Story written by Sumayya Beegam TA
അഞ്ചരയുടെ അലാറം കേട്ടാണ് ഉണർന്നത്. സുഖകരമായ ഒരു മഞ്ഞു മനസ്സിനെ ചുട്ടിപിടിച്ചിരിക്കുന്നു. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു. പുതപ്പ് മാറ്റി കുഞ്ഞിനെ ഒന്നൂടെ പുതപ്പിച്ചു അവൾ എഴുന്നേറ്റു.
ഒരല്പം പോലും ക്ഷീണം തോന്നുന്നില്ല പണ്ടൊക്കെ ഒരു യാത്ര കഴിഞ്ഞു വരുമ്പോൾ എഴുന്നേൽക്കാൻ തന്നെ മടിയാണ്. ഒരു ഭാര്യയും അമ്മയും ഒക്കെ ആയി കാലം പുതിയ വേഷങ്ങൾ തന്നപ്പോൾ നമ്മൾ മൊത്തത്തിൽ മാറിപ്പോയി.
ജനാലവിരി മാറ്റി നോക്കിയപ്പോൾ വെളിച്ചം പടരാൻ തുടങ്ങിയിട്ടുണ്ട് രാത്രി പകലിന് വഴിമാറുന്നു. കഴിഞ്ഞദിവസം ആദ്യമായാണ് ഭർത്താവും മക്കളുമൊത്തും ഒരു ട്രിപ്പ് സ്റ്റേ ചെയ്തു ആഘോഷിച്ചത്. ഭൂമിയുടെ പച്ചപ്പ് മൊത്തം ആവാഹിച്ചു വെച്ചൊരു മനോഹരപ്രദേശത്തെ പുലരി ഓർക്കുമ്പോൾ തന്നെ കുളിരു തോന്നുന്നു.
അടുക്കളയിലെത്തി ചായ വെച്ചു മക്കൾക്ക് ചപ്പാത്തിയും പനീറും ഉണ്ടാക്കിയപ്പോൾ ചായ കുടിച്ചിട്ട് ഭർത്താവ് ജോലിക്ക് പോയിരുന്നു.
ഉച്ചക്കത്തെ ചോറും കറികളും ഒരുക്കാൻ തുടങ്ങി.മക്കളുടെ ചോറ്റുപാത്രത്തിൽ അവരുടെ വളർച്ചയ്ക്ക് വേണ്ടതൊക്കെ എത്തണമെന്നത് ഒരു നിർബന്ധം ആയി മാറിയിരിക്കുന്നു. ക്യാരറ്റ് തോരൻ, ഉരളക്കിഴങ്ങു മെഴുക്കുപുരട്ടി, മീൻ കറി അങ്ങനെ എല്ലാം റെഡിയാക്കി മൂന്നു പാത്രങ്ങളിലാക്കി.
മൂന്നു ആളെയും ഒരുക്കി വിട്ടു കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ പൂര പറമ്പ് പോലെ വീടിനകം മൂകമായി. ഒന്നു ശ്വാസം വലിച്ചെടുത്തു. ഒരു എത്തയ്ക്ക കഴിച്ചോണ്ട് ഒരു കയ്യിൽ ചൂലുമെടുത്തു അടുത്ത പരിപാടികളിലേക്ക്. ക്ലീനിങ് കഴിഞ്ഞപ്പോൾ ഒരു നേരമായി. ഒരു ചപ്പാത്തി കൂടി കഴിച്ചപ്പോൾ ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞു ഇനി റെസ്റ്റിനുള്ള ടൈം ആണ്.
നോക്കിയാൽ പണികൾ ഒരുപാടുണ്ട് എല്ലാം തീർത്തിട്ട് ഒന്നു ഇരിക്കുക എന്നുള്ള മുമ്പത്തെ ശീലമൊക്കെ മാറ്റി. നിർബന്ധമായും അഞ്ചാറ് മണിക്കൂർ കഴിയുമ്പോൾ ശരീരത്തിന് റസ്റ്റ് കൊടുക്കും.
ഫോണും നോക്കി ഇരിക്കവേ ചിന്തകൾ കാടു കയറി.
സത്യത്തിൽ ഒരു സ്ത്രീ ഏറ്റവും ഒറ്റപ്പെടുക മുപ്പതുകളുടെ അവസാനത്തോടെയാണ്. നര വീഴാൻ തുടങ്ങിയ മുടികൾ, ചെറിയ ചുളിവുകൾ തരുന്ന നിരാശ. അത്രയും നാളും ആസ്വദിച്ച ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറി വരുന്നൊരു സമയം.
അതുവരെ മനസ്സിൽ എന്നും കുട്ടി ആയിരുന്ന അവൾ പെട്ടന്ന് പരിപൂർണ സ്ത്രീ ആവുന്നു. തന്നോളം എത്തുന്ന മക്കൾക്ക് മാതൃക ആവണം. അതുവരെ നമ്മളെ താങ്ങി കൊണ്ടിരുന്ന മാതാപിതാക്കൾക്ക് ഇനി അവൾ താങ്ങും തണലുമാകണം. പണ്ടൊക്കെ അച്ഛാ അമ്മേ എന്ന് വിളിക്കുമ്പോൾ അവർ ഓടിവന്നിരുന്നിടത്തു ഇന്ന് അവർ വിളിക്കുമ്പോൾ ഓടിയെത്തണം. അവരുടെ അവശതകൾ കാണുമ്പോൾ നമ്മളുടെ കരുത്തു മൊത്തം ചോർന്നു പോകുന്ന നിസ്സഹായാവസ്ഥ.
ജീവിതതിരക്കിൽ ഓടുന്ന പങ്കാളിയുടെ സമയമില്ലായ്മ. നമ്മളെ കേൾക്കാൻ കാണാൻ ആരുമില്ലാത്ത പോലെ.
ആ ഒരു അവസ്ഥയിൽ നിന്ന് ഒരു സ്ത്രീയ്ക്ക് എങ്ങനെ രക്ഷപെടാം. സ്വയം സ്നേഹിച്ചു തുടങ്ങുക. നമ്മളെ നമ്മുടെ ശരീരത്തെ മനസ്സിനെ സ്വഭാവത്തെ ഒക്കെ സ്നേഹിക്കാം. പ്രായം വീഴ്ത്തുന്ന ചുളിവുകളെ ബോധപൂർവം ചെറുക്കാം. തീൻമേശയിലെ സ്ഥിരം കൂട്ടുകാരായ ചോറും മീൻ കറിയും അച്ചാറും ഒക്കെ മാറ്റി കുക്കുമ്പറും ക്യാരറ്റും നെല്ലിക്കയും ഒക്കെ വരട്ടെ. നല്ല പോലെ വെള്ളം കുടിച്ചു ചർമം തിളങ്ങട്ടെ. വ്യായാമം പതിവാക്കട്ടെ. പിന്നെ സൗഹൃദങ്ങൾ എല്ലാം തുറന്നു പറയാവുന്ന പഴയ സുഹൃത്ത് ബന്ധങ്ങളൊക്കെ സജീവമാകട്ടെ.
അങ്ങനെ അങ്ങനെ മനസ്സിനെ ശാന്തമാക്കാം.
കടലമാവിൽ തൈര് ചേർത്തു മുഖത്തിടുമ്പോൾ കണ്ണാടിയിൽ കണ്ട പ്രതിരൂപത്തോടു അവൾ ചോദിച്ചു നമ്മളെ നമ്മൾ സ്നേഹിച്ചില്ലെങ്കിൽ വേറെ ആരു സ്നേഹിക്കും.
അപ്പോഴും പലരും പിറുപിറുക്കുന്നുണ്ട്. മക്കൾ വളർന്നിട്ടും അവളുടെ ഇളക്കം കണ്ടോ? ഇങ്ങനെ ഒരുങ്ങിയും എഴുതിയും നടന്നാൽ മതിയല്ലോ രണ്ടു പശുവിനെ വാങ്ങി വളർത്തിയാൽ ഇവൾക്കെന്താ? ഇരുപത്തി നാലു മണിക്കൂറും തുടച്ചു ആ വീട് കണ്ണാടി പോലെ ആക്കിയിട്ടാൽ എന്താ ശേല്?ഇനി അതല്ലെങ്കിൽ രണ്ട് നേരം ചുറ്റോട് ചുറ്റും തൂത്തു വാരി കളയരുതോ? ഇപ്പോഴത്തെ അവളുമാർക്ക് ഇതൊന്നും പറ്റില്ല അതിനു അവരെ പറയണോ കെട്യോൻമാര് നിലയ്ക്ക് നിർത്തണം ഒരു ഒഴിവ് കിട്ടിയാൽ വീട്ടിൽ എന്തേലും ചെയ്യാതെ കൊണ്ടു നടക്കുവല്ലേ?
അങ്ങനെ അങ്ങനെ കാതിൽ പതിയുന്ന കുശുമ്പുകളെ ആട്ടി പായിക്കണം പിന്നെ ഏഴയലത്തു വരൂല്ല.
സമയം പോയതറിഞ്ഞില്ല ഇനിയും പുറം പണികൾ ബാക്കിയുണ്ട്. തുണി അലക്കി വീടും തുടച്ചു കുളിയും കഴിഞ്ഞു ചോറുണ്ണാൻ വന്നിരിക്കുമ്പോൾ അവളെ കണ്ടൊരു പരിചയക്കാരി വേറൊരാളോട് പറയുന്നുണ്ടായിരുന്നു കണ്ടില്ലേ ജനിക്കുക ആണെങ്കിൽ ഇവളെപ്പോലെ ജനിക്കണം ഒരു പണിയുമില്ല ചുമ്മാ ഫോണിൽ തോണ്ടി കൊണ്ടിരിക്കുക ആണെന്നെ.
അവരുടെ സംസാരം ഊഹിച്ചു കൊണ്ടവൾ നടുമുറ്റത്തെ ഊഞ്ഞാലിൽ ആടികൊണ്ടിരുന്നു ചിരിച്ചു. നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടം എന്തിനു മറ്റുള്ളവരെ ബോധിപ്പിക്കണം ♥️