അല്ല എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങള് കിട്ടിയത് മുഴുവനും വിറ്റ് തുലച്ചേക്കാമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ. നിങ്ങള് ഈ ബിസിനസ്……

Story written by Adam John

അമ്മാവന് വിദേശത്തൊട്ട് പോയി ജോലി ചെയ്യാൻ ഭയങ്കര ഇഷ്ടവാരുന്നു.

അമ്മായിയുടെ അടുത്തൂന്ന് രക്ഷപ്പെടാനുള്ള അടവാണോ എന്തോ അറിയത്തില്ല. പോവാണേൽ വിസ വേണം. വിസയടിക്കാനൊരു പാസ്പോർട്ടും വേണ്ടേ.

ഒരു ദിവസം അമ്മാവൻ പാസ്പോർട്ട് റെഡിയാക്കാൻ വേണ്ടി പോവാനിറങ്ങിയപ്പോ അമ്മായി ചോദിക്കുവാ.

അല്ല മനുഷ്യാ നിങ്ങളെന്തറിഞ്ഞിട്ടാ ഈ പോവണെ. മോളിലൂട്ടെ പറക്കുന്ന സാധനവാ. എങ്ങാനും തീ പിടിച്ചോ മറ്റോ താഴെ വീണാ ബോഡി പോലും കിട്ടത്തില്ല. നമുക്കത് വേണോ.

അമ്മാവൻ ഇത്തിരി നേരം നിന്നിടത്തൂന്ന് ആലോചിച്ചു അകത്തോട്ട് കേറിപ്പോയി.

ഇനി കപ്പലിൽ പോവാമെന്ന് വെച്ചാലും നടുക്കടലിൽ വെച്ച് മുങ്ങിയാലെന്തോ സംഭവിക്കും എന്നല്ലെ ചോദിക്കത്തുള്ളൂ.വിദേശത്തൊരു ജോലിയെന്ന സ്വപ്നം നടക്കില്ലേലും നാട്ടിലെന്തേലും ചെയ്യാലോ എന്നോർത്ത് അമ്മാവൻ ഓഹരിയായ കിട്ടിയ ഭൂമിയോക്കെ പണയപ്പെടുത്തി എന്തേലും ബിസിനസ് ചെയ്യാമെന്ന് വിചാരിച്ചതാരുന്നു.

ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റ്സിനോക്കെ നല്ല സ്കോപ്പുണ്ടെന്ന് കണ്ട് ആ വഴിക്കൊന്നു ചിന്തിച്ചാലോ എന്ന് കരുതി അമ്മായിയോട് ചുമ്മാ ഒരഭിപ്രായം ചോദിച്ചതാ. അതോടെ തീർന്നീലെ.

അല്ല എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങള് കിട്ടിയത് മുഴുവനും വിറ്റ് തുലച്ചേക്കാമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ. നിങ്ങള് ഈ ബിസിനസ് തുടങ്ങീന്ന് തന്നേ വെച്ചോ. എങ്ങാനും ഷവർമ തിന്ന് ആരേലും തട്ടിപ്പോയാൽ ആര് സമാധാനം പറയും. അതും പോരാഞ്ഞു കുഴിമന്തി.

ഇവിടെ റോഡിലെ കുഴി കൊണ്ട് തന്നെ സഹിക്കാൻ മേലാ..അപ്പോഴാ. അതോടെ അമ്മാവൻ ആ തീരുമാനവും ഉപേക്ഷിച്ചു വീട്ടിലിരിപ്പായി.

ആയിടക്കാണ് മുകൾ നില വാടകക്ക് കൊടുക്കൊന്ന് ചോദിച്ചോണ്ട് വകേലൊരു ബന്ധു മുഖേന ഒരാൾ സമീപിക്കുന്നെ.

പഴയ വീടാന്നെ. കൊടുത്താൽ തന്നേം അവര് മോളില് തന്നെ നിക്കൂന്ന് ഒരുറപ്പുമില്ല. ഏത് സമയത്തും താഴെ വീഴാവുന്നത്രേം പഴക്കമുള്ള വീടാണ്. എന്താന്നേലും ഒരു വരുമാന മാർഗം ആവൂല്ലോന്ന് കരുതി അമ്മായി സമ്മതം മൂളി.

അങ്ങനെ അമ്മായിടെ അമ്മാവന്റെയും എന്ന് തന്നെ പറയാം. സ്വസ്ഥ ജീവിതമാവുന്ന തടാകത്തിലേക്ക് ഒരു കല്ലെടുത്തിട്ട കണക്കെ അവര് മോളിലത്തേ നിലയിൽ താമസമാക്കി തുടങ്ങി.

നമുക്ക് കിട്ടാത്തതും നമ്മളനുഭവിക്കാത്തതുമായ എല്ലാ കാര്യങ്ങളോടും ഒരു ദേഷ്യമോ അസൂയയോ പുച്ഛമോ ഉണ്ടാവുന്നത് മനുഷ്യ സഹജമല്ലേ. അമ്മായിക്കും അതുണ്ടായിത്തുടങ്ങി.

അതിന് കാരണവുമുണ്ട്. പുതിയ താമസക്കാരിൽ ഭർത്താവെന്നും കാലത്തെഴുന്നേൽക്കും. എന്നിട്ട് രണ്ട് പേർക്കുമുള്ള കാപ്പിയും ഇട്ടോണ്ട് ഭാര്യയെ വിളിച്ചുണർത്തി പുറത്തേക്ക് വന്ന് ഒരുമിച്ചിരുന്നാവും കുടിക്കാ. അതിനിടയിൽ തമാശ പറയുന്നു. ഉച്ചത്തിൽ ചിരിക്കുന്നു. ഇതൊക്കെ കാണുമ്പോ അമ്മായിക്ക് വല്ലാത്തൊരു അസ്വസ്ഥതയാണ്.

എനിക്കുമുണ്ടാവാറുണ്ട് ചിലപ്പോഴൊക്കെ അങ്ങനെ. അയല്പക്ക ത്താർക്കേലും ലോട്ടറി അടിച്ചെന്നോ നല്ല കാര്യം സംഭവിക്കാന്നോ ഒക്കെ കേൾക്കുമ്പോ നെഞ്ചിനടുത്തൂന്ന് ഒരു വേദനയാ. നാ ശം പിടിക്കാൻ കുറച്ചു ദിവസത്തേക്ക് ആ വേദന മാറത്തുമില്ല.

ഭർത്താവാണ് എന്നും ചായയിടുന്നെന്ന് കൂടി കേട്ടപ്പോ അമ്മായി പറയാ കുടുംബത്തിൽ പിറന്നോര് ഭർത്താക്കന്മാരെ കൊണ്ട് ചായ ഇടീക്കൊന്ന്. ചോദ്യം കേട്ടപ്പോ ആ കൊച് അറിയാതെ ചിരിച്ചു പോയത് അമ്മായിക്കിഷ്ടപ്പെടുവേം ചെയ്തില്ല.

അതിന്റെ ദേഷ്യം മുഴുവനും അമ്മായി തീർക്കാൻ ചെന്നത് പതിവ് പോലെ അമ്മാവന്റെ അടുത്താരുന്നു. നിങ്ങൾക്കിങ്ങനെ പോത്ത് പോലെ ഏത് നേരവും കിടന്നുറങ്ങിയെച്ചാൽ മതിയല്ലോ. ഇവിടെ നടക്കുന്ന വല്ലോം അറിയുന്നുണ്ടോ ന്നും ചോദിച്ചോണ്ട് അമ്മാവനെ തട്ടി വിളിച്ചുണർത്തി.

കൂടുതൽ റിസ്ക്കെടുക്കാൻ നിക്കാതെ അമ്മാവൻ ചാടിയെഴുന്നേറ്റ്. അല്ലെങ്കിൽ തിളച്ച വെള്ളമെങ്ങാനും ഒഴിച്ചാലോ. അങ്ങനേം സംഭവിച്ചു കേട്ടിട്ടുണ്ട്.

കാര്യങ്ങൾ മുഴുവനും കേട്ടപ്പോ അമ്മാവൻ പറയാ എടീ അവള് വല്ല വാട്ടച്ചായേം ഉണ്ടാക്കി കൊടുത്തത് സഹിക്കാൻ മേലാഞ്ഞിട്ടാവും അവൻ കേറി ചായ ഉണ്ടാക്കുന്നെ. അതുപോലാന്നോ നിന്റെ കാര്യം. നീ എന്തുണ്ടാക്കുവാന്നേലും എന്നാ രുചിയാന്നോ.

അത് കേട്ടതോടെ അമ്മായി ഒന്ന് തണുത്തു. കടന്നൽ കുത്തെറ്റ ബണ്ണ് പോലത്തെ അമ്മായിടെ മുഖം ബട്ടർ ബിസ്കറ്റ് പോലെ മനോഹരമായി. ഇച്ചായൻ കിടന്നോ ട്ടാ ഞാൻ ചായയെടുക്കട്ടെന്നും പറഞ്ഞോണ്ട് അമ്മായി അടുക്കളയിലോട്ട് നടന്നപ്പോ അമ്മാവൻ വാ പൊളിച്ചു നിന്നിടത്തായിപ്പോയി. പിന്നീടാശ്വാസത്തോടെ നെടുവീർപ്പിട്ടോണ്ട് കണ്ണടച്ച് കിടന്ന്.

കുടുംബത്തീ പിറന്ന സ്ത്രീക്കുള്ള മറ്റൊരു ഗുണം കൂടിണ്ടാരുന്നു അമ്മായിക്ക്. രാത്രി വൈകുവോളം പണിയെടുത്ത് കിടന്നാലും അതി രാവിലേ എഴുന്നേൽക്കുന്ന ശീലം. കിടന്നാ പിന്നേ ഒരു ചിവീട് കരഞ്ഞാൽ പോലും അമ്മായി ഞെട്ടിയുണരേം ചെയ്യും. പിന്നേ ഉറക്കം വരികെലെന്നാ അമ്മായി പറയാ.

അമ്മാവനാണെൽ കിടക്ക കാണേണ്ട താമസമേയുള്ളൂ. പിന്നേ ബോംബിട്ടാലും ഉണരുകെമില്ല. സ്വഭാവികമായും അമ്മായി എത്തുമ്പോഴേക്ക് അമ്മാവൻ ഉറങ്ങിക്കാണും. (ഇവർക്കു കുട്ടികളില്ലെന്ന് പലരും ചോദിച്ചാരുന്നു. അതിനുള്ള ഉത്തരം കൂടിയാണ് ഈ സ്റ്റേറ്റ്മെന്റ്.)

അന്നും പതിവ് പോലെ രണ്ട് പേരും കിടന്നതാരുന്നു..ഇത്തിരി കഴിഞ്ഞപ്പഴുണ്ട് മുകളീന്ന് കട കടാന്ന് ശബ്ദം കേക്കുന്നു. പഴയ വീടാരുന്നല്ലോ.മോളിലെന്ത് നടന്നാലും അതിന്റെ പ്രതിധ്വനി താഴെയുമുണ്ടാവും. അതാരിക്കും സംഭവിച്ചത്.
സ്വഭാവികമായും അമ്മായി ഞെട്ടിയുണരുന്നു. ഇത്തിരി നേരം കഴിഞ്ഞപ്പോ ശബ്ദത്തിന്റെ വേഗം കുറയുകയും നേർത്തില്ലാതാവുകയും ചെയ്തെങ്കിലും അമ്മായിക്കുറക്കം വന്നീല. അമ്മാവനെ വിളിച്ചാലോട്ട് അറിയാനും പോണില്ലെന്ന് കരുതിയാവും അമ്മായി വിളിക്കാഞ്ഞേ. അന്ന് എങ്ങിനെയോ അമ്മായി നേരം വെളുപ്പിച്ചതാരുന്നു.

പിറ്റേന്നും ഇതാവർത്തിച്ചപ്പോ അമ്മായി അമ്മാവനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. ഉറക്കച്ചടവോടെ അമ്മാവൻ നേരെ മോളിലോട്ട് ചെന്നൊണ്ട് അവരുടെ വാതിൽക്കൽ തട്ടി വിളിച്ചോണ്ട് പറയുവാ. ദയവ് ചെയ്ത് നിങ്ങളാ ശബ്ദമുണ്ടാക്കുന്ന ഉപകരണം ഓഫ് ചെയ്യണമെന്ന്.

ഓഫ് ചെയ്യാൻ വയ്യാഞ്ഞിട്ടാണോ അതൊ ഇവരോടൊപ്പം പൊരുത്തപ്പെട്ടു പോവാൻ കഴിയില്ലെന്ന് തോന്നിയിട്ടാണോ എന്നറിയത്തില്ല അവര് അവിടുന്നെങ്ങോട്ടക്കോ താമസം മാറി പോയെന്നാ കേട്ടത്.

Leave a Reply

Your email address will not be published. Required fields are marked *