സമയാസമയങ്ങളിൽ വച്ച് വിളമ്പിയും, തുണി അലക്കിയും, വീട് വൃത്തിയാക്കിയും ഞാനവിടെ കിടന്ന് നരകിക്കുവാ, എന്നാലെങ്കിലും ഒരു കൈ സഹായമോ, ഒരു നല്ല വാക്കോ അച്ഛനും മക്കളും പറയില്ല, വിശക്കുമ്പോൾ, കൈയ്യും കഴുകി…….

_lowlight _upscale

എഴുത്ത്:-സജി തൈപ്പറമ്പ്

നീയെന്താ മോളേ തനിച്ച് ?കുട്ടികളെയെങ്കിലും കൊണ്ട് വരായിരുന്നില്ലേ?

ഗേറ്റിന് മുന്നിൽ നിർത്തിയ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി വരുന്ന മകളെ കണ്ട് ജിജ്ഞാസയോടെ, ദേവയാനി ചോദിച്ചു

മനപ്പൂർവ്വം ആരെയും കൂട്ടാതിരുന്നതാണമ്മേ ,, അച്ഛനും മക്കളും, ഞാനില്ലാതെ കുറച്ച് ദിവസം ജീവിക്കട്ടെ, അപ്പോഴെ,എൻ്റെ വില അവർക്ക് മനസ്സിലാവു, സമയാസമയങ്ങളിൽ വച്ച് വിളമ്പിയും, തുണി അലക്കിയും, വീട് വൃത്തിയാക്കിയും ഞാനവിടെ കിടന്ന് നരകിക്കുവാ, എന്നാലെങ്കിലും ഒരു കൈ സഹായമോ, ഒരു നല്ല വാക്കോ അച്ഛനും മക്കളും പറയില്ല, വിശക്കുമ്പോൾ, കൈയ്യും കഴുകി ടേബിളിൽ വന്നിരുന്നിട്ട് ,ഓരോരുത്തരും അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്യും, ഒരാൾക്ക് ദോശയാണെങ്കിൽ, മറ്റെയാൾക്ക് ഇഡ്ഡലി മതി ,ഭർത്താവിന് പിന്നെ, ഇടിയപ്പമല്ലാതെ വേറൊന്നും ഇറങ്ങില്ല, ഞാനെന്താ അമ്മേ,, അവിടെ ഹോട്ടല് നടത്തുവാണോ ?

അരിശത്തോടും സങ്കടത്തോടും സുമലത ,അമ്മയുടെ മുന്നിൽ തൻ്റെ പരാതിക്കെട്ടഴിച്ച് വച്ചു.

അതൊക്കെ അങ്ങനാണ് മോളേ,, എല്ലാ ആണുങ്ങൾക്കും നിൻ്റെ അച്ഛനെ പോലെ ആകാൻ പറ്റുമോ ? ഇന്ന് കാലത്ത്, പുട്ടും, കടലക്കറിയും, കട്ടൻ ചായയും കൂടി ഉണ്ടാക്കി മേശപ്പുറത്ത് വച്ചിട്ടാണ്, അച്ഛൻ എന്നെ വിളിച്ചുണർത്തിയത് ,എന്ന് വച്ച്, എല്ലാ ദിവസവും അങ്ങനെയല്ല കെട്ടോ, ഇന്ന് ഞായറാഴ്ചയല്ലേ? ഇടയ്ക്ക് ഇങ്ങനെ, അവധി ദിവസങ്ങളിലൊക്കെ അച്ഛൻ എനിക്ക് റസ്റ്റ് തരാറുണ്ട്,,

ഓഹ് അമ്മയുടെ ഒരു ഭാഗ്യം, അച്ഛനെ പോലെ ഒരാളെ കണ്ട് പിടിച്ച് തന്നാൽ പോരായിരുന്നോ എനിക്ക്?

ഒന്ന് പോടീ,,നീയാ ബാഗ് മുറിയിൽ വച്ചിട്ട് അടുക്കളയിലേയ്ക്ക് വാ,
നല്ല അവില് വിളയിച്ചതുണ്ട്, അത് കഴിക്കുമ്പോഴേക്കും, ഞാൻ ചായ എടുക്കാം,,

പ്ളേറ്റിലേക്ക് അമ്മ പകർന്ന് കൊടുത്ത അവിലുമായി സുമലത മുൻ വശത്തേയ്ക്ക് പോയി

☆☆☆☆☆☆☆☆☆

അപ്പോൾ അച്ഛനും മക്കളും ഉച്ചയ്ക്ക് പട്ടിണി ഇരിക്കേണ്ടി വരുമല്ലോ മോളേ? അതോ അവര് ഹോട്ടലിൽ പോയി കഴിക്കുമോ?

