പോയ്മറഞ്ഞതിനോളം..
Story written by Unni K Parthan
“എന്റെ വിധി…
അങ്ങനെ സമാധാനിച്ചോളാം ഞാൻ…” ഇടറിയിരുന്ന നവ്യയുടെ വാക്കുകൾ…
“അച്ഛനെന്തു ചെയ്യാനാ മോളേ… ആവുന്നതും ഞാൻ പറഞ്ഞു നോക്കി അവനോട്… പക്ഷേ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല…” ദിനേശന്റെ വാക്കുകൾ വല്ലാതെ ഇടറിയിരുന്നു…
“എനിക്കറിയായിരുന്നു അച്ഛാ… ഇതിങ്ങനെയേ ആവൂ ന്ന്… എല്ലാർക്കും ഞാനും എന്റെ മോളും ഇനിയൊരു ബാധ്യതയായി മാറുന്നു എന്നുള്ള വിഷമം മാത്രമേ ഉള്ളൂ…”
നവ്യയുടെ നെഞ്ച് പൊട്ടുന്നത് ദിനേശൻ അറിയുന്നുണ്ടായിരുന്നു..
“എനിക്ക് ഒരു ജോലിയുണ്ടായിരുന്നെങ്കിൽ..
അന്ന് ഞാൻ കാല് പിടിച്ചു പറഞ്ഞതല്ലേ.. അമ്മയോടും അച്ഛനോടും…എനിക്ക് കുറച്ചു കൂടി പഠിക്കണം ന്ന്…കല്യാണമിപ്പോ വേണ്ടാ ന്ന്…”
വിമ്മിപൊട്ടി.. മാലതിയേ നോക്കി നവ്യ…
മാലതിയുടെ ശിരസ് താണു… കണ്ണുകൾ നിറഞ്ഞിരുന്നു മാലതിയുടെ…
“മോളേ….” ഇടറി പൊട്ടി മാലതി വിളിച്ചു…
“അറിയാ മ്മേ…
എനിക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടെ ണ്ട് ന്ന്…
അമ്മയുടെയും അച്ഛന്റെയും അന്നാളിലെ വേവലാതി…
പക്ഷേ… താഴെയുള്ള രണ്ടാൾക്കും പിന്നെ മികച്ച വിദ്യാഭ്യാസം കിട്ടി.. അവർക്ക് നല്ല ജോലി കിട്ടി…..
നല്ല ജീവിതം കിട്ടി..
പക്ഷേ എനിക്കോ….
പ്ലസ്ടുവിന് എല്ലാത്തിനും മികച്ച മാർക്ക് ണ്ടായിട്ടും….തുടരാൻ കഴിഞ്ഞില്ല…
തുടർന്ന് വിവാഹം…
ഏഴു വർഷത്തെ ജീവിതത്തിൽ ഒരു മകളെ മാത്രം ഈശ്വരൻ സമ്മാനിച്ചു.. ഭർത്താവ് ന്ന് പറയാൻ പോലും അറപ്പും വെറുപ്പും തന്ന ജീവിതം.. ഭാര്യയെ പോലും കൂട്ടി കൊടുക്കാൻ തയ്യാറായ ആ മനുഷ്യനോടൊപ്പം എനിക്ക് വയ്യ….”
ചാട്ടുളി പോലെ പെയ്തിറങ്ങി ദിനേശന്റെയും മാലതിയുടെയും നെഞ്ചിലേക്ക്…
ദിനേശൻ മാലതിയേ നോക്കി… മാലതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
“അവൻ ഡിവോഴ്സ് ഒപ്പിടുന്നില്ല മോളേ… ഞാൻ ന്താ ചെയ്യാ…” നിരാശയോടെ ദിനേശൻ നവ്യയേ നോക്കി പറഞ്ഞു…
“എന്റെ വിധി…
എന്റെ മാത്രം വിധി…
എനിക്കിച്ചിരി വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ… എനിക്കൊരു ജോലിയുണ്ടായിരുന്നെങ്കിൽ…”
നെഞ്ചകം പിളർന്ന വാക്കുകൾ ആ വീടിന്റെ നാല് ചുവരുകളിൽ തട്ടി തെറിച്ചു പ്രകമ്പനം കൊണ്ടു….
ശുഭം..