അടുത്ത ദിവസം സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോൾ കണ്ടിരുന്നു പാലമരച്ചോട്ടിൽ നിന്നെന്നെ നോക്കുന്നവനെ. അടുത്തേക്ക് വരരുതേ എന്ന് ആഗ്രഹിച്ചു കൊണ്ടാണ് മുൻപോട്ട് നടന്നത്…

_upscale

എഴുത്ത്:- ആതിര ശിവദാസ്

“ഏതോ മറുദിക്കിലെ മാന്ത്രികനല്ലേ

ഇരു കൈകളിൽ ചെപ്പുകളില്ലേ

ഇതല്ലേ മഹാജാലം…

തേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാം

കളിവാക്കതിൽ മായുകയല്ലേ

തെളിഞ്ഞു നിലാ കാലം…

എരിയുന്ന വേനലിൽ

ചൊരിയുന്ന മാരി നീ…

ഇടറുന്ന ജീവനിൽ

തഴുകുന്ന കാറ്റ് നീ…

ഒരു പൊയ്ക്കിനാവു പോലെ മെല്ലെ  മാഞ്ഞിടല്ലേ നീ… മാഞ്ഞിടല്ലേ നീ…”

അധികം തിരക്കില്ലാത്ത ബസ് യാത്രയാണ് എന്നും കോളേജിലേക്ക്. ഒന്നരമണിക്കൂർ നീണ്ട ബസ് യാത്രയിൽ ആദ്യമൊക്കെ കയ്യിലൊരു ബ്ലൂ ടൂത് ഹെഡ്സെറ്റ് കൂടെ കരുതിയിരുന്നതാണ്. ഒരു ദിവസം മറന്നു, അന്നാണ് ബസിലെ പാട്ടുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. എൺപത്കളിൽ തുടങ്ങി രണ്ടായിരങ്ങളിലെത്തി  നിൽക്കുന്ന പാട്ടുകൾ വരെയുണ്ട്. ആദ്യമൊന്നും വലിയ ഇഷ്ടം തോന്നിയിരുന്നി ല്ലെങ്കിലും ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ആ വരികളുടെയൊക്കെ മാന്ദ്രികതയറിഞ്ഞു.

ബസ് യാത്രയിൽ ഭംഗി പഴയ മെലഡികൾക്ക് ആണെന്ന് എനിക്ക് മനസ്സിലായത് അങ്ങനെ ആയിരുന്നു. അങ്ങനെ ബസിൽ കയറിയാലുടൻ ഹെഡ്സെറ്റ് വച്ച് പാട്ട് കേൾക്കുന്ന പരിപാടി ഞാനങ്ങു നിർത്തി.

ആദ്യസ്റ്റോപ്പിൽ നിന്ന് കയറുന്നത് കൊണ്ട് തന്നെ സൈഡ് സീറ്റ്‌ കിട്ടും. അല്ലെങ്കിലും നമുക്ക് സൈഡ് സീറ്റ്‌ നിർബന്ധാ… അങ്ങനെ തൊണ്ണൂറുകളിലെ പാട്ടും കേട്ട് വൈബ് പിടിച്ചു സൈഡ് സീറ്റിൽ ഇരിക്കുന്ന യാത്ര എനിക്കങ്ങു ബോധിച്ചു.

ആദ്യത്തെ രണ്ട് ദിവസം ട്രെയിനിൽ ആയിരുന്നു പോയത്. അത്‌ മറ്റൊരു ഭ്രാന്ത്‌. വേറൊന്നൂല്ല… ട്രെയിൻ യാത്ര. അത്‌ നമുക്ക് വല്ലാത്തൊരിഷ്ടാണ്. ബസിൽ ഇരിക്കുന്നത്ര സമയം എടുക്കില്ലെന്ന് പറഞ്ഞാണ് ആദ്യം ട്രെയിനിൽ പോയി തുടങ്ങിയത്. പിന്നെ ഇപ്പോ ഇതായി ശീലം. ഇതിപ്പോ ഇഷ്ടപ്പെടുകയും ചെയ്തു.

മൂന്ന് മാസങ്ങൾ ആയിട്ടേ ഉള്ളു കോളേജിൽ പോകാൻ തുടങ്ങിയിട്ട്. അഡ്മിഷന് വേണ്ടി അപ്ലൈ ചെയ്‌യുമ്പോഴേ ദൂരെയുള്ള കോളേജ് നോക്കിയാണ് തിരഞ്ഞെടുത്തത്. കാരണം വേറൊന്നൂല്ല ഒന്ന് മുതൽ പ്ലസ് ടു വരെ ഞാൻ പഠിച്ചത് വീടിന് തൊട്ടടുത്തുള്ള സ്കൂളിലാണ്.  പത്താം ക്ലാസ്സ്‌ വരെ സൈക്കിളിന് പോയി. പ്ലസ് വൺ പ്ലസ് ടു ബസിനും. എന്റെ വീട്ടിൽ നിന്ന് സ്കൂൾ വരെ ആകെ നാല് സ്റ്റോപ്പ്‌ ആണുള്ളത്.

ബസിന് പോകേണ്ട കാര്യമുണ്ടോന്ന് ചോദിച്ചാൽ ഇല്ല, എന്നാൽ നടക്കാനുള്ള ദൂരമേ ഉള്ളൂന്ന് ചോദിച്ചാൽ അതും അല്ല.

ശെരിക്കും പറഞ്ഞാൽ ഇതുവരെ ആ യാത്ര സുഖം ഒന്ന് അനുഭവിച്ചറിയാൻ പറ്റിയിട്ടില്ല. സ്കൂളിൽ പോകുമ്പോൾ ഞാനൊന്ന് ബസിൽ കേറി പിള്ളേരെ വകഞ്ഞു മാറ്റി കാൽ വെക്കാനുള്ള സ്ഥലം ഒപ്പിക്കുമ്പോഴേക്കും സ്റ്റോപ്പ്‌ എത്തും. അതാണ്‌ കോളേജിൽ പോകുമ്പോൾ മിനിമം ഒരു മണിക്കൂർ എങ്കിലും ബസിൽ ഇരിക്കാൻ പറ്റുന്ന ദൂരത്തിലുള്ള കോളേജ് സെലക്ട്‌ ചെയ്തത്.

കൂട്ടുകാരിൽ ചിലരൊക്കെ അടുത്തുള്ള കോളേജിൽ ചേർന്നു. മറ്റ് ചിലരൊക്കെ പ്രഫഷണൽ കോഴ്സ് ഒക്കെ നോക്കി പുറത്തോട്ടും പോയി. നമുക്ക് ഈ ഇംഗ്ലീഷ് ലിറ്ററേറ്ററിനോട്‌ ആയിരുന്നു പ്രിയം. അതിന് നല്ല മാർക്കും ഉണ്ടായിരുന്നു. അങ്ങനെ ലിറ്ററേചർ തന്നെ എടുത്തു. അപ്പോൾ പറഞ്ഞു വന്നത് ഞാൻ ബി എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേറ്റർ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഇപ്പോൾ നോം അങ്ങോട്ടേക്കുള്ള യാത്രയിലും. പിന്നെ പേര് മധുബാല. സ്നേഹം ഉള്ളോരൊക്കെ മധുന്ന് വിളിക്കും.

ബസിൽ കേറിയിട്ട് ഏകദേശം പത്ത് മിനിറ്റ് ആയിട്ടുണ്ടാകും. മൂന്ന് മാസത്തെ പരിചയമേ ഉള്ളുവെങ്കിലും ഒട്ടുമിക്ക സ്ഥലങ്ങളും എനിക്ക് പരിചിതമായി. സ്റ്റോപ്പിന്റെ പേരുകളും കാഴ്ചകളും അങ്ങനെ അങ്ങനെ…

ബസ് നിർത്തിയപ്പോഴൊരു ശിവക്ഷേത്രം കണ്ടു. നമ്മള് നിരീശ്വരവാദി ആയത് കൊണ്ട് അങ്ങോട്ടേക്ക് വലിയ മൈൻഡ് കൊടുത്തില്ല. വെളിയിലൊരു പൂവ് വിൽക്കുന്ന ചേച്ചിയുണ്ട്. അമ്പലത്തിലേക്ക് കയറുന്നവരൊക്കെ അവരോട് പൂവ് വാങ്ങുന്നത് കാണാം.

എണ്ണക്കറുപ്പിന്റെ ഭംഗിയൊക്കെ എന്താണെന്ന് എനിക്ക് മനസ്സിലാകുന്നത് ആ ചേച്ചിയെ കണ്ടപ്പോഴാണ്. മഞ്ഞയിൽ മെറൂൺ ഡോട്ട് ഉള്ള സാരിയാണ് വേഷം. ചേച്ചിയുടെ തലയിൽ നിറയെ മഞ്ഞ ജമന്തിപ്പൂക്കളാണ്. വെള്ളക്കൽ മൂക്കുത്തിയും നുണക്കുഴിയും… ശെരിക്കും പറഞ്ഞാൽ ഇതൊക്കെയാണ് അഴക്.

പൂവ് വിൽക്കുന്നതിനരികിലായി ഒരു സ്ട്ടൂളിൽ ഒരു കൊച്ചുമിടുക്കിയുണ്ട്. ചേച്ചിയുടെയും അത്ര ഭംഗി ഇല്ലെങ്കിലും അവളും സുന്ദരിയാണ്. അമ്മയെപ്പോലെ നുണക്കുഴിയും ഉണ്ട്.

എന്നും ഇവരെക്കാണാൻ എനിക്ക് കിട്ടുന്നത് ഒരു പത്ത് പതിനഞ്ചു സെക്കന്റ്‌ ആണ്. അതിനുള്ളിൽ ബസ് നീങ്ങും. ആദ്യമൊക്കെ ചേച്ചി പൂവ് വിൽക്കുന്ന തിരക്കിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇപ്പോൾ അവരെത്തന്നെ നോക്കിയിരിക്കുന്ന എന്നെ നോക്കി ചിരിക്കും.

ഇപ്പോൾ ചേച്ചിയ്ക്കും അതൊരു പതിവ് ശീലമാണ്. മണിയൊച്ച മുഴക്കി ബസ് നിൽക്കുമ്പോൾ ചേച്ചിയുടെ കണ്ണുകൾ എന്നെ തിരയുന്നത് കാണാം. അപരിചിത യായ സുഹൃത്ത്. എന്തൊരു വിരോധാഭാസം അല്ലെ. ഒരു പരിചയവുമില്ലാത്ത അവർ ഇപ്പോൾ എന്റെ ഓരോ ദിവസത്തെയും ചിന്തകളിൽ അല്പനേരമെങ്കിലും ഇടം പിടിക്കുന്നു. അടുത്ത കാഴ്ച മനസ്സിൽ ഇടം പിടിക്കുന്നത് വരെ ആ അമ്മയുടെയും മോളുടെയും ചിത്രമായിരിക്കും മനസ്സിൽ. ഇവരെ കണ്ടു ബസ് മുന്നോട്ട് എടുക്കുമ്പോഴൊക്കെ പണ്ട് സ്കൂളിൽ പഠിച്ചൊരു കഥയിലെ കൊല്ലന്റെ ആല ഓർമ്മ വരും. പതിവ് കാഴ്ചയായിരുന്ന കൊല്ലനെയും അയാളുടെ ആലയെയും ഭംഗിയായാണ് അതിൽ വിവരിച്ചിരിക്കുന്നത്. പെട്ടന്നൊരു ദിവസം കൊiല്ലനെ ആ ആലയിൽ കാണാതെ ആയപ്പോൾ എന്റെ നെഞ്ചും വിങ്ങിയതോർമ്മ വരും.

പക്ഷേ പെട്ടന്നാണ് ഒരു തണുത്തകാറ്റ് ഉടലാകെ തഴുകും പോലെ തോന്നിയത്. പിൻസീറ്റിൽ ആ കുസൃതി കണ്ണുകൾക്ക് ഉടമയെ കണ്ടതും പെട്ടന്നൊരുന്മേഷം തോന്നി.

മഴക്കാർ കണ്ടതും കണ്ടക്ടർ വന്ന് ഓരോ വിൻഡോയുടെയും ഷട്ടർ താഴ്ത്തി. ഷട്ടർ താഴ്ത്തിയെങ്കിലെന്താ ബസിലാകെ വെള്ളിവെളിച്ചം. ആളും കുറവാണ്. കൂടെ മഴയ്ക്കൊപ്പം ഒരു റൊമാന്റിക് ആമ്പിയൻസ് നൽകാൻ പാകത്തിനു കെ. എസ് ചിത്രയുടെ ശബ്ദം.

“നീയെത്തുവാൻ മോഹിച്ചു ഞാൻ….

മഴയെത്തുമാ നാൾ വന്നിടാൻ…

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി

നനഞ്ഞോടിനിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ….”

ഇടയ്ക്ക് വെട്ടം സിനിമയിലെ ഒരു സീനൊക്കെ ഓർമ്മ വന്നു. പാടവരമ്പിലൂടെ മതിമറന്നു ഞാൻ നടക്കുകയാണ്. ഒപ്പം മുണ്ടിൻ തുമ്പ് പിടിച്ചൊരുവൻ എനിക്ക് പിന്നാലെയും. അവന്റെ കണ്ണുകൾക്ക് ഈ കുസൃതികണ്ണുകളുമായി വല്ല സാമ്യവുമുണ്ടോയെന്ന് നോക്കി.

എന്റെ സങ്കല്പങ്ങളെയോർത്ത് എനിക്ക് തന്നെ ചിരി വന്നെങ്കിലും ചിരിക്കാതെയിരുന്നു. പുറത്തെ കാഴ്ചകളൊന്നും കാണണമെന്ന് തോന്നിയതെയില്ല. അതിലും വിലപ്പെട്ടതാണ് എനിക്കരികിൽ…

കണ്ണുകളിൽ കുസൃതി നിറച്ച് അതിനുമപ്പുറം എന്തൊക്കെയോ ഒളിച്ചു വച്ചു എന്നെ നോക്കുന്നവനെ ഓർത്തു. അന്ന് ഞാൻ ഒൻപതിലും അനന്ദു പ്ലസ് ടുവിനും.

വീട്ടിലേക്ക്  തിരിയുന്ന വഴിയിൽ വന്നു നിന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഞാൻ വീട്ടിലേക്ക് ഓടി. അന്ന് വല്ലാത്ത ഭയം തോന്നി. ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ… ആരെങ്കിലും അമ്മയോട് പറയുമോ അങ്ങനെ അങ്ങനെ…

അടുത്ത ദിവസം സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോൾ കണ്ടിരുന്നു പാലമരച്ചോട്ടിൽ നിന്നെന്നെ നോക്കുന്നവനെ. അടുത്തേക്ക് വരരുതേ എന്ന് ആഗ്രഹിച്ചു കൊണ്ടാണ് മുൻപോട്ട് നടന്നത്. തല ഉയർത്തി നോക്കിയില്ലെങ്കിലും വശ്യ ഗന്ധമുള്ളൊരു പെർഫ്യൂം ഗന്ധം എന്നെ കടന്നു പോയപ്പോൾ അതവനായിരുന്നെന്ന് തിരിച്ചറിഞ്ഞു.

ആശ്വാസത്തോടെ ക്ലാസ്സിലേക്ക് നടന്നു. ഇന്റർവെല്ലിന് ക്ലാസിനു മുൻപിൽ കാണാറുണ്ടായിരുന്നു. വൈകിട്ട് സ്കൂൾ വിടുമ്പോഴും ട്യൂഷന് പോകുമ്പോഴുമൊക്കെ ആ മുഖം എന്നെ അലട്ടുന്നുണ്ടായിരുന്നു. അവിടെ സദാ പുഞ്ചിരിയാണെങ്കിൽ എനിക്ക് വെപ്രാളമാണ്.

ഇടയ്ക്കൊക്കെ കാണാതെ വരുമ്പോൾ എവിടെ പോയെന്നോർക്കും. ആരും ശ്രദ്ധിക്കാത്ത വിധത്തിൽ പതിവ് സ്ഥലങ്ങളിലൊക്കെ ഞാനും ആ കണ്ണുകൾ തിരയും. കാണുന്നത് വരെ വല്ലാത്തൊരു നിരാശയാണ്.

എവിടെയെങ്കിലും വച്ചാ മുഖം കണ്ണിലുടക്കുമ്പോൾ എനിക്ക് ചുറ്റുമൊരു വസന്തം ഒരുങ്ങുമെങ്കിലും ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കാതെ തല കുനിച്ചു നടക്കും.

മറുപടി ചോദിച്ചു വന്നപ്പോൾ ഇഷ്ടമല്ലെന്ന് ആ മുഖം നോക്കി പറയാൻ നന്നേ പാട് പെട്ടിരുന്നു ഞാൻ. അന്ന് ആ മുഖത്ത് ചിരി ഉണ്ടായിരുന്നില്ല. എനിക്കും നൊന്തു… വല്ലാതെ..

പരിഭവിച്ചതാണോ… അതോ എന്നെ വേണ്ടാത്തവളെ എനിക്കും വേണ്ടെന്നോർത്ത്  മടങ്ങിയതാണോ… പിന്നെ എന്നെ കാത്ത്‌ നിൽക്കുന്നയാളെ അങ്ങനെ കണ്ടിട്ടില്ല. വല്ലപ്പോഴും എവിടെയെങ്കിലും വച്ചൊക്കെ കാണും. അപ്പോഴൊക്കെ എന്നെ നോക്കുന്ന കണ്ണുകളിൽ പ്രതീക്ഷയായിരുന്നു.

പ്രണയിക്കുന്നയാളെ പ്രണയത്തോടെ നോക്കാൻ കഴിയാത്തത് എത്രയോ വേദനയാണെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്‌. അതിനന്ന് എനിക്ക് പ്രണയം തോന്നിയിരുന്നോ. പതിമൂന്ന് വയസ്സിൽ പ്രണയമോ… പക്ഷേ അങ്ങനെയൊരു വികാരം ഉള്ളിടലെടുക്കുന്ന കാലം മുതൽ എന്റെ മനസ്സിൽ ആ മുഖമായിരുന്നു. ആ മുഖം മാത്രം.

പ്ലസ് ടു കഴിഞ്ഞ് അനന്ദു ദൂരെ ഏതോ കോളേജിൽ ആയിരുന്നു പഠിച്ചത്. എന്താണ് പഠിച്ചതെന്ന് പോലും അറിയില്ല. അത് അറിയാൻ ശ്രമിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശെരി.

പിന്നെ ഞാൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞ് ആ സ്കൂളിൽ തന്നെയായിരുന്നു പ്ലസ് വൺ പ്ലസ് ടു പഠിച്ചത്.

ഇടയ്ക്കൊക്കെ നാട്ടിൽ വച്ചു കാണും. ഞാൻ മനഃപൂർവം ഒളിച്ചു നടക്കും. അങ്ങോട്ടും നോക്കാറില്ല. എന്തേ ഇത്ര കാലമായിട്ടും ഞാൻ മറക്കാഞ്ഞതെന്ന് ചോദിച്ചാൽ അറിയില്ല.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് ആയിരുന്നു. തിരികെ നോക്കിയില്ലെങ്കിലും ചിരിച്ചില്ലെങ്കിലും എവിടെയോ ആ കണ്ണുകൾ എന്നെ തിരയുന്നുണ്ടാകും എന്നോർക്കുന്നത് തന്നെയൊരു ആനന്ദമായിരുന്നു.

എത്രയോ മൂല്യമുള്ളതായിരുന്നു ആ സാമിപ്യമെന്നോർത്തു. പുസ്തകം തുറക്കുമ്പോഴൊക്കെ ആളെ ഓർമ്മ വരുന്നത് വല്ലാത്തൊരു ബുദ്ധിമുട്ട് ആയിരുന്നു. മറക്കണം… ഓർക്കരുത്… എന്നൊക്കെ സ്വയം പറയുമെങ്കിലും പിന്നെയും പിന്നെയും ഓർക്കും.

അച്ഛനില്ലാതെ എന്നെ വളർത്തുന്ന അമ്മയെ ഓർക്കുമ്പോൾ എങ്ങനെയും ഇരുന്ന് പഠിക്കും. അമ്മയ്ക്ക് വേണ്ടി എന്റെ പ്രിയപ്പെട്ടൊരിഷ്ടം വേണ്ടാന്ന് വെക്കുമ്പോൾ നെഞ്ചിൽ എനിക്ക് താങ്ങാൻ കഴിയാത്തൊരു വേദനയുണ്ടായിരുന്നു.

അല്ലെങ്കിലും പ്രണയിക്കാനൊക്കെ പേടിയായിരുന്നു. നാളെ വളർത്തുദോഷം ആണെന്ന് പറഞ്ഞു അമ്മയെ ആളുകൾ കുറ്റപ്പെടുത്തുമോ എന്നോർത്തുള്ള പേടി…. അമ്മയ്ക്ക് മുൻപിൽ കുറ്റവാളിയെപ്പോലെ നിൽക്കേണ്ടി വരുമോ എന്നുള്ള പേടി…

അങ്ങനെ അങ്ങനെ കാലം മായ്ക്കുമെന്ന് കരുതി നീക്കിവച്ചൊരു പ്രണയം… പക്ഷേ കാലത്തിനതീതമായി അതിന്നും എന്നിൽ വസന്തം വിരിയിച്ചുകൊണ്ടിരിക്കുന്നു…

അയാളുടെ വിശേഷങ്ങളൊക്കെ ഇപ്പോൾ ഞാൻ അറിയാറുണ്ട്. ജോലി കിട്ടിയതും… വിവാഹം കഴിഞ്ഞതും… അങ്ങനെ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. ചില ദിവസങ്ങളിൽ അയാൾ ബസിൽ കയറാറില്ല. പക്ഷേ ബസ് കോളേജ് എത്തും മുൻപേ എപ്പോഴെങ്കിലും അയാളുടെ ബൈക്ക് ഈ ബസിനെ കടന്ന് പോകുന്നത് കാണാം. ഒപ്പം അയാളുടെ വയറിൽ ചുറ്റിപ്പിടിച്ച വളയിട്ട കൈകളും കണ്ണിൽ പതിയും. ഞാൻ മനഃപൂർവം ശ്രദ്ധിക്കാറില്ല. അവകാശിയുള്ളതിനെ മോഹിക്കുന്നത് തെറ്റാണ്. പക്ഷേ ഞാൻ മോഹിക്കാറില്ല. സ്വന്തമാക്കാൻ ഇന്ന് വരെ ആഗ്രഹിച്ചിട്ടില്ല. എങ്കിലും മനസ്സിൽ നിന്ന് പഴയൊരോർമ്മ മാഞ്ഞുപോകുന്നത് വരെ അയാളെ നോക്കുമ്പോഴൊക്കെ എന്റെ കണ്ണിൽ പ്രണയം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *