എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
കരൾ രോഗിയായ കുഞ്ഞിനെ ചികിൽസിക്കാൻ പിരിച്ച പണവുമായി പഞ്ചായത്തിലെ മാന്യൻ മുങ്ങി. മൊത്തത്തിൽ കിട്ടിയ പതിനൊന്ന് ലക്ഷം രൂപയുമായാണ് ആള് കടന്ന് കളഞ്ഞത്. അറിഞ്ഞപ്പോൾ മഞ്ചാടിക്കുന്ന് ഗ്രാമം നെഞ്ചത്ത് കൈവെച്ച് പോയി….
ആറാം വാർഡിലെ ശശാങ്കന്റെ കുഞ്ഞിനാണ് രോഗം. കരൾമാറ്റ ശാസ്ത്രക്രിയ ഉടൻ നടത്തണം. ആർക്കായാലും കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിനും, രക്തത്തില്‍ നിന്ന് അപകടകരമായ പദാര്‍ത്ഥങ്ങളെ വേര്‍തിരിച്ച് എടുക്കുന്നതിനും ആരോഗ്യപരമായ കരള്‍ കൂടിയേ തീരൂ… അങ്ങനെ അല്ലെങ്കിൽ കുട്ടികളുടെ വളര്‍ച്ചയെ സാരമായി അത് ബാധിക്കും. ഫലമായി മഞ്ഞപ്പിത്തം ഉണ്ടാവുകയും, തൊലിയും കണ്ണും മഞ്ഞ നിറത്തിൽ ആവുകയും, തുടർന്ന് മരിക്കുകയും ചെയ്യും…
അന്ന് ഡോക്റ്റർ അത് വിശദീകരിച്ചപ്പോൾ ശശാങ്കൻ ചങ്കുപൊട്ടി കരഞ്ഞ് പോയി. ഓട്ടോ ഡ്രൈവറായ അയാൾക്ക് കൂട്ടിയാൽ കൂടുമായിരുന്നില്ല ചികിത്സാപണം. അപ്പോഴാണ് ദൈവം പോലെ ഒരാൾ ശശാങ്കന് മുന്നിൽ പ്രത്യേക്ഷപ്പെടുന്നത്..
തന്റെ കുഞ്ഞ് മാഞ്ഞ് പോകുമോയെന്ന വിഷമത്തിൽ മനസ്സ് വിങ്ങി വിതുമ്പുന്ന ശശാങ്കനെ അയാൾ സമാധാനിപ്പിച്ചു.. എല്ലാത്തിനും വഴിയുണ്ടാക്കാമെന്ന് കൂടി പറഞ്ഞപ്പോൾ ആ അച്ഛൻ തൊഴുത് നിന്ന് പോയി…
കുട്ടിയുടേയും, നിർധനരായ കുടുംബത്തിന്റെയും ചിത്രങ്ങൾ പകർത്തി ആ നന്മ നിറഞ്ഞ മനുഷ്യൻ വൈകാതെ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. മഞ്ചാടിക്കുന്നിന്റെ റോഡിൽ സഹായ അഭ്യർഥനകളുടെ ബാനറുകൾ പൊങ്ങി. ഓരോ വീട്ടിലും, മൂക്കിൽ കുഴലിട്ട് കിടക്കുന്ന ശശാങ്കന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പതിപ്പിച്ച നോട്ടീസും വീണു.
അപരന്റെ ആപത്തിൽ സഹായിക്കണമെന്ന മഞ്ചാടിക്കുന്നിലെ പ്രാണനുകളെല്ലാം അതിൽ കുറിച്ചിട്ടുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പറ്റുന്ന പോലെയൊക്കെ പണം നിക്ഷേപിച്ചു.
അന്ന് ശശാങ്കന്റെ കുട്ടിയുടെ ശസ്ത്രക്രിയയുടെ നേരം തീരുമാനിച്ച നാളായിരുന്നു. ആ നിമിഷങ്ങളുടെ അങ്കലാപ്പും ചങ്കിൽ തിരുകി അയാൾ തന്റെ ദൈവത്തെ വിളിച്ചു. ബാങ്കിൽ നിന്നും പണവുമായി വരാമെന്ന് പറഞ്ഞ് പോയ ദൈവം പിന്നീട് വന്നതേയില്ല…
തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും താൻ ഒപ്പിട്ട ചെക്കുമായാണ് പണം തട്ടിയിരിക്കുന്നത്.. താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് തന്നെ ആ മാന്യ ദൈവം അപ്രത്യക്ഷമായി. അറിഞ്ഞപ്പോൾ ശശാങ്കന്റെ ബോധവും പോയി. കുഞ്ഞിനെ കിടത്തിയ അതേ ആശുപത്രിയിൽ നിന്ന് കണ്ണുകൾ തുറന്നപ്പോഴും അയാൾ ഓർത്തത് വിലാസമില്ലാത്ത തന്റെ ദൈവത്തെ കുറിച്ച് തന്നെയായിരുന്നു…
തീരുമാനിച്ചത് പോലെ ശസ്ത്രക്രിയ നടന്നില്ലെങ്കിൽ അവയവ ദാതാവിനെ വീണ്ടും തിരയേണ്ടി വരും… ഡോക്റ്റർ അങ്ങനെ പറഞ്ഞപ്പോൾ ശശാങ്കന് ജീവിച്ചിരിക്കേണ്ടായെന്ന് തോന്നി. അപ്പോഴേക്കും സംഭവം അറിഞ്ഞ നാട്ടുകാരിൽ ചിലരൊക്കെ അവിടേക്ക് എത്തിയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ നടുക്കടലിൽ പെട്ട മനസ്സുമായി ശശാങ്കൻ ചത്തപോലെ കിടന്നു. കണ്ടപ്പോൾ കുഞ്ഞിന്റെ അമ്മ അയാളുടെ വയറിലേക്ക് വീണ് ചങ്ക് പൊട്ടി കരഞ്ഞു. സാക്ഷ്യം നിന്നവരുടെ കണ്ണുകളെല്ലാം നിറഞ്ഞ് പോയിട്ടുണ്ടാകുമന്ന്….
പണവുമായി കടന്ന് കളഞ്ഞവനെ കണ്ടുപിടിക്കാനുള്ള അന്വേഷണവുമായി പോലീസുകാർ ശശാങ്കനെ കാണാൻ വന്നു. മുന്നും പിന്നും അറിയാത്ത ആളെ എന്തിന്റെ പേരിലാണ് നിങ്ങളെല്ലാം വിശ്വസിച്ചതെന്ന് കാക്കികൾ സൗമ്യമായി ചോദിച്ചു. വാക്കുകളിലൂടെ അല്ലാതെ ഒരു മനുഷ്യനെ എങ്ങനെയാണ് വിശ്വസിക്കാൻ പറ്റുകയെന്ന് ഇടർച്ചയോടെ ശശാങ്കൻ പറഞ്ഞു.. കേട്ടവർക്കൊന്നും മറുപടി ഉണ്ടായിരുന്നില്ല…
പണം ഇല്ലാത്തതിന്റെ പേരിൽ കുഞ്ഞിന്റെ ചികിത്സ മുടങ്ങില്ലെന്ന് വന്നവരിൽ ചിലർ പറഞ്ഞു. നമുക്ക് വീണ്ടും പിരിക്കാമെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഒരു ദിവസം കൊണ്ട് ആരാണ് ഇത്രേം പണം തരുകയെന്ന് ചോദിച്ചപ്പോൾ, സർക്കാർ ഇടപെടണമെന്ന് ആരോ ഒരാൾ പറയുകയായിരുന്നു. ഗൗരവ്വം മനസിലാക്കിയ എസ് ഐ കമ്മീഷണറെ വിളിച്ചു. കമ്മീഷണർ കളക്റ്ററേയും, കളക്റ്റർ എം എൽ എ യും ബന്ധപ്പെട്ടു. വിശ്വാസവഞ്ചന നേരിടേണ്ടി വന്ന മഞ്ചാടിക്കുന്നിന്റെ കഥ അറിഞ്ഞപ്പോൾ വകുപ്പ് മന്ത്രി വരെ സ്ഥലത്തേക്ക് എത്തി…
ഒരു പൗരന്റെ അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ ഭരിക്കുന്നവർക്ക് സാധിക്കാതെ വരുമ്പോഴാണ് ഇടനിലക്കാർ ദൈവ പരിവേഷത്തോടെ കടന്ന് വരുന്നത്.. അത്തരത്തിൽ വരുന്നവർക്ക് ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടത്താൻ വഴിയൊരുക്കുന്നത് സർക്കാറിന്റെ പിടിപ്പ് കേടുകൊണ്ടാണ്.
അതിനായി ഒരു പദ്ധതി തയ്യാറാക്കുകയും, ഇത്തരം സഹായങ്ങളൊക്കെ സുതാര്യമായി ഏകോപിപ്പിക്കാനും ശ്രമിക്കണം. എന്തുകൊണ്ടാണ് നിങ്ങൾക്ക് അതിന് കഴിയാത്തതെന്ന് ഒരു മാധ്യമക്കാരൻ മന്ത്രിയോട് ചോദിച്ചു. പരിഗണിക്കാമെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം രംഗം ഒഴിയുകയായിരുന്നു…
തീരുമാനിച്ചത് പോലെ ശസ്ത്രക്രിയ വിജയകരമായി പിറ്റേന്നാൾ നടന്നു. കുഞ്ഞിന് ഇനിയൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഡോക്റ്റർ പറഞ്ഞപ്പോൾ, ശശാങ്കനും ഭാര്യയ്ക്കും പ്രകടിപ്പിക്കാൻ കണ്ണീരിൽ മുറിഞ്ഞ കുറച്ച് വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ….
ഒരാൾ കൂടെ നിന്ന് മനോഹരമായി കബളിപ്പിച്ചിട്ടും മഞ്ചാടിക്കുന്ന് ശശാങ്കനെ കൈവിട്ടില്ല. ഒരുകുഞ്ഞിന്റെ ജീവനുവേണ്ടി നാട് മുഴുവൻ ഒരുമിച്ച ആ മുഹൂർത്തം ഇന്നും നെഞ്ചിലുണ്ട്. അപരന്റെ ആപത്തിൽ സഹായിക്കണമെന്ന മഞ്ചാടിക്കുന്നിലെ ഒരു പ്രാണനാണ് ഞാനും… ആ കള്ളൻ കൊണ്ടുപോയ പതിനൊന്ന് ലക്ഷത്തിൽ എന്റെ ആയിരത്തി മുന്നൂറ് രൂപയും ഉണ്ടായിരുന്നു…!!!