എഴുതിയത്:-ശ്രീജിത്ത് ഇരവിൽ
നാട്ടിൽ നിന്ന് രക്ഷപ്പെടാൻ ഒരു ജോലി കണ്ടുപിടിച്ചു. കിട്ടിയിരിക്കുന്നത് നാഗ്പൂരിലെ മരുന്ന് നിർമ്മാണ കമ്പിനിയിലെ സൂപ്പർവൈസർ ഒഴിവിലേക്കാണ്. അപ്പോയിന്മെന്റ് ലെറ്ററുമായി ഞാൻ തീവണ്ടി ഇറങ്ങി. സ്വയം ചിരിക്കാൻ പാകത്തിൽ യാതൊരു പരിചയമില്ലാത്ത ആ നാഗ്പൂർ അന്തരീക്ഷം വളരേ ഇഷ്ടപ്പട്ടിരുന്നു.
അങ്ങനെ പലതും ഓർത്ത് റെയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ള ഹോട്ടലിൽ ഇരുന്ന് പൂരി തിന്നുമ്പോഴാണ് ഒരു യാചകനെ കാണുന്നത്. നടവഴിയിലൂടെ കടന്ന് പോകുന്നവരോടെല്ലാം അയാൾ കൈനീട്ടുകയാണ്. ബില്ലെല്ലാം കൊടുത്ത് എന്റെ രണ്ട് ബാഗുകളുമായി ഞാനും അങ്ങോട്ടേക്ക് ഇറങ്ങി ചെന്നു.
‘ഐ ആം ഹങ്ക്രി. ക്യാൻ യു ഹെൽപ് മി..?’
മുഷിഞ്ഞ് തുടങ്ങിയ വേഷം ധരിച്ച അയാളിൽ നിന്ന് അത്തരമൊരു ചോദ്യം ഉണ്ടാകുമെന്ന് തോന്നിയിരുന്നു. പക്ഷേ, ആ ഭാഷ തീരേ പ്രതീക്ഷിച്ചിരുന്നില്ല! തീർച്ചയായുമെന്ന് ഇംഗ്ലീഷിൽ പറഞ്ഞുകൊണ്ട് ഇറങ്ങി വന്ന ഹോട്ടലിലേക്ക് തന്നെ അയാളുമായി ഞാൻ കയറി ചെന്നു. ചൂട് പൂരിയും ബാജിയും അയാൾ കഴിക്കുന്നത് നോക്കിയിരുന്ന് പോയി.
‘വാട്ട് ഈസ് യുർ നെയിം..?’
ആ മനുഷ്യന്റെ കണ്ണുകൾ എന്നിൽ വീണ നേരത്താണ് ഞാനത് ചോദിച്ചത്. സുന്ദർറാം എന്ന് ചിരിയോടെ അയാൾ പറഞ്ഞു. ആഹാരം കഴിച്ചപ്പോൾ ആ മെലിഞ്ഞ മനുഷ്യന്റെ കുഴിഞ്ഞ കണ്ണുകളിൽ ഒരു പ്രകാശമൊക്കെ തെളിഞ്ഞിട്ടുണ്ട്. ആ വെളിച്ചത്തിനോട് എന്താണ് നിങ്ങൾക്ക് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു. കൈകഴുകി വീണ്ടും മേശയിൽ എനിക്ക് അഭിമുഖമായി ഇരുന്നുകൊണ്ടാണ് അയാൾ തന്റെ കഥ പറഞ്ഞത്.
എനിക്കൊന്നും മനസിലായില്ല. ജോലി കിട്ടിയെന്നും, കൂടെ വന്ന ആൾ വിട്ട് പോയെന്നും, അമ്മ വരുമെന്നും, അങ്ങനെ എന്തൊക്കെയോ അയാൾ പറഞ്ഞു. പറച്ചിലിൽ ഒരു വാലും തുമ്പുമില്ല. പറഞ്ഞത് തന്നെ പലയാവർത്തിച്ച് മൊഴിഞ്ഞ് കൊണ്ടേയിരിക്കുന്നു..
സംസാരത്തിൽ ആരെയോ അയാൾക്ക് നഷ്ട്ടമായിരിക്കുന്നുവെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചിരുന്നു. നഷ്ടപ്പെടലുകളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ചങ്കിടിക്കുന്നത് പോലെയാണ്. അമ്മയും, അച്ഛനും, സ്നേഹിച്ച പെണ്ണും ഉൾപ്പെടുന്ന ആ ഭാഗത്തേക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അങ്ങനെ സാഹചര്യങ്ങൾ മാറുമ്പോൾ ഭേദമാകുമെന്ന് കരുതിയിട്ട് കൂടിയാണ് ജോലി തേടിപ്പിടിച്ച് അന്യനാട്ടിലേക്ക് വന്നത്. മാനസിക നില തെറ്റാതിരുന്നത് തന്നെ മഹാഭാഗ്യമെന്നേ ഇപ്പോൾ കരുതാനുള്ളൂ.
അമ്മയ്ക്ക് അച്ഛനും പരസ്പരം മടുത്തതാണ്. അതിന്റെ പൊട്ടലിൽ വീട് വീട് വെറും കെട്ടിടമായി. കല്ലുകൾക്കുണ്ടോ എന്റെ കണ്ണീര് കേൾക്കാൻ സാധിക്കുന്നു! അവർക്ക് ആകെയുള്ള ഞാനെന്ന മകനെ ഓർക്കാതെ ആ അവസരം രണ്ടുപേരും വിനിയോഗിച്ചു. നല്ലത് തന്നെ. മെച്ചപ്പെട്ട ജീവിതമാണെന്ന് തോന്നിയാൽ ആരാണ് എത്തി പിടിക്കാതിരിക്കുകയല്ലേ….
പ്രണയനിയുടെ പ്രാണനും അങ്ങനെ തന്നെ ചിന്തിച്ചിരിക്കണം. സ്നേഹിക്കാനെന്ന പോലെ തന്നെ ഉപേക്ഷിക്കാനും മനുഷ്യർക്ക് മനുഷ്യരെ വേണം. ഓരോ ബന്ധങ്ങളും ഉപരി പഠനം പോലെ ജീവിതം പഠിപ്പിക്കുന്നു. ജീവനും കൊണ്ട് ഓടാനും പ്രേരിപ്പിക്കുന്നു. സുന്ദർറാമി നോട് എനിക്ക് അലിവ് തോന്നി. ഞാൻ തന്നെയാണോ ആ മനുഷ്യനെന്ന ഭയവും ഉൾത്തിരിഞ്ഞു. പരിഭ്രമപ്പെട്ടില്ല. തനിച്ചാണെന്ന ബോധത്തിന്റെ ബലം സാഹചര്യം പോലെ പ്രാണൻ കാട്ടുക തന്നെ ചെയ്യും..
സുന്ദർറാമിന് അടിയന്തിരമായി ചികിത്സയാണ് വേണ്ടതെന്ന് എനിക്ക് തോന്നി. വിളിച്ച് വരുത്തിയ പോലീസുകാർ അയാളെ കൊണ്ടുപോയതിന് ശേഷമേ കമ്പനി വിലാസത്തിലേക്ക് ഞാൻ ഓട്ടോ പിടിച്ചുള്ളൂ..
‘ഹായ്. സിറ്റ് ഡൌൺ പ്ലീസ്..’
റിസപ്ഷനിറ്റ് പറഞ്ഞത് അനുസരിച്ച് കമ്പിനിയുടെ രണ്ടാം നിലയിലെ മുറിയിലേക്ക് കയറിയപ്പോൾ എച്ച് ആർ എന്നോട് പറഞ്ഞു. ഞാൻ ഇരുന്നതിന് ശേഷം ആവിശ്യമുള്ള കടലാസുകൾ എല്ലാം കൊടുത്തു. വൈകാതെ, ചില്ലറ കുശല വർത്തമാനങ്ങളിലൂടെ ജോയിനിംഗ് ലെറ്ററിൽ ഒപ്പിടാൻ എച്ച് ആർ ആവിശ്യപ്പെട്ടു. അതിന് തുനിയുമ്പോഴാണ് മുന്നേ തയ്യാറാക്കിയതും ഒപ്പിടുകയും ചെയ്യാത്ത മറ്റൊരു ജോയിനിംഗ് ലെറ്റർ ഞാൻ ശ്രദ്ധിക്കുന്നത്..
