എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആയിരുന്നില്ല; അവൾക്ക് എന്നേക്കാളും പതിനഞ്ച് വയസ്സിന്റെ മൂപ്പുണ്ട് എന്നതായിരുന്നു വീട്ടുകാരുടെ പ്രശ്നം.
‘നിന്റെ അമ്മയുടെ പ്രായുണ്ടല്ലോ ഓൾക്ക്…!’
അച്ഛനാണ് പറഞ്ഞത്. ഞാൻ മിണ്ടിയില്ല. തന്നോളം പോന്ന മരുമോളെ തനിക്ക് വേണ്ടെന്ന് അമ്മയും പറഞ്ഞു. അവിടേയും ഞാൻ മൗനിയായി. ഏട്ടന്റെ ഇഷ്ട്ടം അതാണെങ്കിൽ അങ്ങനെ ആകട്ടേയെന്ന് അനിയത്തി പറഞ്ഞിരുന്നു. അവൾ മാത്രമേ എന്റെ സന്തോഷത്തിനെ അനുകൂലിച്ചുള്ളൂ..
പ്രണയത്തിലായ പെണ്ണിന്റെ പേര് സുലോചനയെന്നാണ്. ഇഷ്ട്ടമാണെന്ന് മൊഴിഞ്ഞ് പിറകേ നടക്കുമ്പോഴെല്ലാം മേൽപ്പറഞ്ഞ പ്രശ്നങ്ങൾ തന്നെയാണ് ആദ്യമൊക്കെ അവളും പറഞ്ഞിരുന്നത്. എന്നിട്ടും ഞാൻ അവളെ സമ്മതിപ്പിച്ചു. പ്രായ പൂർത്തിയായ ആണിനും പെണ്ണിനും ജീവിതം പങ്കുവെക്കാൻ പ്രായമൊരു ഘടകമേ അല്ലായെന്ന് പതിയേ സുലോചനയെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്നാണ്, ശാരീരികമായും മനസാകിമായും ഞങ്ങൾ ഏറെ അടുത്തത്.
‘എന്റെ പ്രായമെത്രയാന്ന്ന്ന് നിനക്കറിയോ..? എന്റെ കൂടെയൊന്ന് കിടക്കുമ്പോഴേക്കും നിനക്കെന്നെ മടുക്കും ചെക്കാ…’
ആരംഭത്തിൽ സുലോചന പറഞ്ഞതാണ്. വല്ല കോളേജ് പെൺ പിള്ളേരെ പോയി പ്രേമിക്കടായെന്ന് ഉപദേശിക്കുകയും ചെയ്തു. ഞാൻ തയ്യാറായില്ല. എനിക്ക് സുലോചന മതിയായിരുന്നു. അവളുടെ മിനുസം പോയി തുടങ്ങിയ മൂക്കിലേക്കൊരു മൂക്കുത്തി സമ്മാനിച്ച് പിന്തിരിയില്ലെന്ന് ഞാൻ പ്രഖ്യാപിച്ചു. നിരന്തരമുള്ള എന്റെ സമീപനത്തിൽ സത്യമുണ്ടെന്ന് എപ്പോഴോ അവൾക്ക് തോന്നിയിട്ടുണ്ടാകണം…
വിവാഹമേ വേണ്ടായെന്ന് തീരുമാനിച്ച് ജീവിച്ചവളായിരുന്നു സുലോചന. ഒരു ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിൽ അവൾക്ക് ജോലിയുണ്ട്. ആകെയുള്ളത് അമ്മയാണ്. ആ അമ്മയ്ക്ക് ഞങ്ങളുടെ ബന്ധത്തോട് എതിർപ്പ് ഉണ്ടായിരുന്നില്ല.
ഒരിക്കൽ സുലോചന ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകേണ്ട ആവിശ്യം എനിക്ക് ഉണ്ടായിരുന്നു. പിന്നീട് പല ഇടങ്ങളിൽ നിന്നും അവിചാരികമായി ഞങ്ങൾ കണ്ടുമുട്ടി. പതിയേ ആ പരിചയം പ്രണയത്തിലേക്ക് മാറുകയായിരുന്നു.
‘ഡാ.. അവളൊരു ആറ്റം ചiരക്കാണ്.. ഞാനടക്കം മുട്ടിയിട്ടും കിട്ടിയിട്ടില്ല. നിന്റെയൊക്കെയൊരു ഭാഗ്യം… എന്നുവെച്ച് കെട്ടാനൊന്നും നിക്കല്ലേ…’
കൂട്ടുകാരിൽ ഒരുത്തൻ ഉപദേശിച്ചതാണ്. പ്രായം കൂടിയ സ്ത്രീകളെ തേടുന്ന ചെറുപ്പക്കാരുടെ ഉന്നം ലൈംiഗീകത മാത്രമാണെന്ന കരക്കമ്പി അല്ലെങ്കിലും പൊതുവിലുണ്ട്. അത് അറിയുന്നത് കൊണ്ട്, കെട്ടുന്നു ണ്ടെങ്കിൽ സുലോചനയെ മാത്രമേ കെട്ടൂവെന്ന് ഞാൻ പറഞ്ഞു. വൈകാതെ അവരൊക്കെ എന്നെ വിട്ട് പോകുകയായിരുന്നു. അങ്ങനെയുള്ള സുഹൃത്തുക്കളൊന്നും ഇല്ലാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി.
‘പ്രായത്തിന്റേതാണ്… കുറച്ച് കഴിയുമ്പോൾ വേണ്ടാന്ന് തോന്നും… പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം..’
അന്ന്, പിന്തിരിപ്പിക്കാനുള്ള കുടുംബയോഗത്തിൽ അമ്മാവൻ പറഞ്ഞതാണ്. നാളും ജാതകവും പ്രായവും നോക്കി കൂട്ടികെട്ടിയവർ മാസങ്ങൾക്കുള്ളിൽ പിരിഞ്ഞ് പോകുന്നതിനെ കുറിച്ച് ഞാൻ ആരാഞ്ഞു. തന്റെ മൂത്ത മകൾ അങ്ങനെ കെട്ട് പൊട്ടി വീട്ടിലിരിക്കുന്നത് കൊണ്ട് അമ്മാവന് ഉത്തരം ഉണ്ടായിരുന്നില്ല..
സ്വന്തമായി ജോലിയുള്ള എനിക്ക് എന്ത് ചെയ്യണമെന്നതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. അതിനാൽ മൗനമാണ് നല്ലതെന്ന് തോന്നി. പക്ഷേ, അമ്മയുടെയും അച്ഛന്റെയും പിൻബലത്തോടെ എന്തും പറയാമെന്നുള്ള തലത്തിൽ അമ്മാവൻ സുലോചനയെ ആക്ഷേപിച്ചു. മോന്റെ പ്രായത്തിലുള്ളവനെ വശീകരിച്ച അവൾ പിiഴയാണെന്ന് വരെ അമ്മാവൻ പറഞ്ഞു. എനിക്ക് സഹിച്ചില്ല.
‘അങ്ങനെയെങ്കിൽ അമ്മാവനും പിiഴയല്ലേ…?’
എന്നിൽ നിന്നും ആ ചോദ്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്താടാ പറയുന്നതെന്ന് അച്ഛൻ ചോദിക്കും മുമ്പേ വിശദമാക്കി. അമ്മാവനും അമ്മായിയും തമ്മിലുള്ള പ്രായ വിത്യാസം മാത്രമേ ഞങ്ങൾ തമ്മിലുള്ളൂവെന്ന് പറഞ്ഞ് ഞാൻ കൈകെട്ടി നിന്നു. അപ്പോഴാണ് തർക്കുത്തരം പറയുന്നോടായെന്ന് അമ്മ ചോദിച്ചത്.
‘അച്ഛനും അമ്മയും തമ്മിലുമുണ്ടല്ലോ ഏതാണ്ട് ഇത്രേം പ്രായത്തിന്റെ…!’
അമ്മ പിന്നെ മിണ്ടിയില്ല. അവളുടെ മൂiടും മുiലയും കണ്ട് ചെക്കൻ മയങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ് അമ്മാവൻ ഇരുന്നിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു. അത് തന്നെ കാര്യമെന്ന് അച്ഛനും പറഞ്ഞു. അങ്ങനെ ആണെങ്കിൽ തന്നെ എന്താണ് കുഴപ്പമെന്ന് ചോദിച്ച് ഞാൻ തല ഉയർത്തി. ഇനിയും ഇതൊക്കെ കേട്ട് ഇവിടെ നിന്നാൽ ശരിയാകില്ലെന്ന് കരുതിയിട്ടായിരിക്കണം അമ്മ അനിയത്തിയേയും കൂട്ടി അകത്തേക്ക് പോയത്.
‘നീ ഓളേം വിളിച്ച് ഇങ്ങോട്ട് കേറി വന്നാൽ നാട്ടുകാരുടെ മുഖത്തെങ്ങനെ നിന്റെ അച്ഛൻ നോക്കും…?’
അമ്മാവൻ അങ്ങനെ പറഞ്ഞപ്പോൾ അച്ഛൻ തല കുനിച്ചു. നാട്ടുകാരോട് ചോദിച്ചിട്ടാണോ അച്ഛനും അമ്മയും എന്നെ ഉണ്ടാക്കിയതെന്ന് എനിക്ക് ചോദിക്കണമായിരുന്നു. കഴിഞ്ഞില്ല. കാരണം, നാട്ടുകാരെ ബോധ്യപ്പെടുത്താനായി നീക്കി വെക്കേണ്ടതല്ല ജീവിതമെന്ന ബോധം തന്നെയായിരുന്നു.
‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ സുലോചനയെ കെട്ടും..’
ആ തറപ്പിച്ചുള്ള പറച്ചിൽ കേട്ടപ്പോൾ അമ്മാവൻ ഇറങ്ങിപ്പോയി. എങ്കിൽ, നിന്നെ ഈ വീട്ടിൽ വേണ്ടായെന്ന് പറഞ്ഞ് അച്ഛൻ അകത്തേക്കും പോയി. ഇങ്ങനെയൊരു പരിസമാപ്തി പ്രതീക്ഷിച്ചിരുന്നു. സുലോചനയെ എനിക്ക് മാറ്റി നിർത്താൻ കഴിയുമായിരുന്നില്ല. ഒരു പെണ്ണിന് വേണ്ടി കുടുംബത്തെ തന്നെ തള്ളി കളഞ്ഞുവെന്നൊക്കെ അമ്മാവൻ നേരത്തേ പറഞ്ഞ നാട്ടുകാർ പറയുമായിരിക്കും. സാരമില്ല. എന്നെ അളക്കാൻ തത്രപ്പാട് കാണിക്കുന്ന ആരെയും ഞാൻ കാണുന്നതേയില്ല.
ആ രാത്രിയിൽ സുലോചയുടെ വീട്ടിലാണ് അന്തിയുറങ്ങിയത്. പിറ്റേന്ന്, നാട്ടിലെ അമ്പലത്തിൽ നിന്ന് തന്നെ അവളുടെ കഴുത്തിലൊരു താലിയും കെട്ടി. പൂജാരിയുടെ മുഖത്ത് വരെ ഒരു വഷളൻ ചിരി തെളിഞ്ഞിരിക്കുന്നു. ക്ഷണിക്കാതെ ഇരുന്നിട്ടും നാട്ടുകാരിൽ പലരും ഞങ്ങളെ കാണാൻ കൂടിയിരുന്നു. വന്നവർ മനുഷ്യർ ആയിരുന്നില്ല. അവർ കുറുക്കന്മാരെ പോലെ ഓരിയിടുകയാണ്…
ഭാര്യവീട്ടിൽ താമസമാക്കിയതിലും പരിഹസിക്കാൻ ആൾക്കാർ തമ്മിൽ മത്സരിച്ചു. അവർ നാക്ക് കുഴയും വരെ വായിൽ തോന്നിയത് തുടരട്ടേയെന്ന് ഞാനും കരുതി. ആ നേരം വെളുക്കാത്തവരെ തിരുത്താൻ നിൽക്കുന്നതിനേക്കാൾ നല്ലത് കടൽത്തീരത്തെ മണൽത്തരികൾ എണ്ണുന്നതാണ്.
യഥാർത്ഥത്തിൽ എന്റേയും സുലോചനയുടെയും പ്രായമാണോ നാട്ടുകാർ ഞങ്ങളിൽ കണ്ടെത്തിയ കുറ്റം? അമ്മ മാത്രമുള്ള സ്വന്തം പെണ്ണിന്റെ വീട്ടിൽ താമസമാക്കിയത് എങ്ങനെയാണ് ഈ സമൂഹത്തിൽ തെറ്റാകുന്നത്? എന്തുതന്നെ ആയാലും ആ തെറ്റുകളിൽ തന്നെയാണ് എന്റെ ശരി. ഞങ്ങൾ ഒരുമിച്ച് തൊട്ടുരുമ്മി പോകുന്നത് കാണുമ്പോൾ വേവുന്ന ഉള്ളുകളോട് ചിരിക്കാൻ സാധിക്കുന്നതും അതുകൊണ്ടാണ്.
പൊതുവേ മറ്റുള്ളവരുടെ നിരുപദ്രവപരമായ ഇഷ്ട ജീവിതത്തിൽ തലയിട്ട് അഭിപ്രായം ഛർദ്ദിക്കാൻ എന്നും ഒരു വിവരമില്ലാത്ത ജനത ഈ നാട്ടിലുണ്ടാകും. അവരോടൊക്കെ തർക്കിക്കാൻ നിൽക്കുന്നത് മടയത്തരമാണ്. അല്ലെങ്കിലും, സ്വന്തം ഇണയെ പോലും നിർണ്ണയിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കിൽ, ഈ ജീവനുകൾക്കെല്ലാം എന്തിനാണല്ലേ ഇങ്ങനെയൊരു ജീവിതം…!!!