മോനെക്കുറിച്ച് അവന്റെ അച്ഛന് യാതൊരു ചിന്തയുമില്ല. അല്ലെങ്കിൽ ഈ ലതയുടെ തല അറിയാത്ത എന്തോയൊരു രഹസ്യം അവർക്ക് ഇടയിലുണ്ട്…..

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മോനെക്കുറിച്ച് അവന്റെ അച്ഛന് യാതൊരു ചിന്തയുമില്ല. അല്ലെങ്കിൽ ഈ ലതയുടെ തല അറിയാത്ത എന്തോയൊരു രഹസ്യം അവർക്ക് ഇടയിലുണ്ട്. അത് കണ്ടെത്തുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഞാൻ സംസാരിച്ചത്.

‘ചെക്കന് പ്രായം മുപ്പത് കഴിഞ്ഞു. ഓനൊരു ജോലിയില് കയറ്റണ്ടെ? കെട്ടിക്കണ്ടെ..? ഇനിയെപ്പോഴാണെന്ന് വെച്ചാ…!’

പറഞ്ഞ് തീരും മുമ്പേ എന്തിനാണെന്ന മറുപടി വന്നു. മോനെക്കുറിച്ച് എന്ത്‌ പറഞ്ഞാലും ഇതാണ് സ്ഥിതി. തന്റെ മകൻ എങ്ങനെയെങ്കിലും ജീവിക്കട്ടേയെന്ന ആലോചനയുമായി എങ്ങനെയാണ് ഒരു പിതാവിന് സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നത്!

‘നിങ്ങക്ക് സർക്കാറ് ജോലി കിട്ടിയത് നിങ്ങടെ അച്ഛൻ പറഞ്ഞത് കേട്ടിറ്റല്ലേ.. നമ്മളെ കല്ല്യാണം കഴിഞ്ഞതും രണ്ടാളേം വീട്ടുകാർ പറഞ്ഞിറ്റല്ലേ..?’

അങ്ങേര് മിണ്ടിയില്ല. മിണ്ടിയില്ലെന്ന് മാത്രമല്ല. തന്റെ റിട്ടേയർമെന്റ് ജീവിതം സുന്ദരമാക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് കൂടെ വരുന്നോയെന്ന് ചോദിക്കുകയും ചെയ്തു. അങ്ങേർക്ക് ഇപ്പോൾ തബലയും വീണയുമൊക്കെ വാങ്ങണം പോലും. വയസ്സാം കാലത്ത് എന്തിനുള്ള പുറപ്പാടാണാവോ…!

‘ഞാനൊന്നുമില്ല…’

മുഖം മുറിച്ച് എനിക്ക് പറയേണ്ടി വന്നു. എന്നാലും കുഴപ്പമില്ലെന്ന മട്ടിൽ അങ്ങേര് തയ്യാറായി പോകുകയും ചെയ്തു. എന്റെയൊരു വിധി എന്നല്ലാതെ മറ്റെന്താണ് പറയുക! സഹിക്കുക തന്നെ!

‘ഡാ.. എന്താന്ന് നിന്റെ ഉദ്ദേശം? നീയിങ്ങനെ ഒരു പണിക്കും പോകാതെ സന്ന്യസിക്കാനുള്ള പരിപാടിയാണൊ?’

രാത്രിയിൽ അത്താഴം കഴിഞ്ഞ് സോഫയിലിരുന്ന് ടീവി കാണുന്നുണ്ടായിരുന്ന മോനോട് ഞാൻ ചോദിച്ചതാണ്. ആര് പറഞ്ഞു താൻ പണിക്ക് പോകുന്നില്ലെന്ന് തിരിച്ച് ചോദിച്ച് അവൻ വോളിയം കൂട്ടി. ആ റീമോർട്ട് പിടിച്ചുവാങ്ങി ചുവപ്പിൽ കുത്തിയിട്ടാണ് നിനക്ക് പെണ്ണൊന്നും കെട്ടണ്ടേയെന്ന് ഞാൻ ചോദിച്ചത്.

‘എന്തിന്?’

അവന്റെ അച്ഛന്റെ അതേ മറുപടി. അല്ലെങ്കിലും മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ!

പ്രായത്തിന്റെ തിളപ്പാണ്. ജീവിതം എന്താണെന്ന് മനസ്സിലാക്കാതെ ചലിക്കുന്ന മോനെ നേരെയാക്കാൻ കഴിയാത്തത്തിൽ എനിക്ക് അതീവ ദുഃഖം തോന്നി. അത് ഗൗരവ്വമായി പങ്കുവെക്കാൻ പോലും ഈ വീട്ടിലൊരു ആളില്ലെന്ന് അറിയുമ്പോൾ നെഞ്ച് വിങ്ങുന്നു. പരമ്പര തന്നെ നിന്ന് പോകുമെന്ന് കൂടി തോന്നിയപ്പോൾ കരഞ്ഞുപോയി.

എനിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ. മോന്റെ കല്ല്യാണത്തിന് ഒരുങ്ങാനും, ആ വകയിലൊരു തരി പൊന്നുകൂടി ശരീരത്തിൽ അണിയാനുമൊക്കെ വല്ലാതെ കൊതിക്കുന്നുണ്ട്. അവന്റെ കൈപിടിച്ച് വരുന്ന മോളോട് കാര്യമില്ലാത്ത കാരണങ്ങളിൽ വഴിക്കിടാനും കൊതിയാകുന്നുണ്ട്! അവരുടെ കുഞ്ഞിനെ കൊഞ്ചിക്കാനൊക്കെ…. ആരോട് പറയാൻ! ആര് കേൾക്കാൻ!

അച്ഛനും മോനും തമ്മിൽ തീരേ സംസാരമില്ല. എന്നിരുന്നാലും രണ്ടുപേർക്കും പരസ്പര വിരോധവും ഇല്ല. അവർ തമ്മിൽ സ്നേഹിക്കുന്നുണ്ടോയെന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. ഉണ്ടെന്നതിനുള്ള യാതൊരു തെളിവും കണ്ടെത്താൻ ആയില്ല. ഞാൻ അറിയാത്ത എന്തോയൊരു രഹസ്യം അവർക്ക് ഇടയിലുണ്ടെന്നത് തീർച്ചയാണ്. അല്ലെങ്കിൽ ഒരിക്കലും ഒരു അച്ഛനും മകനും ഇങ്ങനെ തുടരാൻ പറ്റില്ല.

‘അല്ല മനുഷ്യാ…നിങ്ങളൊരു അച്ഛനാണൊ?’

ഒരുനാൾ തബലയുടെ പുറം തോല് മിനുക്കിക്കൊണ്ടിരിക്കുന്ന അങ്ങേരോട് ഞാൻ ചോദിച്ചു.

‘എന്താ.. നിനക്ക് വല്ല സംശയമ്ണ്ടാ..?’

ആ മറുപടി കേട്ടപ്പോൾ തല ചുമരിൽ തല്ലി ചോര വരുത്താനുള്ള ദേഷ്യമാണ് തോന്നിയത്. പൊട്ടുന്ന നെറ്റിയുടെ വേദനയെ ഓർത്തപ്പോൾ പല്ലുകൾ തമ്മിൽ കടിച്ചു. സ്വന്തം മോനേ കുറിച്ച് വല്ല ആലോചനയുമുണ്ടോ നിങ്ങൾക്ക് മനുഷ്യാ എന്നായിരുന്നു പിന്നീട് ഞാൻ ചോദിച്ചത്. അവന്റെ കാര്യം എന്തിനാണ് താൻ ആലോചിക്കുന്നത് എന്നായിരുന്നു അപ്പോഴും അങ്ങേർക്ക് പറയാനായി ഉണ്ടായിരുന്നത്.

‘ഈശ്വരാ… എന്നെയൊന്ന് അങ്ങോട്ടേക്ക് വിളിക്കോ…’

ഉള്ളുരുകി പറഞ്ഞതാണ്. എന്റെ ആ ആത്മഗതത്തെ അങ്ങേര് തമാശയായിട്ടാണ് കേട്ടത്. അല്ലെങ്കിൽ പിന്നെ, ഞാൻ അങ്ങോട്ടേക്ക് പോയാൽ ഈശ്വരൻ എങ്ങോട്ടേക്കെങ്കിലും ഓടുമെന്ന് കേൾക്കേണ്ടി വരുമായിരുന്നില്ലല്ലോ…

‘ഞാൻ പോകാണ്.. …ന്റെ വീട്ടിലേക്ക്. ‘

വിങ്ങിക്കൊണ്ടാണ് ഞാൻ പറഞ്ഞത്. അങ്ങേര് ആ നേരം എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. താടിയെല്ലിൽ തൊട്ടുയർത്തി വിരലുകൾ തബലയിലെന്ന പോലെ എന്റെ കവിളിൽ തട്ടി. വേദനിച്ചില്ല. എന്താണ് ഭാവമെന്ന് ആലോചിക്കും മുമ്പേ ചുണ്ടുകളിലൊരു ഉമ്മ തന്നു. കണ്ണുകൾ ഏതൊയൊരു രാത്രിപൂ പോലെ താനേ അടഞ്ഞ് പോയ നിമിഷമായിരുന്നുവത്.

ആകെയുള്ള മകൻ കല്ല്യാണം കഴിച്ചില്ലെന്ന് കരുതി യാതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അങ്ങേര് പറഞ്ഞു. അവന് കെട്ടണമെന്ന് തോന്നുമ്പോൾ കെട്ടട്ടെ പോലും! ഇതോടെ നമ്മടെ പരമ്പര തന്നെ നിന്ന് പോയാലും ഈ ഭൂമിക്കൊരു പ്രയാസവും ഇല്ലെന്ന് അങ്ങേര് പറഞ്ഞു.

വളരേ സാവധാനത്തിൽ പറഞ്ഞത് കൊണ്ട് എനിക്കത് മനസ്സിലായി. എന്നാലും നമ്മടെ കാല ശേഷം ഓനൊരു കൂട്ട് വേണ്ടേയെന്ന് ഞാൻ ചോദിച്ചു. അത് അവനല്ലേ തീരുമാനിക്കേണ്ടത് ലതേയെന്ന് പറഞ്ഞ് അങ്ങേരെന്റെ നെറ്റിയിൽ ചുംiബിക്കുകയായിരുന്നു.

മുപ്പത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിൽ അതുപോലെ നിർവൃതി കൊണ്ട രംഗം ഉണ്ടായിട്ടില്ല. ഞാനൊരു പക്ഷിക്കുഞ്ഞിനെ പോലെ അങ്ങേരുടെ മാiറിലേക്ക് ചേർന്നു.

‘ഓനൊന്നും ചെയ്യുന്നില്ലായെന്ന് കരുതരുത്. നമ്മടെ മോൻ നന്നായി വരയ്ക്കും. ഞാൻ കണ്ടിട്ടുണ്ട് ഓന്റെ ചിത്രങ്ങളെ..’

അത് എനിക്ക് പുതിയ അറിവായിരുന്നു. പണ്ട് മുറിയുടെ ചുമരിൽ നിറങ്ങൾകൊണ്ട് കൊറിയപ്പോൾ ഞാനൊന്ന് ശകാരിച്ചതാണ്. എന്തിലും വൃത്തി നോക്കുന്ന എനിക്ക് അതൊക്കെ വൃത്തികേടായിരുന്നു. അന്ന് തന്നെ പെയിന്റടിച്ച് ചുമര് വെടിപ്പാക്കിയപ്പോഴാണ് എനിക്ക് സമാധാനമായത്. അതും അവന്റെ പന്ത്രണ്ടിന്റെ പൊതു പരീക്ഷയുടെ നേരത്ത്…! എങ്ങനെ ദേഷ്യം വരാതിരിക്കും!

‘ചിലവിനുള്ളത് ഓനുണ്ടാക്കുന്ന്ണ്ട്. കേറികിടക്കാനുള്ള വീട് നമ്മള് ഉണ്ടാക്കിയിട്ടില്ലേ…!’

അങ്ങേര് പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന ആ നേരത്താണ് ഫോൺ ശബ്ദിച്ചത്. കൂട്ടുകാരി വനജയാണ്. എന്തെങ്കിലും കാര്യമില്ലാതെ അവൾ വിളിക്കില്ല. അറ്റന്റ് ചെയ്ത് ഹലോയെന്ന് പറയുമ്പോഴേക്കും നിന്റെ മോൻ അതാടീ ന്യൂസിലെന്ന് അവൾ മൊഴിഞ്ഞു.

‘ ന്യൂസോ…! എന്റെ മോനോ…?’

കേട്ടപ്പോൾ അങ്ങേര് ഹാളിലെ ടീവി ഓൺ ചെയ്ത് വനജ പറഞ്ഞ ചാനലിലേക്ക് മാറ്റി.

‘നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ജനങ്ങൾ ഇല്ലെന്നും, അണികളെന്ന അടിമകൾ മാത്രമേ ഉള്ളൂവെന്നും ആണല്ലോ പറയുന്നത്. ഇങ്ങനെയൊരു ആശയത്തിൽ പെയിന്റിംഗ് എക്സ്ബിഷൻ സംഘടിപ്പിക്കാനുള്ള കാരണം എന്താണ്.?

മോൻ നേരിട്ട ചോദ്യമാണ്. തനിക്ക് അങ്ങനെ തോന്നിയത് കൊണ്ട് ചെയ്തുവെന്നേ അവൻ പറഞ്ഞുള്ളൂ.. എനിക്ക് ആണെങ്കിൽ ഏതോയൊരു സ്വപ്ന ലോകത്തിൽ എത്തിയ അനുഭൂതിയായിരുന്നു. ഇങ്ങനെയൊന്നും എന്റെ മോൻ മുന്നിൽ തെളിയുമെന്ന് കരുതിയതേയില്ല.

‘ചെറുപ്പം തൊട്ടേ വരക്കുമായിരുന്നൊ? അച്ഛൻ ആർട്ടിസ്റ്റാണൊ…?”

മോന്റെ മറുപടിക്കായി ഞാൻ മിഴിച്ചു നിന്നു.

‘എന്റെ അച്ഛന് സംഗീതത്തോടാണ് താല്പര്യം. അതിന്റെ പിറകെയൊന്നും പോകാനുള്ള അവസ്ഥ അച്ഛന് ഉണ്ടായില്ല. എനിക്കെന്റെ ഇഷ്ട്ടങ്ങളുമായി പോകാനുള്ള സാഹചര്യമുണ്ടാക്കി തന്നതും പുള്ളിയാണ്. എന്റെ സന്തോഷങ്ങളെ അച്ഛൻ തടയാറേയില്ല.’

എന്റെ ചിറികൾ ചിരിച്ചു. കണ്ണുകൾ നനഞ്ഞു. മിശ്രമായ പുതിയയൊരു അനുഭവത്തിൽ മനസ്സ് കുതിർന്നു. റിമോർട്ടുമായി ഒരു മനുഷ്യൻ ആ ടീവിയിലേക്ക് നോക്കി മിണ്ടാതെ നിൽക്കുകയാണ്. പ്രതിസന്ധികളിൽ ജീവിതം തുഴയേണ്ടി വരുന്നവർക്ക് ഇഷ്ട ജീവിതത്തിലേക്ക് പോകാൻ കഴിയില്ലായെന്നത് വസ്തുതയാണ്. തന്റെ കഴിവ് എന്താണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്തവരായിരിക്കും ഭൂരിഭാഗം പേരും. ഈ ഭൂമിയിൽ കലാകാരല്ലാത്ത ജീവനുകളേ ഇല്ലായെന്ന് ആ ശ്വാസത്തിൽ തോന്നിപ്പോയി…

അച്ഛനും മോനും പരസ്പരം എന്നോ അറിഞ്ഞവരാണെന്ന് മനസ്സിലാക്കുന്നു. അങ്ങനെ ഉള്ളവരുടെ ഇടയിൽ പരസ്യമായ പ്രകടനങ്ങൾ ഉണ്ടായെന്ന് വരില്ല. യാതൊന്നും സംസാരിച്ചില്ലെങ്കിലും, സ്നേഹം അദൃശ്യമായും മനുഷ്യരെ തൊടുമെന്ന് തന്നെയായിരുന്നു അവർക്കിടയിലെ ആ പരമമായ രഹസ്യം!

വീട്ടുകാർ ചൂണ്ടിയ വഴിയിലൂടെ സഞ്ചരിച്ച് ഭാര്യയും അമ്മയുമായി എന്നതിനപ്പുറം ഞാൻ എന്താണെന്ന് എനിക്ക് പോലും മനസിലാകുന്നില്ല. തനിക്ക് വേണ്ടി ജീവിക്കാൻ പറ്റാതെ പോയ വിഷമം അങ്ങേരിൽ ഉണ്ടെന്നത് എനിക്ക് കണ്ടെത്താനും കഴിഞ്ഞില്ല. പലരും ജീവിച്ച് തീർത്ത വഴികളിലൂടെ കൂടെയുള്ളവരെയെല്ലാം പിടിച്ച് പായുന്നവരാണ് മിക്കവരുമെന്ന് എനിക്ക് തോന്നുകയായിരുന്നു.

ഞാനും അങ്ങനെ തന്നെ ആയിരുന്നുവല്ലോയെന്ന് ഓർത്തപ്പോൾ ചെറുതല്ലാത്തയൊരു നൊമ്പരത്തെ അനുഭവിക്കാൻ പറ്റുന്നുണ്ട്. ആ ഉള്ളനക്കത്തിൽ എനിക്ക് വേണ്ടി ഇനിയെന്ന് ജീവിച്ചു തുടങ്ങുമെന്ന് സ്വയം ചോദിച്ചു. നിരാശയോടെ വർഷങ്ങൾ പിറകിലേക്ക് മറിയുന്നു! അലമാരയിലെ പഴയ ഫോട്ടോ ആൽബത്തിൽ നിന്നുമൊരു ചിലങ്ക അനങ്ങുന്നുണ്ടോയെന്ന് സംശയിക്കുകയാണ്. അങ്ങനെ തോന്നാൻ മാത്രം അതിലൊരു നർത്തകിയായ ലതയുടെ അരങ്ങേറ്റ ചിത്രം ഉണ്ടായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *