Story written by Adam John
അമ്മച്ചിയുടെ മീൻ വെട്ട് പ്രസിദ്ധമാരുന്നല്ലോ. അതെപ്പറ്റി മുന്നേ പറഞ്ഞാരുന്നു.
ഒരിക്കൽ അപ്പൻ നെയ് മീൻ കൊണ്ടന്നാരുന്നു. സാലറി കിട്ടുമ്പോഴാണ് നെയ്മീനൊക്കെ വീട്ടിലോട്ട് വരാ.
പതിയെ അത് ചൂരയിലോട്ടും മാസം പകുതി ആവുമ്പോഴേക്കും ചാള പോലത്തെ മീനിലോട്ടും വഴിമാറും.
അതൊക്കെ കൂട്ടി മടുക്കുമ്പോഴാവോ എന്തോ അറിയത്തില്ല ഇടക്ക് ഉണക്ക മീനും കേറി വരാറുണ്ട്.
ഓർമകളും ചിലപ്പോ അങ്ങനല്ലേ.
ചിലപ്പോഴൊക്കെ നെയ്മീൻ പോലെ രസിപ്പിച്ചും മറ്റ് ചിലപ്പോ ഉപ്പ് രസം പോലേം.
നെയ്മീൻ ആയതോണ്ട് കടക്കാരൻ തന്നെ വെട്ടി വൃത്തിയാക്കി തരുവല്ലോ.
പക്ഷെ അമ്മച്ചിക്കത് പറ്റുകേല. ഒന്നുടെ നേർപ്പിച്ചു വെട്ടിയാലേ തൃപ്തി ആവത്തുള്ളു.
നെയ്മീനൊക്കെ എന്നാ വിലയാ. നോക്കീം കണ്ടും ചിലവാക്കിയില്ലേൽ ഇക്കാലത്ത് ജീവിച്ചു പോവാനൊക്കോ എന്നൊക്കെയാ അമ്മച്ചി പറയാ.
അന്നും പതിവ് പോലെ നെയ്മീൻ നേർപ്പിക്കുന്ന പണിയിലാരുന്നു അമ്മച്ചി.
ഇടക്ക് വന്നെത്തി നോക്കിയ പൂച്ച നെയ്മീൻ ആണെന്ന് കണ്ടിട്ടോ എന്തോ മിണ്ടാതെ ഒരൊറ്റ പോക്കങ്ങോട്ട് പോയി. നെയ്മീൻ പിടിക്കാഞ്ഞിട്ടൊന്നുമാവില്ല. അതീന്ന് ഒരു കഷ്ണം പോലും അമ്മച്ചി കൊടുക്കത്തില്ല എന്നറിയാവുന്ന തോണ്ടുള്ള പോക്കാണ്.
നെയ്മീൻ വറുത്തതും ചോറും കൂട്ടി രാത്രിത്തെ ഫുഡ് കഴിക്കുന്നേം സ്വപ്നം കണ്ടോണ്ട് ഞാനും പെങ്ങളും ടീവിടെ മുന്നിലിരിപ്പായി.
ഇടക്കെപ്പോഴോ അടുക്കളയിലെ ബഹളം കേട്ടോണ്ട് ചെന്ന് നോക്കുമ്പോ ദോണ്ടേ അമ്മച്ചിടെ കൈ മുറിഞ്ഞേക്കുന്നു..
നെയ്മീൻ ബ്ലേഡ് പോലല്ലായോ മുറിക്കുവ. അതിന്റെ വശത്തെങ്ങാനും തട്ടിയതാവാനെ വഴിയുള്ളൂ. അല്ലാതെ കത്തി കൊണ്ടൊന്നുമാവില്ലെന്നേ.
എനിക്കത് കണ്ടപ്പോ തന്നെ ആകെ വിഷമായി. ചോ ര ഒഴുകി കൊണ്ടിരിക്കല്ലേ.
ചോര നിക്കാൻ വേണ്ടി സാരിയുടെ തുമ്പ് വലിച്ചു കീറാൻ നോക്കിയപ്പോ വേദനക്കിടയിലും അമ്മച്ചി പറ്റത്തില്ലാന്ന് തീർത്ത് പറഞ്ഞു. സാരിയേക്കാൾ വലുതല്ലാലോ മറ്റൊന്നും.
ഒടുവിൽ അപ്പന്റെ ഇന്നർ ബനിയൻ എങ്ങാനും കീറി കെട്ടിക്കൊടുത്ത് പ്രശ്നം പരിഹരിച്ചു.
ചോ ര ഒരു വിധം നിന്നൂന്ന് തോന്നിയപ്പോ അപ്പൻ അമ്മച്ചിയേം കൊണ്ട് അടുത്തുള്ള ആശുപത്രീലോട്ട് പോയി ഇൻജെക്ഷൻ എടുത്ത് മുറിവൊക്കെ കെട്ടിക്കൊണ്ട് വന്നു.
ഇൻജെക്ഷൻ എടുത്തോണ്ട് നന്നായി. അല്ലേൽ ബനിയനെ കൊണ്ട് സെപ്റ്റിക് ആയേനെ. അത്രേം പഴക്കമുള്ള ബനിയനാണ്.
എന്റെ മുഖം കണ്ടിട്ടാവണം അപ്പൻ അടുത്തേക്ക് വന്ന് വിഷമിക്കണ്ടെടാ അമ്മക്കൊന്നും സംഭവിച്ചീല ന്ന് പറയുമ്പോ എന്റെ രണ്ട് കണ്ണും നിറഞ്ഞു പോയി. കരയുന്ന കണ്ട് അമ്മയും അടുത്തേക്ക് വന്ന് കൊറേ ആ ശ്വസിപ്പിച്ചാരുന്നു. എന്നിട്ടും എന്താന്നറിയത്തില്ല മനസ്സിലെ വിഷമം ഒട്ടും കുറഞ്ഞീല.
അതോണ്ട് തന്നെ വിഷമം മാറാൻ വേണ്ടി ഞാൻ വീണ്ടും അമ്മച്ചിയുടെ അടുത്തോട്ട് ചെന്നിരുന്നോണ്ട് ചോദിച്ചു. ഇപ്പഴും വേദനയുണ്ടോന്ന്..
ഒന്നുല്ലെടാ മക്കള് വിഷമിക്കണ്ടാന്ന് പറഞ്ഞോണ്ട് അമ്മച്ചി കവിളെൽ ഒരു മുത്തം തന്നപ്പോ ഞാൻ അമ്മച്ചിയുടെ അരികിലോട്ട് നീങ്ങി ഇരുന്നോണ്ട് ചോദിച്ചു. എന്നാപ്പിന്നെ സെന്റി അടിച്ചിരിക്കാതെ അമ്മച്ചിക്കാ നെയ്മീൻ വറുത്ത് തന്നൂടെന്ന്.
വേദനക്കിടയിലും പോരാളി ചട്ടുകം എടുക്കുന്നതും എന്റെ പിറകെ വെച്ചു പിടിക്കുന്നതും ഓട്ടത്തിനിടയിലും ഞാൻ അറിയുന്നുണ്ടാരുന്നു.