അച്ഛന്റെപാത്തു
എഴുത്ത്:-നവാസ് ആമണ്ടൂർ
ഗിരിയെ പാത്തു അച്ഛൻ എന്ന് വിളിക്കുന്നതല്ല പ്രശ്നം. പാത്തു ഗിരിയുടെ മോളായി ആ വീട്ടിൽ ഇനിയുള്ള കാലം ജീവിക്കുന്നതാണ് പ്രശ്നം.
“പാത്തു എന്റെ മോളാണ്..അവൾക്ക് ഞാൻ അച്ഛനാണ്. മതത്തിന്റെ പേരും പറഞ്ഞ് ഒറ്റ ഒരുത്തൻ ഇങ്ങോട്ട് കയറിയാൽ അമ്മയാണെ ഞാൻ കiത്തിക്കും.”
ഗിരി ഗ്യാസ് കുറ്റി പൊക്കി മുൻപിലേക്ക് വെച്ചു. വീടിന്റെ പുറത്ത് കൂടി നിൽക്കുന്നവർ എന്തൊക്കെ പറഞ്ഞിട്ടും തിരിച്ചു പോകാതെ നിന്നു.. അനാഥാലയത്തിൽ അവൾ വളർന്നാലും ആരോരും ഇല്ലാതെ തനിച്ചായാലും കുഴപ്പമില്ല. പക്ഷെ വേറെയൊരു മതത്തിൽ പെട്ട ആളുടെ വീട്ടിൽ അയാളുടെ മകളായി പാത്തുവിനെ വളരാൻ സമ്മതിക്കില്ലെന്നുള്ള വാശിയിലാണ് അവർ.
മൂന്ന് കൊല്ലം മുൻപാണ് യു. പി സ്കൂളിൽ അറബി ടീച്ചറായി ജോലി കിട്ടിയിട്ട് വടക്ക് നിന്ന് ഫാത്തിമയും ഉമ്മ റസിയയും ഈ നാട്ടിൽ ഗിരിയുടെ വീടിന്റെ തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസം തുടങ്ങിയത്.
“വടക്ക് എവിടെയോ വീട്… കെട്ടിയോൻ ഗൾഫിൽ ആണെന്ന്… പക്ഷെ കുറേ കാലമായിട്ട് ഇവരെ തിരിഞ്ഞു നോക്കുന്നില്ല… പാവം ആ പെണ്ണ്.”
“എന്തെങ്കിലും ആവട്ടെ… അധികം അടുപ്പം വേണ്ടാ…”
“എന്താ ഗിരിയേട്ടാ ഇങ്ങനെ നമ്മുടെ ശ്രീകുട്ടൻ എന്നെ അമ്മേന്ന് വിളിക്കുമ്പോൾ ആ കുട്ടിയും അങ്ങനെന്നെ വിളിക്കുന്നത്.”
“എനിക്ക് അതൊന്നും ഇഷ്ടല്ല…”
അവർ വന്നു താമസിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഗിരിക്ക് മാത്രം അവരോട് എന്തോ വെറുപ്പ് ആയിരുന്നു. പാത്തു ഇടക്ക് അച്ഛായെന്ന് വിളിക്കുമ്പോൾ പോലും മുഖം കൊടുക്കാതെ അവഗണിച്ചു പോകും ഗിരി.
പക്ഷെ ഗിരിയുടെ ഭാര്യ മിനിയും റസിയയും കുറച്ചു നാൾ കൊണ്ട് നല്ല അടുപ്പത്തിലായി. ശ്രീകുട്ടന് പാത്തു ചേച്ചിയാണ്. ഏത് സമയവും പാത്തുവിന്റെ വാലായി അവൻ ഉണ്ടാകും. അതുകൊണ്ട് തന്നെ ഒഴിവ് ദിവസങ്ങൾ എവിടെയെങ്കിലുമൊക്കെ പോകുമ്പോൾ അവരുടെ കൂടെ പാത്തുവും ഉണ്ടാകും.
“ഞാൻ പറഞ്ഞതാണ് അധികം അടുപ്പം വേണ്ടെന്ന്.. എന്നിട്ട് ഇപ്പൊ… നിങ്ങൾ എല്ലാരും കൂടി ഇവിടെ താമസിച്ചോളൂ… ഞാൻ വേറെ എവിടെയെങ്കിലും പോകും.”
“ഏട്ടാ ജന്മം നൽകിയ വാപ്പ തിരിഞ്ഞു നോക്കാത്ത കുട്ടിയാ… നിങ്ങളെ അച്ഛാന്ന് വിളിക്കുന്നത് ആ സ്‌നേഹത്തിന് വേണ്ടിയാണ്… കുഞ്ഞിമക്കളല്ലേ..?”
‘എനിക്ക് ആ വിളി ഒട്ടും താല്പര്യം ഇല്ല. ന്റെ മോൻ മാത്രം എന്നെ അച്ഛാ ന്ന് വിളിച്ചാൽ മതി. “
ഇടക്കിടെ മിനിയും ഗിരിയും പാത്തുവിനെ ചൊല്ലി വഴക്കിട്ടു. മിക്കപ്പോഴും ഗിരി ദേഷ്യത്തോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. മാറാൻ പറ്റാത്ത മനസ്സുമായി അയാൾ നടന്നു.
ഒരു ദിവസം രാവിലെ മിനിയുടെ കരച്ചിൽ കേട്ടാണ് റസിയ അവരുടെ വീട്ടിലേക്ക് ചെന്നത്.
“എന്താ മിനി…..?”
ഒരു കസേരയിൽ തല താഴ്ത്തി വിഷമിച്ചു ഗിരിയും ഇരിക്കുന്നുണ്ട്. അവരുടെ സങ്കടം കണ്ട് കരഞ്ഞുകൊണ്ട് നിന്ന ശ്രീകുട്ടൻ പാത്തുവിനെ കണ്ടപ്പോൾ അവളുടെ അടുത്തേക്ക് ചെന്നു.
‘എന്ത് പറയാനാണ് തലവിധി. പതിനഞ്ച് ലക്ഷം ബാങ്കിൽ ഈ ആഴ്ച അടച്ചില്ലെങ്കിൽ ഈ വീട് പോകും…. ഏട്ടൻ ഒരു വർക്ക് ഷോപ്പ് തുടങ്ങാൻ ആധാരം വെച്ച് ലോൺ എടുത്തത് ആണ്. “
മിനി പറയുന്നത് പാത്തുവും കേൾക്കുന്നുണ്ട്. പന്ത്രണ്ട് വയസ്സുണ്ട് അവൾക്ക്. സാഹചര്യങ്ങളിൽ നിന്നും കരുത്ത് നേടിയവളാണ് അവൾ.
പാത്തു ഗിരിയുടെ അരികിൽ ചെന്ന് നിന്നു.
“അച്ഛൻ വിഷമിക്കണ്ട… ആ പണം ഉമ്മ തരും…”
റസിയ പാത്തുവിനെ നോക്കി പുഞ്ചിരിച്ചു.
“എന്റെ മോൾ ഇടക്ക് ഇങ്ങനെയാ എന്നെക്കാളും വലുതാവും… ഇവളെ വാപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയതല്ല… ദുബായിൽ വെച്ച് മരിച്ചതാണ്.. മരിച്ചു ന്ന് പറയാൻ എനിക്ക് പറ്റാറില്ല… അന്ന് കിട്ടിയ പണം ബാങ്കിൽ ഉണ്ട്… അത് എടുത്തോളൂ.. മോളെ ആവശ്യങ്ങൾക്ക് മാറ്റി വെച്ചതാ… ഇതും അവളെ ആവശ്യമാണ്.”
ആ സമയം അടുത്ത് നിൽക്കുന്ന പാത്തുവിന്റെ കൈകളിൽ ഗിരി പിടിച്ചു. സ്‌നേഹത്തോടെ അച്ഛാന്ന് വിളിക്കുന്ന പാത്തുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞു. പലവട്ടം അവളിൽ നിന്നും മുഖം തിരിച്ചു പിടിച്ചിട്ടും ആ സ്‌നേഹം കുറഞ്ഞില്ലല്ലോ എന്നോർത്തു അയാൾക്ക് കരച്ചിലടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ആ കൈയിൽ മുഖം അമർത്തി അയാൾ പൊട്ടിക്കരഞ്ഞു.
“നീയും എന്റെ മോളാണ്… എന്റെ മോളാ.”
മിനി ഓടി വെന്ന് പാത്തുവിനെ കെട്ടിപ്പിടിച്ചു ചുംiബിച്ചു. എല്ലാ കണ്ണുകളും നിറഞ്ഞിട്ടുണ്ട്.
“എന്റെ മോള്… അവളെ വാപ്പയെ കണ്ടിട്ടില്ല. ഇവിടെ വന്നപ്പോൾ ആ സ്‌നേഹം അവൾ അറിയുന്നത് ഗിരിയേട്ടനെ അച്ഛാന്ന് വിളിക്കുമ്പോഴാണ്.”
പാത്തുവിന്റെ പേരിൽ ബാങ്കിലിട്ട പണം റസിയ എടുത്തു ഗിരിക്ക് കൊടുത്തു. രiക്തബന്ധം ഉള്ളവർ പോലും ചെയ്യാത്ത നന്മയെന്ന് കേട്ടവരും അറിഞ്ഞവരും പറഞ്ഞു. അതിന് ശേഷം ഗിരി സ്വന്തം മോനെ സ്നേഹിക്കുന്ന പോലെ പാത്തുവിനെയും സ്‌നേഹിച്ചു. വർക്ക് ഷോപ്പിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും അവളുടെ അക്കൗണ്ടിലേക്ക് തിരിച്ചു പണം ഇടാനും തുടങ്ങി.
അന്നൊക്കെ നന്മയാണെന്ന് പറഞ്ഞവരാണ് ഇന്ന് പാത്തുവിന്റെ ഉമ്മ മരിച്ചപ്പോൾ പാത്തുവിന് ആരോരുമില്ലാതെ ആയപ്പോൾ ഗിരിയുടെ വീട്ടിൽ നിൽക്കുന്നത് എതിർക്കുന്നത്.
പെട്ടെന്ന് ഒരു ദിവസം റസിയ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. പാത്തുവിനെ അവളെ സ്കൂളിൽ നിന്ന് കൂട്ടി കൊണ്ട് വന്നതും കുടുംബത്തിൽ ഒരാളെ പോലെ അവളെ ചേർത്ത് പിടിച്ചതും മിനിയും ഗിരിയുമാണ്.
“പാത്തു എന്നെ അച്ഛാന്നാണ് വിളിക്കുന്നത്… എനിക്ക് അവൾ മകൾ തന്നെയാണ്. എന്റെ മോളെ എനിക്ക് ജീവൻ ഉള്ള കാലം വരെ ഞാൻ നോക്കും.”
“ഏട്ടാ ഇങ്ങനെ കരയല്ലേ… അവൾ നമ്മുടെ മോൾ തന്നെയാ. അല്ലെന്ന് ആരെങ്കിലും പറഞ്ഞോ.?”
“പറയുന്നുണ്ട് പലരും.. മതം പറഞ്ഞു കുഴപ്പം ഉണ്ടാക്കാൻ നടക്കുന്നുണ്ട് ചിലർ… അവർ എന്താ മനുഷ്യന്മാരുടെ സ്‌നേഹം കാണാത്തത്..?”
ഗിരി പറഞ്ഞത് പോലെ പിറ്റേന്ന് നേരം വെളുത്തപ്പോൾ മുറ്റത്ത് വന്നു നിൽക്കുന്നുണ്ട് ചിലർ.. അവരുടെ മുൻപിലാണ് ഗിരി നിൽക്കുന്നത്. യാചനയോടെയും രോഷത്തോടെയും അവൾക്ക് വേണ്ടി പറഞ്ഞു നോക്കി. അവസാനമാണ് ഗ്യാസ് കുറ്റി കൊണ്ട് വെച്ചത്.
“ഉറപ്പായിട്ടും ഞാൻ കiത്തിക്കും…”
ആ സമയം പാത്തുവിനെ മുറുക്കെ പിടിച്ച മിനിയുടെ കൈ വിടുവിച്ച് പാത്തു ഗിരിയുടെ അരികിൽ നിന്നു. വീടിന്റെ മുൻപിൽ കൂടിയവരോട് പറഞ്ഞു.
“നിങ്ങൾക്ക് ഇതൊന്നും മനസ്സിലാവില്ല. പക്ഷേ നിയമത്തിനു മനസ്സിലാകും. ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്.. എനിക്ക് എന്റെ വിശ്വാസം അനുസരിച്ചു എന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ ജീവിക്കണം.”
അവൾ അച്ഛന്റെ കൈ പിടിച്ചു വീടിന്റ അകത്തേക്ക് കയറിപ്പോയി.
ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും ബന്ധങ്ങൾ ജനിക്കും. പാത്തു ഗിരിയുടെ മോളായി ജീവിക്കട്ടെ. ഇതൊക്കെ കാലം കാത്തു വെച്ച നിയോഗമാണ്. തടയാൻ മനുഷ്യന് കഴിയില്ല.

