ഇളയവൾ തയ്യാറായി. പായസം കുടിച്ച് കഴിഞ്ഞാൽ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് മൂത്തവൾക്ക് താൽപര്യം തോന്നിയത്. ഡെയിനിംഗ് ടേബിളിന് ചുറ്റുമായി ഞങ്ങൾ ഇരുന്നു….

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പോയിസൺ കലർത്തി കോരിക്കുടിക്കാമെന്ന ധാരണയിലാണ് രാത്രിയിൽ പായസം ഉണ്ടാക്കിയത്. സ്കൂളിൽ പോകുന്ന പ്രായത്തിൽ രണ്ട് പെൺമക്കളാണ് എനിക്ക്. അവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമായത് കൊണ്ട് മനസ്സ് കല്ലാണ്. ഈ ലോകം കള്ളങ്ങൾ കൊണ്ട് നിർമ്മിച്ചതും.

‘അമ്മേ കരണ്ട് പോയി…’

ഇളയവളുടെ ശബ്ദമാണ്. ഞാൻ മെഴുകുതിരി കത്തിച്ചു. അടുക്കളയിൽ പ്രകാശം പടർന്നു. വിiഷം കലർത്താനായി ഉരുളിയിൽ നിന്ന് പാതി പായസം മാത്രമേ എടുത്തുള്ളൂ. മരിക്കാനുള്ള മധുരം നിറച്ച കോപ്പയുമായി ഞാൻ ഹാളിലേക്ക് നടക്കുകയാണ്. അപ്പോഴേക്കും ഇലക്ട്രിക് റാന്തലും കത്തിച്ച് മൂത്തവളും വന്നു. അവൾക്ക് പായസം വേണ്ട പോലും. കേട്ടപ്പോൾ മുഴുവനും താൻ കുടിച്ചോളാമെന്ന് ഇളയവൾ പറഞ്ഞു. എല്ലാവരും കുടിക്കുമെന്ന് മൊഴിഞ്ഞ് കോപ്പ ഞാൻ മേശപ്പുറത്തേക്ക് വെച്ചു. ഒരു പരവേശവും കാട്ടിയില്ല. കറണ്ട് വരുന്നത് വരെ നിന്നാൽ ചൂട് പോകുമെന്ന് ശബ്‌ദിച്ച് രണ്ട് പേരുടെയും കണ്ണുകളിലേക്ക് നോക്കി ചിരിച്ചു.

‘വന്ന് ഇവിടെ ഇരിക്ക്… ഞാൻ കോരിത്തരാം…..’

ഇളയവൾ തയ്യാറായി. പായസം കുടിച്ച് കഴിഞ്ഞാൽ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് മൂത്തവൾക്ക് താൽപര്യം തോന്നിയത്. ഡെയിനിംഗ് ടേബിളിന് ചുറ്റുമായി ഞങ്ങൾ ഇരുന്നു. എന്താണ് സർപ്രൈസെന്ന് രണ്ടുപേരും മാറി മാറി ചോദിക്കുന്നുണ്ട്. ആ നേരം അൽപ്പം പതറിയെങ്കിലും പരവേശപ്പെട്ടില്ല. പുഞ്ചിരിച്ച മുഖവുമായി നിലകൊള്ളുമ്പോഴും ഹൃദയം പട പടാന്ന് ബഹളം വെക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അതിന് ആക്കം കൂട്ടാൻ എന്നോണം ഫോൺ മണികളും മുഴങ്ങി..

‘വേണ്ട.. എടുക്കണ്ട. അത് അവിടെ കിടന്ന് അടിക്കട്ടെ…’

ഫോൺ എടുക്കാൻ എഴുന്നേറ്റ ഇളയവളോട് ഞാൻ പറഞ്ഞതാണ്. അച്ഛൻ ആയിരിക്കും അമ്മേയെന്ന് മൂത്തവൾ സൂചിപ്പിച്ചു. ആയിരിക്കി ല്ലെന്ന് പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. അവരുടെ അച്ഛൻ ഇനിയൊരു കാലത്തും വിളിക്കില്ലെന്ന് പറയാൻ തോന്നിയില്ല. കാരണം ചോദിച്ചാൽ പറയാനുള്ള ആവത് എനിക്കില്ല. ഉറ്റവരാൽ ഉപേക്ഷിക്ക പ്പെട്ടെന്ന് അറിയുമ്പോഴുള്ള വേദന മുഴുവനായി പകർത്താൻ ഇന്നും ലിപിയില്ലെന്ന് തോന്നുന്നു. പ്രാണനെന്ന് കരുതിയ മനുഷ്യൻ ഇല്ലാത്ത ഈ മണ്ണിൽ തുടരാൻ എനിക്ക് സാധിക്കില്ല. ചതിക്കപ്പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നതേയില്ല. രക്ഷപ്പെടണം… ലോകം തിരിയാത്ത പെൺ മക്കളാണ്. അവരെയും കൂടെ കൊണ്ട് പോകുകയേ നിവർത്തിയുള്ളൂ…

‘ആദ്യം കുഞ്ഞാറ്റയ്ക്ക്…!’

ഇളയവൾ വാ പൊളിച്ചു. പായസം നിറച്ച സ്പൂൺ അവളിലേക്ക് ഞാൻ അടുപ്പിച്ചു. കൃത്യം, ആ നേരത്താണ് ആദ്യം തനിക്കെന്ന് പറഞ്ഞ് ഞങ്ങളിലേക്ക് ഒരു മുഖം വന്നതും, പായസം അകത്താക്കിയതും. മക്കള് രണ്ടാളും നിലവിളിച്ച് പോയി. ഞാൻ കസേരയിൽ നിന്ന് തറയിലേക്ക് തെന്നി വീണു. പുരുഷനാണ്. മുക്കിന് മുകളിലേക്ക് മങ്കി ക്യാപ്പ്. മേശപ്പുറത്ത് വെച്ചിരുന്ന കോപ്പയെടുത്ത് അയാൾ മോന്തിക്കുടിച്ചു. പായസം മീശയിൽ പറ്റിയിരിക്കുന്നു..

‘ആരാ… ആരാ നിങ്ങള്…?’

വിറച്ച ശബ്ദത്തോടെയാണ് ഞാനത് ചോദിച്ചത്. മക്കള് രണ്ടാളും ഭയത്തിന്റെ പശയിൽ എന്റെ ദേഹത്തേക്ക് പറ്റിച്ചേർന്നിട്ടുണ്ട്.

‘മനോജ്‌… ഓന്ത് മനോജ്‌…. കള്ളനാണ്.’

എന്നും പറഞ്ഞ് അയാൾ എന്റെ ഇടം കവിളിലേക്ക് ആഞ്ഞ് തiല്ലുക യായിരുന്നു. വേദനയൊന്നും അറിഞ്ഞില്ല. മക്കള് കാറി വിളിച്ചെങ്കിലും ഞാൻ കല്ല് പോലെ നിന്നു.

‘എടുക്കെടി ഇവിടെ ഉള്ളതെല്ലാം… ഓന്തിന്റെ നിറം മാറ്റരുത്…’

കiത്തി ചൂണ്ടിക്കൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. എനിക്ക് ഭയം തോന്നിയില്ല. ആ കണ്ണുകളിലേക്ക് നോക്കി ചാകാൻ തുനിഞ്ഞവളുടെ ധൈര്യം ഞാൻ പകർന്നു.

‘നോക്കി പേടിപ്പിക്കുന്നോ… എല്ലാത്തിനെയും തീർക്കും ഞാൻ… ഒന്തിനിത് ഈച്ച കേസാണ്… ഹോ.. തല പെരുക്കുന്നു… എന്ത് പായസാടി നീ ഇണ്ടാക്കിയേ…?’

കഴുത്ത് മേലോട്ട് ഉയർത്തിയാണ് ആ കള്ളൻ അങ്ങനെ പറഞ്ഞത്. പ്രതീക്ഷിച്ചത് പോലെ അൽപ്പ നേരത്തിനുള്ളിൽ തന്നെ അയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. ആ ശബ്ദം കേട്ടപ്പോഴാണ് മക്കൾ രണ്ടുപേരും തങ്ങളുടെ അടച്ച കണ്ണുകൾ തുറക്കുന്നത്. അമ്മേയെന്ന് വിളിച്ച് അവർ ഒന്നുകൂടി എന്നിലേക്ക് അമർന്നു. ഞാൻ പതറിയില്ല.

‘നിങ്ങള് പേടിക്കാതെ… അമ്മയില്ലേ… അമ്മയുണ്ട്… പേടിക്കാതെ…’

ഭയന്ന് വിറച്ച് മാറിലേക്ക് ഒട്ടിപ്പിടിച്ച മക്കളെ അടർത്തി മാറ്റിയാണ് ഞാനത് പറഞ്ഞത്. അവർ ഭയന്ന് വിളറിയിരിക്കുന്നു. നെറ്റിയും തൊണ്ടയും വിയർത്തിരിക്കുന്നു. ഇളയവളുടെ ബോധം മറയുന്നത് പോലെ… അവളെ മടിയിലേക്ക് കിടത്തി മോളേയെന്ന് വിളിച്ച് ഞാൻ തേങ്ങി. വെള്ളം എടുക്കാൻ പറഞ്ഞപ്പോഴാണ് മൂത്തവളുടെ നോട്ടം ശ്രദ്ധിക്കുന്നത്. ചൂണ്ട് വിരലോളം കൂർത്ത കണ്ണുകൾ. അവൾ നീട്ടിയ വെള്ളം ഇളയവളുടെ മുഖത്ത് കുടയുമ്പോഴും, കണ്ണുകൾ തുറന്ന അവളെ കസേരയിൽ ഇരുത്തുമ്പോഴും മൂത്തവളുടെ കൺമുനയിൽ ഞാൻ തന്നെ ആയിരുന്നു.

‘അമ്മ ആ പായസത്തിൽ എന്താ കലർത്തിയത്…?’

ചോദ്യം നെറ്റിയിൽ തന്നെ കൊണ്ടു. കൂട്ടത്തോടെ ഇല്ലാതാകണമെന്ന് തീരുമാനിച്ച നേരം തൊട്ട് കല്ലാക്കിയ ഹൃദയം പൊടിഞ്ഞ് പോയി. നീരുറവകൾ തള്ളിത്തങ്ങിയ കണ്ണുകൾ കവിളിലേക്ക് കവിയുകയാണ്. ഞാൻ അവളുടെ കാലുകളിൽ വീണ് കുതിർന്ന് പോയി. മണിക്കൂറുകൾ കൊണ്ട് ജീവിതത്തിന്റെ ഗതി തന്നെ മാറിയിരിക്കുന്നു.

‘എനിക്ക് അറിയാം… അച്ഛൻ ഇനി വരില്ല.. അതുകൊണ്ടല്ലേ അമ്മ ഇങ്ങനെ… എന്നാലും നമ്മുടെ കുഞ്ഞാറ്റയെ കൂടി….’

ഞാൻ അവളുടെ വായ പൊത്തിപ്പിടിച്ചു. അമ്മയ്ക്ക് തെറ്റ് പറ്റിപ്പോയെന്ന് കണ്ണുകൾ കൊണ്ട് കേണു. പൊന്നുമോൾക്ക് എന്നോട് ക്ഷമിക്കാൻ പറ്റിയെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ, അവൾ എന്നെ മുറുക്കെ പുണരില്ലായിരുന്നുവല്ലോ… ഇളയവൾക്ക് അപ്പോഴും കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. വെറുതേ ഞങ്ങളെ നോക്കുകയാണ്… ഞാൻ എന്തൊരു പാപിയാണല്ലേ… ഒരുത്തൻ ഇട്ടിട്ട് പോയപ്പോൾ തുടരാൻ പറ്റാത്ത നിലയിലേക്ക് വീണത് ഞാൻ മാത്രമല്ലെ… മക്കൾ എന്ത് പിiഴച്ചു… എന്റെ മൊട്ടുകളെ കൊഴിച്ചിടാൻ ശ്രമിച്ച എനിക്ക് മാപ്പില്ല. ജീവനത് അർഹിക്കുന്നതേയില്ല…

‘ഇയാളെ എന്ത് ചെയ്യും…. നമുക്ക് പോലീസിൽ പറയാം…’

ശരിയാണ്. പറ്റിയ അബദ്ധം തുറന്ന് പറയാം. മരിച്ച് കിടക്കുന്നത് ആരെയും കൊiല്ലാൻ പോലും മടിയില്ലാത്ത ആളായത് കൊണ്ട് കുറ്റബോധമില്ല. എല്ലാം തുറന്ന് പറഞ്ഞാൽ, നിയമം എന്നോട് ക്ഷമിക്കും. എത്രയേറെ വിഷമങ്ങൾ വീണാലും ജീവിക്കാൻ കിട്ടിയ ഈ അവസരത്തെ ഇനിയൊരിക്കലും ഇല്ലാതാക്കാൻ ശ്രമിക്കില്ല. തെറ്റായ തീരുമാനത്തോടെ നുള്ളിയെടുക്കാൻ നോക്കിയ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ശക്തമായി തുടരാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ മാത്രമേ ഈ പാപത്തിന്റെ മോചനം എന്നിൽ സംഭവിക്കുകയുള്ളൂ….

‘അമ്മേ.. ആരാത്…!’

ഞങ്ങളെ ഒന്നുകൂടി പേടിപ്പിക്കാൻ വേണ്ടിയാണ് ആ നേരത്ത് കാളിംഗ് ബെല്ല് മുഴങ്ങിയത്. സ്റ്റേഷനിലേക്ക് വിളിക്കാനായി എടുത്ത ഫോണുമായി ഞാൻ കതകിലേക്ക് നടന്നു. തുറക്കുമ്പോഴേക്കും കറണ്ട് വന്നിരുന്നു…

‘ആരാ മെയിൻ സ്വിച്ച് ഓഫാക്കിയത്…?’

എന്നും പറഞ്ഞ് കയറി വന്നത് എന്റെ അച്ഛനായിരുന്നു. അപ്പൂപ്പായെന്ന് വിളിച്ച് മക്കൾ അടുത്തേക്ക് ചെന്നു. കാര്യങ്ങളെല്ലാം അറിഞ്ഞുള്ള വരവായിരുന്നുവത്…

‘മരണ വീട്ടിലേക്ക് വന്നത് പോലെയുണ്ട്. നിന്നേം മക്കളേം വേണ്ടെങ്കിൽ പിന്നെ നിനക്കെന്തിനാ അവനെ… പോകാൻ പറ… വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ടാണ് നേരെ വന്നത്… എനിക്കറിയില്ലേ നിന്നെ… ഒന്നും ഹാൻഡിൽ ചെയ്യാൻ അറിയില്ല നിനക്ക്…’

മക്കളെക്കാളും ചെറുതായി അച്ഛന്റെ മാiറിലേക്ക് വിതുമ്പലോടെ ഞാൻ വീണു. പറ്റിപ്പോയെന്ന് പറഞ്ഞ് നടന്നതെല്ലാം വിശദീകരിച്ചു. ഞെട്ടലോടെയാണ് അച്ഛൻ കേട്ടത്. തല്ലാനായി കൈയ്യും ഓങ്ങി. മക്കൾ ഉള്ളത് കൊണ്ടായിരിക്കണം നിയന്ത്രിച്ചത്…

‘എന്നിട്ട് എവിടെ ആ കള്ളൻ…?’

അച്ഛനെ ഞാൻ ഹാളിലേക്ക് ആനയിച്ചു. അവിടെ എത്തിയ ഞങ്ങൾക്ക് പരസ്പരം വെറുതേ നോക്കി നിൽക്കാനേ സാധിച്ചുള്ളൂ… ആരുമില്ല…!

‘ഇവിടെയായിരുന്നു….!’

മക്കളും ആവർത്തിച്ചു. അച്ഛൻ വിശ്വസിച്ചില്ല. ഒരു കള്ളന്റെ മരണവുമായി എന്ത് മായയാണ് ചുറ്റും നടക്കുന്നതെന്ന് മനസ്സിലാകാതെ തറച്ച അമ്പ് പോലെ ഞാൻ അങ്ങനെ നിൽക്കുകയാണ്. ഓർത്തപ്പോൾ സംശയം തോന്നി. അത് പരിശോധിക്കാനാണ് അടുക്കളയിലേക്ക് ചെന്നത്. പായസം ഉണ്ടാക്കിയ ഉരുളി തുറന്ന് നോക്കിയപ്പോൾ കാലിയാണ്…! അരികിലായുള്ള വാഷ് ബേസിനിൽ ഒഴിച്ചതിന്റെ അടയാളവുമുണ്ട്…!

സംശയം ശരിയായിരുന്നു. പായസം ഉണ്ടാക്കുന്നതും, കോപ്പയിലേക്ക് ഒഴിച്ച് പോയ്സൺ കലർത്തുന്നതും കള്ളൻ കണ്ടിരിക്കണം. കറന്റ്‌ പോയപ്പോൾ ആയിരിക്കണം അയാളുടെ ഇടപെടൽ. പിന്നീട് നടന്നതെല്ലാം ആ മനുഷ്യന്റെ കള്ളത്തരമാണ്. എന്തുതന്നെ ആയാലും കൊടും പാപി ആകാതിരിക്കാൻ എന്നെ തടഞ്ഞ കള്ളനോട് നന്ദിയുണ്ട്. താൻ ഓന്ത് മനോജാണെന്ന് പറയുമ്പോൾ കൊള്ളേണ്ടി വന്ന ആ തiല്ലിന്റെ വേദന ആ നിമിഷമാണ് ഇടം കവിളിൽ നിന്ന് ഉണർന്നത്…!!!

Leave a Reply

Your email address will not be published. Required fields are marked *