അന്ന്, അവളുടെഎട്ടാം പിറന്നാൾ ആയിരുന്നു. നിറയേ സമ്മാനങ്ങളുമായി വന്ന മൈമൂനയുടെ ഉപ്പയും ഉമ്മയും തിരിച്ച് പോകുമ്പോൾ അവളേയും കൂടെ കൊണ്ടുപോയി…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പറമ്പിന്റെ അതിര് കടന്ന് അൽപ്പം നടന്നാൽ കാടാണ്. മൈമൂനയെയും കൂട്ടി ഇടക്കൊക്കെ അവളുടെ ഉപ്പൂപ്പ അങ്ങോട്ട് കയറാറുണ്ട്.

ഉയരം കൂടിയും, കുറഞ്ഞും, തടിച്ചും, മെലിഞ്ഞും, ചെരിഞ്ഞുമുള്ള മരങ്ങളിലേക്ക് നോക്കി അവൾ വാ പൊളിച്ച് നിൽക്കും. പച്ചയും, മഞ്ഞയും, കറുപ്പും, ചുവപ്പും, നീലയും, ചാരനിറവുമുള്ള കിളികളെ അവൾ കണ്ണെടുക്കാതെ നോക്കി നിൽക്കാറുണ്ട്. ആ വനാന്തരീക്ഷത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ഉൾക്കാടാണ്. ആനയും പുലിയും നരിയുമൊക്കെ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് മൈമൂനയുടെ ഉപ്പൂപ്പ തിരിച്ച് നടക്കും.

ഉമ്മൂമ്മ പണ്ട് പുലിയെ കണ്ട് പേടിച്ച് തലചുറ്റി വീണ കഥയൊക്കെ അവൾക്ക് അറിയാം. ആ കളിയാക്കൽ കേൾക്കുമ്പോൾ അവളുടെ ഉപ്പൂപ്പ ആനയെ കണ്ട് പേടിച്ച് ചെളിക്കുണ്ടിൽ വീണ കഥ പറഞ്ഞ് ഉമ്മൂമ്മ തിരിച്ചടിക്കും. അത് കാണുമ്പോൾ അവരുടെ പേരക്കാന്താരി നിർത്താതെ കുടുകുടാന്ന് ചിരിക്കുമായിരുന്നു. ആറ് വയസ്സുള്ള മൈമൂനയ്ക്ക് ആ വീടും പരിസരവുമായിരുന്നു സ്വർഗ്ഗം.

അല്ലെങ്കിലും, സ്വർഗ്ഗമെന്ന് പറഞ്ഞാൽ നിറയേ പച്ച രോമങ്ങളുള്ള ശാന്തമായ ഭൂമിയെന്നല്ലാതെ മറ്റെന്താണല്ലേ ആ കൗതുകത്തിന്റെ കുട്ടി മനസിലാക്കേണ്ടത്…!?

നഗരത്തിൽ നിന്ന് നിറയേ സമ്മാനങ്ങളുമായി മാസത്തിലൊരു തവണ മൈമൂനയെ കാണാൻ വരുന്ന അവളുടെ ഉപ്പയേക്കാളും ഉമ്മയേക്കാളും കൂടുതൽ അവൾ ആ അയൽവാസിയായ കാടിനെ സ്നേഹിക്കുന്നു. സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ പാടേ വിഴുങ്ങിക്കളയുന്ന ആ അത്ഭുതത്തെ ഇഷ്ട്ടപ്പെടുന്നു…

അന്ന്, അവളുടെഎട്ടാം പിറന്നാൾ ആയിരുന്നു. നിറയേ സമ്മാനങ്ങളുമായി വന്ന മൈമൂനയുടെ ഉപ്പയും ഉമ്മയും തിരിച്ച് പോകുമ്പോൾ അവളേയും കൂടെ കൊണ്ടുപോയി. വേരടർന്ന ഒരു പൂമരതൈ പോലെ അവൾ ആ കാറിലിരുന്ന് യാത്രയായി.

മണ്ണ് ഇളകിയ ഹൃദയവുമായി രണ്ട് നരകൾ ആ മുറ്റത്ത് നിന്ന് അകന്നു പോകുന്ന അവരുടെ വാഹനം നോക്കി വെറുതേ നിൽപ്പുണ്ടായിരുന്നു…

നഗരവാസനയിൽ അവൾ ആദ്യനാൾ തന്നെ ഛർദ്ദിച്ചു. അങ്ങനെ പിടികൂടിയ മൈമൂനയുടെ അവശത അവളുടെ ഉമ്മയും ഉപ്പയും സ്നേഹത്തിൽ വാത്സല്യം മുക്കി പൊതിഞ്ഞപ്പോഴാണ് മാറിയത്. തീർത്തും പരിചയമില്ലാത്ത ജീവവായു അവൾ പതിയേ ശ്വസിച്ച് തുടങ്ങി. എന്നാലും, പുതിയ സ്കൂളിലെ പിറകിലെ ബെഞ്ചിൽ അവൾ കുഴഞ്ഞ് തന്നെയാണ് അവളെന്നും ഇരുന്നിരുന്നത്.

സ്കൂളിലെ ആദ്യയാഴ്ച്ച കഴിഞ്ഞപ്പോഴാണ് മൈമൂനയുടെ ശ്രദ്ധയിൽ അതിടം പിടിച്ചത്. സ്കൂൾഗേറ്റിന് മുമ്പിൽ നിന്ന് മാറി റോഡ് ചേർന്നൊരു കുടപോലെ വിരിഞ്ഞ് നിൽക്കുന്ന ഒരു തണൽമരം.

ഒരു നാൾ, തന്നെ ഇവിടെ വിട്ടാൽ മതിയെന്നും, താൻ ഇവിടെ നിന്ന് നടന്ന് പോയിക്കോളാമെന്നും മൈമൂന തന്റെ ഉപ്പയോട് പറഞ്ഞു. റോഡരികാണ്. ശ്രദ്ധിക്കണമെന്ന് പറഞ്ഞ് അവളുടെ ആഗ്രഹം ആ ഉപ്പ സമ്മതിച്ചു. അവൾ വല്ലാത്തയൊരു സന്തോഷത്തോടെ ആ മരത്തിന് ചുറ്റും തലങ്ങും വിലങ്ങും നടന്നു. രണ്ട് പൊത്തും, നാല് ചാരക്കുരുവികളേയും, ഒരു അണ്ണാൻ കുഞ്ഞിനേയും അവളതിൽ കണ്ടിരുന്നു. കടപുഴകി വീണിട്ടും തളിർത്തയൊരു മരത്തിന്റെ സന്തോഷമായിരുന്നു അവളുടെ ആ നേരങ്ങളിൽ…

അല്ലെങ്കിലും, ചില മരങ്ങൾ ചിരഞ്ജീവികളാണല്ലോ… അവർക്ക് പൂർണ്ണമായി നശിച്ചുപോകുന്നയൊരു മരണമില്ലല്ലോ…. അപ്പോൾ പിന്നെ, മനസ്സുകളുടെ കാര്യം പറയാനുണ്ടോ…!

പിറ്റേന്ന് മൈമൂന സ്കൂളിലേക്ക് പോകുമ്പോൾ തന്റെ ഉമ്മയോട് പറഞ്ഞൊരു ചെറിയ കുഴിപാത്രവും, അതിൽ ഇത്തിരി പയറുമണികളും കരുതിയിരുന്നു. അധികമൊന്നും ആരും ശ്രദ്ധിക്കാത്ത മരത്തിന്റെയൊരു ഭാഗത്തേക്ക് അവളത് വെച്ചു. തുടർന്ന് അൽപ്പം മാറി നിൽക്കുകയും, തന്റെ ഉപ്പൂപ്പ പഠിപ്പിച്ചയൊരു ശബ്ദം ഉണ്ടാക്കുകയും ചെയ്തു. കൂവലിനും വിസലിടിയുടേയും ഇടയിലായുള്ള പ്രത്യേകതരം ഈണമായിരുന്നുവത്…

മൈമൂനയുടെ പ്രതീക്ഷ തെറ്റിയില്ല. ആദ്യമൊരു ചെങ്കുരുവിയും പിന്നാലെ അതിന്റെ കൂട്ടരും വന്നു. അവളുടെ കുഞ്ഞ് മനസ്സിലൊരു പൂ മൊട്ടിട്ടിട്ടുണ്ടെന്നത് തീർച്ചയാണ്. അത് അവളുടെ വിടർന്ന മുഖത്ത് വിരിഞ്ഞ് നിൽക്കുന്നുണ്ട്…

ആഴ്ച്ചകളോളം മൈമൂനയത് തുടർന്നു. പലയിനം പക്ഷികളേയും അവൾ അവിടെ കണ്ടു. പറക്കുമ്പോൾ മഞ്ഞ നിറത്തിലുള്ള ചെറുതൂവൽ കക്ഷത്ത് കാണുന്നയൊരു കറുത്ത കിളിയെ കണ്ടപ്പോൾ അവ കൂട് ഉണ്ടാക്കാറില്ലായെന്ന് ഉപ്പൂപ്പ പറഞ്ഞത് അവൾ ഓർത്തിരുന്നു…

മൈമൂന ആ ഒറ്റമരത്തെ ഒരു കാടായി സങ്കൽപ്പിച്ചു. അതിന്റെ ശാഖകളിലേക്ക് അവളുടെ വരവും കാത്ത് കൊമ്പിൽ കൊക്കുരച്ച് ഏറെ കിളികൾ തമ്പടിച്ചു. ആ എട്ട് വയസ്സുകാരി അവരുടെ അന്നദാതാവായി.

ഒരിക്കൽ ആ വർണ്ണ ചിറകുകളോട് സല്ലപിച്ച് സ്കൂളിൽ പോയ മൈമൂന തിരിച്ചുവരുമ്പോൾ കണ്ട കാഴ്ച്ച അവളെ നടുക്കുന്നതായിരുന്നു..

ഒരു കൂട്ടം ആൾക്കാർ ആ തണൽ മരത്തെ ചുറ്റി വളഞ്ഞിരിക്കുന്നു. ഇരുവശവും പിടിയുള്ള അറവുവാളും കൂർത്ത പല്ലുകളുള്ള തുമ്പിക്കൈ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രവും കണ്ടവൾ അമ്പരന്നു. വാക്കത്തിയും കമ്പക്കയറും പിടിച്ച് രണ്ടുപേർ അതിലേക്ക് വലിഞ്ഞു കയറുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം പുറത്തേക്ക് കേൾക്കാൻ പാകം ശബ്ദിച്ചു.

വൈകാതെ , മൈമൂനയുടെ ഉപ്പ അവളെ കൊണ്ടുപോകാനായി എത്തി. റോഡിന്റെ വീതി കൂട്ടാനാണ് അത് മുറിക്കുന്നതെന്ന് ഉപ്പയാണ് അവളോട് പറഞ്ഞത്. കേട്ടതും മൈമൂന പൊട്ടിക്കരഞ്ഞ് പോയി..

പൊന്നുമോളോട് എന്താണ് പറയുകയെന്ന് അറിയാതെ കുഴപ്പത്തിലായിരുന്നിട്ടും കാറ് നിർത്തി അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ആ ഉപ്പ ശ്രമിച്ചിരുന്നു. മുളയിലേ നുള്ളിയ മന്ദാരം പോലെ അപ്പോഴേക്കും മൈമൂന അയാളുടെ മടിയിലേക്ക് കൊഴിഞ്ഞു വീണു. അവളുടെ ഉള്ളിൽ മുഴുവൻ മുറിഞ്ഞ് വീഴാൻ വിധിക്കപ്പെട്ട തന്റെ ആ ഒറ്റമരക്കാടായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *