മകൾ ആഗ്രഹം പോലെ പഠിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ഒരുപോലെ സന്തോഷമായി. നിന്നെ പോലെയൊരു സഹോദരനെ കിട്ടിയത് അവളുടെ ഭാഗ്യമാണെന്നും……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഡിപ്ലോമയുടെ പരീക്ഷാഫലം അറിഞ്ഞ നാളായിരുന്നുവത്. അമ്മ ഉണ്ടാക്കിയ പാലടയുടെ മധുരം മോന്തി കുടുംബം മുഴുവൻ എന്റെ വിജയം ആഘോഷിച്ചു. പെങ്ങൾ ചിരിച്ച് കൊണ്ട് വലിയ ആളായി പോയല്ലോയെന്ന് എന്നോട് കുശുമ്പ് പറഞ്ഞു. അച്ഛൻ യാതൊന്നും പറയാതെ വെറുതേ എന്നെ തലോടുക മാത്രം ചെയ്തു.

അതീവ സന്തോഷത്തിലേക്കാണ് ജീവിതം സഞ്ചരിക്കുന്നതെന്ന് തോന്നലിൽ പിന്നീടുള്ള നാളുകളിൽ ജീവൻ ചിറി വിടർത്തി ചിരിച്ചിരുന്നു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. കൃത്യമായ ഉദ്ദേശ്യസമുണ്ട്. പക്ഷെ, ചുവടുകൾ ശ്രദ്ധിച്ച് വേണമെന്ന് ഉള്ളിൽ നിന്ന് ആരോ ശബ്‌ദിക്കുന്നത് പോലെ…

‘മോനേ.. ജോലിക്കൊക്കെ നീ നോക്കുന്നില്ലേ…?’

ഏതാണ്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചതാണ്. നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നരച്ച തോർത്ത് തോളിൽ നിന്ന് മറുതോളിലേക്ക് മാറ്റിയിട്ട് അച്ഛൻ വെറുതേ എന്നെ നോക്കി.

കൂട്ടുകാരുടെ കൂടെ കോട്ടമൈതാനത്ത് കൃഷിക്കാരെ സഹായിക്കുന്ന ചില യന്ത്രങ്ങളുടെ എക്സ്ബിഷൻ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. പഞ്ചായത്തിലെ മുഴുവൻ ആൾക്കാരിലേക്കും ചേരുന്ന ആ പ്രൊജക്റ്റ്‌ ജില്ലാ കളക്റ്ററുടെ മുന്നിലേക്ക് എത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. റിസൾട്ട് വരുന്നത് വരെ നിരവധി ചർച്ചകളൊക്കെ നടത്തിയതാണ്. ജോലിയിൽ പ്രവേശിക്കാൻ വീട്ടിൽ നിന്ന് പറയുന്ന ഈ സാഹചര്യത്തിൽ എല്ലാവരെയും വീണ്ടും കാണണമെന്ന് എനിക്ക് തോന്നി.

കാര്യം പറഞ്ഞപ്പോൾ കൂട്ടുകാർ നാല് പേരുടെയും അവസ്ഥ ഏതാണ്ട് ഇത് പോലൊക്കെ തന്നെ ആയിരുന്നു. കിട്ടുന്ന ജോലിയിൽ കയറി കുടുംബം നോക്കൂവെന്ന് പോലും രണ്ടുപേർ കേൾക്കേണ്ടി വന്നു. എന്നാൽ പിന്നെ, ഒന്ന് രണ്ട് വർഷം ജോലി ചെയ്തിട്ട് കുറച്ച് കൂടി ഭംഗിയായി കാര്യങ്ങളൊക്കെ ചെയ്യാമെന്ന് ഞങ്ങൾക്ക് തോന്നുകയായിരുന്നു.

കുഴപ്പമില്ലാത്ത ശമ്പളത്തിൽ ജോലി എനിക്ക് ജോലി ലഭിച്ചു. പഴയ ആരോഗ്യം ഇല്ലാത്തത് കൊണ്ട് കോൺട്രാക്ട് പണിയായിരുന്ന അച്ഛനോട് ഞാൻ തന്നെയാണ് ഇനി പോകണ്ടായെന്ന് പറഞ്ഞത്. അച്ഛൻ വിശ്രമിക്കട്ടെ… ഒന്നുമില്ലെങ്കിലും അല്ലൽ ഇല്ലാതെ എന്നെ ഇവിടെ വരെ എത്തിച്ചതല്ലേ…

ഒരേ ആവേശത്തോടേയും വേഗതയോടേയും ഒരുമിച്ച് പഠിച്ച് പാസ്സായ അഞ്ച് പേരും അഞ്ച് ഇടങ്ങളിലേക്കായി വേർപിരിഞ്ഞു. തുടക്കത്തിൽ പരസ്പരം കത്തുകൾ അയക്കുമെങ്കിലും പതിയേ അതും ഇല്ലാതായി. ഓരോ നാളുകൾക്കും ഏറെ നീളമാണെന്ന് തോന്നുമെങ്കിലും വർഷങ്ങൾ മൂന്നെണ്ണം മിന്നിമറഞ്ഞത് ആരും അറിഞ്ഞില്ല. ആരും ആരേയും യാതൊന്നും ഓർമിപ്പിച്ചതുമില്ല…

എല്ലാവർക്കും തന്റെ കുടുംബത്തിലേക്ക് തലപൂഴ്ത്തി ജീവിക്കേണ്ടി വന്നെന്ന മൗനം മാത്രമായിരുന്നു പിന്നീട് ഞങ്ങൾക്ക് പങ്കുവെക്കാൻ ഉണ്ടായിരുന്നത്. ഏറെ ആഗ്രഹിച്ചിട്ടും നടക്കാത്ത വിഷയങ്ങളിലെല്ലാം നിരാശയുടെ മൗനം പൊതിയാറുണ്ടെന്ന് ജീവിതം കൊണ്ട് ഞാൻ പഠിച്ചു…

‘മോനേ… ഓൾക്ക് എഞ്ചിനീയറിംഗിന് പോണമെന്നാ പറയുന്നേ…. ലോൺ കിട്ടുമെത്രെ…’

അച്ഛൻ പറഞ്ഞു. വിദ്യാഭ്യാസ ലോൺ കിട്ടുമെങ്കിലും മറ്റ് ഇനങ്ങളുമായി പിന്നേയും ഏറെ ചിലവ് വരും. ആയിരുന്നാലും, നീ പൊയ്ക്കോടീയെന്ന് പെങ്ങളോട് ഞാൻ പറഞ്ഞു. ആ നേരത്തെ അവളുടെ സന്തോഷത്തിന് വെളിപ്പെടുത്താൻ പറ്റാത്ത അത്രത്തോളം വെളിച്ചമുണ്ടായിരുന്നു.

മകൾ ആഗ്രഹം പോലെ പഠിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ഒരുപോലെ സന്തോഷമായി. നിന്നെ പോലെയൊരു സഹോദരനെ കിട്ടിയത് അവളുടെ ഭാഗ്യമാണെന്നും അവർ പറഞ്ഞു. അവൾ പട്ടണത്തിലേക്ക് പഠിക്കാൻ പോയ നാളും അമ്മ സന്തോഷത്തിന്റെ പാലട പായസം ഉണ്ടാക്കിയിരുന്നു….

ആ വേളകളിലാണ് ഓഫീസിൽ പുതുതായി വന്ന പെൺകുട്ടിയോട് പ്രതീകമയയൊരു ഇഷ്ടം എനിക്ക് തോന്നിയത്. അറിയാമായിരുന്നിട്ടും അവളുടെ പേര് ചോദിച്ച് കൊണ്ട് അതൊരിക്കൽ ഞാൻ തുറന്ന് പറഞ്ഞു.. മൂന്ന് നാൾ ആലോചിച്ചതിന് ശേഷം ഇഷ്ട്ടമാണെന്ന് അവളും മൊഴിഞ്ഞു.

പ്രണയത്തിലായിരുന്നിട്ടും പിന്നീടുള്ള വർഷങ്ങൾ നിൽക്കാതെ പായുകയായിരുന്നു. ജീവിച്ചിരിക്കുന്നുവെന്ന തോന്നൽ ആ വേഗത്തിലും ഞാൻ അനുഭവിച്ചു. പരസ്പരം കുതിച്ചും കിതച്ചും തുടർജീവിതം ഞങ്ങൾ കിനാവ് കണ്ടു. അതിലേക്കാണ് പഠിപ്പും കഴിഞ്ഞ് വന്ന പെങ്ങൾക്ക് കല്ല്യാണം നോക്കണമെന്ന് അമ്മ പറയുന്നത്.

‘അതിന് മുമ്പേ ഇവൻ കെട്ടട്ടെ…. അതല്ലേ അതിന്റെയൊരു ഇത്…’

അച്ഛൻ പറഞ്ഞു. തനിക്ക് വേണ്ട ആളെ താൻ തന്നെ കണ്ട് പിടിച്ചിട്ടുണ്ടെന്നായിരുന്നു എല്ലാവരും കേൾക്കെ പെങ്ങൾക്ക് പറയാനുണ്ടായിരുന്നത്. അതുകൊണ്ട് കാര്യങ്ങൾ എനിക്ക് എളുപ്പമായി.

ഒരു വായ്പയുടെ പിൻബലത്തിൽ ആർഭാടമൊന്നും ഇല്ലാതെ എന്റേയും പെങ്ങളുടേയും വിവാഹം ആഗ്രഹിച്ചവരുമായി ഒരേ പന്തലിൽ ഒരേ നേരത്ത് ഭംഗിയായി നടന്നു.

പെങ്ങൾ പോയ വീട്ടിലേക്ക് എന്റെ പെണ്ണ് കയറി. മുട്ടിയുരുമ്മാൻ ഇണയേയും കൂടി കിട്ടിയ താളത്തിൽ ജീവിതം വീണ്ടും ചലിച്ചു…

ആ നിമിഷങ്ങളിലൊക്കെ വൈകാരികമായി സന്തോഷിക്കാറുണ്ടെങ്കിലും, മറുപുറം സ്വപ്നം കണ്ട ജീവിതത്തിൽ നിരാശയുടെ മറുക് തെളിയാൻ തുടങ്ങി. ബാങ്കുകളിലെ കടവുമായി പങ്കിടാനാണ് കുടുംബ ജീവിതമെന്ന് പിന്നീട് എനിക്ക് തോന്നുകയായിരുന്നു…

വർഷങ്ങൾ പിന്നേയും അതിവേഗം കൊഴിഞ്ഞു. അതിൽ എന്റെ ഛായയിൽ ഒരു കുഞ്ഞ് വിരിഞ്ഞു. അവന്റെ മൂന്നാമത്തെ പിറന്നാളിന് കേക്ക് മുറിക്കുന്ന നാളിലേക്ക് നേരം തെളിഞ്ഞു. അന്നും അമ്മ സന്തോഷത്തിന്റെ പാലട ഞങ്ങളിലേക്ക് എത്തിച്ചിരുന്നു. മൊബൈൽ ഫോണുകളെല്ലാം വ്യാപകമാകുത് ആ കാലത്തിലാണ്…

ആ രാത്രിയിൽ അച്ഛൻ എന്നെ മുറ്റത്തേക്ക് വിളിപ്പിച്ചിരുന്നു. പതിവില്ലാത്ത തരത്തിലാണ് ഞങ്ങളുടെ സംസാരം തുടങ്ങിയത്. നിനക്ക് മടുത്തോടായെന്ന് അച്ഛൻ ചോദിച്ചപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. മാസം മുട്ടിക്കാനുള്ള എന്റെ ഓട്ടം കണ്ടിട്ടാകണം അച്ഛൻ അങ്ങനെ ചോദിച്ചത്. ആ ചോദ്യത്തിന്റെ കൂടെ ഒന്നും മിണ്ടാതെ മുറ്റത്ത് ഞാൻ ഉലാത്തി.

‘നിന്റെ അപ്പൂപ്പനെ ഓർമ്മയുണ്ടോ നിനക്ക്…..ന്റെ അച്ഛനെ…?’

എന്റെയൊക്കെ ജനനം മുമ്പേ ചാരമായ അപ്പൂപ്പനെ എനിക്ക് എങ്ങനെ അറിയാനാണ്! ഞാൻ ഇല്ലെന്ന് പറഞ്ഞു. അച്ഛൻ പിന്നീട് അതേ കുറിച്ച് യാതൊന്നും പറഞ്ഞുമില്ല. ചെറു വിറയലോടെ അച്ഛൻ അകത്തേക്ക് പോയപ്പോൾ ആ ഹൃദയം വിങ്ങുന്നുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി.

അച്ഛൻ ഉലാത്തിയ മുറ്റത്തൂടെ അതേ താളത്തിൽ ഞാനും നടന്നു. എന്റെ അപ്പൂപ്പൻ ആളൊരു തെiമ്മാടിയായിരുന്നു. കുറച്ചൊക്കെ കാര്യങ്ങൾ അമ്മ പറഞ്ഞ് എനിക്കും അറിയാം. കുടിച്ച് കൂiത്താടി നടന്ന ആ മനുഷ്യൻ മരിക്കും മുമ്പ് അച്ഛന്റെ തോളിലേക്ക് പകർന്നത് ഭാരിച്ച കടങ്ങളേയും മൂന്ന് പെങ്ങൾമ്മാരേയുമാണ്. അന്ന് അച്ഛന് പ്രായം ഇരുപത് പോലും താണ്ടിയിട്ടില്ല…

അത്രത്തോളമൊന്നും ഇല്ലായെന്ന് സമാധാനിക്കുമ്പോഴും ആ അനുഭവത്തിന്റെ അപ്പുറം അച്ഛൻ തന്നെയാണല്ലോയെന്ന് ഓർക്കുമ്പോൾ ഉള്ളിലൊരു വിറയലാണ്. വർഷങ്ങൾ കഴിയുമ്പോൾ ഈ പുരുഷ ചങ്ങലയുടെ കണ്ണിയാകുന്ന എന്റെ മോന്റെ തോളിൽ എടുത്ത് വെക്കാൻ ഭാരങ്ങളൊന്നും തലയിൽ ഉണ്ടാകരുതെന്നേ ആ നേരം ഞാൻ ചിന്തിച്ചുള്ളൂ….

‘ഇത് കുടിച്ചേ നീ….’

മധുരവുമായി വന്ന അമ്മയുടെ ശബ്ദമായിരുന്നു. നാളേക്ക് വെച്ചാൽ കേടായിപ്പോകുമെന്നും അമ്മ പറഞ്ഞു. ഏറ്റവും മനോഹരമെന്ന് തോന്നിപ്പിക്കും വിധം ജീവൻ പുഞ്ചിരിച്ചു. ജീവിതത്തിന്റെ നാക്കിൽ വല്ലപ്പോഴും മുട്ടിക്കുന്ന പാലടയുടെ മധുരം പോലെയാണ് എന്നെ പോലെയുള്ളവരുടെ സന്തോഷമെന്ന്, ആ നിമിഷങ്ങളിൽ വെറുതേ തോന്നുകയായിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *