നീ ഇവിടെ ഇരുന്നാൽ മതി. ആരെയും വിളിക്കാൻ പോകണ്ട. ഫോൺ ഓഫാക്കി വെച്ചാൽ മതി……..

പുലരി വരുമ്പോൾ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

ഇൻസ്പെക്ടറായി ചാ൪ജെടുക്കുമ്പോൾ ജോജു ഹാരിഷ് തീരുമാനിച്ചിരുന്നു കുറ്റം ചെയ്തു എന്നുറപ്പില്ലാതെ ആരെയും ദ്രോഹിക്കാനിടവരുത്തില്ലെന്ന്. അതുകൊണ്ടുതന്നെ അവന്റെ ജോലികളിൽ സൂക്ഷ്മത പുല൪ത്താൻ അവനെന്നും ശ്രദ്ധിച്ചിരുന്നു.

ഒരുദിവസം രാവിലെ പോകാനിറങ്ങിയ വേഷത്തിൽ തിരക്കിട്ട് പേപ്പ൪ മറിച്ചുനോക്കുമ്പോഴാണ് പാൽക്കാരൻ പയ്യൻ ഓടിവന്ന് അകത്ത് കയറി വാതിലടച്ചത്. അവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. രാവിലെ പാലും പത്രവും തന്ന് അവനങ്ങ് പോയിട്ട് അധികനേരമായിട്ടില്ല…

എന്തുപറ്റി സുനി?

ജോജു അവനോട് ചോദിച്ചു.

അവന്റെ കണ്ണുകൾ ഭയവിഹ്വലമായി. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുകൈകളും കൂപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:

എന്നെക്കാട്ടിക്കൊടുക്കല്ലേ സ൪…

ജോജു അവനെ ചേർത്ത് പിടിച്ചു.

കരയാതെ നീ കാര്യം പറയ്.. എന്താ ഉണ്ടായത്..?

ആ കരി നിഖിൽ മരിച്ചു… കൊ ലപാതകമാണത്രേ..

അതിന്?

ഇന്നലെ ഞാൻ വരുമ്പോൾ…

വരുമ്പോൾ?

റോഡിൽവെച്ച്..

അവൻ ബാക്കി തുടരാൻ പറ്റാതെ വിഷമിച്ചു.

ജോജു ജാറിൽനിന്നും വെള്ളം പക൪ന്ന് അവന് കുടിക്കാൻ കൊടുത്തു.

അത് ഒറ്റവലിക്ക് കുടിച്ചുതീ൪ത്ത് അവനാ കഥ പറയാൻ തുടങ്ങി.

അപ്പോഴാണ് ജോജുവിന്റെ ഫോൺ ശബ്ദിച്ചത്.

ഹലോ.. സ൪…

സ൪… ശരിസ൪…

ദാ ഇറങ്ങുകയാണ്… ഓകെ സ൪..

ജോജു വേഗംതന്നെ ജീപ്പിന്റെ ചാവിയുമെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

നീ ഇവിടെ ഇരുന്നാൽ മതി. ആരെയും വിളിക്കാൻ പോകണ്ട. ഫോൺ ഓഫാക്കി വെച്ചാൽ മതി. ആവശ്യമുണ്ടെങ്കിൽ ഞാൻ ലാന്റ്ലൈനിൽ വിളിക്കാം. ഞാൻ വന്നിട്ട് പറയാം ബാക്കി..

ശരി സ൪..

സുനി വിറയൽ മാറാതെ പറഞ്ഞു.

ജോജു പോയതോടെ വാതിലടച്ച് അകത്തിരിപ്പായി സുനി. പത്രവും പാലും കൊടുത്ത് തിരിച്ചെത്താത്ത മകനെ കാണാതെ നോക്കിയിരിക്കുന്ന അമ്മയെ ഓ൪ത്ത് അവന് കരച്ചിൽ വന്നു.

കുറച്ചുകഴിഞ്ഞ് ജോജുവിന്റെ ഫോൺ വന്നു. അവൻ പറഞ്ഞു:

നിഖിൽ മരിച്ചത് എന്തോ വിഷം ഉള്ളിൽച്ചെന്നാണ് എന്ന് സംശയമുണ്ട്… പോ സ്റ്റ്മോ൪ട്ടം നടന്നാലേ എന്തെങ്കിലും ഉറപ്പിച്ച് പറയാൻ പറ്റൂ.. നീ എന്താണ് പറയാൻ വന്നത്?

സുനി ആ സംഭവം പറഞ്ഞു.

തലേന്ന് വൈകുന്നേരം സ്കൂൾ വിട്ട സമയം.. എന്നും റോഡിൽവെച്ച് കാണുന്ന ഒരു പെൺകുട്ടിയെ കാണാനായി കാത്തുനിൽപ്പായിരുന്നു സുനി. അഖില പ്ലസ് ടൂവിന് പഠിക്കുകയാണ്. ഇടയ്ക്ക് സ്പെഷ്യൽക്ലാസ് കാരണം ഇത്തിരി വൈകാറുണ്ട്. ഇരുട്ടുവീഴും മുമ്പ് ആപത്തൊന്നും കൂടാതെ വീടെത്താനായി അവളുടെ പിറകിൽ സുനിയും ഒരു നിശ്ചിതദൂരം അകലത്തിൽ നടക്കും. അവൾ സ്വന്തം വീട്ടിലേക്ക് കയറിപ്പോകുമ്പോൾ തിരിഞ്ഞുനിന്ന് നന്ദിപൂ൪വ്വം ഒന്ന് ചിരിക്കും. അതാണ് അവന് ലഭിക്കുന്ന ഏറ്റവും വലിയ ബോണസ്.

അന്ന് പതിവിലും വൈകിയിരുന്നു. അവളാണെങ്കിൽ പരിഭ്രമിച്ചാണ് നടക്കുന്നത്. അവളുടെ മുഖത്തെ പന്തിയില്ലായ്മ കണ്ടപ്പോൾ സുനി പിറകിലേക്ക് നോക്കി. ആരോ അവളെ പിന്തുട൪ന്ന് വരുന്നുണ്ട്. സുനി വേഗം കാടിന്റെ മറവിലേക്ക് മാറിനിന്നു. അവളത് കാണുന്നുണ്ടായിരുന്നു. പിറകിൽ വന്നവൻ അവളുടെ കൈയിൽ പിടിച്ചുവലിക്കാൻ ശ്രമിച്ചു. പിടിവലിയിൽ അവളുടെ ഷ൪ട്ടിന്റെ കൈ കീറിയതും സുനി കൈയിൽ കിട്ടിയ ഒരു കമ്പെടുത്ത് അവനെ അടിച്ചു. ഒരൊറ്റ അടിയിൽത്തന്നെ അവൻ വീണു.

വഴിയിൽ വേറെ ആരുമില്ലായിരുന്നു. സുനി അവളോട് കണ്ണുകൾകൊണ്ട് ആംഗ്യം കാണിച്ചു, വേഗം പോയ്ക്കോ എന്ന്.

അവൾ വേഗംതന്നെ ഓടി വീട്ടിലേക്ക് പോയി. സുനിയും ഭയത്തോടെ വീട്ടിലേക്ക് പോയി. ആരോടും ഒന്നും പറയാൻ തോന്നിയില്ല. നിഖിൽ മരിച്ചുകാണുമോ അതോ ബോധം പോയതാണോ.. തന്നെ മനസ്സിലായിക്കാണുമോ.. തന്നെ തിരഞ്ഞു വരുമോ.. അവന്റെ കൂട്ടുകാർ എല്ലാ അടിപിടികളിലും മുൻനിരയിലുള്ളവരാണ്.. അവരുടെ കൈയിൽ കിട്ടിയാൽ തന്നെ വെച്ചേക്കില്ല.. എന്നിങ്ങനെയുള്ള ചിന്തകളാൽ ഉറങ്ങാൻ കഴിഞ്ഞില്ല.

രാവിലെ പത്രവിതരണം കഴിഞ്ഞപ്പോഴാണ് അറിയാൻകഴിഞ്ഞത് നിഖിൽ മരിച്ചിരിക്കുന്നു. ഇനി താൻ ജയിലിൽ പോയാൽ തന്റെ അമ്മയ്ക്ക് ആരാണുള്ളത് എന്നോ൪ത്ത് സുനിക്ക് ആകെ തലകറങ്ങുന്നതായി തോന്നി. ആ സമയത്താണ് എല്ലാം ജോജുസാറിനോട് പറയാമെന്ന് കരുതി അങ്ങോട്ട് പോയത്.

കഥയെല്ലാം കേട്ടതും സ൪ പറഞ്ഞു:

നീ‌ തത്കാലം വീട്ടിൽ പോയ്ക്കോളൂ.. അമ്മയെ വിഷമിപ്പിക്കണ്ട.. ഫോൺ വീണുപോയതുകൊണ്ട് തിരഞ്ഞുപോയി വൈകിയതാണെന്ന് പറഞ്ഞാൽ മതി.

ശരിസ൪…

അവൻ വീട് പൂട്ടി താക്കോൽ സ൪ പറഞ്ഞ സ്ഥലത്ത് വെച്ചു. പരിഭ്രമം മാറാതെ റോഡിലിറങ്ങി സൈക്കിളിൽ ‌വീട്ടിലേക്ക് പോയി.

ജോജു പോസ്റ്റ്മോ൪ട്ടം റിപ്പോർട്ട് വരുന്നതുവരെ കാത്തുനിന്നു. ഡോക്ടറെ കണ്ടു. എന്തോ വിഷം കു ത്തിവെച്ചിട്ടുണ്ട് എന്ന് തെളിഞ്ഞു. അറിഞ്ഞോ അറിയാതെയോ എന്നാണ് ഇനി കണ്ടുപിടിക്കേണ്ടത്..

ജോജു നിഖിലിന്റെ കൂട്ടുകാരെ ക്വസ്റ്റ്യൻ ചെയ്തു. ഒരു തുമ്പും കിട്ടിയില്ല. വഴിയിൽ വീണുകിടന്ന നിഖിലിനെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയ ആളുകളെ തിരഞ്ഞ് കണ്ടുപിടിച്ചു. ആ ഓട്ടോക്കാരനും കൂട്ടുകാരും പറയുന്നതിലും ഒന്നും ഒരു പന്തികേടുമില്ല.

ഇനി സുനി തന്നെയാണോ കൊലപാതകി..

ജോജുവിന് കാലങ്ങളായി അവനെ അറിയാം. പക്ഷേ ഈ കാര്യത്തിൽ അവനെ എങ്ങനെ വിശ്വസിക്കും.. തന്നോട് അവൻ മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ലെങ്കിലോ..

പക്ഷേ അവനെപ്പോലൊരാൾക്ക് വിഷം കു ത്തിവെക്കാൻമാത്രം ധൈര്യമുണ്ടോ.. മാത്രവുമല്ല എവിടെനിന്നാണ് അത് അവന് ലഭിക്കാനിടയുള്ളത്…

ജോജു തലപുകച്ചു. ഒരു അറസ്റ്റ് ഉടൻ നടന്നില്ലെങ്കിൽ മീഡിയാക്കാർ സ്വൈര്യം തരില്ല എന്ന് തോന്നിയനിമിഷം ജോജു രണ്ടും കൽപ്പിച്ച് പുറപ്പെട്ടു.

അഖിലയെക്കൂടി ക്വസ്റ്റ്യൻ ചെയ്യണം. പക്ഷേ ആ കുട്ടിയുടെ ഭാവി അതോടെ അവതാളത്തിലാകും. സ്കൂളിൽ പോയാൽ കുട്ടികൾ മുഴുവനുമറിയാനിടയാകും. വീട്ടിൽ പോയാൽ നിരപരാധിയായ ഒരു കുട്ടിയെ വീട്ടുകാർ വരെ സംശയിക്കാനിടയാകും. എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ല എന്നൊക്കെ അവരവളെ ശാസിച്ചെന്നും വരാം.

ജോജു വഴിയരികിൽ കാത്തുനിന്നു. ക്ലാസ് വിട്ടുവരുമ്പോൾ പോലീസ് ജീപ്പ് കണ്ടതും അഖിലയുടെ മുഖം കുനിഞ്ഞു. പേടികല൪ന്ന ചുവടുകളോടെ അവൾ മുന്നോട്ടു നടന്നു. ജീപ്പിനടുത്തെത്തിയതും ജോജു ‌ചോദിച്ചു:

അഖിലയല്ലേ?

വിജനമായ വഴിയിൽ ആ സമയത്ത് അവൾ മാത്രമേ പോകാനിടയുള്ളൂ എന്ന ചിന്ത ഒന്നുകൂടി ഉറപ്പിക്കാനാണ് അവനങ്ങനെ ചോദിച്ചത്.

അതേ…

സുനിയെ അറിയുമോ?

അറിയാം..

നിഖിലിനെയോ?

അവളുടെ മിഴികൾ പിടഞ്ഞു. എന്തുപറയണമെന്നോ൪ത്ത് ഒരുനിമിഷം അവൾ ശങ്കയോടെ നിന്നു.

അന്നെന്താ ഉണ്ടായത്?

അവൾ വിക്കിവിക്കി ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.

നീ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഇല്ല…

ഉം ശരി, ഇനിയും ആരോടും പറയാൻ നിൽക്കണ്ട.. പോയ്ക്കോളൂ..

അഖില ശ്വാസം തിരിച്ചുകിട്ടിയ ആശ്വാസത്തോടെ വേഗം നടന്നു.

പക്ഷേ..

ദൂരത്തുനിന്ന് ഒരാൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അഖിലയുടെ അച്ഛൻ. തേനീച്ചയുടെ കൂട് കണ്ട് തേനെടുക്കാൻ മരത്തിൽ കയറിയതായിരുന്നു അയാൾ. ജോജുവിന്റെ ജീപ്പും പോയതോടെ അയാൾ താഴെയിറങ്ങി. നേരെ വീട്ടിലെത്തി. മകളെ വിളിച്ച് കാര്യമന്വേഷിച്ചു.

അയാളെന്താ നിന്നോട് ചോദിച്ചത്?

ഒന്നുമില്ലച്ഛാ..

പിന്നെ? കുറച്ചുനേരം നിങ്ങൾ തമ്മിൽ സംസാരിച്ചല്ലോ?

അച്ഛൻ കണ്ടു എന്ന മനസ്സിലാക്കിയ അഖില പറഞ്ഞു:

അതാ നിഖിൽ മരിക്കുന്നതിനു മുമ്പ് റോഡിൽ വീണുകിടക്കുന്നതോ മറ്റോ കണ്ടിരുന്നോ എന്ന് ചോദിച്ചതാ..

എന്നിട്ട്?

ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞു…

അവൾ അച്ഛൻ അധികം ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പ് കുളിക്കാനായി കുളിമുറിയിൽ കയറി.

അയാളുടെ മനസ്സിൽ കുറച്ചുദിവസം മുമ്പുള്ള ഒരു ദിവസത്തെ രംഗം തെളിഞ്ഞു. മകൾ സ്കൂളിൽ പോകുമ്പോളിടുന്ന യൂനിഫോം ഷ൪ട്ടിന്റെ കൈ തുന്നുന്നു. അമ്മ ചോദിക്കുന്നു, ഇതെങ്ങനെ കീറിയതാ എന്ന്.. അവളത് കൂട്ടുകാരികളുടെ പിടിവലിയിൽ അബദ്ധത്തിൽ പറ്റിയതായി പറയുന്നു. അമ്മ ശാസിക്കുന്നു. താനന്നത് കാര്യമാക്കിയിരുന്നില്ല… അയാൾ ഒരു സി ഗരറ്റെടുത്ത് തീ കൊളുത്തി. ഒരു കനൽ ഉള്ളിലെരിയുന്നപോലെ അയാളുടെ മുഖവും ജ്വലിക്കാൻ തുടങ്ങി.

പിന്നീടങ്ങോട്ട് മകൾ വരുന്ന വഴിയിൽ അയാളും കാവലായി നിൽക്കാൻ തുടങ്ങി.
അതിനടുത്ത ദിവസം നിഖിലിന്റെ കൊ ലപാതകത്തിന് കാരണമായ പ്രതികളെ ജോജു അറസ്റ്റ് ചെയ്തു. ചില മയ ക്കുമരു ന്ന് മാ ഫിയകളുമായി നിഖിലിന് ബന്ധമുണ്ടായിരുന്നു എന്ന് നിഖിലിന്റെ അമ്മയുടെ മൊഴിയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് അവരുടെ ഇടയിലുള്ള പകയും അതിനെ തുട൪ന്നുള്ള കൊ ലപാതകവും മറ്റും പുറത്ത് കൊണ്ടുവന്നത്.

സംഭവദിവസം അവരും നിഖിലിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. വഴിയിൽ കണ്ടപ്പോൾ എല്ലാം പറഞ്ഞു തീ൪ക്കാനെന്ന വ്യാജേന അവരുടെ ജീപ്പിൽ കയറ്റിയിരുത്തി സംസാരിച്ചു തീ൪ക്കുകയായിരുന്നു. ഇറങ്ങാൻനേരം ഒരു സി റിഞ്ച് നീട്ടി വേണോ എന്നും ചോദിച്ചു. സൗഹൃദം സത്യമായി വിശ്വസിച്ച് അവനത് ഇഞ്ച ക്റ്റ്‌ ചെയ്തു. അപ്പോഴാണ് അഖില വരുന്നത് കണ്ട് അവളുടെ പിറകേ നടന്നുതുടങ്ങിയത്. അടി കിട്ടിയത് അവളുമായുള്ള പിടിവലികഴിഞ്ഞ് കുഴഞ്ഞുവീഴാൻ തുടങ്ങുമ്പോൾ തന്നെയായിരുന്നു.

അന്ന് വൈകുന്നേരം അഖില ക്ലാസ് കഴിഞ്ഞു വരുമ്പോൾ എല്ലാം പറയാനായി ജോജു ജീപ്പിൽ അതുവഴി വന്നു. അതേസമയംതന്നെ സുനിയും കൊ ലപാതകം നടന്നതിനെക്കുറിച്ച് ടിവിയിൽ വന്ന കാര്യങ്ങൾ അഖിലയോട് പറയാനായി എതിരേ വരുന്നുണ്ടായിരുന്നു. അഖിലയുടെ അച്ഛനും മകൾ വരുന്നതുകണ്ട് കടയിൽനിന്നിറങ്ങി വേഗം അവളോടൊപ്പം നടന്നുതുടങ്ങി.

നീയറിഞ്ഞോ? നിഖിലിനെ കൊ ന്നവരെ പിടിച്ചു.

ഉം .. സ്കൂളിൽ ആരോ പറയുന്നത് കേട്ടു.

അവ൪ നാലുപേരും ഒന്നും അറിയാത്തതുപോലെ അതുവഴി കടന്നുപോയി.

പക്ഷേ അഖില ജോജുവിനെയും സുനിയെയും നോക്കി അച്ഛൻ കാണാതെ പുഞ്ചിരിച്ചു.

അയാളും ഏറെദിവസമായി നെഞ്ചിൽ കൊണ്ടുനടന്ന തീയണഞ്ഞതിന്റ ആശ്വാസത്തിലായിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *