എഴുത്ത്:-അഞ്ജു തങ്കച്ചൻ
എനിക്കൊരു വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്
മക്കളുടെ മുന്നിൽ നിന്നത് പറയുമ്പോൾ അച്ഛന്റെ തല കുനിഞ്ഞിരുന്നു.
അച്ഛന്റെ ആ വാക്കുകൾ കേട്ടതും മക്കളായ രാകേഷും രാജീവും പരസ്പരം നോക്കി.
അച്ഛനിത് എന്താ പറയുന്നത് ?അച്ഛന് ഇത്രയും പ്രായമായില്ലേ, മക്കളും മക്കളുടെ മക്കളുമായില്ലേ അച്ഛാ. ഇനി വിവാഹം കഴിക്കണം എന്നൊക്കെ പറഞ്ഞു നടന്നാൽ, ആളുകൾ കേട്ടാൽ എന്തു പറയും?
രാകേഷ് അച്ഛനോട് ചോദിച്ചു.
അയാൾ അതിനു മറുപടിയൊന്നും പറയാതെ സ്വന്തം മുറിയിലേക്ക് പോയി.
രാകേഷ് കാനഡയിലാണ്. ഭാര്യയും മക്കളും അവിടെയാണ്.
രണ്ടുവർഷം കൂടി അയാൾ അച്ഛനെ കാണാൻ വന്നതാണ്.
രാജീവും ഭാര്യ ശിഖയും ഒൻപത് വയസ്സുകാരി ആമിയും
അച്ഛനോടൊപ്പമാണ് താമസം.
ഈ അച്ഛന് ഇത് എന്താ പറ്റിയത് രാജീവ്? ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്എങ്ങനെയാണ്.
നമ്മുടെ അമ്മയെ മറക്കാൻ അച്ഛന് ഇത്ര പെട്ടെന്ന് സാധിച്ചോ ?
അച്ഛന് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അത് നടത്തി ക്കൊടുക്കുന്നതല്ലേ രാകേഷേട്ടാ നല്ലത്. രാജീവിന്റെ ഭാര്യ ചോദിച്ചു.
നിനക്ക് ഇതെന്തുപറ്റി ശിഖ. ഒരു അച്ഛൻ മക്കളുടെ മുഖത്ത് നോക്കി ചോദിക്കാൻ പറ്റുന്ന കാര്യമാണോ ഇത്. അതും പേരക്കുട്ടികൾ വരെയുള്ള ആൾ. എന്റെ മൂത്ത മോന് പ്രായം ഇരുപത് ആയി.ആ പ്രായത്തിൽ പേരക്കുട്ടിയുള്ള ആളാണോ ഇപ്പോൾ വിവാഹം കഴിക്കാൻ നോക്കുന്നത്.
ശിഖ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
രാത്രിയിൽ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുമ്പോഴും ആരും പരസ്പരം അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല.
ആമിക്കുട്ടി മാത്രം സ്കൂളിലെ വിശേഷങ്ങളൊക്കെ വാ തോരാതെ പറയുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി.
രാജീവ് കട്ടിലിൽ കിടക്കുകയാണ്.
അയാൾ എന്തോ കടുത്ത ആലോചനയിലാണ്.
ശിഖ അയാൾക്കരികിൽ ഇരുന്നു
എന്തു പറ്റി രാജീവ്?
അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു
നമ്മൾ അച്ഛനെ നന്നായിട്ടല്ലേ നോക്കുന്നത് ശിഖ? അയാൾ ചോദിച്ചു,
അച്ഛന് ഇഷ്ടമുള്ള ഭക്ഷണം, വസ്ത്രം ഒക്കെ നൽകുന്നുണ്ടല്ലോ, നന്നായിത്തന്നെയാണ് അച്ഛനെ നമ്മൾ നോക്കുന്നത് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.എന്നിട്ടും അച്ഛൻ ഈ എഴുപതാമത്തെ വയസ്സിൽ ഒരു വിവാഹം വേണമെന്ന് പറയുമ്പോൾ… എനിക്ക് എന്തോ ഒന്നും മനസ്സിലാകുന്നില്ല ശിഖ.
ശിഖ അയാൾക്കരുകിൽ ഇരുന്നു
അച്ഛൻ ഇപ്പോൾ ആവശ്യം ഒരുപാട് ഭക്ഷണമോ വസ്ത്രമോ ഒന്നുമല്ല രാജീവ് പരിഗണനയാണ്.
ഞാനും രാജീവും രാവിലെ തന്നെ ജോലിക്ക് പോകും. ആമിക്കുട്ടി സ്കൂളിലേക്കും പോകും.പിന്നെ ഈ വീട്ടിൽ അച്ഛൻ ഒറ്റയ്ക്കല്ലേ..
നമ്മൾ ജോലി കഴിഞ്ഞു വന്നാലും നമ്മുടേതായ പല തിരക്കുകളിലേക്ക് മാറും.
നമ്മൾ അച്ഛന് അർഹിക്കുന്ന പരിഗണന കൊടുത്തിട്ടുണ്ടോ, കേവലം ഭക്ഷണമോ വസ്ത്രമോ മാത്രം പോര അവർക്ക്
അവർക്ക് അവരുടെ പ്രായത്തിലുള്ള ഒരാൾ കൂട്ട് വേണം. നമുക്ക് അവരുടെ ചിന്തകളോളം വളരാൻ കഴിയില്ല നമ്മൾ അവരുടെ ചിന്തകൾക്കൊപ്പം എത്തണമെങ്കിൽ നമ്മളും അവരുടെ പ്രായമാകണം
അച്ഛന്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ രാജീവ്. അച്ഛൻ എങ്ങോട്ടും പോകുന്നില്ല. അച്ഛന് ഒന്നും ചെയ്യാനില്ല.അച്ഛന്റെ എല്ലാ കടമകളും കഴിഞ്ഞു.
അച്ഛന് സുഹൃത്തുക്കളും അധികം ഇല്ലല്ലോ. ചിലരൊക്കെ മരിച്ചുപോയി ചിലർ അസുഖ ബാധിതരാണ്,ഈയിടെ അച്ഛൻ പറയുന്നത് കേട്ടു അച്ഛന്റെ രണ്ടുമൂന്നു സുഹൃത്തുക്കൾ വൃദ്ധസദനത്തിൽ ആണെന്ന്. ആ സൗഹൃദവലയം ഒക്കെ അച്ഛന് നഷ്ടം ആയിരിക്കുകയല്ലേ..
അമ്മ മരിച്ചിട്ട് നാല് വർഷമായില്ലേ രാജീവ്ഒ രാൺതുണ യില്ലെങ്കിലും ഒരു പെണ്ണിന് ജീവിക്കാൻ കഴിയും.സ്വന്തം ഇണ കൂടെയില്ലെങ്കിൽ ഒരാണിന്റെ ജീവിതം നരകതുല്യമാണ്. അത് മനസ്സിലാകണമെങ്കിൽ നമ്മൾ അച്ഛനോളം പ്രായമെത്തണം. രാജീവ് ഒന്ന് ആലോചിച്ചു നോക്കിക്കേ . ഞാൻ ഇല്ലാത്ത ഒരു ജീവിതം എങ്ങനെയായിരിക്കുമെന്ന്..
രാജീവ് അവളുടെ കണ്ണുകളിലേക്ക് നോക്കി. ഇല്ലടോ എനിക്ക് അങ്ങനെ ചിന്തിക്കാൻ പോലും ആവില്ല.അയാൾ അവളെ ചേർത്തു പിടിച്ചു.
അച്ഛൻ ഇപ്പോൾ വേണ്ടത് ഒരു കൂട്ടാണ്. അച്ഛൻ പറയുന്നതൊക്കെ കേട്ടിരിക്കാൻ ഒരാൾ.അച്ഛൻ പുറത്തൊക്കെ പോയിട്ട് കയറി വരുമ്പോൾ കാത്തിരിക്കാൻ ഒരാൾ.?ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞടു ത്തിരിക്കാൻ ഒരാൾ.
ഏത് കാലഘട്ടത്തിലായാലും മനുഷ്യന് പരിഗണന വേണം.
അച്ഛനെ വിവാഹം കഴിപ്പിക്കണം എന്നാണോ നീ പറയുന്നത്?
തീർച്ചയായും വേണം രാജീവ്അ ച്ഛൻ ഇത് ഇങ്ങോട്ട് ആവശ്യ പ്പെടുന്നതിനു മുൻപ് മക്കളായ നമ്മളൊക്കെ അച്ഛനോട് അങ്ങനെ ഒരു ചോദ്യം ചോദിക്കണമായിരുന്നു.
രാജീവ് കുറെ നേരം ആലോചിച്ചിരുന്നു
ശരിയാണ് നീ പറഞ്ഞത്.
പിറ്റേന്ന് രാകേഷിനോട് രാജീവ് അക്കാര്യം പറഞ്ഞു
നിന്റെ തലയ്ക്ക് വട്ടാണോ രാജീവ്.
ഈ പ്രായത്തിൽ അച്ഛൻ വിവാഹം കഴിച്ചാൽ, വിവാഹം കഴിച്ചു കൊണ്ടുവരുന്ന ആളെക്കൂടി നമ്മൾ നോക്കേണ്ടിവരും. അതും ഈ പ്രായത്തിൽ ഒക്കെയുള്ള ആളാകുമ്പോൾ എന്തെങ്കിലും രോഗങ്ങളും വയ്യായ്കകളും ഒക്കെ ഉണ്ടായിരിക്കും. അച്ഛനെ നോക്കാൻ തന്നെ പാടാണ് അപ്പോഴാണ് ഇനി വേറൊരാളെ കൂടി കൊണ്ടുവന്നു നോക്കുന്നത്
ഏട്ടൻ എന്തുപറഞ്ഞാലുംശരി. അച്ഛന് ഒരു കൂട്ടുണ്ടാക്കിക്കൊടുക്കാൻ തന്നെയാണ് എന്റെ തീരുമാനം
രാകേഷ് ദേഷ്യത്തോടെ രാജീവിനെ നോക്കി.
എടാ…ഈ പ്രായത്തിൽ കെട്ടിയിട്ട് എന്തോന്ന് കാട്ടിക്കൂട്ടാൻ വേണ്ടിയാ?
ഏട്ടൻ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി. ഏട്ടാ അച്ഛൻ നോക്കുന്നത് സെക്സിനു വേണ്ടി ഒരു പങ്കാളിയെ അല്ല.ഇനി അങ്ങനെയാണെങ്കിൽ കൂടി എന്താ കുഴപ്പം. ഈ പ്രായത്തിൽ അവർക്ക് അതൊക്കെ ആസ്വദിക്കാൻ കഴിയുമെങ്കിൽ അവരത് ആസ്വദിക്കട്ടെ..
നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ഞാൻ വിദേശത്തേക്ക് മടങ്ങി പോയിട്ട് എന്താന്ന് വെച്ചാൽ ആയിക്കോ.ഞാൻ നാളെ തന്നെ അങ്ങ് പോയേക്കാം.
പിന്നെ ഇന്നത്തെ കാലത്ത് ഒരാൾക്ക് ഒരു അസുഖം വന്നാൽ ചികിത്സിക്കണമെങ്കിൽ കുടുംബം വിൽക്കേണ്ടിവരും. അന്നേരമാണ് ഒരാളെ കൂടി കൊണ്ടുവന്നു നോക്കാൻ പോകുന്നത്.
നീ തന്നെ അനുഭവിക്കേണ്ടിവരും. ഞാൻ പറഞ്ഞില്ലെന്ന് വേണ്ട
ഏട്ടാ… രാജീവ് ഏട്ടന്റെ കൈയിൽ പിടിച്ചു.
മരണവേദന അനുഭവിക്കേണ്ടി വരും എന്ന് അറിഞ്ഞിട്ടും അമ്മ നമുക്ക് രണ്ടുപേർക്കും ജന്മം തന്നില്ലേ. ഒരുപക്ഷേ പ്രസവത്തിനിടയ്ക്ക് മരണപ്പെട്ടു വരെ പോയേക്കാം എന്നിട്ടും അമ്മയാ സാഹസത്തിനു മുതിർന്നില്ലേ.
ചിലപ്പോൾ ചില റിസ്ക്കുകൾ ഏറ്റെടുക്കാൻ നമ്മൾ തയ്യാറാകണം ഏട്ടാ.ജീവിതം ഒന്നല്ലേ ഉള്ളൂ നമ്മൾ സന്തോഷിക്കുന്നതിനോടൊപ്പം നമ്മുടെ ചുറ്റുമുള്ളവർ കൂടി സന്തോഷിച്ചാൽ എന്ത് രസമായിരിക്കും
നമ്മളും പ്രായമായി വരികയല്ലേ ഏട്ടാ. നമ്മുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്.നമ്മുടെ പങ്കാളി ഇല്ലെങ്കിൽ ജീവിതത്തിന്റെ സകല സന്തോഷങ്ങളും തീർന്നു പോകും.
നമ്മൾ ഒരുമിച്ച് നിന്ന് സന്തോഷത്തോടെ അച്ഛന്റെ വിവാഹം നടത്തി കൊടുക്കണം.എങ്കിൽ മാത്രമേ അച്ഛനും സന്തോഷമാകൂ..
♡♡♡♡♡♡♡♡♡♡♡
അച്ഛന്റെ വിവാഹവും കൂടിയിട്ടാണ് രാകേഷ് എയർപോർട്ടിലേക്ക് യാത്ര തിരിച്ചത്..
എഴുപത് വയസ്സുകാരനായ അച്ഛൻ എഴുപത്തിയൊന്നുകാരിയായ ഭവാനിയെയാണ് വധുവാക്കിയിരിക്കുന്നത്..
ജോലി കഴിഞ്ഞു വരുമ്പോൾ കാത്തിരിക്കാനിപ്പോൾ അച്ഛനൊപ്പം പുതിയ ഒരാൾ കൂടെയുണ്ടെന്നുള് സന്തോഷത്തിലാണ് രാജീവും ശിഖ യും.
ആമിക്കുട്ടിയും.
മധുരവും കയ്പ്പും നിറഞ്ഞ കഴിഞ്ഞുപോയ കാലത്തിന്റെ ഏടുകൾ മറിച്ചു നോക്കാൻഏറെ സമയം കിട്ടുന്ന ഒരു കാലഘട്ടമാണ് വാർദ്ധക്യം. ഇനി മുന്നിലേക്ക് ഒന്നും ചെയ്യാനില്ലെന്ന ബോധം വന്നു തുടങ്ങിയാൽ, മനുഷ്യൻ പിന്നിട്ട വഴികളെ കുറിച്ച് ചിന്തിച്ചു തുടങ്ങും
കഴിഞ്ഞുപോയതെല്ലാം അതിസുന്ദരമായ ഒരു കാലമായിരുന്നു എന്ന് തമ്മിൽ തമ്മിൽ പറയാൻ… ചിരിക്കാൻ.. ഒരുമിച്ചുണ്ണാൻ…ഒരുമിച്ചുറങ്ങാൻ.. ഒരു തുണ ഉണ്ടാവുക എന്നത് മഹാഭാഗ്യമാണ്…..
ഓരോ വാർദ്ധക്യവും ഒറ്റപ്പെടലിന്റേതാവാതിരിക്കട്ടെ…
♡♡♡♡♡♡♡♡♡♡♡♡♡