തനുജ
എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്
കുങ്കുമവെയിലു പരന്ന പ്രദക്ഷിണവീഥിയിലെ ശിലകളിൽ, മണൽത്തരികൾ പൊന്നുപോലെ മിന്നിത്തിളങ്ങി. ഏക്കറുകളോളം നീണ്ടു ചുറ്റിയ ക്ഷേത്രമതിൽക്കകത്ത്, ഭക്തരുടെ ബാഹുല്യമില്ലായിരുന്നു. മഹാശിവ ക്ഷേത്രങ്ങൾക്കു വിജനതാഭാവം സ്ഥായിയാണെന്നു തനുജ ഓർത്തു. കൂറ്റൻ കരിങ്കൽത്തൂണുകളും, വന്മരങ്ങളാൽ തീർത്ത ഉത്തരവും ശീലാന്തിയും, കാലം എണ്ണ വീഴ്ത്തി കറുപ്പണിയിച്ച കൽവിളക്കുകളും, അമ്പലപ്രാക്കളുടെ കുറുകലും തണുത്ത കാറ്റിലുലയുന്ന ഇലവുമരങ്ങളും, നിറഞ്ഞ കൂവളങ്ങളും മഹേശ്വരാലയങ്ങൾക്കു എന്തെന്നറിയാത്തൊരു ഭാവം നൽകുന്നുണ്ട്. അത്, ഈ വടക്കുംനാഥക്ഷേത്രത്തിലായാലും, പെരുവനം മഹാദേവ ക്ഷേത്രത്തിലായാലും വ്യതിയാനങ്ങളില്ലാതെ തുടരുന്നു.
കുംഭത്തിലെ ശിവരാത്രിയ്ക്കും, ധനുവിലെ തിരുവാതിരയ്ക്കും കൂടുതൽ നിറവുപൊലിയുന്ന വടക്കുംനാഥ ഭഗവാന് ഉത്സവമേളങ്ങളില്ലാത്തതു അതിശയകരമാണ്. എന്നിട്ടും, തൃശൂരിലെ പൂരങ്ങളുടെ പൂരത്തിനു ഭഗവാൻ സാക്ഷിയാകുന്നു. ആതിഥേയനാകുന്നു.
തൊഴുതിറങ്ങി, പടിഞ്ഞാറെ ഗോപുരത്തിനടുത്തുള്ള പാർക്കിംഗ് ഏരിയായിലേക്കു നടക്കുമ്പോൾ, പ്രഭാതസൂര്യന്റെ കിരണങ്ങൾക്കു തീഷ്ണതയേറാൻ തുടങ്ങിയിരുന്നു. തനുജ, ഭർത്താവിനു നേരേ നോട്ടമെറിഞ്ഞു. സൂരജ്, ചുറ്റുപാടുമുള്ള കാഴ്ച്ചകളെ ഹൃദയത്തിൽ ഒപ്പിയെടുത്തു പതിയെ നടക്കുകയാണ്. വിശാലമായ മൈതാനത്തിലേക്കുള്ള വഴിയരികിൽ നിൽക്കുന്ന പന്തലിച്ച മരങ്ങൾ. ഭഗവാനെ വലംവച്ചു കടന്നുപോകുന്ന വാഹനങ്ങളുടെ ഹോൺ മുഴക്കങ്ങൾ. സൈക്കിളിൽ വന്നെത്തി, ചുടുചായ വിൽക്കുന്നവരുടെ പ്രതീക്ഷ നിറഞ്ഞ നോട്ടങ്ങൾ. നീരജ്, കാറിന്നരികിലേക്കെത്തിയിരുന്നു. അവൻ, തിരിഞ്ഞു നിന്ന് അച്ഛനുമമ്മയോടും വേഗം നടക്കാൻ ആഗ്യം കാണിച്ചു. വെയിലിൽ, അവന്റെ മുഖം വിയർത്തിരുന്നു. പതിനാറുവയസ്സ് അവനു പൊടിമീശ നൽകിയിരിക്കുന്നു.
മൂന്നാഴ്ച്ചകൾ എത്ര വേഗമാണ് കടന്നുപോയത്. ഇന്നു രാത്രി, തിരികേ യാത്രയാകും. അടുത്ത വർഷത്തേ വെക്കേഷനു വരുന്നില്ലെന്നു സൂരജ് വീട്ടുകാരോടു പറഞ്ഞിട്ടുണ്ട്. കോവിഡ് കാലം, നാട്ടിലേക്കുള്ള വരവിനെ മൂന്നുവർഷമാണു തടഞ്ഞു നിർത്തിയത്. ഇന്നു പാതിരാത്രിയിൽ, നെടുമ്പാ ശ്ശേരിയിൽ നിന്നും ദുബായിലേക്ക്; അവിടെ നിന്നും കാലിഫോർണിയായിലേക്ക്. സൂരജും, നീരജും എത്ര സന്തോഷത്തിലാണ്. അച്ഛനും മോനും നാട്ടിൽ ഏറെ ബന്ധങ്ങളില്ലല്ലോ. വിവാഹം കഴിഞ്ഞ്, രണ്ടാമത്തെ മാസം സൂരജുമൊത്തു ആദ്യമായിപ്പോയ യാത്രയും അന്നനുഭവിച്ച ആശങ്കകളും ഇന്നും ഓർമ്മയിലുണ്ട്. ഇരുപതു വർഷങ്ങൾക്കിടയിൽ അനേകം തവണ ഈ ദീർഘദൂരയാത്രയുടെ വിരസതയ്ക്കു ബലിമൃഗമായിട്ടുണ്ട്..നാട്ടിലേക്കു വരുമ്പോൾ ഉള്ളിലാകെ വല്ലാത്തൊരു ഹർഷമാണ്. തിരികേ മടങ്ങുമ്പോൾ എന്തെന്നില്ലാത്തൊരു ശൂന്യതയും.
കാറിന്നരികിലെത്തി. സൂരജിന്റെ ചേച്ചിയുടെ മകനാണ് ഡ്രൈവു ചെയ്യുന്നത്. നാട്ടിൽ വാഹനമോടിക്കാൻ, സൂരജിനു ഭയമാണ്. നിരത്തി ലൊതുങ്ങാത്ത വാഹനപ്പെരുക്കവും, ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള മത്സരയോട്ടങ്ങളും അമേരിക്കയിലില്ലല്ലോ. നീരജ്, ഫ്രണ്ട് ഡോർ തുറന്ന് അകത്തു കയറി. പുറകിലേ സീറ്റിൽ, സൂരജും. പിൻഭാഗത്തെ തുറന്ന ഡോറിലൂടെ, തനുജ അകത്തേക്കു കയറാൻ ഭാവിക്കുമ്പോളാണ് എതിർവശത്ത് നിർത്തിയിട്ട കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളിനെ ശ്രദ്ധിച്ചത്. അയാളുടെ നോട്ടം തനുജയിലും പതിച്ചു. അയാളുടെ വലിയ കണ്ണുകളിൽ ഒരു പിടച്ചിലുണ്ടായി. ഷേവ് ചെയ്തു തുടുത്ത കവിളുകൾ ഒന്നു വിളറി. നര പടർന്ന്, കാറ്റിൽ ഉലഞ്ഞിളകി അനുസരണ യില്ലാതെ നെറ്റിത്തടത്തിലേക്കു വീണ മുടിയിഴകളേ അയാൾ കോതിവയ്ക്കാൻ ശ്രമിച്ചു. തനുജ പിറുപിറുത്തു.
“ഗിരീഷ്”
അയാളുടെ ചുണ്ടുകളിലെ മന്ത്രണം ‘തനുജ’ എന്നു തന്നെയായിരുന്നു. അവൾ ഒന്നുകൂടി നോക്കി. അന്നേരം, ആ കാറിന്റെ പുറകിലേ ഡോർ തുറന്ന് ഒരു കൗമാര ക്കാരിയും പട്ടുസാരിയുടുത്തൊരു പെണ്ണും ഇറങ്ങി വന്നു. തനുജ, വീണ്ടുമൊന്നു കിടുകിടുത്തു. “വിസ്മയ” ഇവളെ ഗിരീഷ് വിവാഹം ചെയ്തോ? അവരുടെ മകൾക്ക്, നീരജിന്റെ അതേ വയസ്സുണ്ടായിരിക്കാം. വിസ്മയയുടേയും മകളുടേയും നോട്ടം തന്നിൽ പതിക്കും മുൻപേ, തനുജ ഡോർ വലിച്ചടച്ചു. കാർ മുന്നോട്ടു നീങ്ങി. അവൾ, പുറകിലേക്കു നോക്കി. നീങ്ങിയകലുന്ന കാറിലേക്കു നോക്കി, ഗിരീഷ് നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ വലിയ കണ്ണുകൾ വല്ലാതെ തിളങ്ങുന്നു. അവയിൽ, കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകൾ തിരതല്ലുന്നുണ്ടായിരിക്കും. തീർച്ച….
*********************
റെയിൽവേ സ്റ്റേഷനോടു ചേർന്ന് വിശാലമായ റെയിൽവേയുടെ ഭൂമിയിൽ അനേകം ക്വാർട്ടേഴ്സുകൾ നിരന്നു നിന്നു. കാലം, മഞ്ഞച്ച ചുവരുകളെ വല്ലാതെ വിളറിപ്പിച്ചിരിക്കുന്നു. രണ്ടു കിടപ്പുമുറികളും അടുക്കളയും നേർത്തൊരു ഉമ്മറവരാന്തയുമുള്ള അതിലൊന്നിൽ, അവർ രണ്ടു കൂട്ടുകാരികൾ ഒത്തുകൂടി. നെടുങ്കൻ മുറിയിലെ കട്ടിലിൽ, തനുജ കമിഴ്ന്നടിച്ചു കിടന്നു. കാൽവണ്ണകൾ കാണുമാറ് അവളുടെ പാവാട താഴേക്കൂർന്നിരുന്നു. കാൽപ്പാദങ്ങൾ കൂട്ടിമുട്ടിക്കുമ്പോൾ അവളുടെ വെള്ളിക്കൊലുസുകൾ വല്ലാതെ കിലുങ്ങി ക്കൊണ്ടിരുന്നു. അവളുടെ പുറത്തേയ്ക്കു തല ചായ്ച്ചു, വിസ്മയ കിടന്നു. അവൾ, കയ്യെത്തിച്ച് തനുജയുടെ കാൽവണ്ണകളെ തഴുകി.
“തനുജാ, നമ്മുടെ വീടുകളുടെ മുന്നിലൂടെ പോകുന്ന, സദാ ലെവൽക്രോസിലെ കുരുക്കിൽ പെടുന്ന ചുളളന്റെ പേരറിഞ്ഞൂട്ടാ. ഗിരീഷ്..എഞ്ചിനീയറിംഗ് കഴിഞ്ഞ്, വിദേശത്തു പോകാൻ ഒരുങ്ങി നിൽക്കുന്നു. വലിയ വീട്ടിലെ പയ്യനാണ്. നീ, അവനിൽ സമ്മോഹിതയാണെന്ന് ഞാൻ അവനെ അറിയിച്ചു ട്ടാ. എന്റെ കസിൻ അവന്റെ കൂട്ടുകാരനാണ്. ടൗണിൽ തന്നെയാണ് അവന്റെ വീട്. ചുവന്ന സ്പ്ലെൻഡർ ബൈക്കിൽ, കുഞ്ചാക്കോ ബോബനേപ്പോലെ വന്ന് അവൻ നിന്നെ കീഴടക്കിയല്ലോ. അവൻ നിന്നെ വിളിയ്ക്കും. നീയപ്പോൾ, ഇവിടെ ആളില്ലാത്ത സമയങ്ങൾ പറഞ്ഞുകൊടുക്കണം..ഫോണെങ്ങാനും, നിന്റെയച്ഛൻ റെയിൽവേ എഞ്ചിനീയറോ; അമ്മ സുമടീച്ചറോ എടുത്താൽ തീർന്നു. പ്രണയത്തിന്റെ പറുദീസയിൽ നിങ്ങൾ വിഹരിക്കുക. ഡിഗ്രി ലാസ്റ്റ് ഇയർ ആണെന്നു നീ മറക്കാതിരിക്കുക.”
പ്രണയത്തിന്റെ വസന്തകാലം എത്ര സമ്മോഹനമായിരുന്നു. പതിവായുള്ള ഫോൺ വിളികൾ, കോളേജിൽ പോകും വഴിയുള്ള നേർക്കാഴ്ച്ചകൾ. പ്രണയം, പകരുന്ന ആത്മധൈര്യത്തിനു ഏകകങ്ങളില്ലായിരുന്നു..ഗിരീഷിന്റെ ബൈക്കിന്റെ പുറകിലിരുന്നു, തലവഴി ഷാൾ മൂടി സഞ്ചരിച്ചയിടങ്ങൾ എണ്ണമറ്റതായി..സിനിമകൾ, ഐസ്ക്രീമിന്റെ പ്രണയച്ചൂടുള്ള കുളിര്. അങ്ങനെ അനേകം നാളുകൾ. ഒരിക്കൽ, അവന്റെ ഏതോ അകന്ന ബന്ധുവിന്റെ വീട്ടിൽ ആരു മില്ലാത്ത നേരത്തു ചെന്നെത്തിയതും, മുറിയകത്തെ നേർത്തയിരുട്ടിൽ ഒന്നായൊട്ടി നിന്നതും പുതിയൊരനുഭവത്തിന്റെ അരങ്ങേറ്റമാവുകയായിരുന്നു. അവന്റെ ബന്ധു, ചങ്ങാതി കൂടിയായിരുന്നുവത്രേ. അങ്ങനെയാണു അവരില്ലാത്ത നേരത്തു, ഗിരീഷിന്റെ കയ്യിൽ വീടിന്റെ താക്കോലെത്തിയതു. പുടവകൾ അനാവൃതമായി, വലിയ കട്ടിലിൽ അവനോടു ചേരുമ്പോൾ അവൻ പുലമ്പി. “ഭയപ്പെടേണ്ടാ, പ്രിക്കോഷൻ ഉണ്ട്…”
ആ കത്തു ഗിരീഷിനയിച്ചിട്ടു ദിവസങ്ങൾ പിന്നിടുന്നു. അതിലെ വരികൾ ഇപ്പോഴും ഹൃദ്യസ്ഥമാണ്.
“ഗിരീഷ്, എത്ര നാളായി നീയെന്നെ വിളിച്ചിട്ട്. നമ്മൾ തമ്മിൽ കണ്ടിട്ട്. നിനക്കെന്നെ വേണ്ടാതായോ? ഞാനാകെ വിളറിപ്പോയിരിക്കുന്നു. എനിക്കു ഭക്ഷണം കഴിക്കാനൊന്നും തോന്നുന്നില്ല. അമ്മ ചോദിയ്ക്കുന്നു, എന്തു പറ്റീന്ന്?.നീ എന്നെ ഒന്നു വിളിയ്ക്കണം; പ്ലീസ്… അച്ഛനു ട്രാൻസ്ഫർ ആകാറായിരിക്കുന്നു. അകലേ യേതോ നാട്ടിൽ, ഇതു പോലൊരു മഞ്ഞച്ച ചുവരുകളുള്ള ക്വാർട്ടേഴ്സിൽ, എന്റെ ജീവിതം തുടരും. എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു. ഞാൻ കാത്തിരിയ്ക്കും, നിന്റെ വിളിയ്ക്കായി….”
ആ കത്തിനെന്തു സംഭവിച്ചിരിക്കാം. ചുരുട്ടിക്കൂട്ടിയ ആ കടലാസുതാള്ഏ തെങ്കിലും ഓടയിലെ ജലത്തിൽ അവനാൽ നിമജ്ജനം ചെയ്യപ്പെട്ടിരിക്കാം..അല്ലെങ്കിൽ എരിഞ്ഞു തീർന്നിട്ടുണ്ടാകും.
കാലമെത്ര കടന്നുപോയിരിക്കുന്നു. വിസ്മയ പോലും ഓർമ്മകളിൽ നിന്നും മാഞ്ഞു. സാധാരണക്കാരുടെ വീട്ടിൽ ജനിച്ച്, പഠിച്ച് എഞ്ചിനീയറിംഗ് ബിരുദ ധാരിയായ, അമേരിക്കയിൽ ജോലിയുള്ള സൂരജിന്റെ ഭാര്യയാവുകയും, നീരജിന്റെ അമ്മയാവുകയും ചെയ്തു. ഇന്റർനെറ്റും, സോഷ്യൽ മീഡിയാ ബന്ധങ്ങളും വന്നു. ഒരിക്കലും വിസ്മയയേ തിരയാൻ തോന്നിയില്ല. അവളിങ്ങോട്ടും തിരഞ്ഞു വന്നില്ല. കാലം, ഒത്തിരി പുതിയ ബന്ധങ്ങളേ തന്നു. ഒരുപാടു പ്രിയങ്കരങ്ങളെ മണ്ണിൽ മറച്ചു. കാലമിനിയും മുന്നോട്ടുപോകും
***********************
‘തനുജാ, നിനക്കു മിഥിലയിൽ കയറണോ? രാവിലെ പോരുമ്പോൾ, പറഞ്ഞിരുന്നല്ലോ. അവിടത്തെ മസാലദോശ എനിക്കും ഒത്തിരിയിഷ്ടമാണ്. പോയാലോ?”
സൂരജ്, ചോദിച്ചു.
“വേണ്ട, സൂരജ്…. നമുക്കു തിരികേപ്പോകാം. പുലരിവെയിലു കൊണ്ടിട്ടാവണം, നല്ല തലവേദനയുണ്ട്. വീട്ടിലേക്കു പോകാം. ഒത്തിരി സാധനങ്ങൾ പാക്കു ചെയ്യാൻ ഇനിയുമുണ്ട്. ഒരുക്കങ്ങൾ ഒത്തിരി ബാക്കി കിടക്കുന്നു. നമുക്കു തിരികേപ്പോകാം.”
കാർ, സ്വരാജ് റൗണ്ടിൽ നിന്നും നഗരത്തിലെ മറ്റൊരു വഴിയിലേക്കു തിരിഞ്ഞു മുന്നോട്ടു നീങ്ങി. തനുജ ഒരാവർത്തി കൂടി തിരിഞ്ഞു നോക്കി. തിളക്കമുള്ള വലിയ മിഴികളുടെ തീഷ്ണമായൊരു നോട്ടം തന്നെ പിന്തുടരുന്നതായി അവൾക്കു തോന്നി. അവൾ, സൂരജിന്റെ തോളിലേയ്ക്കു തല ചായ്ച്ചു ഇമ പൂട്ടിയങ്ങനെ കിടന്നു. അയാൾ, അവളെ ചേർത്തുപിടിച്ചു. കാർ ഓടിക്കൊണ്ടിരുന്നു. ഒപ്പം, വെയിൽ വേവും കൂടിക്കൊണ്ടിരുന്നു.

