടില്ല. അല്ലെങ്കിലും, അവളന്ന് കാട്ടിയത് അഹങ്കാരം തന്നെയായിരുന്നു. ഹോട്ടലും പൂട്ടി ഞാൻ വരുമ്പോൾ പള പളാന്ന് തിളങ്ങുന്ന ചുരിദാറുമിട്ട് മുറിയിൽ നിന്ന് അവൾ ചന്തം നോക്കുകയായിരുന്നു.
‘എങ്ങനെയുണ്ട് സുധാരേട്ടാ…?’
കണ്ടപാടേ അവൾ ചോദിച്ചു. ഇതെപ്പോൾ വാങ്ങിയെന്ന് ആരാഞ്ഞ് ഞാൻ വേഷം മാറ്റി. സുലോചനയുടെ കൂടെ ഷോപ്പിംഗിന് പോയത്രെ. എനിക്കും വാങ്ങിയിട്ടുണ്ട് പോലും. അത് എന്താണെന്നൊന്നും അറിയാൻ ഞാൻ ശ്രമിച്ചില്ല. പകരം കണ്ണുകൾ ഉരുട്ടുകയും, ആരോട് ചോദിച്ചിട്ടാണ് കറങ്ങാൻ പോയതെന്നും ശബ്ദിച്ചു. തോന്നിയത് പോലെ ജീവിക്കാനാണെങ്കിൽ ഇവിടെ നിന്ന് പൊക്കോളണമെന്നും പറഞ്ഞു. അപ്പോഴാണ് അതുവരെ കുഴഞ്ഞ് നിന്ന ഭാര്യ തന്റെ മാക്സി പൊക്കിക്കുiത്തി മുടി ഒന്നുകൂടി അഴിച്ച് കെട്ടിയത്. ശേഷം എന്നെയൊരു നോട്ടമായിരുന്നു.
‘എന്നോട് പറഞ്ഞിട്ടാണോ നിങ്ങളെല്ലാം ചെയ്യുന്നത്? ഇന്നലെ എന്താ വൈകിയതെന്ന് ചോദിച്ചിട്ട് എനിക്ക് മറുപടി തന്നോ…? എന്നിട്ടിപ്പോൾ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയൊന്നുമല്ല…’
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഒന്നും ചോദിക്കേണ്ടായിരുന്നുവെന്ന് ചിന്തിച്ചപ്പോൾ കുളിക്കാനുള്ള ആ തോന്നലും പോയി. അതുകൊണ്ട്, ഭക്ഷണം പോലും കഴിക്കാതെ ഞാൻ കയറി കിടന്നു. ഭാര്യയൊട്ട് വിളിച്ചതുമില്ല. പിറ്റേന്ന് നേരം പുലർന്നപ്പോൾ മോനുമായി അവൾ പോയിരുന്നു. ഇനി ഇങ്ങോട്ട് വരുന്നേയില്ലായെന്ന് പറഞ്ഞിട്ടാണ് പോലും അവൾ പോയത്. ഒരു കുടുംബം കൊണ്ടുപോകാൻ അറിയാത്ത പോങ്ങനാണ് ഞാനെന്നും അമ്മ പറഞ്ഞിരുന്നു…
‘അവളില്ലെങ്കിൽ എനിക്കെന്താ… ഒറ്റക്ക് ജീവിക്കാൻ എനിക്കറിയാം…’
ആ വാശിയിലായിരുന്നു പിന്നീട് ജീവിതം സഞ്ചരിച്ചത്. കൂടെ വേണമെന്ന് ഏറെ ആഗ്രഹിക്കുന്ന മനുഷ്യർ വിട്ട് പോകുമ്പോൾ മനസ്സിൽ നിരന്തരം കൊട്ട് കിട്ടുന്നത് പോലെയാണ്. ആരൊക്കെ പോയാലും തനിക്കൊരു കുഴപ്പവുമില്ലെന്ന് പറയുന്ന അത്തരം മനസ്സുകളോളം ലോലരായി ഈ ലോകത്ത് ആരുമില്ല. കൂട്ടുകൂടിയ പെണ്ണൊരുത്തി പിരിഞ്ഞ് പോകുമ്പോൾ താളം തെറ്റുന്ന വരികളേ എന്നെപ്പോലെയുള്ള പുരുഷൻമ്മാരുടെ പുസ്തകത്തിലുള്ളൂ… അത് തന്റെ പിള്ളേരുടെ അമ്മയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട… കായമില്ലാത്ത രസം എന്തിന് കൊള്ളാമല്ലേ…
‘സുധാരേട്ടാ, നാളെ ലീവ് വേണം…’
തിരക്കില്ലാത്ത നേരം നോക്കി കൗണ്ടറിൽ ഇരിക്കുന്ന എന്റെ അടുത്തേക്ക് വന്ന് പതിയേയാണ് പ്രകാശനത് ചോദിച്ചത്. ഹോട്ടലിലെ പ്രധാന പണിക്കാരനായ അവൻ കാട്ടിയ സൗമ്യതയൊന്നും ഞാൻ പ്രകടിപ്പിച്ചില്ല. നിനക്ക് ലീവുമില്ല, കോiപ്പുമില്ലെന്ന് പറഞ്ഞ് ഞാൻ ഒച്ചവെച്ചു. പഴം പൊരിയും കടിച്ച് ഇരിക്കുന്നുണ്ടായ ഒരാൾ ഞെട്ടി എഴുന്നേൽക്കുകയും, വീണ്ടും ഇരിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടാകുന്നത്.
‘അതല്ല സുധാകരേട്ടാ… വീട്ടില് ചെറിയ…’
പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ലെന്ന് തന്നെയെന്ന് മൊഴിഞ്ഞ് ഞാൻ കൈ കെട്ടിയിരുന്നു. കൂടെ മുഖവും തിരിച്ചു. പ്രകാശൻ കൂടുതലൊന്നും പറയാതെ അകത്തേക്കും പോയി. മനുഷ്യൻ ഇവിടെയൊരു സമാധാനവുമില്ലാതെ കറങ്ങുമ്പോഴാണ് അവന്റെയൊരു ലീവെന്നും പിറുപിറുത്ത് ഞാനെന്റെ ഇരുത്തവും തുടർന്നു.
അൽപ്പ നേരത്തിനുള്ളിൽ പ്രകാശൻ വീണ്ടും വരുകയായിരുന്നു. പണിവേഷമൊക്കെ മാറ്റിയ കവർ കക്ഷത്തുണ്ട്. നീയിത് എന്ത് ഭാവിച്ചാണ് പ്രകാശായെന്ന് ചോദിക്കും മുമ്പേ അവൻ സംസാരിച്ച് തുടങ്ങിയിരുന്നു.
‘താൻ ആരാണെന്നാടോ വിചാരിക്കുന്നേ…? ഇവിടുത്തെ പണി എനിക്ക് വേണ്ടടോ… ഞാൻ നിന്റെ അടിമയൊന്നുമല്ല…’
എന്നും പറഞ്ഞ് പ്രകാശൻ പോകുന്നത് നോക്കി ഇരിക്കാനേ എനിക്ക് സാധിച്ചുള്ളൂ… തലയിൽ ആകെയൊരു മൂളക്കം പോലെ. അവൻ പറഞ്ഞത് വീണ്ടും വീണ്ടും ഞാൻ കേട്ടു. അതേ ശബ്ദം..! ഭാര്യയുടെ അതേ സ്വരം…!
മുമ്പിലൊരു കണ്ണാടി ഇല്ലാതിരുന്നിട്ടും എല്ലായിടത്തും ഉടമയാകാൻ ശ്രമിക്കുന്ന എന്നെയന്ന് ഞാൻ വ്യക്തമായി കണ്ടു. എന്നേയും മോനേയും കരുതലോടെ നോക്കിയ ഭാര്യയുടെ പ്രാധാന്യമൊരു ശമ്പളക്കാരൻ പറയാതെ പറഞ്ഞ് പോയത് പോലെ… പ്രകാശനോട് കാട്ടിയതിലും ക്രൂരമായിട്ടല്ലേ, എന്റെ സ്നേഹവും പരിഗണനയും മാത്രം ആഗ്രഹിക്കുന്ന അവളോട് ഞാൻ പെരുമാറിയതെന്ന് ആരോ പറയുന്നത് പോലെ…
മനുഷ്യരാണ്. സ്നേഹം തോന്നുന്നവരെയെല്ലാം തന്നിൽ പിടിച്ച് കെട്ടാനുള്ള പ്രവണത മിക്കവരും കാട്ടും. ബന്ധങ്ങളെല്ലാം തനിക്ക് നിയന്ത്രിക്കാനുള്ള ജീവിതങ്ങളാണെന്നാണ് ഇത്തരക്കാർ കരുതിയിരിക്കുന്നത്. തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനിയാ ഭാവം എന്നിൽ വേണ്ട. ഭാര്യയെ തിരിച്ച് കൊണ്ട് വാടാ മരമണ്ടായെന്നും പറഞ്ഞ് ആ നേരമാണ് തലയ്ക്ക് പിടിച്ചിരുന്ന വാശി ഒഴിഞ്ഞ് പോകുന്നത്…
ബസ്സ് നിന്നു. ഓട്ടോ പിടിച്ച് ഭാര്യയുടെ വീട്ടിലേക്ക് യാത്രയുമായി. വീടിന് മുന്നിലുള്ള നിരത്തിൽ തൊഴിലുറപ്പ് പെണ്ണുങ്ങൾ കാട് തെളിക്കുന്നു ണ്ടായിരുന്നു. ഓട്ടോക്കാശും കൊടുത്ത് ഞാൻ മുറ്റത്തേക്ക് നടന്നു.
‘സുധാകരാ.. പ്രശ്നമുണ്ടാക്കരുത്. ഓളെയും പിള്ളേരെയും ഇനി നിന്റെയൊപ്പം അയക്കുന്നില്ല…’
അങ്ങനെ പറയാൻ വേണ്ടി കുപ്പായമൊന്നും ഇടാതെ വയറും ചൊറിഞ്ഞ് കൊണ്ട് അമ്മായിയപ്പൻ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. എനിക്ക് അങ്ങേരുടെ മുഖത്ത് നോക്കി തമാശ പറയല്ലേ അച്ഛയെന്നാണ് പറയാനാണ് തോന്നിയത്. ഞാനത് മൊഴിയുകയും ചെയ്തു. കൂടെ, കുപ്പായമിടാത്തത് കൊണ്ട് അങ്ങേരുടെ പൊക്കിളിൽ വിരല് തൊട്ട് ഇക്കിളിയാക്കുകയും ചെയ്തു. ഗൗരവ്വം കടിച്ച് നിന്ന അമ്മായിയപ്പൻ ആ സൂത്രത്തിൽ വീണെന്ന് പറഞ്ഞാൽ മതിയല്ലോ. ആള് ചിരിക്കുകയും, തന്റെ വയറും വലിച്ച് മാറി നിൽക്കുകയും ചെയ്തു. ആ തക്കത്തിന് ഞാൻ അകത്തേക്ക് കയറി.
‘മോനെ പ്രശ്നമുണ്ടാക്കരുത്. ഓൾക്ക് നിന്റെയൊപ്പം വരാൻ ഇഷ്ടല്ല.’
എന്നും പറഞ്ഞ് അടുക്കളയിൽ നിന്നാണെന്ന് തോന്നുന്നു അമ്മായിയമ്മ വന്നത്. ഞാൻ അവരെ അടിമുടി നോക്കി. ശേഷം, നിങ്ങള് ആകെ കോലം കെട്ട് പോയല്ലോയെന്ന അർത്ഥത്തിൽ താടിക്ക് കൈവെച്ചു. അമ്മായിയമ്മയ്ക്ക് എന്റെ ഭാവം പിടുത്തം കിട്ടിയില്ല. ഞാൻ വ്യക്തമാക്കി.
‘ഇതെന്ത് കോലമാണ് അമ്മേ… സഹായത്തിന് പിണങ്ങി വന്നവളേം വിളിച്ചൂടെ… അമ്മയുടെ കാര്യത്തിൽ ആർക്കുമൊരു ചിന്തയുമില്ല…’
ആകെ ക്ഷീണിച്ചല്ലേയെന്ന നെടുവീർപ്പോടെ അമ്മയങ്ങനെ നിന്നു. ഒപ്പം, കുപ്പായവും ഇടാതെ റോഡില് പണിയെടുക്കുന്ന തൊഴിലുറപ്പുകാർക്ക് ശരീരവും കാണിച്ച് പുറത്ത് നിൽക്കുന്ന അച്ഛന്റെ കാര്യം കൂടി ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ, നിങ്ങൾക്കിത് എന്തിന്റെ സൂക്കേടാ മനുഷ്യായെന്നും പറഞ്ഞ് അമ്മായിയമ്മ പുറത്തേക്കും പോയി. ആ നേരത്ത് ഞാൻ എന്റെ ഭാര്യയുടെ മുറിയിലേക്ക് നടന്നു.
‘മോനൻ സ്കൂളിൽ നിന്ന് വന്നില്ലേ…? ഓൻ വരുമ്പോഴേക്കും പെട്ടെന്ന് റെഡിയാക്….’
കൊളുത്തിട്ടാത്ത കതക് തുറന്നപ്പോൾ തന്നെ ഞാൻ അങ്ങനെ പറഞ്ഞു. താനൊന്നും വരുന്നില്ലെന്ന് മൊഴിഞ്ഞ് അവൾ ചിണുങ്ങി. കട്ടിലിൽ അവളോടൊപ്പം ഇരുന്ന് ക്ഷമിക്കെടീയെന്ന് പതിയേ ഞാൻ കേണു. കൂടെ കൂടിയ പത്ത് വർഷങ്ങൾക്കുള്ളിൽ ആദ്യമായിട്ടായിരിക്കും എന്നിൽ നിന്നും ആ വാക്ക് ഭാര്യ കേൾക്കുന്നത്. ആ സ്വരവും അവൾക്ക് പുതുതായിരിക്കും. അല്ലെങ്കിൽ പിന്നെ, ഇങ്ങനെ തോന്നാൻ എന്താണ് കാരണമെന്ന് അവൾ ചോദിക്കില്ലായിരുന്നുവല്ലോ…
‘നീയും മോനുമില്ലാതെ ആകുന്നില്ലെടി…എന്റെ കൂടെ വരണം…’
കണ്ണുകൾ നിറയുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഭാര്യയുടെ മുഖത്തേക്ക് നോക്കാതെയാണ് ഞാനത് പറഞ്ഞത്. എന്റെ കണ്ണുകളെക്കാളും ഒഴുകുന്ന നോട്ടവുമായി അവൾ എന്റെ താടിയെ തൊട്ടുയർത്തി. ശേഷം കഴുത്തോട് കഴുത്ത് ചേർന്ന് ഏറെ നേരം അങ്ങനെ ഇരുന്നു. രണ്ടുപേരുടേയും തോളിൽ കണ്ണീരിന്റെ ചൂട് തട്ടിയിരുന്നു. അപ്പോഴേക്കും മനസ്സിലൊരു കുന്ന് കുളിര് കോരിയിടുന്ന അനുഭവം തരാൻ പാകം മോന്റെ ശബ്ദം ഞങ്ങളുടെ കാതുകളിൽ വീണിരുന്നു. അടരാൻ അവൾ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല. മോന്റെ ശബ്ദം നീളത്തിൽ തലയിൽ മുഴങ്ങുകയാണ്…
‘അമ്മൂമ്മേ… അച്ഛനും അമ്മയും കെട്ടിപ്പിടിക്കുന്നേ….!!!