‘ഹീ ഈസ് ദ പേഴ്സൺ സപ്പോസ് റ്റു ജോയിൻ ഹിയർ. അൺ ഫോർറ്റുനേറ്റ്ലി ഹി ഈസ് നോട്ട് റെസ്പോൻഡിംഗ്.. സൊ.. യു ആർ ഇൻ…’
സുന്ദർറാം…!
ആ ചിത്രത്തിൽ നിന്ന് കണ്ണെടുക്കാൻ പറ്റാതെ ഞാൻ തരിച്ച് പോയി. ശരീരത്തിന്റെ എവിടെയൊക്കെയോ ചെറിയ ചെറിയ ഷോക്കുകൾ സംഭവിക്കുന്നത് പോലെ. വൈകാരിക തലങ്ങളിൽ നിന്ന് ഒളിച്ചോടിവന്ന എന്നോട് വളരേ നാടകീയമായി ജീവിതം പല്ലിളിക്കുന്നത് പോലെ…
കഴിഞ്ഞ മാസം ഈ നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ എന്നെപ്പോലെ ഇറങ്ങിയവനായിരുന്നു സുന്ദർറാം. പിന്നീട് എന്താണ് സംഭവിച്ചിരിക്കുകയെന്ന് ഓർത്ത് ആ മറാത്തിക്കാരൻ എച്ച് ആറിന്റെ മുന്നിൽ ഞാൻ തറച്ച് നിന്നു. എന്തുപറ്റിയെന്ന് അയാൾ എത്രകണ്ട് ചോദിച്ചിട്ടും എന്റെ നാക്ക് അനങ്ങിയില്ല. സ്ഥലകാല ബോധം ഉണ്ടാകാൻ തന്നെ എത്രയോ നിമിഷങ്ങളെടുത്തു. എനിക്കായി ഒരുക്കിയിരിക്കുന്നുവെന്ന് പറഞ്ഞ മുറിയിലേക്ക് പോകാൻ പിന്നെ ഞാൻ തിടുക്കം കാട്ടുകയായിരുന്നു..
ഒരു മനുഷ്യന് തന്റെ മനസ്സ് തലവിട്ട് പോകുന്നത് എത്ര പെട്ടെന്നാണെന്ന് ചിന്തിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി. അയാൾ വന്നിരുന്നുവെങ്കിൽ തങ്ങേണ്ടിയിരുന്ന മുറിയിലാണ് നിവർന്ന് കിടക്കുന്നതെന്ന് കൂടി തോന്നിയപ്പോൾ അറിയാതെ നെഞ്ചത്ത് കൈ വെച്ച് പോയി. ജീവിതമാണ്. വിസ്മയമായി തോന്നിയാലും വിചിത്രമാകില്ല.
ഞാൻ കണ്ണുകൾ മുറുകാതെ അടച്ചു. തലയിലൊരു അനക്കം അറിയാൻ സാധിക്കുന്നുണ്ട്. വളരേ നിഗൂഢതയോടെ ആരോ സുന്ദർറാമിനെ ഓർത്ത് താളം പിടിക്കുന്നത് പോലെ… കാതുകൾ ഞാൻ പോലും അറിയാതെ നെഞ്ചിലേക്ക് കൂർപ്പിക്കുകയാണ്. ലോകത്തിന്റെ ശ്വാസമെന്ന പോലെ ഒരു ഇടുക്ക് നാദം മാത്രം മുഴങ്ങുന്നു. ആ തുടിപ്പിൽ കൈവെച്ച് നോക്കൂ.. യാദൃശ്ചികതയുടെ അമ്പരപ്പിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ജീവനും ഇങ്ങനെയൊരു താളം അനുഭവിച്ചിട്ടുണ്ടാകില്ലേ..!!!