അവടെ നിറഞ്ഞ ചിരിയോടെ നവീൻ എന്നെ നോക്കി ഇരിക്കുന്നുണ്ട്. നവീനിന്റെ താലി എന്റെ കഴുത്തിലേക്ക് ഏറ്റു വാങ്ങുമ്പോൾ ഞാൻ പകയോടെ നോക്കിയത് അവരെയാണ്..

ഏടത്തിയമ്മ

Story written by Devaamshi deva

“ഇനി ഏട്ടത്തിയുടെ അനുഗ്രഹം വാങ്ങിക്കോളൂ..” അമ്മാവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാൻ കതിർ മണ്ഡപത്തിലേക്ക് കയറി…

അവടെ നിറഞ്ഞ ചിരിയോടെ നവീൻ എന്നെ നോക്കി ഇരിക്കുന്നുണ്ട്.
നവീനിന്റെ താലി എന്റെ കഴുത്തിലേക്ക് ഏറ്റു വാങ്ങുമ്പോൾ ഞാൻ പകയോടെ നോക്കിയത് അവരെയാണ്..

നിറഞ്ഞ മനസാൽ എന്നെ നോക്കി നിൽക്കുന്ന എന്റെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും അടുത്ത് പുഞ്ചിരിയോടെ നിൽക്കുന്ന എന്റെ ഏട്ടത്തിയമ്മയെ. എനിക്ക് ഇങ്ങനെയൊരു ജീവിതം കിട്ടുമെന്ന് മനസ്സിൽ പോലും അവർ കരുതി കാണില്ല.. അതിന്റെ ദേഷ്യവും പകയുമൊക്കെയുണ്ടെങ്കിലും മറ്റുള്ളവരുടെ മുന്നിൽ നന്നായി അഭിനയിക്കുന്നുണ്ട്… അല്ലെങ്കിലും അഭിനയിക്കാൻ അവർ പണ്ടേ മിടുക്കിയാണ്…nഅവരുടെ അഭിനയത്തിൽ വീണുപോയവരാണല്ലോ ഏട്ടനും ഞാനും അച്ഛനും അമ്മയുമെല്ലാം..

ചടങ്ങുകളൊക്കെ കഴിഞ്ഞ് കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് നവീൻ അവരെ കെട്ടിപിടിച്ച് യാത്ര പറഞ്ഞത്.. ഇതുവരെ അവർ തമ്മിലൊരു പരിചയമുള്ളതായി പോലും തോന്നിയിട്ടില്ല.. അതുകൊണ്ട് തന്നെ അതിന്റെ ഞെട്ടൽ ഞങ്ങളുടെ എല്ലാവരുടെയും മുഖത്ത് കാണാം..
കാറിൽ നവീനിന്റെ അച്ഛനും അമ്മയും കൂടി ഉണ്ടായിരുന്നതിനാൽ ഒന്നും ചോദിക്കാനും പറ്റിയില്ല.. വീട്ടിലെത്തി അവിടുത്തെ ചടങ്ങൊക്കെ കഴിഞ്ഞതും റിസപ്ഷനായി നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി…

അപ്പോഴും എന്റെ മനസ്സ് നിറയെ അവരായിരുന്നു… എന്റെ ഏടത്തി..
ഗായത്രി…

കുട്ടിക്കാലം മുതലേ നല്ല കൂട്ടായിരുന്നു ഞാനും ഏട്ടനും… ഒരു ദിവസം അമ്പലത്തിൽ വെച്ചാണ് ഏട്ടൻ ഗായത്രിയെ പരിചയപ്പെടുത്തി തന്നത്…
ഏട്ടൻ പ്രണയിക്കുന്ന കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി…
മിണ്ടാപൂച്ചയായ ഏട്ടനൊരു പ്രണയമുണ്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അന്നുമുതൽ ഗായത്രിയുമായി നല്ല കൂട്ടായി…. വലിയൊരു കോടീശ്വരന്റെ ഏക മകളായിരുന്നിട്ട് പോലും അതിന്റെ അഹങ്കാരമോ ജാടയോ ഒന്നും ഇല്ലാത്ത പാവമൊരു പെണ്ണ്.. അച്ഛനും അമ്മക്കും ജീവനയിരുന്നു. ഗായത്രി ഏട്ടന്റെ ഭാര്യയായി വന്നതുമുതൽ ഞങ്ങളുടെ കുടുംബം കൂടുതൽ സന്തോഷത്തിൽ ആയിരുന്നു.. എന്തും തുറന്ന് പറയാണ് കഴിയുന്ന കൂട്ടുകാരി കൂടിയായിരുന്നു അവൾ..

ആനന്ദിന്റെ കാര്യം ഞാൻ ആദ്യം പറയുന്നതും അവരോട് ആയിരുന്നു..
മൂന്ന് വർഷത്തെ പ്രണയമായിരുന്നു ഞാനും ആനന്ദും… എല്ലാത്തിനും കൂടെ നിന്നത് അവരായിരുന്നു.. അച്ഛനെയും ഏട്ടനെയും പറഞ്ഞു സമ്മതിപ്പിച്ചതും അവരായിരുന്നു…

പക്ഷെ അവരുടെ യഥാർത്ഥ മുഖം കണ്ടത് ആനന്ദും വീട്ടുകാരും എന്നെ പെണ്ണ് കാണാൻ വന്ന ദിവസമായിരുന്നു..

“ആനന്ദിന്റെ രണ്ട് സഹോദരിമാർക്കും ഞങ്ങൾ എഴുപത്തിയഞ്ച് പവന്റെ ആഭരണങ്ങളാ കൊടുത്തത്… ആര്യ മോൾക്ക് അൻപത് പവന്റെ ആഭരങ്ങളെങ്കിലും നിങ്ങൾ തരണം…” ആനന്ദിന്റെ അമ്മ അത് പറയുമ്പോൾ അച്ഛനും ഏട്ടനും സന്തോഷത്തോടെ സമ്മതിച്ചു… അമ്മക്കും സമ്മതമായിരുന്നു..പക്ഷെ ഗായത്രിയുടെ മുഖം മാറിയത് ഞാൻ ശ്രെദ്ധിച്ചു..

അന്ന് രാത്രി അത്താഴം കഴിക്കാനിരുന്നപ്പോൾ എന്റെ കല്യാണക്കാര്യം ചർച്ച ചെയ്തു… ഏട്ടന്റെ ബാങ്കിൽ ബാലൻസ് എടുക്കാമെന്ന് പറഞ്ഞ പ്പോൾ അത് നടക്കില്ലെന്ന് ഗായത്രി തറപ്പിച്ചു പറഞ്ഞു. ഗായത്രി ഏട്ടനെ സഹായിക്കും എന്ന് ഞാനടക്കം എല്ലാവരും വിശ്വസിച്ചിരുന്നു.. അതു കൊണ്ട് തന്നെ അവരുടെ ഇങ്ങനെയൊരു മാറ്റം ഞങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല…

ഏട്ടന്റെ സമ്പാദ്യം എനിക്ക് തരാൻ പറ്റില്ലെന്ന് വാശി പിടിച്ചപ്പോൾ വീട് വിറ്റിട്ടാണെങ്കിലും ഈ കല്യാണം നടത്തുമെന്ന് അച്ഛനും പറഞ്ഞു…

അപ്പോഴവർ അതിനും തടസം നിന്നു.. ഏട്ടന് കൂടി അവകാശപ്പെട്ട വീട് വിൽക്കാൻ പറ്റില്ലെന്ന്..

കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ സ്വർണം തരാതെ വിവാഹത്തിന് അമ്മ സമ്മതിക്കില്ലെന്ന് ആനന്ദ് പറഞ്ഞു…

അതോടെ ആ വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.. ഇനിയും ഞാൻ വാശി പിടിച്ചാൽ ഏട്ടൻ അവരെ എതിർത്തത് വന്റെ വിവാഹം നടത്തും.. അതോടെ ഏട്ടന്റെ ജീവിതം തകരും.. ഞാൻ കാരണം ഏട്ടൻ വിഷമിക്കാൻ പാടില്ല…. അതുകൊണ്ട് തന്നെ മനപ്പൂർവം ആനന്ദം എന്ന് അധ്യായം ഞാൻ അടച്ചു…

വീട്ടിലിരുന്നാൽ ഭ്രാന്ത്‌ പിടിക്കുമെന്ന അവസ്ഥവന്നപ്പോഴാണ് ജോലി അന്വേഷിച്ചു തുടങ്ങിയത്… ആനന്ദിന് ഞാൻ ജോലിക്ക് പോകുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് ഇതുവരെ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടില്ലായിരുന്നു…

ഒരുപാട് ഇന്റർവ്യൂകൾക്ക് ശേഷമാണ് നവീനിന്റെ ഓഫീസിൽ ജോലി കിട്ടിയത്… സ്റ്റാഫുകളോടൊക്കെ വളരെ മാന്യമായി പെരുമാറുന്ന ആളായിരുന്നു നവീൻ…

ഒരു ദിവസം വീട് എവിടെ ആണെന്നും വീട്ടുകാരെ പറ്റിയുമൊക്കെ ചോദിച്ചപ്പോൾ അത് എന്നെ പെണ്ണ് ചോദിച്ചു വീട്ടിലേക്ക് വരാനാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…

“ഞങ്ങളുടെ ഒരേ ഒരു മകനാണ് നവീൻ… ആവശ്യത്തിൽ കൂടുതൽ പണവും സമ്പത്തും ദൈവം ഞങ്ങൾക്ക് തന്നു… അതുകൊണ്ട് തന്നെ സ്തീധനമായി ഒരു രൂപ പോലും ഞങ്ങൾക്ക് വേണ്ട.. മോളെ മാത്രം തന്നാൽ മതി..” നവീന്റെ അമ്മ അത് പറയുമ്പോൾ അഹങ്കാരത്തോടെ തന്നെ ഞാൻ ഗായത്രിയെ നോക്കി…

പിന്നീട് അങ്ങോട്ട്‌ എല്ലാം പെട്ടെന്ന് ആയിരുന്നു… കല്യാണത്തിന്റെ കാര്യങ്ങളൊക്കെ നോക്കിയത് നവീനിന്റെ വീട്ടുകാർ തന്നെ ആയിരുന്നു… വില കൂടിയ വസ്ത്രങ്ങളും നൂറു പവന്റെ ആഭരണങ്ങളും അവരെനിക്ക് തന്നു.. ആർഭാടമായി തന്നെ വിവാഹവും നടന്നു.. വിവാഹത്തിന്റെ കാര്യങ്ങളിലൊക്കെ പങ്കു ചേരാൻ ശ്രെമിച്ച ഗായത്രിയെ ഞങ്ങളെല്ലാവരും മനഃപൂർവം അകറ്റി നിർത്തി…

രാത്രിയിൽ മുറിയിൽ ഉറങ്ങാതെ നവീനിനെ കാത്തിരിക്കുമ്പോൾ ആദ്യ രാത്രി ആഘോഷിക്കാൻ പോകുന്നൊരു പെണ്ണിന്റെ മനസ്സ് ആയിരുന്നില്ല എനിക്ക്..

“നവീനും എന്റെ ഏടത്തിയും പരിചയക്കാർ ആണോ…” മുറിയിലേക്ക് കടന്നു വന്നു നവീനിനോട് മുഖവുര ഇല്ലാതെ തന്നെ ചോദിച്ചു..

“അതെല്ലോ..” ചിരിച്ചു കൊണ്ട് നവീൻ കട്ടിലിലേക്ക് ഇരുന്നു..

“എന്നിട്ട് എന്താ എന്നോട് പറയാത്തത്.. ഇതുവരെ നിങ്ങള പരസ്പരം മിണ്ടുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ… എങ്ങിനെയാ നിങ്ങൾ തമ്മിൽ പരിചയം.”

“തന്റെ എല്ലാ ചോദ്യത്തിനും ഞാൻ മറുപടി തരാം… ആദ്യം താനിവിടെ ഇരിക്ക്.” നവീൻ എന്നെ അടുത്തേക്ക് പിടിച്ചിരുത്തി…

“ഗായത്രിയും ഞാനും LKG മുതൽ പ്ലസ് ടു വരെ ഒന്നിച്ച് പഠിച്ചവരാണ്…
അതിന് ശേഷം ഞാൻ വിദേശത്താണ് പഠിച്ചത്.അതുകൊണ്ടാണ് ഗായത്രിയുടെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്തതും നിങ്ങൾ ആരും എന്നെ കാണാത്തതും.

താനും തന്റെ വീട്ടുകാരും കരുതും പോലെ ഒരു ദുഷ്ടത്തി ഒന്നുമല്ല അവൾ..
പഞ്ച പാവമാണ്. തന്റെ ഏട്ടനെയും തന്നെയും അച്ഛനെയും അമ്മയേയുമൊക്കെ ജീവനാണ്..

ആനന്ദുമായി തന്റെ വിവാഹം നടക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അവളാണ്.. അൻപത് പവനാണ് അവർ ചോദിച്ച തെങ്കിലും അവൾ തനിക്ക് നൂറു പവൻ തരുമായിരുന്നു…

പക്ഷെ മൂന്ന് വർഷം ആത്മാർത്ഥമായി പ്രണയിച്ചിട്ടും ആനന്ദിന്റെ അമ്മ കണക്ക് പറഞ്ഞു സ്ത്രീധനം ചോദിച്ചതും ആനന്ദ് അത് കേട്ട് മിണ്ടാതി രുന്നതും ഗായത്രിക്ക് ഇഷ്ടപ്പെട്ടില്ല… പണത്തെ മാത്രം സ്നേഹിക്കുന്ന ആ കുടുംബത്തിൽ ഒരിക്കലും സന്തോഷത്തോടെ കഴിയാൻ തനിക്ക് പറ്റില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.. പക്ഷെ ഇതൊക്കെ പറഞ്ഞാൽ ആനന്ദിനെ അത്രയും സ്നേഹിക്കുന്ന താൻ ഒരിക്കലും വിശ്വസിക്കി ല്ലായിരുന്നു… തന്റെ ഇഷ്ടത്തിനപ്പുറം തന്റെ വീട്ടുകാരും നിൽക്കില്ല…” നവിൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ഇരുന്നു…

“താൻ അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്.. തനിക്ക് എന്റെ ഓഫീസിൽ ജോലി വാങ്ങി തന്നത് അവളാണ്… തന്റെ പ്രൊപോസലു മായി അവൾ എന്നെ വന്നു കണ്ടിരുന്നു… ആനന്ദിന്റെ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു.. ഈ വിവാഹത്തിന് ഞാൻ തനിക്ക് ന്നെ തെല്ലാം, വസ്ത്രങ്ങളും ഓർണമന്റ്സും എല്ലാം അവൾ തന്നതാണ്… എനിക്ക് തരാൻ ഇഷ്ടമില്ലാത്തത് കൊണ്ടല്ല കേട്ടോ… അവളുടെ അനിയത്തിക്ക് അതൊക്കെ അവൾ തന്നെ കൊടുക്കണമെന്ന് അവൾക്ക് നിർബന്ധ മായിരുന്നു.. നേരിട്ട് തന്നാൽ അവളോടുള്ള ദേഷ്യത്തിൽ നിങ്ങളതൊന്നും സ്വീകരിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.”

നവീൻ പറഞ്ഞു നിർത്തുമ്പോൾ ഞാൻ പൊട്ടി കരഞ്ഞു പോയി… ഞാനും എന്റെ വീട്ടുകാരും കണ്ടതോ അറിഞ്ഞതോ അല്ല ഗായത്രി എന്നെനിക്ക് മനസിലായി.. അല്ലെങ്കിൽ ഗായത്രിയിലെ നന്മ കാണാൻ ഞങ്ങൾക്ക് കണ്ണില്ലാതെ പോയി..

“ഡോ… താൻ എന്തിനാ കരയുന്നെ..” എന്നെ ചേർത്ത് പിടിച്ച് ടെൻഷനോടെ നവീൻ ചോദിച്ചു…

“എനിക്ക്… എനിക്ക് ഏട്ടത്തിയെ കാണണം നവീൻ… ഇപ്പൊ കാണണം.”

“ഇപ്പോഴോ… നാളെ രാവിലെ പോയാൽ പോരെ…”

“ഇല്ല… ഏട്ടത്തിയെ കാണാതെ… ആ കാലിൽ വീണു മാപ്പ് ചോദിക്കാതെ ഇനി എനിക്കൊരു ജീവിതം തുടങ്ങാൻ പറ്റില്ല….ഒന്ന് കൊണ്ടുപോകുമോ നവീൻ…

പ്ലീസ്…”

“വാ….” അപ്പോൾ തന്നെ എന്റെ കൈയ്യും പിടിച്ച് നവീൻ പുറത്തേക്ക് നടന്നു…

എന്റെ ഏട്ടത്തി എനിക്ക് നേടി തന്നത് ഒരു നിധി ആണെന്ന് ആ നിമിഷം ഞാൻ മനസിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *