കഥയെഴുത്ത്
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
അപ്പുകുട്ടൻ ഒരു പാവം മനുഷ്യനാണ്.
യാതൊരു ദുശീലങ്ങളും ഇല്ല.
അത് കൊണ്ട് തന്നെ വൈകിട്ട് ജോലി കഴിഞ്ഞു വന്നാൽ ഒരു പാട് സമയം ഉണ്ട്.
ചിന്തിക്കാൻ ഒരുപാട് സമയം!
ചിന്തകൾ ഇടക്കിടെ ദുഷ്ചിന്തകളിലേക്ക് കൂപ്പു കുത്തി തുടങ്ങിയപ്പോഴാണ് ഏതെങ്കിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയിലേക്കു തന്റെ മനസ്സിനെ തിരിച്ചു വിടാമെന്ന് നിശ്ചയിച്ചത്.
അങ്ങനെയാണ് സാഹിത്യ ഗ്രൂപ്പുകളിൽ വായനക്കാരൻ ആയത്.
കുറെ കഥകൾ വായിച്ചു കഴിഞ്ഞപ്പോൾ കഥയെഴുത്തിലേക്കു തിരിയണമെന്നൊരു മോഹം.
ഒരു ബൺഡിൽ ‘എ ഫോർ’ സൈസ് പേപ്പർ മുറിയിലാകെ ചിതറിച്ചിട്ടും കഥകളൊന്നും പുറത്തു വരാതിരുന്നപ്പോഴാണ് ‘ഒരു ഗുരുവിന്റെ സഹായം തേടിയാലോ’ എന്നു ചിന്തിച്ചത്.
ഗുരുക്കന്മാർ ആരുടെയും നാളും പേരുമൊന്നും മനസ്സിലേക്ക് വരുന്നില്ല.
ഗൂഗിളിൽ സെർച്ചു ചെയ്തു നോക്കി.
അങ്ങിനെയാണ് കലാരത്നം ‘കുഞ്ഞുകുട്ടി’ ആശാന്റെ പേരിൽ മിഴികൾ ഉടക്കിയത്.
പുള്ളി കഥയെഴുതാൻ പഠിപ്പിച്ചു കൊടുക്കും എന്ന് പരസ്യവുമുണ്ട്.
പത്തു കിലോമീറ്റർ ദൂരമേയുള്ളൂ ആശാന്റെ വീട്ടിലേക്ക്.പിന്നെ താമസിച്ചില്ല.
ഫോണെടുത്ത് ഒറ്റ വിളി.
ഭാഗ്യം!
പിറ്റേ ദിവസത്തേക്ക് അപ്പോയിൻമെന്റ് കിട്ടി.
രാവിലെ ഉദയത്തിന് മുന്നേ എഴുന്നേറ്റ് പല്ലൊക്കെ തേച്ചുവെന്ന് വരുത്തി.
രാവിലത്തെ കുളിരുമൂലം കുളിയൊക്കെ കുറച്ചു ദിവസമായി ബ്ളോക് ചെയ്തിരിക്കുകയാണ്. വിയർപ്പു നാറ്റം മാറാനും പ്രായം കുറച്ചു തോന്നിക്കാനുമായി ഒരു സന്തൂർ സോപ്പ് മുഴുവനായും കുളിക്കാനായിത്തീർത്തു.
തലേന്ന് അലക്കി തേച്ചു വച്ച തരക്കേടില്ലാത്ത ഷർട്ടും മുണ്ടുമുടുത്തു.
ഇരുചക്ര ശകടവും എടുത്ത്നൂറേ നൂറു വേഗത്തിൽ ആശാന്റെ സമീപത്തേക്ക് പാഞ്ഞു.
അതിരാവിലെ തന്നെ രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ ദക്ഷിണയായി കാൽക്കീഴിൽ വീണപ്പോൾ ആശാന്റെ മുഖം തെളിഞ്ഞു. വരാന്തയിലിട്ട ചാരുകസേരയിൽ അമർന്നിരുന്ന് ദിനേശ് ബീഡിയുടെ പുക വായിലൂടെയെടുത്ത് മൂക്കിലൂടെ വിട്ടുകൊണ്ട് ആശാൻ പറഞ്ഞു തുടങ്ങി.”
“കഥകൾ മൂന്ന് തരമുണ്ട്. വരേണ്യം, മദ്ധ്യം , അടിസ്ഥാനം.ഇതിൽ ഏതിലാണ് ശിഷ്യന് താത്പര്യം”
“എന്താണ് ഗുരോ ഇവ തമ്മിലുള്ള വ്യത്യാസം”
“പറയാം താൻ എല്ലാ ദിവസവും എത്ര മണിക്ക് എണീക്കും?”
“ഒരു എട്ടര ഒൻപതു മണി. പത്തുമണിയ്ക്ക് ജോലിക്ക് കയറിയാ മാത്യേയ്”
“ഓകെ ഇത് ഒരു വരേണ്യക്കാരൻ എഴുതുമ്പോൾ
‘പകലോൻ സഹ്യാദ്രി സാനുക്കളിൽ തന്റെ നിശാ വസ്ത്രം അഴിച്ചുവച്ചു അരുണിമയാർന്ന മേലങ്കിയുമായി പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്ര തുടങ്ങിയതിന്റെ എഴാം നാഴികയിലാണ് അപ്പുക്കുട്ടൻ നിദ്രയുടെ കനത്ത കമ്പിളി പുതപ്പിൽ നിന്നും പുറത്തിറങ്ങിയത്”. എന്നാണ് വരുക.കാര്യം മനസ്സിലാവണമെങ്കിൽ പഞ്ചാംഗം കൂടി കയ്യിൽ കരുതണം.
ഇവർക്ക് വായനക്കാർ കുറയും.പക്ഷേ നിരൂപകർ കൂടും.ഇവരുടെ കഥകൾ ഇവർ തന്നെ വായിക്കുമോ എന്നു സംശയമാണ്. ആർക്കും പെട്ടെന്ന് ഒന്നും മനസ്സിലാകാത്തത്തിനാൽ നിരൂപകർക്കു ചാകരയാണ്.
ഇതേ കാര്യം തന്നെ മദ്ധ്യവർഗ്ഗക്കാരൻ എഴുതുമ്പോൾ
“സ്വീകരണമുറിയിലെ ഘടികാരം ഒൻപതു പ്രാവശ്യം ചിലച്ചപ്പോൾ അപ്പുക്കുട്ടൻ ഉറക്ക മുണർന്നു” എന്നാവും വരുക.
ഇവരുടെ രചന ഇവർ വായിക്കും.അത്യാവശ്യം വായനക്കാരും ഉണ്ടാകും. കാര്യങ്ങൾ ഒരുമാതിരി മനസ്സിലാകുന്ന ഭാഷയിലായതിനാൽ നിരൂപകരിൽ ഒരു വിഭാഗത്തിന് താത്പര്യമുണ്ടാവില്ല.
അതു തന്നെ അടിസ്ഥാന വർഗ്ഗക്കാരൻ എഴുതുമ്പോൾ “തന്റെ ആസനത്തിൽ വെയിലടിച്ചപ്പോഴാണ് അപ്പുക്കുട്ടൻ കിടക്കപ്പായിൽ നിന്നെഴുന്നേറ്റത്” എന്നാവും.
ഇതിന് വായനക്കാർ ഏറ്റവും കൂടുതൽ ആയിരിക്കും.എല്ലാം തുറന്നു പറയുന്നതിനാൽ നിരൂപകർക്കു താത്പര്യമുണ്ടാവില്ല.
സാധിക്കുമെങ്കിൽ കുറ്റവും പറയും.
ശിഷ്യന് ഇതിൽ ഏതാണാവോ വേണ്ടത്”
“മൂന്നാമത്തേതു മതി.എഴുതുന്നത് ആരെങ്കിലും വായിച്ചാലല്ലേ എഴുതിയിട്ട് കാര്യമുള്ളൂ.” അപ്പുക്കുട്ടന് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു.
“നീ നന്നായി വരും”
ബീഡിക്കുറ്റിയും വലിച്ചെറിഞ്ഞു ശിഷ്യനു പഠിക്കാനായി തന്റെ കൈവശമുള്ള ‘മ ‘ വാരികകളുടെ ശേഖരം തേടി ആശാൻ അകത്തേക്ക് നടന്നു.