ചേട്ടാ മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് എനിക്കും അവിടെയാണ് ഇറങ്ങേണ്ടതെന്ന്. സ്‌ഥലമാകുമ്പോൾ എന്റെ കൂടെ ഇറങ്ങിയാൽ മതി…..

എഴുത്ത്:രാജീവ് രാധാകൃഷ്ണപണിക്കർ

“കോൺവെന്റ് സ്റ്റോപ്പ് എത്തിയാലൊന്ന് പറയണം “

നഗരത്തിലേക്കൊരു യാത്രയിലായിരുന്നു ഞാൻ.

മഴ മുകിലുകൾ നാണിച്ചു നിന്നൊരു സായാഹ്നത്തിൽ ചുവന്നു തുടുത്ത പടിഞ്ഞാറൻ ചക്രവാളത്തെ ചുംബിക്കുവാൻ വെമ്പുന്ന കായലോളങ്ങളെ നോക്കി കണ്ണിറുക്കിക്കാട്ടി, മനസുകൊണ്ട് കിന്നാരം ചൊല്ലിക്കൊണ്ടൊരു യാത്ര.

കയ്യിൽ സുഹൃത്ത് സമ്മാനിച്ച പ്രണയ കാവ്യങ്ങളുടെ സമാഹാരവുമായി കായൽക്കാഴ്ചകളുടെ മാസ്മരികതയിൽ ലയിച്ചിരിക്കുമ്പോഴാണ് ആ പതിഞ്ഞ ശബ്ദം കാതുകളിൽ വന്നലച്ചത്.

കഴിഞ്ഞ അര മണിക്കൂറിനിടയിൽ മൂന്നാമത്തെ തവണയാണ് അയാൾ എന്നോടിത് പറയുന്നത്.

ആദ്യ രണ്ടു തവണയും ഞാൻ മാന്യമായ മറുപടി നൽകുകയും ചെയ്തു.

പക്ഷേ ഇത്തവണ വാക്കുകൾ ബോധപൂർവ്വമല്ലാതെ തന്നെ അല്പം പരുഷമായി.

“ചേട്ടാ മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് എനിക്കും അവിടെയാണ് ഇറങ്ങേണ്ടതെന്ന്. സ്‌ഥലമാകുമ്പോൾ എന്റെ കൂടെ ഇറങ്ങിയാൽ മതി. “

പരിഭ്രമം കലർന്ന മുഖത്തോടെ ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ച് അയാൾ സീറ്റിൽ ഒതുങ്ങിക്കൂടി.

ശബ്ദം ഉയർന്നത്‌ കേട്ട് മുന്നിലെ സീറ്റുകളിൽ ഇരുന്നിരുന്നവർ തല തിരിച്ചു നോക്കുന്നുണ്ടായിരുന്നു.

പ്രായമായ ഒരാളോട് ഇത്ര പരുഷമായി സംസാരിക്കണമായിരുന്നോ?

എന്റെ മനസ്സിൽ വല്ലാത്തൊരു കുറ്റബോധം അലയടിച്ചു.

കയ്യിലിരുന്ന പുസ്തകം അടച്ച് ഞാൻ അയാളെ ശ്രദ്ധിച്ചു.

ഒരറുപത്തഞ്ചിനും എഴുപതിനുമിടയിൽ പ്രായം തോന്നിക്കുന്ന കൃശഗാത്രൻ.

കളമശ്ശേരിയിൽ നിന്നും ഞാൻ ബസിൽ കയറുമ്പോഴേ അയാൾ സീറ്റിൽ ഉണ്ടായിരുന്നു.

തന്റെയരുകിൽ വച്ചിരുന്ന നരച്ച ബാഗ് മടിയിലെടുത്തു വച്ച് അയാൾ എനിക്ക് സൈഡ് സീറ്റിലായി ഇരിക്കാൻ സ്ഥലം ഒരുക്കുകയും ചെയ്തു.

ജോലിത്തിരക്കുകളിൽ നിന്നും മോചനം നേടി ഈ സായാഹ്നത്തിൽ നഗരത്തിലേക്ക് യാത്ര പുറപ്പെടുമ്പോൾ എന്റെ മനസ്സിൽ പ്രധാനമായും രണ്ട് ഉദ്ദേശങ്ങൾ ആയിരുന്നു.

കോൺവെന്റ് റോഡിലുള്ള ശാന്ത ബുക്ക്സ്റ്റാളിൽ നിന്നും അമ്മയ്ക്കൊരു രാമായണം വാങ്ങുക, തയ്യാറായിട്ടുണ്ടെങ്കിൽ ഈ വർഷത്തെ ജ്യോതിഷ ഭൂഷണം പഞ്ചാംഗമൊരെണ്ണം സംഘടിപ്പിക്കുക.

പിന്നെ അല്പം സമയമുണ്ടാക്കി ഭാരത് കോഫീ ഹൗസിൽ നിന്നും ഒരു മസാലദോശയും കാപ്പിയും അകത്താക്കുക.

നഗരത്തിൽ വരുമ്പോഴൊക്കെ അതെന്റെയൊരു ബലഹീനതയായിരുന്നു.

പണ്ട് അച്ഛന്റെ കൂടെ വരുമ്പോൾ കഴിച്ചിരുന്ന ഗൃഹാതുരത്വം നിറഞ്ഞ രുചിയോർമ്മകളുടെ പുനരാവിഷ്കാരമെന്ന് വേണമെങ്കിൽ പറയാം.

സായന്തനങ്ങളിൽ പ്രധാന പാതയിലൂടെ യാത്ര ചെയ്താൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മനസ്സൊന്ന് റിലാക്‌സ് ചെയ്യാനുമായാണ് കായലും പുഴകളുമൊക്കെ നിറഞ്ഞ കണ്ടയ്നർറോഡിലൂടെയുള്ള ബസ് യാത്ര തിരഞ്ഞെടുത്തത്.

അതിനിടയിലാണ് ആ അപരിചിതന്റെ രസം കൊല്ലിയായുള്ള ഓർമ്മപ്പെടുത്തലുകൾ.

തുടർച്ചയായി അയാൾ തന്റെ ചോദ്യം ആവർത്തിച്ചപ്പോൾ അറിയാതെ വാക്കുകൾ കർക്കശമായെന്ന് മാത്രം.

അല്ലെങ്കിലും ഈയിടെയായി മുൻകോപം വല്ലാതെ കൂടുതലാണെന്ന് ഇന്ദു പറയാറുണ്ട്.

ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരുപക്ഷേ ഇനിയെന്നെങ്കിലും കാണുമെന്ന് ഉറപ്പില്ലാത്ത ഒരു വ്യക്തിയോട് കോപിച്ചിട്ടെന്തു കാര്യം.

“ചേട്ടൻ ആദ്യമായാണോ ഈ വഴി?”

അയാളെ അശ്വസിപ്പിക്കാനായി ഞാൻ തിരക്കി.

“ഇതിനു മുന്നേ ഒന്നു രണ്ടു തവണ വന്നിട്ടുണ്ട്.അതൊക്കെ ഇടപ്പള്ളി വഴിയാണ്. ഇതിലെ ആദ്യമായാണ്. അതാ ഒരു പരിഭ്രമം. യാത്ര അധികമൊന്നും ചെയ്യാറില്ല്യേയ്”

നിഷ്കളങ്കമായ മറുപടി.

“നാട്?”

“കുറച്ചു വടക്കാ.കൂറ്റനാട്.”

“കോൺവെന്റ് സ്റ്റോപ്പിൽ എന്തിനാ പോണേ .അതും ഈ വൈകിട്ട്.”

“അതേയ് എനിക്കവിടെ ഒരു ജോലി തരായീട്ടുണ്ട്.സെക്യൂരിറ്റി ആയിട്ട്.ഇന്ന് മുതൽ കയറണം.”

അയാളുടെ വാക്കുകൾ എന്നിൽ ആശ്ചര്യമുളവാക്കി.

“ചേട്ടാ ഈ പ്രായത്തിൽ ജോലിക്കു പ്രവേശിക്കുക എന്നൊക്കെ വച്ചാൽ.വീട്ടിൽ ആരൊക്കെയുണ്ട് ?”

“കൃഷിപ്പണിയായിയുന്നു.മകളൊരെണ്ണമുള്ളതിനെ കല്യാണം കഴിച്ചു വിട്ടു. ഉണ്ടായിരുന്ന വീടും പറമ്പും മകന്റെ പേരിൽ എഴുതി നൽകി.

കല്യാണി ഉണ്ടായിരുന്നപ്പോൾ എല്ലാം ഭംഗിയായിരുന്നു.

ചെറിയൊരു പനി.

അതവളേം കൊണ്ട് പോയി.

അതൊടെ തനിച്ചായി.

രണ്ടീന്ന് ഒന്നു കുറച്ചാൽ ബാക്കി ഒന്നാണെന്നല്ലേ നമ്മൾ പറയുന്നത്. പക്ഷെ ജീവിതത്തിൽ അങ്ങനെയല്ല അനിയാ രണ്ടീന്ന് ഒന്നു പോയാൽ വെറും പൂജ്യമാ. വട്ട പൂജ്യം.ശേഷിക്കുന്നവരെ ആർക്കും വേണ്ടാതാവും.”

അയാളുടെ തേങ്ങലുകൾ പടിഞ്ഞാറൻ കാറ്റിൽ അലിഞ്ഞു ചേർന്നു.

നിശബ്ദത കൂടു കൂട്ടിയ കുറച്ചു സമയം കൂടി.

ഒടുവിൽ കോൺവെന്റ് ജംഗ്ഷനിലെ സ്റ്റോപ്പിൽ ബസിൽ നിന്നിറങ്ങി നഗരത്തിരക്കിൽ അയാൾ നടന്നു മറയുമ്പോഴും ആ വാചകങ്ങൾ അവിടെങ്ങും പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.

“രണ്ടീന്ന് ഒന്നു പോയാൽ പൂജ്യമാണ് വട്ടപ്പൂജ്യം.”

മംഗളം

Related Posts

Leave a Reply

Your email address will not be published. Required fields are marked *