എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
കതക് തുറന്നത് ഭീമന്റെ ഭാര്യയായിരുന്നു. കണ്ണുകളിലേക്ക് ഞാൻ നോക്കിയില്ല. ആള് ഇല്ലേയെന്ന് ചോദിച്ച് തിരിഞ്ഞ് നിന്നു. അത്യാവശ്യ മായി ആരെയോ കാണാൻ പോയതാണ് പോലും… വൈകാതെ വരും പോലും…
കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് ഭാവിച്ചപ്പോൾ സിറ്റൗട്ടിലെ കസേരയി ലേക്ക് ചൂണ്ടി ഇരിക്കൂവെന്ന് ഭീമന്റെ ഭാര്യ പറഞ്ഞു. ആരാണെന്ന ചോദ്യം പ്രതീക്ഷിച്ച എന്നോട് കുടിക്കാനായി വല്ലതും എടുക്കട്ടേയെന്നും അവൾ ചോദിച്ചു. മുഖം കൊടുക്കാതെയാണ് ഞാൻ മറുപടി നൽകിയത്…
‘തണുത്തത് എന്തെങ്കിലും…’
തൊണ്ട വരളുന്നുണ്ട്. ദേഹം മുഴുവൻ വിയർത്തിട്ടുമുണ്ട്. വെയിലിന്റെ പൊള്ളലേറ്റ കവിളിലേക്ക് കണ്ണീര് കവിയുമ്പോൾ നീറുകയാണ്. കൂളിംഗ് ഗ്ലാസ്സ് മാറ്റി ഞാനത് തുടച്ച് കളഞ്ഞു. ശേഷം ഭീമനെ ഓർത്തു. മെലിഞ്ഞ ശരീരമാണ് അവന്. ആന ചെവികളുമുണ്ട്. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പരിചയപ്പെട്ടത്. ഒരേ തീവണ്ടിക്കായി കാത്തിരുന്നവർ…
അന്ന് ആളുടെ വിവാഹമൊന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. നാട് വിട്ട് പോകുകയാണെന്ന് പറഞ്ഞു. കേബിൾ ടീവിയുടെ ജോലിയായിരുന്നു പോലും. കൂടുതൽ ചികയാൻ താൽപ്പര്യമില്ലാത്തത് കൊണ്ട് കാരണം എന്താണെന്ന് ഞാൻ ചോദിച്ചില്ല. വണ്ടിയുടെ കൂവൽ കേട്ടപ്പോൾ അവൻ മുന്നിലേക്കും ഞാൻ പിറകിലേക്കും നടന്നു.
പിന്നീട് ഭീമനെ കാണുന്നത് മാസങ്ങൾക്ക് ശേഷമാണ്. ബാങ്കിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇങ്ങോട്ട് വന്ന് അവൻ പരിചയം പുതുക്കി. ആ പേരും ശരീരവും മനസ്സിൽ തങ്ങിയത് കൊണ്ട് തിരിച്ചറിയാൻ പ്രയാസം ഉണ്ടായിരുന്നില്ല.
‘നീയല്ലേ നാട് വിട്ട് പോകുകയാണെന്ന് പറഞ്ഞത്…?’
“പോയില്ല. അതിന് മുമ്പേ അവള് വിളിച്ചു. അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ച് വന്നു…’
കേട്ടപ്പോൾ ഞങ്ങൾ ഒരുപോലെ ചിരിക്കുകയും ചെയ്തു. അന്ന്, ഭീമനെ ഒപ്പം കൂടാൻ ക്ഷണിച്ചിരുന്നു. മറ്റൊരു നാൾ ആകട്ടേയെന്ന് പറഞ്ഞപ്പോൾ ഞാൻ നിർബന്ധിച്ചിച്ചു. ഒടുവിൽ അവൻ സമ്മതിക്കുകയായിരുന്നു.
‘ഇതാണ് എന്റെ ലോകം…’
ഫ്ലാറ്റിന്റെ കതക് തുറന്നപ്പോൾ ഞാൻ പറഞ്ഞതാണ്. ഇത്രേം സൗകര്യമുള്ള ഇവിടെ തനിച്ചാണോയെന്ന് ഭീമൻ ചോദിച്ചു. ആണെന്ന് മൊഴിഞ്ഞ് ഞാനൊരു കുപ്പിയെടുത്തു. കണ്ടപ്പോഴേ, കുടിക്കില്ലെന്ന് അവൻ പറഞ്ഞു.
‘നിന്നോട് ആര് പറഞ്ഞു കുടിക്കാൻ. ഇതെനിക്കാണ്..’
ശേഷം ഗ്ലാസിന്റെ വക്ക് ചുണ്ടോട് മുട്ടിച്ച് അണ്ണാക്കിലേക്ക് കമിഴ്ത്തി. ഭീമന്റെ നെറ്റി ചുളിഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു.
‘ഇയാൾക്ക് തിരക്കുണ്ടോ…?’
തല കുടഞ്ഞുള്ള എന്റെ ആ ചോദ്യത്തിനോട് ഇല്ലെന്ന് അവൻ പറഞ്ഞു. എങ്കിൽ പിന്നെ ഇരിക്കാൻ പ്രത്യേകിച്ച് പറയണോയെന്ന് ഞാൻ ശബ്ദിക്കുകയായിരുന്നു. അനുസരിക്കുമ്പോൾ അവൻ പേടിച്ചെന്ന് വ്യക്തമാണ്. വെറുതേയെന്ന് ബോധ്യപ്പെടുത്തിയപ്പോഴാണ് ആൾക്ക് ശ്വാസം തിരിച്ച് കിട്ടിയത്.
‘ഞാനും പണ്ടൊന്ന് നാട് വിട്ടതാണ്. അടുത്ത സ്റ്റേഷനിലൊന്നും ഇറങ്ങാൻ പറ്റിയില്ല….’
ഭീമൻ കാതോർക്കുന്നുണ്ട്. കോളേജിൽ ചേരാൻ പോയ പെങ്ങള് ഏതൊയൊരു സീനിയറ് ചെറുക്കന്റെ കൂടെ പോയ രംഗത്തിൽ നിന്നാണ് അങ്ങനെ തീരുമാനിക്കാൻ തോന്നിയത്. മറ്റാരും ഇല്ലാത്തത് കൊണ്ട് തിരിച്ചെത്താൻ ഒരു പതിറ്റാണ്ട് കഴിഞ്ഞു.
ആരും ഇല്ലാതായി പോയതിന്റെ ദുഖമൊന്നും ഇല്ല. മരിക്കുന്നതിന് മുമ്പ്, തന്റെ മക്കൾക്ക് ആരും ഇല്ലാതായി പോയല്ലോയെന്ന വിഷമം അമ്മ പ്രകടിപ്പിച്ചിരുന്നു. ആ മരണ മുഖത്തിൽ എന്റെ പ്രായം പതിനാറ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നീടുള്ള ജീവിതത്തിന്റെ മുന്നിലും പിറകിലും പെങ്ങളായിരുന്നു. അവൾ പോയപ്പോൾ പെരുവഴിയിൽ പെട്ടത് പോലെയായി…
‘ഇവിടെ ഉണ്ടായ മാമ്പഴത്തിന്റേതാ…’
ഓർമ്മയിൽ നിന്ന് പിൻവാങ്ങാൻ എന്നോണം ചില്ല് ഗ്ലാസ്സിൽ ജൂസുമായി ഭീമന്റെ ഭാര്യ സിറ്റൗട്ടിലേക്ക് വന്നു. തല ഉയർത്താതെ ഞാനത് കൈപ്പറ്റി ധൃതിയിൽ കുടിച്ചു. ഒഴിഞ്ഞ ഗ്ലാസും വാങ്ങി അവൾ പോകുകയും ചെയ്തു. ഞാൻ വീണ്ടും ഭീമനെ ഓർത്തു. അവൻ ഫ്ലാറ്റിൽ വന്ന നാൾ പിരിയുമ്പോഴേക്കും ഞങ്ങൾ ഏറെ അടുത്തിരുന്നു. വീണ്ടും കാണണ മെന്ന് ആഗ്രഹിക്കുന്ന മനുഷ്യർ തമ്മിൽ പിരിയുമ്പോൾ ഉണ്ടാകുന്ന എല്ലാം പരവേശവും പരസ്പരം അറിഞ്ഞ നിമിഷങ്ങളായിരുന്നുവത്…
ആ രാത്രിയിൽ പതിവില്ലാതെ ഞാൻ പെങ്ങളെ ഓർത്തു. എന്നെ ഭയം ആയിരുന്നിരിക്കണം. എന്നിലും എട്ട് വയസ്സ് താഴത്തുള്ള അവളുടെ മുമ്പിൽ ഞാനൊരു കർക്കശക്കാരൻ തന്നെയായിരുന്നു. അതൊരു സഹോദരന്റെ പരാജയമാണെന്ന് അറിയുന്നത് കൊണ്ട് അവളെ കുറ്റപ്പെടുത്താൻ ഒരിക്കലും തോന്നിയിട്ടില്ല. തിരഞ്ഞ് കണ്ടെത്താൻ ശ്രമിച്ചിരുന്നുവോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം. അങ്ങനെ ചിന്തിച്ചതേയില്ല…
പക്ഷെ, ആരോ ആണെന്ന് തോന്നിയ ഒരാളോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ നഷ്ടത്തെ തേടണമെന്ന് തോന്നുകയാണ്. കണ്ടെത്തിയേ തീരൂവെന്ന വാശി കൂടി തലയിൽ കയറിയപ്പോൾ അവളുടെ കോളേജിലേക്ക് ഞാൻ പോയി. ഒപ്പം പോയവനെ കുറിച്ചായിരുന്നു എനിക്ക് അറിയേണ്ടിരുന്നത്.
പേര് കെവിൻ! അന്വേഷിച്ച് ചെന്ന എന്നെ അവന്റെ വീട്ടുകാർ സന്തോഷപൂർവ്വം അകത്തേക്ക് ക്ഷണിച്ച് കല്യാണക്കത്ത് തന്നു. കെവിന് കല്ല്യാണമാണ് പോലും.. പ്രായത്തിന്റെ എടുത്ത് ചാട്ടത്തിൽ പറ്റിയ തെറ്റ് ഇത്തിരി വൈകിയാണെങ്കിലും തിരുത്തി പോലും…
‘നിങ്ങളാരാണ്…?’
കെവിൻ തിരുത്തിയ പെണ്ണിന്റെ സഹോദരനാണ് ഞാനെന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല. ഇത്രേം കാലം എവിടെ ആയിരുന്നുവെന്ന് ചോദിച്ചാൽ ഉത്തരമില്ലെന്ന് തന്നെയാണ് അതിന്റെ ഉത്തരം. അവിടെ നിന്ന് ഞാൻ ഇറങ്ങിപ്പോയത് അയൽപക്കങ്ങളിലേക്ക് ആയിരുന്നു. പെങ്ങളുടെ ജീവിതം എങ്ങനെ ആയിരുന്നുവെന്ന് അറിയാൻ ഏറെ അന്വേഷിക്കേണ്ടി വന്നില്ല.
‘ഒരു പാവമാണ്ന്ന്. ആരുല്ലാത്തത് കൊണ്ട് പണിക്കാരിയെ പോലെ… പെറുന്നില്ലാന്ന് പറഞ്ഞുള്ള തൊഴിയും കലമ്പും വേറെ… കേബിൾ ടീവിയിൽ പണിയുള്ളയൊരു പയ്യനുണ്ടായിരുന്നു… എല്ലാം അറിഞ്ഞിട്ടും അവന് വലിയ ഇഷ്ടായിരുന്നു. അവള് സമ്മതിച്ചില്ല. പെണ്ണിന് യോഗമില്ല. അവൻ നാട് വിട്ട് പോയെന്നാ കേൾക്കുന്നേ…’
ആ ചെറുപ്പക്കാരനെ കുറിച്ച് ഞാൻ കൂടുതൽ ചോദിച്ചു. കേട്ടപ്പോൾ വിശ്വസിക്കാനായില്ല. പേര് ഭീമൻ! ഒരു മെലിഞ്ഞ പയ്യനാണ് സാറെയെന്ന് കൂടി ആ തല നരച്ച സ്ത്രീ പറഞ്ഞപ്പോൾ നിന്ന ഇടം തന്നെ ഞാൻ ഇരുന്നു. എന്തുപറ്റിയെന്ന് ചോദിച്ച് അവിടെ ഉണ്ടായിരുന്ന ഒരു കുട്ടി തോളിൽ തട്ടുന്നത് വരെ കരഞ്ഞു.
വിട്ടുപോയ പട്ടം പോലെ പാറി നടന്ന ഒരുവൻ തട്ടി നിന്ന ഇടം ഓർക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. യാദൃശ്ചികമാണെങ്കിലും തേടി എത്തിയിരിക്കുന്നത് യാഥാർഥ്യത്തിലേക്കാണ്. ആര് കേട്ടാലും വിശ്വസിക്കില്ല. ആരോടും പറയാനുള്ള ധൈര്യവുമില്ല. വീട്ടിലേക്കുള്ള വഴി മനസിലാക്കാനായി ഭീമനെ വിളിച്ചിരുന്നു. വിഷയം എന്താണെന്ന് പറയാൻ സാധിച്ചില്ല. നിന്നെ ഉടനെ കാണണമെന്ന് മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ബസ്സിൽ നിന്ന് ഇറങ്ങി ഓട്ടോയും പിടിച്ച് ഭീമന്റെ വീട്ടിലേക്ക് എത്താൻ കുറച്ചൊക്കെ കറങ്ങിയിരുന്നു. പൊള്ളിപ്പിക്കുന്ന വെയിലിൽ നടന്നും ഓടിയും വീട് കണ്ടെത്തിയപ്പോൾ ഒന്നിനും പറ്റാതായി. തേടി നടന്ന പെങ്ങള് മുന്നിൽ തെളിഞ്ഞിട്ടും മിണ്ടാൻ തോന്നുന്നില്ല. മുഖത്തോട്ട് നോക്കാൻ പോലും സാധിക്കുന്നില്ല. ഏത് നാടകീയ രംഗത്തിൽ ചെന്നാണ് അവസാനിക്കുകയെന്ന് അറിയാതെ ഉള്ള് വിങ്ങുമ്പോഴാണ് ഗേറ്റ് താണ്ടി ഭീമൻ വരുന്നത്.
ബൈക്കിൽ നിന്ന് ഇറങ്ങിയ ഉടൻ എന്ത് പറ്റിയെന്ന് അവൻ ചോദിച്ചു. ഉരിയാടാനുള്ള ആവതില്ലാതെ നാക്ക് ചുമ്മാതങ്ങ് അനങ്ങുകയാണ്. യാതൊരു കാര്യവും ഇല്ലാതെ ചുണ്ടുകൾ പരസ്പരം തെന്നി വിറക്കുകയാണ്…
തന്റെ ഭർത്താവ് വന്നെന്ന് കണ്ടപ്പോൾ ഭാര്യയൊരുവൾ മുറ്റത്തേക്ക് ഇറങ്ങി വരുന്നത് ഞാൻ കാണുന്നുണ്ട്. രംഗത്തിലെ പിശക് മനസിലായപ്പോൾ എന്റെ മുഖത്തേക്ക് പെണ്ണ് സൂക്ഷിച്ച് നോക്കി. അപ്പോഴും പരസ്പരം കണ്ണുകൾ കൊളുത്താതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നിട്ടും, പഴയ ആ കർക്കശക്കാരനായ സഹോദരനെ അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.
‘ഹ്മ്മേ…!’
രണ്ട് കൈകൾ കൊണ്ടും എന്റെ മാറിൽ പടപടാന്ന് തല്ലുകയാണ്. ശേഷം ആഞ്ഞ് തള്ളിയിരിക്കുന്നു. ആ ബലത്തിൽ ഞാൻ പിറകോട്ട് നീങ്ങിയപ്പോൾ, നീയിത് എന്ത് കാട്ടുകയാണെന്ന ചോദ്യം ഭീമൻ ഉയർത്തി. പക്ഷേ, അത് മുഴുവിപ്പിക്കാൻ അവന് സാധിച്ചില്ല. അതിന് മുമ്പേ, താൻ തല്ലിയ മാറിലേക്ക് ഏട്ടായെന്ന് വിതുമ്പിക്കൊണ്ട് പെങ്ങൾ ചായുകയായിരുന്നു…!!!