ടെലിപ്പതി
എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി.
അവളുടെ ആൽബമെടുത്ത് മറിച്ചുനോക്കുമ്പോഴാണ് ഫോൺ വന്നത്..
അച്ഛാ എനിക്കിവിടെ തീരെ പറ്റുന്നില്ല…
മോളിങ്ങോട്ട് പോന്നോളൂ…
അവളുടെ കരച്ചിൽ നേ൪ത്തു പോകുന്ന ശബ്ദം കേട്ടതും അയാളുടെ ഉള്ള് വിറച്ചു.
ഫോൺവെച്ച് അയാൾ വാതിലുംപൂട്ടി ഇറങ്ങി. മാർക്കറ്റിൽ പോയി മകൾക്കി ഷ്ടപ്പെട്ട പലതും വാങ്ങി. അടുക്കളയിൽ കയറി ഓരോന്നായി വെച്ചുണ്ടാക്കി.
ഫോണിൽ മാധവിന്റെ വീഡിയോകാൾ.
ഹലോ അച്ഛാ.. എന്തുണ്ട് വിശേഷം?
അയാൾ ഒരുനിമിഷം നിശ്ശബ്ദനായി.
പിന്നെ പതിയെ പറഞ്ഞു:
അവളോടിങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്..
അവനെല്ലാം അറിഞ്ഞിട്ടായിരിക്കും വിളിക്കുന്നത് എന്ന് അയാൾക്കറിയാം. മകളുടെ വിവാഹത്തിന് വന്നുപോയതാണവൻ. അമ്മ മരിച്ചതോടെ അവൻ ദിവസവും അവളെയും വിളിക്കാറുണ്ട്. ദുബായിൽ ജോലികിട്ടി പോയിട്ട് ഏകദേശം ആറ് വർഷമായി. അവനും കല്യാണം കഴിഞ്ഞ് ഒരു മകനുള്ളതാണ്. എങ്കിലും സഹോദരിയുടെയോ അച്ഛന്റെയോ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല ഇതു വരെ.
ഞാനും അതാണ് പറഞ്ഞത്.. അവളവിടെ എത്രനാൾ വേണമെങ്കിലും നിന്നോട്ടെ..
നിന്നോട്ടെ.. അവളുടെയുംകൂടി വീടല്ലേ ഇത്..
ഏതായാലും ജീവിക്കാനാവശ്യമായ ഒരു ജോലി അവൾക്കുണ്ട്. അവളത് ചെയ്യട്ടെ..
അതേ, അതുതന്നെയാണ് ഞാനും ചിന്തിച്ചത്..
പുറത്ത് കാറ് വന്നുനിൽക്കുന്ന ശബ്ദം. അയാൾ പറഞ്ഞു:
പിന്നെ വിളിക്കാം.. പുറത്ത് ആരോ വന്നിട്ടുണ്ട്..
ശരിയച്ഛാ..
മാധവ് കാൾ കട്ട് ചെയ്തു.
മധുരിമയാണെങ്കിൽ ഓട്ടോയിലല്ലേ വരിക. ഇതാരാണ് കാറിൽ..
സ്വയം പറഞ്ഞുകൊണ്ട് അയാൾ പുറത്തിറങ്ങി. കാറിൽ നിന്നുമിറങ്ങിവരുന്ന മധുരിമയെ കണ്ടപ്പോൾ അയാൾ ചോദിച്ചു:
നീ വിശാഖിന്റെ കാറുമെടുത്താണോ പോന്നത്?
അതേ…
അവൾ ബാഗുമെടുത്ത് അകത്തേക്ക് നടന്നു. കൂടുതൽ ഒന്നുംതന്നെ ചോദിക്കാൻ അയാൾക്ക് തോന്നിയില്ല. പക്ഷേ മനസ്സിൽ അനേകം സംശയങ്ങൾ തോന്നുകയും ചെയ്തു. അവനോടാണ് പിണക്കമെങ്കിൽ എന്തിനാണ് അവൾ അവന്റെ കാറുമെടുത്ത് പോന്നത്… ഇവിടെനിന്നും ജോലിക്ക് പോകാൻ ഇവിടെ അവളുടെ സ്കൂട്ടിയുണ്ട്. പോരാത്തതിന് തന്റെ കാറും അവളിടയ്ക്ക് എടുക്കാറുണ്ട്.
കുളിച്ചുവന്ന് അടുക്കളയിൽ കടന്ന് അച്ഛനുണ്ടാക്കിയ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുമ്പോഴും അവൾ അവിടുത്തെ വിശേഷങ്ങളൊന്നും പറഞ്ഞില്ല. എന്താണ് അവിടെ ബുദ്ധിമുട്ട് തോന്നിയതാവോ.. അയാൾക്ക് മനസ്സിൽ പലപല ചിന്തകളായി.
വൈകിട്ട് മാധവ് വീണ്ടും വിളിച്ചപ്പോഴും സാധാരണ വിശേഷങ്ങൾ മാത്രമേ അവ൪ പരസ്പരം ചോദിക്കുന്നതും പറയുന്നതും കേട്ടുള്ളൂ.. കുഞ്ഞുവാവയെ കാണാൻ കൊതിയായി എന്ന് പറഞ്ഞപ്പോൾ മാധവ് അവന്റെ അടുത്തേക്ക് ക്യാമറ നീക്കിവെച്ചു. അവന്റെ കുറുമ്പുകൾ പറഞ്ഞ് എല്ലാവരും ചിരിച്ചു.
നീലാംബരി എവിടെ?
അയാളുടെ ചോദ്യത്തിന് മാധവ് പറഞ്ഞു:
അച്ഛാ.. അവൾക്ക് ഇന്നൊരു ഗെറ്റ്‌റ്റുഗദറുണ്ട്..
അപ്പോഴും മധുരിമയുടെ മുഖം വിവ൪ണ്ണമാകാതെ അവൾ പിടിച്ചു നിൽക്കുന്നു ണ്ടായിരുന്നു. രാജശ്രീ ഉണ്ടായിരുന്നെങ്കിൽ പറഞ്ഞേനേ:
ദേ.. പെണ്ണേ.. സേതുവേട്ടനെപ്പോലെ നീയും ഒന്നും പറയാതെ എല്ലാം പൂട്ടിക്കെട്ടി ഉള്ളിലിട്ട് നടന്നോ.. ഞാനൊന്നും ചോദിക്കുന്നില്ല..
അമ്മേ.. പിണങ്ങാതെ.. വിശാഖിന്റെ വീട്ടിൽ ഒരു മുത്തച്ഛനില്ലേ.. അദ്ദേഹത്തിന്റെ ശീലങ്ങളൊക്കെ എനിക്ക് ശരിയാകുന്നില്ല.. എന്റെ എല്ലാ കാര്യങ്ങളും അറിയണം.. ആവശ്യത്തിനും അനാവശ്യത്തിനും നിയന്ത്രണം.. മടുത്തു.. വിശാഖിനോട് പറഞ്ഞപ്പോൾ ‘തത്കാലം നീ വീട്ടിൽപ്പോയി നിന്നോളൂ, കുറച്ചുനാൾ കഴിഞ്ഞ് തീരുമാനിക്കാമെന്ന് പറഞ്ഞു’..
എന്താ അച്ഛാ ആലോചിക്കുന്നത്?
അയാൾ ചിന്തകളിൽനിന്നുണ൪ന്നു.
അമ്മയെ കുറിച്ചാലോചിച്ചതാ..
എന്നിട്ട്?
മധുരിമ ചിരിയോടെ ചോദിച്ചു.
അയാൾ പെട്ടെന്ന് മകളോട് പറഞ്ഞു:
മുത്തച്ഛനുമായി പ്രശ്നമുണ്ടെങ്കിൽ നിങ്ങൾക്ക് രണ്ടുപേ൪ക്കും റെന്റിന് വീട് നോക്കാമല്ലോ..
അച്ഛനോടിതാരാ പറഞ്ഞത്?
മധുരിമയുടെ മുഖത്ത് അത്ഭുതം.
അത് നീ അമ്മയോട് പറയുന്നത് ഒളിഞ്ഞുനിന്ന് കേട്ടതാ…
സേതൂ…
രാജശ്രീ ഇടയ്ക്ക് സ്നേഹപൂർവ്വം ശാസിക്കാറുള്ളതുപോലെ മധുരിമ വിളിച്ചു. അവൾ അച്ഛന്റെ അടുത്ത് വന്നിരുന്ന് കഴുത്തിലൂടെ കൈകൾ ചുറ്റി കൊഞ്ചി:
എനിക്കും വിശാഖിനോട് ഇങ്ങനെ ദൂരെയിരുന്ന് സംസാരിക്കാൻ പഠിക്കണം..
അതെങ്ങനെയാ അച്ഛാ..?
അതൊരുപാട് വർഷത്തെ ഒന്നിച്ചുള്ള തപസ്സുകൊണ്ട് മാത്രം സാധിക്കുന്നതാണ്…
ഒരേ മനസ്സായി, ഒരുപുഴപോലെയൊഴുകാൻ… നിനക്കും ഒരിക്കൽ സാധിക്കും..
അച്ഛനെ കെട്ടിപ്പിടിച്ച് മാറിൽ മുഖം ചേ൪ത്ത് മധുരിമ അമ്മയെക്കുറിച്ചോ൪ത്ത് ഏറെനേരമിരുന്നു. അയാളും തന്റെ ഭാര്യയുടെ പ്രസരിപ്പും ആഹ്ലാദവും നിറഞ്ഞ ഓ൪മ്മകളിൽ വീണുപോയിരുന്നു. മൌനം കനത്തപ്പോൾ അയാൾ പറഞ്ഞു:
വാ.. വല്ലതും കഴിച്ച് കിടക്കാം…
ഭക്ഷണം കഴിച്ചുകഴിഞ്ഞ് അയാൾ എഴുന്നേറ്റ് കിച്ചൻസിങ്കിനടുത്തുചെന്ന് പാത്രം കഴുകുമ്പോഴാണ് മകളുടെ ഫോൺ റിങ് ചെയ്തത്.
ഹലോ.. വിശാഖ്.. അച്ഛൻ പറയ്യ്വാ.. നിങ്ങൾക്ക് റെന്റിന് വീട് നോക്കിക്കൂടെ എന്ന്..
നീ എല്ലാം പറഞ്ഞോ എന്ന് അവൻ ചോദിച്ചുകാണണം.. അവന്റെ മറുപടി എന്തായിരുന്നു എന്ന് അവളുടെ അടുത്ത വരികൾ പറഞ്ഞു..
ഞാൻ പറഞ്ഞില്ല, പക്ഷേ അച്ഛൻ ഊഹിച്ചു.. അമ്മയുണ്ടായിരുന്നെങ്കിൽ ഞങ്ങളെന്തൊക്കെ പറയുമെന്ന് അച്ഛൻ ഇമാജിൻ ചെയ്തു..
പിന്നെയും എന്തൊക്കയോ പതിഞ്ഞശബ്ദത്തിൽ അവരുടെ സംസാരം നീണ്ടപ്പോൾ അയാൾ ബെഡ് റൂമിലേക്ക് നടന്നു. ഇടയ്ക്ക് അവളുടെ പൊട്ടിച്ചിരി കേട്ടപ്പോൾ അയാളുടെ നെഞ്ചിലൊരു തണുപ്പ് വീണു.
മധുരിമ ചോദിക്കുന്നുണ്ടായിരുന്നു:
വിശാഖ്, എന്റെ മനസ്സിലിപ്പോഴെന്താണെന്ന് പറയാമോ…?
അവൻ പറഞ്ഞുകാണണം.. അവൾ പിന്നെയും പിന്നെയും പൊട്ടിപ്പൊട്ടിച്ചിരി ക്കുന്നുണ്ടായിരുന്നു.