സാധനങ്ങളുടെ വിലയും കയ്യിലെ പൈസയും കണക്ക് കൂട്ടി തൂക്കത്തിലും എണ്ണത്തിലും ഏറ്റ കുറച്ചിൽ വരുത്തി ഒരുവിധം സാധങ്ങൾ ഒക്കെ വാങ്ങി….

പിസ്ത..

എഴുത്ത് :- സൽമാൻ സാലി

നാട്ടിൽ പോകുന്ന ഒരു സാധാരണക്കാരന്റെ പെട്ടിയിൽ സ്ഥിര സാനിധ്യങ്ങളായ കുറച്ചു സാധനങ്ങൾ എന്നും കാണും…

അതിൽപെട്ടവരാണ് പാൽപ്പൊടി, അണ്ടിപരിപ്പ്, ബദാം, പിസ്ത തുടങ്ങിയവർ…

ടിക്കറ്റെടുത്ത അന്ന് മുതൽ ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്ന് ഓരോന്നു കണക്ക് കൂട്ടാൻ തുടങ്ങും .

നാട്ടിലേക്ക് പോകുമ്പോൾ വാങ്ങികെണ്ട സാധങ്ങൾ ഓരോന്നു മനസ്സിൽ കണ്ടു കിട്ടിയ ഒഴിവ് സമയത്ത് ലുലുവിലോ ഏതെങ്കിലും സൂപ്പർ മാർക്കറ്റിലോ കേറിയാൽ മനസ്സിൽ കരുതിയ ഒരൊറ്റ സാധനം കണ്ണിൽ കാണൂല…

കാണുന്ന സാധനങ്ങൾ ഒക്കെ വാരി വലിച്ചു വാങ്ങി റൂമിൽ എത്തി എടുത്തു നോക്കിയാലോ അത്യാവശ്യം വാങ്ങേണ്ടതൊന്നും വാങ്ങിയിട്ടുണ്ടാവുകയുമില്ല…

പിന്നെ അന്ന് മുതൽ ഉറക്കം കിട്ടാതിരിക്കാൻ ഒരു കാരണം കൂടി ആയി ..

പിന്നേം രാത്രി കിടക്കുമ്പോൾ കണക്ക് കൂട്ടും..

സാധനങ്ങളുടെ വിലയും കയ്യിലെ പൈസയും കണക്ക് കൂട്ടി തൂക്കത്തിലും എണ്ണത്തിലും ഏറ്റ കുറച്ചിൽ വരുത്തി ഒരുവിധം സാധങ്ങൾ ഒക്കെ വാങ്ങി റൂമി ലെത്തിച്ചാൽ പിന്നെ പെട്ടി കെട്ടുന്നത് വരെ ഒരു സമാധാനോം കിട്ടൂല…

വാങ്ങിവെച്ച സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി ഒരു പെട്ടിയിൽ വെച്ച് തൂക്കം നോക്കിയാൽ മുപ്പത് കിലോ കൊണ്ട് പോകാൻ പറ്റുന്നവന്റെ പെട്ടിയിൽ ഒരു മുപ്പത്തി മൂന്ന് കിലോ ആയിട്ടുണ്ടാകും… പിന്നെ അത് ആലോചിച്ചു ഉള്ള ഉറക്കവും പോയി കിട്ടും…

ഒരുവിധം അത്യാവശ്യം ഉള്ള സാധങ്ങൾ ഒക്കെ കുത്തി കേറ്റി മുപ്പത് കിലോ ഒപ്പിച്ചു ഒരു കിലോ അധികവും കെട്ടി എയർപോർട്ടി ലേക്ക് ഒരു പോക്കാണ് …

പിന്നെ ലഗേജ് തൂക്കി ബോർഡിങ് പാസ്സ് കിട്ടുന്നത് വരെ ആധിയാണ്..

കൂടെ ലൈനിൽ നിക്കുന്നവരോടൊക്കെ ചോദിക്കും ഇങ്ങളത് എത്ര കിലോ ഉണ്ട് എത്ര കിലോ ഉണ്ടെന്ന്… ഒരുവിധം ആളുകളും മുപ്പത് മാത്രമാണെന്ന് പറഞ്ഞാൽ പിന്നെ അപ്പോമുതൽ ബാത്‌റൂമിൽ പോകാൻ മുട്ടലും തുടങ്ങും….

പിന്നെ ഒരൊറ്റ വിളിയാണ് പടച്ചോനെ കാത്തോളീന്ന്.. അങ്ങനെ ഒരുവിധം അറിയാവുന്ന രീതിയിലൊക്കെ പ്രാർത്ഥിച്ചു ലഗേജ് പോയി കിട്ടിയാലാണ് ശ്വാസം ഒന്ന് നേരെ വീഴുക…

സ്വന്തം ലഗേജ് പോയി കഴിഞ്ഞാൽ പിന്നെ ഞാൻ തന്നെ രാജാവ്.. എന്നേ പോലെ തൂക്കം കൂടുതൽ ഉള്ളവരോട് പറയും പേടിക്കേണ്ട കുറച്ചൊക്കെ അവർ വിടുന്നുണ്ട് എന്നൊക്കെ പറഞ്ഞു ഓരെ സമാധാനിപ്പിക്കും.. ന്റേത് കഴിയും വരെ ഉള്ള ആധി എനിക്കല്ലേ മനസിലാവൂ …

പിന്നെ ഡ്യൂട്ടി ഫ്രീയിൽ കയറി ഒന്നും വാങ്ങൂലെങ്കിലും കൊറേ സാധനത്തിന്റെ വില നോക്കും.. എന്നിട്ട് സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയതും അതും തമ്മിലുള്ള വില വെത്യാസം ഒക്കെ മനസിലാക്കി വെച്ച് പ്ലെയിനിൽ കൂടെ ഇരിക്കുന്നവരോട് തള്ളി മറിക്കാനുള്ളതാണ്…

അങ്ങനെ ഒരുവിധം നാട്ടിൽ പ്ലെയിൻ ഇറങ്ങി ലഗേജിന് കാത്ത് നിക്കുമ്പോ വീണ്ടും ടെൻഷൻ തുടങ്ങും.. എല്ലാരുടേം പെട്ടികൾ വന്നാലും സ്വന്തം പെട്ടി കാണൂല.. പടച്ചോനെ ഇനി അതെങ്ങാനും കയറ്റാൻ മറന്നൊളി എന്നാലോയിക്കുമ്മം ഉണ്ട് തുള്ളി ചാടി ഒരു വരുത്ത് മ്മളെ പെട്ടി.. ചാടി പിടിച്ചു ട്രോളിയിൽ കയറ്റി പുറത്തേക്ക് ഒരു നടത്തം ഉണ്ട്.. ന്റെ സാറേ… അതിന്റെ ഒരു ഫീലിംഗ്… അത് പറയാൻ പറ്റൂല…

എല്ലാംകഴിഞ്ഞു വീട്ടിലെത്തിയാൽ പെട്ടി തുറക്കും വരെ അണ്ണൻ ചപ്പിയ മങ്ങേടെ അടുത്ത് ഈച്ച പറക്കും പോലെ കുട്ടികൾ വട്ടം വെക്കുന്നുണ്ടാകും..

പെങ്ങളും കുട്യോളും എത്താതെ അത് പൊളിച്ചാൽ അതും എടങ്ങാറാകും.. സ്കൂൾ വിട്ടു മക്കളേം കൂട്ടി പെങ്ങന്മാരും വന്നാൽ പിന്നെ എല്ലാരും വട്ടത്തിൽ നിന്ന് പെട്ടി തുറക്കലാണ്…

പെട്ടി കെട്ടിയ കയർ ഉമ്മാക്ക് അയൽ കേട്ടാനുള്ളത് കൊണ്ട് കത്തികൊണ്ട് മുറിക്കാൻ പറ്റൂല.. ഓരോന്നും ആയിച്ചെടുക്കുമ്പോളേക്കും കുട്യോളുടെ ക്ഷമ കെട്ടിട്ടുണ്ടാകും …

ഒടുക്കം പെട്ടി തുറന്നാൽ പഞ്ഞി മിട്ടായിയുടെ കൂട് തുറന്നതുപോലെയാവും.. കുറച്ചു നേരം കൊണ്ട് എല്ലാം ഒരു വഴിക്കവും.. അതോടെ പിന്നെ കുട്യോൾക്കും മ്മള മാണ്ടാ….

എല്ലാം കഴിഞ്ഞു രണ്ടീസം കഴിയുമ്പോൾ വൈകിട്ട് ഉമ്മറത്തു ഇരുന്ന് തള്ള് പറയുമ്പോൾ ഉമ്മ പിസ്തയും എടുത്തു വരും കുട്യോൾക്കും പെങ്ങന്മാർക്കും ഒക്കെ കൊടുത്തു ഓരോക്കെ തൊലി പൊളിച്ചു തിന്നുമ്പോൾ എനിക്കും തരും രണ്ട് മൂന്നെണ്ണം.. എനിക്ക് അത്രയേ വേണ്ടൂ.. കാരണം ഗൾഫിന്ന് മൂന്ന് നേരം ബദാമും പിസ്തയും തിന്നുന്ന ഗൾഫ്‌കാർക്ക് ഇതൊക്കെ മടുത്തിട്ടുണ്ടാവും എന്നാണ് വീട്ടുകാരുടെ വിചാരം…

ചേലോൽക്ക് കിട്ടും ചേലോൽക്ക് കിട്ടൂല.. കിട്ടീലെലും കൊഴപ്പൊല്ല്യ…

അങ്ങനെ ഒരാഴ്ച കഴിയുമ്പോളേക്കും ഗൾഫിന്റെ മണം മാറീട്ടുണ്ടാകും… പിന്നെ ഒരുവിധം അവധിയും കഴിഞ്ഞു പെട്ടിയും തൂക്കി പിന്നേം വിമാനം കേറും …

അടുത്ത പോക്ക് അടുക്കുന്നത് വരെ പിന്നെ നാട്ടിൽ പോകുമ്പോൾ കൊണ്ട് പോകേണ്ട സാധനങ്ങളെ കുറച്ചു കണക്ക് കൂട്ടി കിടന്നുറങ്ങി വർഷങ്ങൾ നീക്കാൻ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *