അച്ഛൻ എന്ത് പറഞ്ഞാലും എനിക്ക് മതിയായി. ഇനി ഞാൻ അങ്ങോട്ട് പോണില്ല. മറ്റൊരു ജോലി തരപ്പെട്ടിട്ടുണ്ട്…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

വാട്സാപ്പിൽ കിട്ടിയ വിഡിയോവിൽ അച്ഛനാണ്! വർഷങ്ങൾ പത്തെണ്ണം കഴിഞ്ഞിട്ടും ഒറ്റ നോട്ടത്തിൽ തന്നെ ആളെ എനിക്ക് മനസ്സിലായി. നരച്ചു. കണ്ണുകൾ കുഴിയിലേക്ക് താഴ്ന്നിരിക്കുന്നു. മെലിഞ്ഞൊട്ടിയ കവിളുകളിൽ കണ്ണീര് പടർന്നിട്ടുണ്ട്.

മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ആ വൃദ്ധന്റെ കരൾ അലിയിപ്പിക്കുന്ന ദുഃഖം കണ്ടപ്പോൾ പാവം തോന്നി. കമന്റുകൾ വായിച്ചപ്പോൾ സങ്കടവും ദേഷ്യവും പൊങ്ങി. എല്ലാവരും ആ മനുഷ്യന്റെ മക്കളെ പ്രാകി ഇല്ലാതാക്കുകയാണ്. യാഥാർഥ്യം എന്താണെന്ന് അറിയാതെ യാതൊന്നിലും പ്രതികരിക്കരുതെന്ന അടിസ്ഥാന ബോധം പോലും ഇല്ലാത്തവരോട് എന്ത് പറയാനാണ്. എന്ത് വേണമെങ്കിലും പറയട്ടെ.. ഞാൻ എന്താണെന്ന് എനിക്ക് അറിഞ്ഞാൽ പോരെ…

അറിവിൽ അച്ഛന് രണ്ട് മക്കളേയുള്ളൂ… ഞാനും സഹോദരിയും. അവൾ ഭർത്താവിന്റെ കൂടെ ന്യൂസിലാന്റിലാണ്. കെട്ടി പോയതിൽ പിന്നെ വന്നതേയില്ല. ഞങ്ങൾക്ക് അമ്മയില്ല. അതൊരു നാണം കെട്ട കഥയായാണ് കുട്ടിക്കാലം തൊട്ടേ തലയിൽ കയറിയിരിക്കുന്നത്. സ്വയം വാരി തിന്നാൻ മക്കള് പഠിച്ചെന്ന് തോന്നിയപ്പോൾ പോയതാണ് അമ്മ. ആരുടെ കൂടെയെന്ന് ആർക്കും അറിയില്ല. ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും നിശ്ചയമില്ല…

അച്ഛനെ വലിയ ഇഷ്ടമായിരുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞതിൽ പിന്നെയാണ് അച്ഛന്റെ സ്വഭാവം മാറുകയാണോയെന്ന് സംശയിക്കുന്നത്. സംശയം ആയിരുന്നില്ല. കോളേജ് പഠനകാലം പൂർത്തിയായപ്പോൾ എനിക്കത് മനസ്സിലായി. ജോലിയിൽ പ്രവേശിച്ചപ്പോൾ ബോധ്യമായി. ഒട്ടും താൽപ്പര്യമില്ലാത്ത ജോലിയിലായിരുന്നു തുടരേണ്ടി വന്നത്.

‘പത്ത് ലക്ഷം കൊടുത്തിട്ടാണ് നിനക്ക് ജോലി കിട്ടിയത്… അമ്പത് ലക്ഷമെങ്കിലും കിട്ടുമെന്ന കണക്ക് തെറ്റിക്കല്ലേ… അവിടെ നിന്ന് ഇറങ്ങാമെന്ന് പതിനഞ്ച് കൊല്ലത്തേക്കെങ്കിലും മോൻ ചിന്തിക്കണ്ട…’

മറ്റൊരു ജോലി തേടുന്നുണ്ടെന്ന് പറഞ്ഞ എനിക്കുള്ള മറുപടിയാണ്. ഞാൻ മിണ്ടാതെ നിന്നു. പഠനം കഴിഞ്ഞപ്പോൾ തന്നെ ഇന്റർവ്യൂക്ക് അയച്ചത് അച്ഛനാണ്. യാതൊരു എക്സ്പീരിയൻസും ഇല്ലാത്ത എന്നെ കുഴപ്പമില്ലാത്ത ശമ്പളത്തിൽ സെലക്ട്‌ ചെയ്തപ്പോഴേ സംശയം ഉണ്ടായിരുന്നു. പിന്നീട് തോന്നി ഭാഗ്യമാണെന്ന്. രണ്ട് വർഷം തികയും മുമ്പേ മടുത്തിരിക്കുന്നു. ഇഷ്ട വിഷയത്തിൽ അധ്യാപകൻ ആകാനുള്ള ആഗ്രഹങ്ങളൊക്കെ എത്രയോ അകലങ്ങളിലേക്ക് പോയത് പോലെ…

‘എനിക്ക് നന്നായിട്ട് അറിയാം അച്ഛനെ. അതുകൊണ്ട് തന്നെയാണ് ഞാൻ അങ്ങോട്ട് വരാത്തത്… നീ നിന്റെ ഇഷ്ടത്തിന് ജീവിക്കാൻ നോക്ക് ചെക്കാ…’

സഹോദരിയുമായി ഫോണിൽ സംസാരിച്ച നാളായിരുന്നുവത്. അവളുടെ അഭിപ്രായത്തിൽ അച്ഛനൊരു തന്ത്രശാലിയാണ്. രണ്ട് ഏക്കർ ചെങ്കൽപ്പണക്കുള്ള അനുവാദം വാങ്ങി അഞ്ചേക്കർ മാന്തുന്ന ആളാണ്. ലാഭം തരാത്ത ഒരു കാര്യത്തിലും അച്ഛൻ മുതൽ മുടക്കില്ല. ഇങ്ങോട്ട് പണവും സ്വർണ്ണവും തരാന്ന് പറഞ്ഞ് വന്ന ആൾക്കാണ് തന്നെ കെട്ടിച്ച് കൊടുത്തതെന്ന് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു. ആരിൽ നിന്നോ ചേച്ചിയെ അടർത്തി മാറ്റിയിട്ടാണ് അച്ഛൻ അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലായി.

ഓർക്കുമ്പോൾ ശരിയാണ്. ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള ചിലവുകൾ ഈയിടെയായി അച്ഛൻ ആവർത്തിച്ച് പറയുന്നുണ്ട്. ചേച്ചിയെ കെട്ടിച്ച വകയിൽ കിട്ടിയ പണം കൊണ്ടാണ് എന്റെ ജോലി ആ മനുഷ്യൻ തരപ്പെടുത്തിയത്. ലാഭമല്ലേ… ബാങ്കിൽ നിന്ന് കിട്ടുന്നതിനേക്കാളും പണം മാസാമാസം ലഭിക്കുന്നു. അവൾ പറഞ്ഞത് പോലെ അച്ഛൻ തന്ത്രശാലി തന്നെ. അമ്മയും രക്ഷപ്പെട്ട് പോയതായിരിക്കും. സംരക്ഷിക്കാനുള്ള കെൽപ്പ് ഇല്ലാത്തത് കൊണ്ടായിരിക്കണം ഞങ്ങളെ ഒപ്പം കൂട്ടാതിരുന്നത്. ഇനി എന്റെ ഊഴമാണ്. എനിക്കും രക്ഷപ്പെട്ടേ മതിയാകൂ…

‘അച്ഛൻ എന്ത് പറഞ്ഞാലും എനിക്ക് മതിയായി. ഇനി ഞാൻ അങ്ങോട്ട് പോണില്ല. മറ്റൊരു ജോലി തരപ്പെട്ടിട്ടുണ്ട്…’

‘അത് നീ മാത്രം തീരുമാനിച്ചാൽ മതിയൊ? ഇത് ഞാൻ ഉണ്ടാക്കിയ വീടാണ്. എന്നെ അനുസരിക്കാൻ പറ്റുന്നെങ്കിൽ നിന്നാൽ മതി… തള്ളയിട്ട് പോയ നിന്നെയൊക്കെ ഇത്രവരെ നയിച്ചതിന്റെ കൂലി ഞാൻ പിന്നെ ആരോടാ ചോദിക്കേണ്ടത്…?’

ഇങ്ങനെ കണക്ക് പറയാൻ ആണെങ്കിൽ ഉണ്ടാക്കാതിരുന്നൂടെയെന്ന് അച്ഛനോട്‌ പറയാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. എന്നാൽ, മറ്റൊരു ബലം ഞാൻ കാട്ടി. ധരിച്ചിരുന്ന വസ്ത്രത്തോടെ ആ രാത്രിയിൽ ഇറങ്ങി പോകുകയായിരുന്നു.

‘ഇത് അച്ഛൻ തന്നെയാണെന്ന് ഉറപ്പാണോ…?’

അതേയെന്ന് ഞാൻ പറഞ്ഞു. ഉണ്ടായിരുന്ന വീടും പണവുമെല്ലാം എങ്ങനെ പോയെന്ന് അറിയില്ല. ഏതോ തെരുവിൽ കീറിപ്പറിഞ്ഞ വേഷത്തോടെ അച്ഛനെ കാലം എത്തിച്ചിരിക്കുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ വീട് മൗനം തുടരുകയാണ്. പോയി കണ്ടാലോയെന്നും, കൂടെ കൂട്ടിയാലോയെന്നും ഭാര്യയോട് അഭിപ്രായപ്പെട്ടു. അവൾക്ക് എതിർപ്പൊന്നുമില്ല. എന്നോളം വളർന്ന മക്കൾക്കും സമ്മതം…

വാട്സാപ്പിൽ കിട്ടിയ വീഡിയോയുടെ ഉറവിടം കണ്ടെത്തി പിറ്റേന്ന് തന്നെ ഞാൻ പുറപ്പെട്ടു. തനിയേയാണ്. മകൻ ആണെന്നൊന്നും പറഞ്ഞില്ല. ആ മനുഷ്യനെ സംരക്ഷിക്കാൻ താൽപ്പര്യമുള്ള ആളെന്ന നിലയിലാണ് ബന്ധപ്പെട്ടത്. ഏതൊയൊരു ഓൾഡ് ഏയ്ജ് ഹോമിലാണ്. എത്താറായപ്പോൾ തലക്ക് മേലെ ഒരു കണക്ക് മാഷ് നിൽക്കുന്ന അനുഭവമായിരുന്നു. മുതൽ ഇരട്ടിക്കാനുള്ള ഗുണനം മാത്രം കേൾക്കുന്നു.

‘അവിടെയുണ്ട്… ഒത്തിരിപ്പേർ വിളിച്ചിരുന്നു…’

വീഡിയോവിൽ കണ്ടത് പോലെയല്ല. മുടിയൊക്കെ വെiട്ടി വൃത്തിയുള്ള വേഷത്തിലാണ് അച്ഛൻ ഇരിക്കുന്നത്. ആ ബെഞ്ചിന് അഭിമുഖമായി ഞാൻ നിന്നു. എന്നെ നോക്കിയ അച്ഛന്റെ കണ്ണുകൾ ചിമ്മാതെ അങ്ങനെ വിടർന്നിരിക്കുകയാണ്. ശേഷം, തലകുനിച്ചു. കൂടെ വരുന്നോയെന്ന് ചോദിച്ചപ്പോൾ മോനെയെന്ന് ആ വൃദ്ധൻ വിതുമ്പി. ശേഷം സ്ഫുടതയില്ലാതെ ചിലതൊക്കെ പറഞ്ഞു. ലാഭം കിട്ടുമെന്ന് കരുതി ചെയ്ത കച്ചവടം പൊളിഞ്ഞെന്നും, കാശ് ഇല്ലെങ്കിൽ കാക്കക്ക് പോലും വേണ്ടാത്തവരാണ് മനുഷ്യരെന്നും, അടവരയിടാൻ പാകം ഞാൻ കേട്ടു.

കൂടെ വരാൻ അച്ഛന് സമ്മതമായിരുന്നില്ല. എന്നെ കാണുമ്പോഴൊക്കെ കരച്ചില് വരുമെന്നാണ് പറയുന്നത്. നിർബന്ധിച്ചില്ല. സാധിച്ചാൽ ഇടയ്ക്കൊക്കെ വരൂവെന്ന് പോകാൻ നേരം അച്ഛൻ പറഞ്ഞിരുന്നു. ശരിയെന്ന് മൊഴിഞ്ഞ് ഞാൻ തിരിച്ചു. വലിയ വിഷമമൊന്നും തോന്നിയില്ല. ഒരുകാലത്ത് ഏറെ ഇഷ്ടമായിരുന്ന മുഖത്തെ പിന്നീട് വെറുത്തതാണ്. പക്ഷേ, അവശതയോടെ തെരുവിൽ കണ്ടപ്പോൾ സങ്കടം തോന്നി. കുറ്റബോധമില്ല. എന്തെന്നാൽ, പ്രായവും, മരണവും ആരെയും മഹാത്മാവ് ആക്കുമെന്ന് വിശ്വസിക്കുന്നവരിൽ ഞാൻ ഉൾപ്പെടുന്നില്ല…!!!

Leave a Reply

Your email address will not be published. Required fields are marked *