പെൺ വീട്ടുകാരെയും കുറ്റം പറയാൻ ഒക്കുകേല. മക്കൾക്ക് നല്ലൊരു ഭാവി ഉണ്ടായിക്കാണാൻ ഏതൊരു രക്ഷിതാവും ആഗ്രഹിക്കത്തില്ലായോ….

Story written by Adam John

വല്യമ്മച്ചിക്ക് തീരെ കാല് വയ്യാതെ വന്നപ്പോഴാണ് പെണ്ണ് കെട്ടാതെ തെക്ക് വടക്ക് നടപ്പാരുന്ന അമ്മാവനെ പെണ്ണ് കെട്ടിക്കാവെന്നുള്ള ആലോചന നടക്കുന്നെ. അതാവുമ്പൊ ശമ്പളവില്ലാതെ ഒരു വീട്ടുജോലിക്കാരിയെ കിട്ടുവല്ലോ എന്നാരുന്നു എല്ലാരുടേം മനസ്സിലിരിപ്പ്.

അതിന്റെ ഭാഗവായി ഒത്തിരി പെണ്ണ് കാണൽ ചടങ്ങ് നടന്നാരുന്നേലും പെൺ വീട്ടുകാർക്ക് ബിസ്ക്കറ്റും ലഡ്ഡുവും പെണ്ണ് കാണിക്കാൻ കൂടേ ചെന്ന ചേട്ടത്തിയുടെ സ്‌കൂട്ടിക്ക് പെട്രോളും ചിലവായതല്ലാതെ അമ്മാവന് പെണ്ണൊന്നും ഒത്ത് കിട്ടീല.

പെൺ വീട്ടുകാരെയും കുറ്റം പറയാൻ ഒക്കുകേല. മക്കൾക്ക് നല്ലൊരു ഭാവി ഉണ്ടായിക്കാണാൻ ഏതൊരു രക്ഷിതാവും ആഗ്രഹിക്കത്തില്ലായോ. പെണ്ണ് കാണൽ ചടങ്ങ് പതിവായതോടെ നാട്ടുകാര് അമ്മാവനേം ചേട്ടത്തിയേം കുറിച്ച് അപവാദങ്ങൾ പറഞ്ഞുണ്ടാക്കുകയും അത് കെട്യോനുവായുള്ള വഴക്കിൽ ചെന്നെത്തുകയും ചേട്ടത്തിക്ക് മാറി താമസിക്കേണ്ടി വരികയും ചെയ്തു. ചുരുക്കി പറഞ്ഞാൽ അമ്മാവന് കുടുംബം ഉണ്ടാക്കാൻ ഓടി നടന്ന ചേടത്തിക്ക് കുടുംബം ഇല്ലാതായെന്നല്ലാതെ വേറൊന്നും സംഭവിച്ചീല.

അതോടെ അമ്മാവൻ പഴയ പോലെ വീണ്ടും വീട്ടിലിരിപ്പായി. സ്വാഭാവികവായും വല്യമ്മച്ചിയെ നോക്കാൻ ഒരു ഹോം നേഴ്‌സിനെ വെക്കാവെന്നു തീരുമാനവായി. അല്ലാതെ എത്രാന്ന് വെച്ചാ കാത്തിരിക്കാ. ഹോം നേഴ്സ് എന്നൊക്കെ ചുമ്മാ പറഞ്ഞതാന്നെ. വല്യപ്പച്ചന്റെ വകേലൊരു ബന്ധത്തിൽ പെട്ടൊരു കൊച്ചാണ്. വല്യമ്മച്ചിയേം നോക്കും അത്യാവശ്യം ജോലികളൊക്കെ ചെയ്യേം ചെയ്യും.

ഹോം നേഴ്സ് വന്നേ പിന്നെ അമ്മാവന്റെ സ്വഭാവത്തിലും കാര്യവായ മാറ്റങ്ങളുണ്ടായി. എന്നും ഉച്ചവരെ കിടന്നുറങ്ങുന്ന അമ്മാവൻ അതിരാവിലെ എഴുന്നേറ്റ് തുടങ്ങി. അതും പോരാഞ്ഞു മുറ്റത്തോട്ടിറങ്ങി ഭയങ്കര വ്യായാമവും. ഒരു പെണ്ണ് വന്ന് കേറിയാൽ കുടുംബം നന്നാവുമെന്ന് പണ്ടുള്ളോര് പറയുന്നത് ചുമ്മാതാന്നോ. മുറ്റത്തോട്ടിറങ്ങി ചുമ്മാ കോപ്രായം കാണിക്കാതെ അകത്തോട്ട് കേറിപ്പോടാന്ന് പറയുന്ന വല്യപ്പച്ചനെ പുച്ഛത്തോടെ ഒന്ന് നോക്കിയതല്ലാതെ അമ്മാവൻ മറുപടിയൊന്നും പറയാൻ മെനക്കെട്ടില്ല. ചുമ്മാതെന്തിനാ പാമ്പിന്റെ സോറി വല്യപ്പച്ചന്റെ വായേൽ കോലിട്ട് കുത്തി കടി മേടിക്കുന്നെ എന്ന് കരുതിയാവും.

എന്നാ അലമ്പാന്നേലും വൃത്തിയുടെ കാര്യത്തിൽ അമ്മാവന് ചില ചിട്ട വട്ടങ്ങൾ ഉണ്ടാരുന്നേ. അമ്മാവൻ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ബെഡ് ചെരുപ്പ് എന്ന് വേണ്ട സോപ്പ് വരെ ആരും ഉപയോഗിക്കുന്നത് അമ്മാവനിഷ്ടവല്ല. അതോണ്ട് തന്നെ കുളി കഴിഞ്ഞാൽ സോപ്പ് വരെ പൊതിഞ്ഞെടുത്തേച്ച് മുറിയിൽ കൊണ്ട് വെക്കാരുന്നു പതിവ്.

കാര്യവായ പരിചരണം കിട്ടിയതോടെ വല്യമ്മച്ചിപതുക്കെ എഴുന്നേൽക്കാനും വടിയുടെ സഹായത്തോടെ നടക്കാനുവൊക്കെ തുടങ്ങിയാരുന്ന സമയം. ഒരു ദിവസം കുളിയൊക്കെ കഴിഞ്ഞേച്ച് മുറിയിലോട്ട് ചെല്ലുമ്പോഴാ സോപ്പെടുക്കാൻ മറന്ന കാര്യം അമ്മാവനോർക്കുന്നെ. തിരികെ ചെല്ലുമ്പഴേക്കും ഹോംനേഴ്സ് കൊച്ച് കുളിക്കാനായി കേറിയാരുന്നു. അതോടെ അമ്മാവനാകെ ടെൻഷനായി. കൊച്ചെങ്ങാനും സോപ്പെടുത്ത് ഉപയോഗിക്കുവോ എന്നാരുന്നു അമ്മാവന്റെ ആധി. അതറിയാഞ്ഞിട്ട് ഒരു സമാധാനവും കിട്ടാഞ്ഞിട്ടാന്നോ എന്തോ അമ്മാവൻ വാതിൽ പഴുതിലൂടെ കൊച്ച് സോപ്പെടുക്കുന്നുണ്ടോന്ന് നോക്കാനായി ശ്രമിച്ചേ.

അന്നേരവാരുന്നു ഗോൾഫ് കളിക്കാരുടെ കൂട്ട് വടിയും കുത്തി പിടിച്ചേച്ച് വല്യമ്മച്ചിയുടെ വരവ്. വാതിൽ പഴുതിലൂടെയുള്ള അമ്മാവന്റെ നോട്ടം കണ്ടതും 3310 നോക്കിയ മോഡൽ ഫെമിനിസ്റ്റ് ആരുന്ന വല്യമ്മച്ചിക്ക് നിയന്ത്രണം വിട്ടതും ഒരുമിച്ചാരുന്നു. അടികൊണ്ട് വേദനിച്ചെങ്കിലും വല്യമ്മച്ചിയെ കാര്യം പറഞ്ഞു മനസ്സിലാക്കാവെന്നു കരുതി അമ്മാവൻ പറയുവാ. ആ കൊച്ച് സോപ്പ് തേക്കുന്നുണ്ടോന്ന് നോക്കിയതാ അമ്മച്ചിയെന്ന്.

Leave a Reply

Your email address will not be published. Required fields are marked *