വരാന്തയിലെ അരമതിലിലിരുന്ന് അവില് കഴിക്കുന്ന മകളുടെ അടുത്തേക്ക് ആറ്റി തണുപ്പിച്ച ചായയുമായി വന്ന ദേവയാനി ചോദിച്ചു.

ഉച്ചയ്ക്കത്തേക്കുള്ള ചോറും കറികളുമൊക്കെ തയ്യാറാക്കി വച്ചിട്ടാണമ്മേ ഞാനിറങ്ങിയത് അതവര് തനിയെ വിളമ്പി കഴിക്കുമോന്നേ എനിക്ക് സംശയമുള്ളു ,,,

ഓഹ് വിശപ്പ് സഹിക്കാതാകുമ്പോൾ അവര് തനിയെ വിളമ്പി കഴിച്ചോളും ,,,

അമ്മേ ആ ടേബിളിൽ എൻ്റെ ഫോൺ ഇരിപ്പുണ്ട്, ഇങ്ങോട്ടൊന്ന് എടുത്തേയ്ക്ക് ,ഞാനിവിടെ എത്തിയോന്നറിയാൻ അച്ഛനും മക്കളുമൊക്കെ മാറി മാറി വിളിക്കും, ഫോൺ അവിടിരുന്ന് റിങ്ങ് ചെയ്താൽ അറിയാൻ പറ്റില്ല

അമ്മ കൊണ്ട് കൊടുത്ത ഫോൺ അരികിൽ വച്ചിട്ട്, സുമലത അമ്മയുമായി വിശേഷങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി

ആ സംസാരം വൈകുന്നേരം നാല് മണി വരെ നീണ്ടെങ്കിലും ഒരിക്കൽ പോലും സുമലത പ്രതീക്ഷിച്ചിരുന്ന വീട്ടിൽ നിന്നുള്ള ഫോൺ കോൾ വരാതിരുന്നത് കൊണ്ട് അവൾക്ക് നിരാശ തോന്നി

വീട്ടിൽ നിന്നിറങ്ങിയിട്ട് നാലഞ്ച്മണിക്കൂറുകളായി, ഭർത്താവിൻ്റെയും മക്കളുടെയും വിവരങ്ങളറിയാനുള്ള ആകാംക്ഷയിൽ , സുമലത
തൻ്റെ മൊബൈലെടുത്ത്വീ ട്ടിലേക്ക് വിളിച്ചു

ഇളയ മകൻ അച്ചുവാണ് ഫോൺ അറ്റൻറ് ചെയ്തത്

മോനേ ,,ചോറ് കഴിച്ചായിരുന്നോ? എല്ലാരും എന്തെടുക്കുവാ?

ആഹ് കഴിച്ചാരുന്നമ്മേ ,, അച്ഛൻ കിടന്നുറങ്ങുന്നു, ചേട്ടൻ മൊബൈലിൽ ഗയിം കളിക്കുന്നു ,

ആങ്ഹ് മോനേ,, അലമാരയിൽ ടിന്നിൽ സ്നാക്സിരിപ്പുണ്ട്, ഫ്ളാസ്കിൽ അമ്മ ചായ എടുത്ത് വച്ചിട്ടുണ്ട് ,മോനും ചേട്ടനും കൂടി ചായ ഒഴിച്ച് കുടിക്കണേ ,, പിന്നെ അച്ഛൻ ഉണരുമ്പോൾ അച്ഛനും കൂടി ചായ എടുത്ത് കൊടുക്കണേ

ഉം ശരിയമ്മേ ,,

അതും പറഞ്ഞ് അച്ചൂട്ടൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തപ്പോൾ, സുമലതയ്ക്ക് വേദന തോന്നി.

അമ്മ ഇല്ലാഞ്ഞിട്ട് ഒരു രസവുമില്ലമ്മേ,, എപ്പഴാ അമ്മ തിരിച്ച് വരുന്നത്? എന്നൊക്കെ അവൻ ചോദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവൾ,, പക്ഷേ ,,

അവൻ കുഞ്ഞല്ലേടീ,, അങ്ങനൊക്കെ ചോദിക്കാനുള്ള വിവേക ബുദ്ധിയൊന്നും അവനായിട്ടില്ല, അത് കൊണ്ടാണ് ,,

ദേവയാനി മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

താൻ പെട്ടന്ന് ഇറങ്ങി പോയതിൻ്റെ പിണക്കത്തിലാവും അദ്ദേഹം വിളിക്കാത്തത് ,ഇപ്പോൾ ഉറങ്ങുവാണെന്നല്ലേ പറഞ്ഞത്? എഴുന്നേറ്റ് കഴിയുമ്പോൾ നേരം ഇരുട്ടുന്നതിന് മുന്നെ, എന്തായാലും തന്നെ വിളിക്കാതിരിക്കില്ല,,

അവൾ സ്വയം ആശ്വാസം കൊണ്ടു

പകല് മുഴുവൻ കത്തി ജ്വലിച്ച് നിന്നിട്ട് അവസാനം ചുവന്ന് തുടുത്ത മുഖവുമായി സൂര്യൻ കടലിൻ്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു.

ഇരുളിന് കനം വച്ച് തുടങ്ങിയപ്പോൾ സുമലതയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി

നാളെ തിങ്കളാഴ്ചയാണ്, കുട്ടികൾക്ക് സ്കൂളിലും അദ്ദേഹത്തിന് ഓഫീസിലും പോകണം ,

കുട്ടികളുടെ യൂണിഫോമും അദ്ദേഹത്തിൻ്റെ ഡ്രസ്സും അയൺ ചെയ്തിട്ടില്ല ,മാത്രമല്ല രാവിലെ ഇഡ്ഡലിക്കുള്ള മാവ് അരച്ചിട്ടില്ല ഉച്ചയ്ക്ക് ചോറിനൊപ്പം കൊടുത്ത് വിടണ്ട തോരനുള്ള പയറ് അരിഞ്ഞ് വച്ചിട്ടില്ല ,രാവിലെ താൻ പുറപ്പെടും മുൻപ് ടെറസ്സിൽ കഴുകി ഉണക്കാനിട്ടിരിക്കുന്ന തുണിക ളൊന്നും അയയിൽ നിന്നെടുത്തുണ്ടാവില്ല ,മഴ പെയ്താൽ അത് മുഴുവൻ നനഞ്ഞ് പോകും ,രാത്രി അവർ കിടക്കുന്നതിന് മുൻപ് ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യുമോ? പുറകിലെയും മുന്നിലെയും കതക് ഭദ്രമായി അടച്ചിട്ട് ,മുകളിലും താഴെയുമുള്ള കുറ്റികളിടുമോ ? ഫ്രിഡ്ജിൻ്റെ ഡോറ് നന്നായി അടഞ്ഞോ എന്ന് അവര് ശ്രദ്ധിക്കുമോ ?

ഉത്ക്കണ്ഠയോടെ സുമലത തലങ്ങും വിലങ്ങും നടന്നു. ശ്ശെ ‘ഒന്നുമാലോചിക്കാതെ താൻ ഇറങ്ങിപ്പോന്നത് തെറ്റായി പോയെന്ന് അവൾക്ക് തോന്നി താനില്ലെങ്കിൽ ആ വീട്ടിലെ എല്ലാ കാര്യങ്ങളും താളം തെറ്റുമെന്നും തൻ്റെ സാന്നിദ്ധ്യമില്ലാതെ ഭർത്താവിനും മക്കൾക്കും മുന്നോട്ടുള്ള ജീവിതം ദു:സ്സഹമാകുമെന്നുമുള്ള വിശ്വാസം അവളെ, വീടെന്ന പൊട്ടക്കിണറ്റിലെ തവളയാക്കി മാറ്റിയിരുന്നു .

പിന്നെ ഒരു നിമിഷം അവളവിടെ നിന്നില്ല അച്ഛൻ്റെയും അമ്മയുടെയും എതിർപ്പിനെ വകവയ്ക്കാതെ ടൗണിലേക്കുള്ള അവസാന ബസ്സിൽ കയറിപ്പറ്റാനായി അവൾ നാട്ടിടവഴികളിലൂടെ കാല് വലിച്ച് വച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *