എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
പട്ടയം കിട്ടാത്തയൊരു തുണ്ട് ഭൂമിയിലെ ഓലപ്പുരയിലാണ് ഞാനും കൂലിപ്പണിക്കാരിയായ അമ്മയും താമസിച്ചിരുന്നത്. ആ പ്രദേശത്ത് വൈദ്യുതി വിളക്ക് തെളിയാത്ത ചുരുക്കം ചില കൂരകളിൽ എന്റെ കുടിലുമുണ്ട്. പറയാൻ മറന്നു. ഇരുപത്തിമൂന്ന് വയസ്സുള്ള എന്റെ പേര് അരസൻ എന്നാണ്.
ബന്ധങ്ങളിൽ പിന്നെ ആരുണ്ടെന്നത് ഓർത്താൽ വിവാഹത്തിലൂടെ കുടുംബത്തിൽ നിന്ന് ഭാഗികമായി വേർപിരിഞ്ഞു പോയ ഒരു അണ്ണനും ഓർമ്മയിൽ പോലും ഇടം നൽകാതെ അമ്മയെ ഉപേക്ഷിച്ച് പോയ അച്ഛനുമുണ്ട്. ക്ഷമിക്കണം. ഉണ്ടായിരുന്നു…
കുടുംബ പശ്ചാത്തലം ഏതാണ്ട് മനസ്സിലായി കാണുമല്ലോ! ഇനി കാര്യത്തിലേക്ക് വരാം. എന്റെ നാട്ടിലെ മുക്കാലോളം പേരും മുഴുകുiടിയൻമ്മാരാണ്. ഞാൻ മiദ്യപിക്കുന്നത് പതിനാലാമത്തെ പ്രായത്തിലും. കേട്ട് ഞെട്ടുകയൊന്നും വേണ്ട! ഏട്ടാമത്തെ വയസ്സിൽ മiദ്യത്തിന്റെ ഹരിശ്രീ എഴുതിയ നാക്കുകളും ഈ ഗ്രാമത്തിലുണ്ട്!
മൂക്കറ്റം കുiടിച്ച് കണ്ണിൽ കാണുന്നതൊക്കെ മോഷ്ട്ടിച്ചും എലിയെ പിടിച്ച് ചുട്ട് തിന്നും കൗമാരം ഒരു തെരുവോര കാർണിവൽ പോലെയായിരുന്നു ഞാൻ ആഘോഷിച്ചത്. അപ്പോഴൊക്കെയും അച്ഛനും അണ്ണനും അമ്മയെ തിരിഞ്ഞ് നോക്കുന്നില്ലല്ലോയെന്ന സങ്കടം എന്റെ തലയിൽ ഉണ്ടായിരുന്നു. ഉണർന്നാൽ പിന്നെ ചiള്ള് കരളിൽ മiദ്യം തൊടുന്നത് വരെ എനിക്ക് കുടിക്കണമായിരുന്നു…
ആയിടക്കാണ്, എന്റെ അണ്ണന്റെ കൂട്ടുകാരനായ ഒരു ഓട്ടോക്കാരന്റെ കൂടെ ഞാൻ ഒരാളെ കാണുന്നത്. മെലിഞ്ഞ ശരീരവും, നീണ്ട മുടിയും, ചുരുണ്ട താടിയുമൊക്കെയുള്ള മനുഷ്യൻ. ഒരേ നേരം ക്രൂiരനും സാധുവുമെന്ന് തോന്നിപ്പിക്കുന്ന മുഖം! അയാളുടെ പേരോ ഊരോ ജോലിയോ ഒന്നും എനിക്ക് അറിയില്ല. എന്റെ നോട്ടം മുഴുവൻ ഓട്ടോയുടെ മുൻവശത്തെ സീറ്റിനടിയിലെ രണ്ട് മiദ്യ കുപ്പികളിലായിരുന്നു…
എത്ര കുiടിച്ചാലും നിറയാത്ത വയറാണ് എന്റെ ഓട്ടോ അണ്ണന്. ആരെന്ത് പറഞ്ഞാലും മുഴുവനായി ഞാൻ കേൾക്കാറില്ല. പകരം കാതിൽ വീണതിൽ നിന്ന് ഏതെങ്കിലുമൊരു വാക്കെടുത്ത് തോന്നുന്നത് തിരിച്ച് പറയും. പറയുന്നതിൽ ഒരു തേങ്ങയുമില്ലെന്ന് മനസ്സിലാക്കുന്നവർ കണക്കിന് തെiറിയൊക്കെ തന്നാണ് ഇടം ഒഴിയാറുള്ളത്..
അല്ലെങ്കിലും, പരിപ്പെന്ന് പറഞ്ഞാൽ പായസമെന്ന് കേട്ട് സ്വബോധമില്ലാതെ ചുറ്റുന്ന എന്റെ നാവിൽ നിന്നൊക്കെ ബോധമുള്ളവർക്ക് മനസ്സിലാകുന്ന എന്ത് വരാനാണ്! മേൽ പറഞ്ഞ ഓട്ടോക്കാരനായ അണ്ണന്റെ വായിൽ നിന്ന് ഞാൻ കേൾക്കാത്ത തെiറിയൊന്നും ഈ ഭൂമി തമിഴാളത്തിൽ ഇല്ല. എന്നാലും, എന്നോട് അണ്ണന് സ്നേഹമാണ്. ഇടയ്ക്കൊക്കെ മiദ്യവും, പൊറോട്ടയും, ബീഫ് ചില്ലിയുമൊക്കെ വാങ്ങിത്തരാറുണ്ട്.
മുൻപരിചയമില്ലെങ്കിലും ആൾക്കാരോട് അങ്ങോട്ട് കേറി സംസാരിച്ച് കൂട്ട് കൂടാനുള്ള കഴിവുള്ളത് കൊണ്ട് തന്നെ അന്ന് ഞാനും അവരുടെ കൂടെ കൂടി. എനിക്ക് ഉറപ്പാണ്. അണ്ണൻ ഉണ്ടെങ്കിൽ മiദ്യവും കാണും! അത് എന്റെ കണ്ണുകൾ സീറ്റിനടിയിൽ ഉറപ്പുവരുത്തുകയും ചെയ്തിരിക്കുന്നു.
പലരിലുമെന്ന പോലെ എനിക്കും എന്നും മiദ്യപിക്കണമായിരുന്നു. ഉറങ്ങാൻ കിടക്കുന്ന എന്റെ തലയിൽ പിറ്റേന്ന് ഉണരുമ്പോൾ കുടിക്കാൻ ഇത്തിരിയെങ്കിലും മiദ്യം ഞാൻ ബാക്കി വെച്ചിട്ടുണ്ടോയെന്ന് മാത്ര മായിരിക്കും. ഉണ്ടെങ്കിൽ സന്തോഷത്തോടെ ഉറങ്ങും ഇല്ലെങ്കിൽ നിരാശയോടെയും…
അങ്ങനെ അവരുടെ കൂടെ കൂടിയ ഞാൻ അന്ന് എത്തിപ്പെട്ടത് അപരിചിതനായ ആ മെലിഞ്ഞ മനുഷ്യന്റെ വീട്ടിലായിരുന്നു. ഒറ്റപ്പെട്ട് കിടക്കുന്നയൊരു മൂന്നുമുറി കെട്ടിടം. അയാൾ അവിടെ തനിച്ച് താമസിക്കുന്നു. കൊള്ളാം! അന്തരീക്ഷമൊക്കെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
സ്വയം പാചകം ചെയ്ത് കഴിക്കുന്ന അയാളോട് സഹായത്തിന് വേണമെങ്കിൽ ഇവനെ നിർത്തിക്കോളൂവെന്ന്അണ്ണൻ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അയാൾ നോക്കാമെന്നും മൊഴിഞ്ഞു. അന്ന് മുഴുവൻ കുടിച്ച് ലക്ക് കെട്ട ഞാൻ എന്റെ പഴം പുരാണമൊക്കെ അയാളോട് പറയുകയായിരുന്നു.
അല്ലെങ്കിലും, എല്ലാം മറക്കാനെന്നും പറഞ്ഞ് കുiടിക്കുകയും ഓർമ്മയിലെ വേദനകൾ മാത്രം പുലമ്പിയും സ്വസ്ഥത കളയാൻ മiദ്യപാനികൾ പരമാവധി ശ്രമിക്കാറുണ്ടല്ലോ! എനിക്ക് കൂടുതൽ സങ്കടമായത് എന്താണെന്ന് വെച്ചാൽ കേട്ടിരുന്ന അയാൾ എല്ലാമൊരു തമാശ പോലെ തള്ളിക്കളഞ്ഞപ്പോൾ ആയിരുന്നു…
മക്കളേയും ഭാര്യയേയും തനിച്ചാക്കി തടി തപ്പിയ അച്ഛനെ ഉള്ളിൽ ശപിച്ചുകൊണ്ട് ഞാൻ തല കുനിച്ച് ഇരുന്നു. . സ്വന്തം കാര്യം സിന്ദാബാദെന്നും പറഞ്ഞ് മറ്റൊരു കുടുംബം രൂപീകരിക്കാൻ പോയ എന്റെ മൂത്ത ചോiരയോടുള്ള അമർഷത്തോടെ പല്ലുകൾ പരസ്പരം കടിക്കുകയാണ്. ഞാൻ ഇങ്ങനെയൊക്കെ ആയതിന്റെ എല്ലാ കാരണവും അവരാണെന്ന് ഓർത്തപ്പോഴാണ് തലക്കുടഞ്ഞത്. ശേഷം ഒന്നുകൂടി ഒഴിച്ച് കുടിച്ചു. തുടർന്ന് അയാളുടെ മുഖത്തോട്ട് നോക്കി മറ്റെന്തൊക്കെയോ പറയാൻ തുനിഞ്ഞു. അപ്പോഴേക്കും നാക്ക് കുഴഞ്ഞ് ബോധം മറഞ്ഞിരുന്നു. ശേഷം, ഇരുന്നയിടത്ത് തന്നെ ഞാൻ ചെരിഞ്ഞ് വീഴുകയായിരുന്നു…
ഉണർന്നത് പാതിരാത്രിയിലാണ്. ഒപ്പം കൂടിയ ഓട്ടോ അണ്ണൻ അവിടെ ഉണ്ടായിരുന്നില്ല. ആ മെലിഞ്ഞ മനുഷ്യൻ അയാളുടെ ചാര് കസേരയിൽ ജനാലയുടെ അഴികളിലൂടെ പുറത്തേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു. ഇരുന്നയിടത്ത് നിന്ന് ബോധം മറഞ്ഞതിന്റെ ചമ്മലോടെയാണ് അയാളുടെ അടുത്തേക്ക് ഞാൻ പോയത്.
അടുത്തേക്ക് എത്തിയപ്പോൾ ആ മനുഷ്യനെ എന്തുവിളിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നെ കണ്ട പാടെ നിന്റെ അമ്മ മരിച്ചുപോയെന്ന് അയാളൊരു ദുഃഖത്തോടെ എന്നോട് പറഞ്ഞു. എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല. പിന്നെയാണ് അമ്മയെന്ന ആ ശബ്ദം എന്റെ കാതുകളുടെ ഉള്ളിലേക്ക് വീണത്. അമ്മ മരിച്ചു പോയെന്നോ! എനിക്കത് വിശ്വസിക്കാനായില്ല.
‘നീയെന്തിനാണതിന് വെപ്രാളപ്പെടുന്നത്..!?’
എന്റെ പരവേശം കണ്ടിട്ടാകണം അയാൾ അങ്ങനെ ചോദിച്ചത്. അത് കെട്ടപ്പോൾ തലയാകെ പെരുത്തു. സ്വന്തം അമ്മ മരിച്ചെന്ന് കേട്ടാൽ പിന്നെ മകൻ വെപ്രാളപ്പെടാതെ പൊട്ടിച്ചിരിക്കുമോയെന്നൊക്കെ എനിക്ക് അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല.
പുറത്തേക്കെത്ര നീട്ടി നോക്കിയിട്ടും ഇരുട്ടല്ലാതെ മറ്റൊന്നും എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. പോകണമെന്ന് പറഞ്ഞ് ഞാൻ അയാളോട് കെഞ്ചി. അയാളത് കേൾക്കാത്ത ഭാവത്തിൽ അകത്തേക്ക് കയറിപ്പോയി. എന്തൊരു ക്രൂiരനാണ് ആ മനുഷ്യൻ എന്ന് അറിഞ്ഞപ്പോൾ അയാളെയും പ്രാകി ഞാൻ പുറത്തേക്ക് ഓടുകയായിരുന്നു…
ഇരുട്ട് മുറിച്ച് ഓടിയതിന്റെ കിതപ്പോടെയാണ് അന്ന് ഞാൻ കൂരയിൽ എത്തിയത്. ആ വേഗത്തെ ഓർക്കുമ്പോൾ ഇപ്പോഴുമൊരു വെപ്രാളമാണ്. ഒരു മരണം സംഭവിച്ചതിന്റെ യാതൊരു ലക്ഷണവും കാണിക്കാത്ത വീട്ടിന്റെ പലക കൊണ്ടുണ്ടാക്കിയ കതകിൽ ഞാൻ തുരു തുരാന്ന് മുട്ടി. അപ്പോഴൊരു സ്വപ്നം പോലെയായിരുന്നു എന്റെ അമ്മ കതക് തുറന്നത്. ശേഷം, എന്നെ തുറിച്ച് നോക്കികൊണ്ട് മുട്ടി പൊളിക്കാതെടായെന്നും പറഞ്ഞു. അതുകേട്ടപ്പോൾ ശബ്ദം പുറത്ത് വരാതെ ഞാൻ ചിരിക്കുകയായിരുന്നു.
കുടിക്കാൻ കിട്ടുന്ന ഇടത്ത് തന്നെ കിടക്കുന്ന നിനക്കൊക്കെ താൻ ഇല്ലെങ്കിലുമൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞുകൊണ്ട് അമ്മ തന്റെ മുടി കെട്ടുകയും വല്ലതും കഴിച്ചോയെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. ആ ചോദ്യം എന്റെ ഉള്ളിൽ തന്നെ കൊണ്ടു. അമ്മ കഴിച്ചോയെന്നൊ കഴിച്ചിട്ടുണ്ടാകുമെന്നൊ ഇതുവരെ ഞാൻ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.
എന്റെ കിതപ്പ് കണ്ടിട്ടാകണം നിന്നെ വല്ല പട്ടിയും കടിക്കാൻ ഓടിച്ചോയെന്ന ചോദ്യത്തോടെ അമ്മ മൂന്നുനാല് പപ്പടം ചുട്ടത്.
ഒരു മൊന്ത കഞ്ഞിയിൽ ചുട്ട പപ്പടവും രണ്ട് പച്ചമുളകും ഇട്ടുതന്ന് അമ്മ പോയി വീണ്ടും കിടന്നു. ഞാൻ അതെല്ലാം ധൃതിയിൽ കഴിച്ച് തീർത്തു. തുടർന്ന് അമ്മയുടെ ഒരോരം ചേർന്ന് കിടക്കുകയായിരുന്നു. അപ്പോഴും ആ മെലിഞ്ഞ മനുഷ്യനെ തന്നെയാണ് ഞാൻ ഓർത്തത്. എന്റെ അമ്മ മരിച്ചുപോയെന്ന് എന്തിനായിരിക്കും അയാൾ എന്നോട് പറഞ്ഞത്? മറ്റൊന്നിനും ആയിരിക്കില്ല. മരിക്കുന്നത് വരെ നമ്മളോട് ഒട്ടി നിൽക്കുന്ന ചിലരെയൊന്നും നമ്മൾ കാണാറേ ഇല്ലായെന്ന് അയാൾ എന്നോട് പറയാതെ പറഞ്ഞതായിരുന്നു…
അമ്മയെ ഉപേക്ഷിച്ച് അച്ഛൻ പോയ കാര്യം പറഞ്ഞ് കരഞ്ഞപ്പോൾ എന്തിനായിരിക്കും അയാൾ ചിരിച്ച് തള്ളിയത്? മറ്റൊന്നിനും ആയിരിക്കില്ല. നീയും നിന്റെ അമ്മയോട് അത് തന്നെയല്ലേ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് അയാൾ എന്നോട് പറയാതെ പറഞ്ഞതായിരുന്നു…
പുറത്ത് മഴ പെയ്യുന്നത് പോലെയൊക്കെ ആ നേരം എനിക്ക് തോന്നിപ്പോയി. തിരി താഴ്ത്തി വെച്ച ചിമ്മിണി വിളക്കിന്റെ തെളിച്ചം അൽപ്പം ഉയർത്തിയപ്പോൾ അമ്മയുടെ കുഴിഞ്ഞ കൺതടമുള്ള ആ മുഖത്തേക്ക് വെട്ടം വീണു. ഞാൻ ചിമ്മാതെ ശ്രദ്ധിച്ചു. സത്യം പറഞ്ഞാൽ അന്നാണ് അമ്മയുടെ മുഖം അത്രയും വ്യക്തമായി കാണുന്നത്…!!!