പോലീസുകാർ പിടിച്ച് കൊണ്ടുപോകുന്ന മകനെ കണ്ടപ്പോൾ അമ്മ ബോധം കെട്ട് വീഴുകയായിരുന്നു. ഭാര്യ കല്ല് പോലെ നിൽക്കുകയാണ്. മക്കളെ പുറത്തേക്ക് കണ്ടില്ല. പാവങ്ങൾ പേടിച്ചിട്ടുണ്ടാകും…

_lowlight _upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പോലീസുകാർ പിടിച്ച് കൊണ്ടുപോകുന്ന മകനെ കണ്ടപ്പോൾ അമ്മ ബോധം കെട്ട് വീഴുകയായിരുന്നു. ഭാര്യ കല്ല് പോലെ നിൽക്കുകയാണ്. മക്കളെ പുറത്തേക്ക് കണ്ടില്ല. പാവങ്ങൾ പേടിച്ചിട്ടുണ്ടാകും…

‘ഇരവിപ്പുറം കൊiലപാതക കേസ്: മകൻ കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയതെന്ന് മൊഴി…’

നാട് മുഴുവൻ അറിഞ്ഞിരിക്കുന്നു. എന്റെ ചിത്രങ്ങളിൽ കiത്തിയെറിഞ്ഞ് ആയിരക്കണക്കിന് ആൾക്കാർ ഡിജിറ്റൽ ചുമരിൽ തൂക്കിയിട്ടു. തെiറി വിളിയും, കല്ലേറുമായി ആഴ്ചയൊന്ന് ഗംഭീരമായി കടന്ന് പോയി. കുറ്റബോധത്തിന്റെ തരിമ്പ് പോലും തലയിൽ ഇല്ല. ഞാൻ ആയിരുന്നു ശരി. അത് ആർക്ക് ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിലും അച്ഛന് മനസ്സിലാകും.

അന്ന്, കുളിമുറിയിൽ വീണ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് ഞാനാണ്. കാൽമണിമുട്ടിൽ ചെറിയയൊരു പരിക്ക്. മുറിവ് കെട്ടിവെച്ച് വീട്ടിലേക്ക് വരുകയും ചെയ്തു. എന്നാൽ, ആഴ്ചകൾ രണ്ടെണ്ണം കഴിഞ്ഞിട്ടും അത് ഉണങ്ങിയില്ല. ഉണങ്ങിയില്ലെന്ന് മാത്രമല്ല. പഴുക്കുകയും ചെയ്തു. രക്തത്തിലെ പഞ്ചസാര ആയിരുന്നു വില്ലൻ. പ്രായവും തടസ്സം തന്നെ. മാസം ഒന്ന് കഴിഞ്ഞപ്പോൾ അച്ഛന്റെ വലത് കാൽപ്പാദത്തിന്റെ കാര്യത്തിൽ തീരുമാനമായി. അത് മുiറിച്ച് മാറ്റപ്പെട്ടു.

ആശുപത്രിവാസം വിട്ടതിന് ശേഷമുള്ള നാളുകളിൽ അച്ഛനൊരു കുഞ്ഞിനെ പോലെ ഇടയ്ക്ക് കരയുമായിരുന്നു. അമ്മയുടെ ചങ്ക് പൊട്ടും. ഞാൻ മുറ്റത്തേക്ക് ഇറങ്ങി പോയി തലങ്ങും വിലങ്ങും നടക്കും. മുറിയിലേക്ക് പോയാൽ അച്ഛന് വലിയ ദേഷ്യമാണ്. ദേഷ്യമല്ല. സങ്കടം. പാവം അപ്പോൾ കൂടുതൽ വിങ്ങും. മുഖം കൂടുതൽ ചുളിയും. വീട്ടിലുള്ളവരെല്ലാം പരസ്പരം നോക്കി വെറുതേയിരിക്കും.

‘ഞാൻ ശല്യമാകുന്നുണ്ടല്ലേ…!’

എന്തിനാണ് അങ്ങനെയൊക്കെ കരുതുന്നതെന്ന് മാത്രമേ ഞാൻ ചോദിച്ചുള്ളൂ. അച്ഛൻ അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരം കാണാൻ പറ്റുന്നില്ലല്ലോയെന്ന പ്രയാസമുള്ളത് കൊണ്ട് ഏറെ നേരം ആ മുറിയിൽ നിൽക്കാൻ തോന്നില്ല. ഞാൻ തന്നെയാണ് മുറിവ് വെച്ച് കെട്ടുക. ഇൻഫെക്ക്ഷൻ ആകാതെയിരിക്കാൻ പരമാവധി ശ്രമിച്ചു. മുറിവ് കരിയുന്നുണ്ട്. രiക്തക്കറ മാഞ്ഞിരിക്കുന്നു. അച്ഛന്റെ നിലവിളികൾ ഉയരാതെ വീട് മയങ്ങാൻ തുടങ്ങിയിരിക്കുന്നു…

ഭക്ഷണം ക്രമീകരിച്ച് മരുന്നൊക്കെ മുടങ്ങാതെ കൊടുത്തപ്പോൾ അച്ഛന് മാറ്റമുണ്ടായി. വാക്കിംഗ് സ്റ്റിക്കൊക്കെ ഉപയോഗിച്ച് പതിയേ എഴുന്നേറ്റ് നടക്കാനും തുടങ്ങി. വേദന കുറവുണ്ടെന്നും പറഞ്ഞു. ഇനിയൊരു ചെറിയ മുറിവ് പോലും താങ്ങാനുള്ള ശേഷി അച്ഛനില്ലെന്ന് ഡോക്റ്റർ പ്രത്യേകം പറഞ്ഞിരുന്നു. ഞങ്ങൾ കൂടുതൽ ശ്രദ്ധിച്ചു.

പക്ഷേ, ഒരുനാൾ കിടക്കുമ്പോൾ അച്ഛന്റെ കാൽമുട്ട് കട്ടിലിന്റെ അരികിൽ ഇടിiക്കുകയായിരുന്നു. അൽപ്പം പോറിപ്പോയി. രക്തമൊന്നും വന്നില്ല. എന്നിട്ടും, പഞ്ചസാരയുടെ അതിപ്രസരത്തിൽ പോറലുകൾ ഭേദമായില്ല. ചൊറിയാതിരിക്കാൻ എത്രകണ്ട് ശ്രമിച്ചിട്ടും അച്ഛന് സാധിച്ചുമില്ല. ശരീരമെന്ന് വന്നാൽ, തോന്നുന്ന ഇടത്ത് ചൊറിയാൻ സാധിക്കാത്ത മനുഷ്യരുടെ അവസ്ഥ ദയനീയമാണ്. കേൾക്കുമ്പോൾ ചിരിക്കാൻ തോന്നുന്നത് സ്വഭാവികവും. ഏത് അർത്ഥത്തിലായാലും, ചൊറിച്ചലിന്റെ സുഖം പോലെ തന്നെ അതിനൊരു പഴുത്ത വൃണമുഖം കൂടിയുണ്ട്.

ആശുപത്രിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തു. ശേഷം വീട്ടിലേക്ക് തന്നെ കൊണ്ട് വരുകയായിരുന്നു. കാര്യങ്ങളെല്ലാം നോക്കാൻ ഒരു നേഴ്‌സിനെയും വെച്ചു. പക്ഷേ, വേദനകൾ തിന്ന് ജീവിക്കുന്ന ഒരു മനുഷ്യന്റെ കരച്ചിൽ വീട് മുഴുവൻ മുഴങ്ങുകയാണ്. തന്നെക്കൊണ്ട് പറ്റുന്നില്ലെന്ന് ഒരു രാത്രിയിൽ അച്ഛൻ പറയുകയും ചെയ്തു. എത്ര നേരമാണെന്ന് വെച്ചാ വേദനകൾ തിന്ന് ജീവിക്കുന്ന ഒരു മനുഷ്യനെ നോക്കി നിൽക്കുക. കൈയ്യിൽ ഉണ്ടായിരുന്ന തൂവാലയെടുത്ത് അമർത്തിയതേയുള്ളൂ… ഒന്ന് പിടക്കുക പോലും ചെയ്യാതെ അച്ഛൻ പോയി. വിവരം അറിഞ്ഞ ആരും ഞെട്ടിയില്ല.

ഹോം നേഴ്സായിരിക്കണം വിവരം പുറത്തറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വന്നു. തുടർന്ന് പോലീസുകാരും. പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ വന്നതോടെ ഞാൻ അറസ്റ്റിലുമായി. ആഴ്ചകൾ മൂന്നെണ്ണം കഴിഞ്ഞിരിക്കുന്നു. അച്ഛന് മനസിലാകുമെന്ന് ധരിച്ച വിഷയം എത്രകണ്ട് ശ്രമിച്ചിട്ടും കോടതിക്ക് ബോധിച്ചില്ല. തെളിവാണല്ലോ അവിടെ പ്രധാനം. തൂവാലയോടെ പിടിക്കപ്പെട്ടവന് ജാമ്യം ഇല്ല.

സുഖമരണം കൊടുക്കാൻ സാധിച്ചില്ലെങ്കിലും മനുഷ്യരെ നരകിപ്പിക്കാതിരിക്കാനുള്ള വൈദ്യസഹായമെങ്കിലും സർക്കാർ നടപ്പിലാക്കണം. അതും, ആതുര സേവനമാണ്. എനിക്ക് പ്രതീക്ഷയുണ്ട്. അടുത്ത തവണ കേസ് വിളിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ വക്കീല് ബോധിപ്പിക്കും. ദയയെന്ന വാക്കിന് അർത്ഥമില്ലാതെ പോകരുത്. മറിച്ച്, ഈ ബോധ്യമെല്ലാം തെറ്റാണെങ്കിൽ ഇരവിപ്പുറം കേസിലെ കൊലപാതകിയെ വെറുതേ വിടരുത്. നീതിയുടെ തുലാസിൽ കെട്ടി ഉയർത്തുക തന്നെ വേണം…!!!

Leave a Reply

Your email address will not be published. Required fields are marked *