_upscale

Story written by Divya Kashyap

ഇന്ന് ksrtc ലോട്ടു കയറിയപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി തോന്നി.. കുറെ നാളായി മിസിങ് ആയിരുന്ന മ്മടെ ചുള്ളൻ കണ്ടക്ടർ ദാ ക്ലോസ് അപ്പ് ചിരിയും ചിരിച്ച് മുൻപിൽ തന്നെ..

“നമ്മളെയൊക്കെ അറിയോ..ഇതേവിടാരുന്ന്.”??
ചിരിയോടെയുള്ള ചോദ്യം കെട്ട് ഞാനും ചിരിച്ചു..

“ഞാനീ ബസിൽ തന്നെ ഉണ്ടായിരുന്നു..സർ എവിടെ പോയിരുന്നു..”??

“ഞാൻ പമ്പ ഡ്യൂട്ടിയിൽ ആയിരുന്നു…സ്വാമിയേയ്………”പുള്ളി നീട്ടിയോരു വിളി വിളിച്ചു…

“യ്യോ..ഇതെന്തിനാപ്പോ എന്നെ നോക്കി സ്വാമി ന്നു വിളിക്കുന്നത്…ഇനി എന്നെ കണ്ടപ്പോൾ വ്രതം മുറിക്കാൻ എത്തിയ മാളികപ്പുറം ആണെന്ന് വല്ലോം തോന്നിയോ ആൾക്ക്…”

“എന്നാ…ഞാനകത്തോട്ട്…”അത്രയും നേരം ഫുട്ബോഡിൽ നിന്ന ക്ഷീണം മാറ്റാൻ ഞാൻ ചോദിച്ചു…

“ഓ.. കയറ്…”ആള് മാറി തന്നു…

കണ്ടക്ടറെ വായി നോക്കി ഇരിക്കാൻ പാകത്തിന് സീറ്റ് വല്ലതും ഉണ്ടോ എന്ന് നോക്കിയ എന്നെ നിരാശപ്പെടുത്തി കൊണ്ട് ഒറ്റ സീറ്റ് ഒഴിവില്ലായിരുന്നൂ…പിന്നെ ഞാൻ ഒത്ത മധ്യത്തിൽ നിലയുറപ്പിച്ചു.. മുന്നിലത്തെ ഒരു സീറ്റിൽ ഇരിക്കുന്ന ഒരു ചേച്ചിയുടെ പിന്നിലോട്ടു നോക്കിയിരിക്കുന്ന തൊപ്പി വെച്ച കൊച്ചിനെ ഞാൻ കണ്ണ് മിഴിച്ചു കാണിച്ചു…ആദ്യം ഒന്ന് രണ്ട് പ്രാവശ്യം അത് ചിരിച്ചു…പിന്നെ അത് കരയാൻ പോയപ്പോൾ ഞാൻ നോട്ടം മാറ്റി കളഞ്ഞു…ഇടയ്ക്കിടയ്ക്ക് എൻ്റെ കണ്ണുകൾ പുറകിൽ നിൽക്കുന്ന കണ്ടക്ടറെ തേടി…കണ്ടക്ടറുടെ നെറ്റിയിലെ മഞ്ഞൾ ക്കുറി എനിക്കിഷ്ടപ്പെട്ടാരുന്നു …ഞങൾ രണ്ടാളും മാത്രേ നിൽക്കുന്നുണ്ടായിരുന്നുള്ളു…ആള് ഏതോ വല്യപ്പന് സീറ്റ് കൊടുത്തിട്ട് മാറി നിൽക്കയാണ്… കരുണാലുവായ മനുഷ്യൻ..ഞാൻ മനസ്സിൽ ഓർത്തു…

പെട്ടെന്നാണ് ഒരു സ്റ്റോപ്പിൽ നിന്നും കുറേപ്പേർ ഇടിച്ചു കയറിയത്…കയറിയ പാടെ ഒത്ത മധ്യത്തിൽ നിന്ന ഞാൻ പിന്നെയും പുറകിലേക്ക് പോയി… തളളലിൻ്റെ ശക്തിയിൽ എനിക്ക് ബാലൻസ് പോലും കിട്ടിയില്ല…ഒരുവിധത്തിൽ ഒരു സീറ്റിൻ്റെ മുന്നിലത്തെയും പിന്നിലത്തെയും കൂടി കമ്പിയിൽ പിടിച്ച് നിന്നു… പൊക്കകൂടുതൽ ആയത് കൊണ്ട് മുകളിലെ കമ്പിയിൽ പിടിക്കാൻ പറ്റൂല്ല അതാ… അപ്പോഴാണ് ഞാൻ കണ്ടത് മുന്നിലെ കമ്പിയിൽ പിടിച്ചിരിക്കുന്ന എൻ്റെ വലത്തേ കൈക്കും പിന്നിലെ കമ്പിയിൽ പിടിച്ചിരിക്കുന്ന എൻ്റെ ഇടത്തെ കൈക്കും ഇടയിലുള്ള സീറ്റിൽ ഇരുന്നുറങ്ങുന്ന ചുള്ളൻ ചെക്കനേ…ആഹാ…ഇതെന്താ ഞാനിത്രയും നേരം ഇവനെ കാണാതെ പോയത്…കൊള്ളാല്ലോ മൊതല്…ഒറ്റക്കാതിൽ കമ്മലും കയ്യിലൊരു ഇടിവളയും കൈത്തണ്ടയി ലെ ടാറ്റുവും…മൂന്നും എൻ്റെ വീക്നെസാ…ഉഫ്!!!!എൻ്റെ സാറേ…പിന്നെ കുറച്ചു നേരത്തേക്ക് ചുറ്റ്മുള്ളതോന്നും കാണാൻ പറ്റിയില്ല….പാവം..നല്ല ഉറക്കക്ഷീണമുണ്ട്…സീറ്റിൽ ചാരി കിടന്നുറങ്ങുക യാണ്…അവനു കവചം തീർത്തു കൊണ്ട് എൻ്റെ ഒരു ചെയിനിട്ട കയ്യും ഒരു വാച്ച് ഇട്ട കയ്യും…

ഒരു സ്റ്റോപ്പിൽ നിന്നും ഇടയ്ക്ക് ഇരച്ചു കയറിയ ആളത്രയും വേറൊരു സ്റ്റോപ്പ് വന്നപ്പോൾ അത് പോലെ ഇറങ്ങി പോയി…ഒരു മഴ പെയ്തു തോർന്നത് പോലെ തോന്നി എനിക്ക്… ആ സ്റ്റോപ്പിൽ നിന്ന് ഒരു വണ്ണമുള്ള ചേച്ചി മാത്രം കയറി മുന്നിൽ നിലയുറപ്പിച്ചു..

അപ്പോഴാണ് മുതുകിൽ കിടക്കുന്ന എൻ്റെ ബാഗിൽ നിന്നും ഫോണിൻ്റെ ഇരമ്പൽ കേട്ടത് .. കെട്യൊനായിരിക്കും…എവിടെയെത്തി എന്നറിയാൻ വിളിക്കുവായിരികും…ഞാനൊന്ന് നേരെ നിന്ന് ബാഗൂരാൻ ശ്രമിച്ചു…കൃത്യം ആ സമയത്ത് തന്നെ ആ ഡ്രൈവർ കോന്തൻ ഒരു സഡൻ ബ്രേക്ക്!!!!!

ഞാൻ നേരെ ഫ്രേണ്ടിലേക്ക്…പോകുന്ന പോക്കിൽ അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞിൻ്റെ കവിളിൽ നോണ്ടി കൊണ്ട് പോയി..

“ആഹ്….വാവേ…ചിങ്കിലി ചിലി ചിലി…”

നേരെ ചെന്ന് ഡ്രൈവറുടെ പുറകിലെ കമ്പിയിലേക്ക് കമന്ന് വീണിട്ടു നിവർന്നു വന്നൊണ്ടിരുന്ന വണ്ണമുള്ള ചേച്ചിയുടെ കഴുത്തിന് ഒരു മുiത്തം കൊടുത്തു… വണ്ണമുള്ളത് കൊണ്ട് തന്നെ തിരിഞ്ഞു നോക്കാൻ പ്രയാസപ്പെട്ട ചേച്ചി തിരിഞ്ഞു നോക്കും മുൻപ് ഞാൻ നീങ്ങി നിന്നതും ചേച്ചിടെ ടിക്കറ്റ് എടുക്കാൻ മെല്ലെ വന്നുകൊണ്ടിരുന്ന കണ്ടക്ടർ ബ്രേക്ക് മൂലം സഡനായി ചേച്ചിയുടെ പിന്നിൽ പ്രത്യക്ഷപ്പെട്ടു നിന്നതും കമഴ്ന്നു വീണ ചേച്ചി മുത്തം കിട്ടി എഴുന്നേറ്റ് പ്രയാസപ്പെട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടക്ടറെ മുന്നിൽ കണ്ടതുമെല്ലാം നിമിഷ നേരം കൊണ്ട് നടന്ന സംഭവങ്ങളായിരുന്നു….

“ഫാ….”ചേച്ചിയുടെ ആട്ടിൽ കണ്ടക്ടർ മാത്രമല്ല ഞാനും ബസിലുള്ള ബാക്കിയുള്ളവരും പോലും ഞെട്ടി തെറിച്ചൂ പോയി…ബ്രേക്കിട്ടിട്ടു പോലും ഉണരാതെ ഇരുന്നുറങ്ങിയവർ ആ ആട്ടിൻ്റെ ശക്തിയിൽ ഉണർന്നു….

ഇതെല്ലാം ലൈവ് ആയി കണ്ട് കൊണ്ടിരുന്ന ഡ്രൈവർ മാത്രം ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു…🤣

അപ്പോഴാണ് ഒരോച്ച….”എൻ്റെ തൊപ്പി താടി പട്ടി..”

അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് അമ്മേടെ മടിയിൽ എഴുന്നേറ്റ് നിന്ന് എന്നെ നോക്കി വിറയ്ക്കുന്നു…

“എൻ്റെ മഹാദേവ… പട്ടിയൊ…ഞാനോ…”???ഞാനെന്നെ തന്നെ യൊന്നു നോക്കി…എൻ്റെ കയ്യിലിരിക്കുന്നു കൊച്ചിൻ്റെ തൊപ്പി…പോകുന്ന പോക്കിൽ ഇതും കൊണ്ടായിരുന്നൊ പോയത്….?? “ഞാനൊന്ന് ഓർക്കാൻ ശ്രമിച്ചു…

“എൻ്റെ തൊപ്പി താടി…..”കൊച്ച് ബാക്കി പറയുന്നതിന് മുന്നേ ഞാൻ തൊപ്പി കൊച്ചിൻ്റെ തലയിൽ വെച്ച് കൊടുത്തു…

ബസ് മുന്നോട്ടെടുത്തു….ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഞാനെൻ്റെ ഒറ്റകമ്മൽ ചുള്ളൻ ചെക്കൻ്റെ അടുത്ത് പോയി നിന്നു..

“യ്യോ..എൻ്റെ ചുള്ളൻ എവിടെ…?നല്ല തക്കാളി പഴം പോലെ അവനിരുന്ന സ്ഥലത്ത് ഇപ്പൊ തക്കാളിയുടെ നിറത്തിൽ ലുട്ടാപ്പിയെ പോലെ ഒരെണ്ണം..നെറ്റിയിൽ തക്കാളി നിറത്തിൽ ആ വലിപ്പത്തിൽ ഒരു മുഴയും…

ബ്രേക്കിട്ടപ്പോ അവൻ്റെ തല ചെന്നു മുന്നിലത്തെ കമ്പിയില് ഇടിച്ചതാ…സുരക്ഷ തീർക്കാൻ എൻ്റെ ചെയിനിട്ട കൈ അവിടില്ലാരുന്നല്ലോ…

അവനെന്നെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..ഞാൻ ചിരിച്ചില്ല… എനിക്കെന്തോ അവനെ കണ്ടിട്ട് അത്ര പിടിച്ചില്ല…

എന്തോ… ആട്ട് കിട്ടിയ കണ്ടക്ടർക്കും.. നെറ്റി ചോന്ന ചെക്കനും പട്ടി വിളി കേട്ട എനിക്കും അപ്പോ ഒരേ മുഖഛായ ആയിരുന്നു…

♡♡♡♡♡♡♡♡♡♡♡♡

Leave a Reply

Your email address will not be published. Required fields are marked *