അല്ലെങ്കിലേ ഇവിടെ ഒരു ശനിയുടെ പേരിൽ ശകുനം പിടിച്ചിരിക്കുവാ അപ്പോഴാ കടുകിന്റെ വക ഒരു പൊട്ടിത്തെറി……

എഴുത്ത്:- സൽമാൻ സാലി

” ബാപ്പാ ശനി മാണം .. ഇൻക് ശനി മാണം ബാപ്പാ ..!!!

കെട്യോള് ഉപ്പേരി ഇളക്കാനുള്ള തവി കയ്യിൽ തന്നു ബാത്‌റൂമിൽ കേറിയപ്പോ തൊട്ട് ഞങ്ങളുടെ ഇളയ സന്തതി ശനി വേണം ശനി വേണം എന്നും പറഞ്ഞു കരയാൻ തുടങ്ങിയത് …

ന്റെ പൊന്നാര മോളേ ഞാനൊക്കെ അമ്പിളി മാമനെ വേണം ന്ന് പറഞ്ഞു കരഞ്ഞിട്ടുണ്ട് .. നീയൊക്കെ ശനി വേണം നെപ്റ്റ്യൂൺ വേണം ശുക്രൻ വേണമെന്നൊക്കെ പറഞ്ഞു കരഞ്ഞാൽ ശരിയാവൂല കേട്ടാ ..

മോളോട് അത് പറഞ്ഞു തീർന്നതും ”ട്ഷ് ‘ ഒരു കടുക് പൊട്ടിത്തെറിച്ചു പിരടിയിൽ വന്നു വീണ് ..

അല്ലെങ്കിലേ ഇവിടെ ഒരു ശനിയുടെ പേരിൽ ശകുനം പിടിച്ചിരിക്കുവാ അപ്പോഴാ കടുകിന്റെ വക ഒരു പൊട്ടിത്തെറി ..

” ബാപ്പാ ശനി മാണം …

ന്റെ പടച്ചോനെ ഏത് നേരത്താണോ ഉപ്പേരി ഇളക്കാൻ നിന്നത് ..

” മോളേ ഹവ്വെ അന്റെ വാപ്പാന്റെ പേര് നീൽ ആംസ്ട്രോങ് എന്നല്ല സൽമാൻ എന്നാണ് അതോണ്ട് ന്റെ മോൾ ആ ശനീന്നു ഇറങ്ങി വല്ല 50/50 ബിസ്കറ്റോ കോല് മിട്ടായിയോ പറ ബാപ്പ വാങ്ങി തരാ …

ഒരു കരിഞ്ഞ മണം മൂക്കിനടിച്ചപ്പോഴാണ് ഉപ്പേരിയുടെ കാര്യം ഓർത്തത് .. സിനിമയില് icu ന്റെ മുന്നിൽ നിക്കുമ്പോ ഡോക്ർ ഇറങ്ങി വന്നിട്ട് ഐആം സോറി എന്ന് പറയുന്ന സീൻ പോലെ ഉപ്പേരിയുടെ കാര്യത്തിൽ ബാത്റൂമിന്ന് ഇറങ്ങുന്ന ഓളെ നോക്കി ഐആം സോറി എന്ന് പറയേണ്ട അവസ്ഥ ആയി …

” ബാപ്പാ ശനി താ .. ബാപ്പാ ..

അലമാരയിൽ ഇരുന്ന പപ്പടം എടുത്തു കൊടുത്തിട്ട് ശനി ആണെന്ന് പറഞ്ഞു നോക്കി രക്ഷയില്ല .. പപ്പടം ചന്ദ്രകല പോലെ പല ഷെയ്പ്പിൽ മുറിച്ചു നോക്കി .. ഓള് അപ്പോഴും പറയുന്നു ശനി മാണം ബാപ്പാ ശനി മാണം ..

അപ്പോഴാണ് ബാത്രൂം വാതിൽ തുറക്കുന്നത് കേട്ടത് .. ഓടിച്ചെന്നു .. ഓൾടെ കയ്യിൽ തവി കൊടുത്തു തല താഴ്ത്തികൊണ്ട് ഇങ്ങനെ പറഞ്ഞു
” ഉപ്പേരി മരിച്ചു . പപ്പടം തീർന്നു . അച്ചാറും ചോറും തിന്ന് ഞമ്മക് ഇന്ന് നൊസ്റ്റാൾജിയ ആക്കാം …

ഹും എന്നും പറഞ്ഞു ഷാഹി അടുക്കളയിലോട്ട് ചെന്ന് ഉപ്പേരി ചെമ്പ് നോക്കി .. എന്നിട്ട് ഒന്ന് എന്നെയും ..

” ഉമ്മാ ഇൻക് ശനി മാണം ഉമ്മാ ..

ഷാഹി ഫ്രിഡ്ജ് തുറന്നു തേനിന്റെ കുപ്പി എടുത്തു കുറച്ചു തേൻ മോൾടെ കയ്യിൽ ഒഴിച്ചുകൊടുത്തപ്പോ മോൾ അതും കഴിച്ചോണ്ട് കളിക്കാൻ പോയി …

” അല്ലെടി ഷാഹി ഈ ഉപ്പേരി കരിയാനും പപ്പടം തീരാനും കാരണം ഈ ശനി ആണ് .. ഞാൻ കരുതി നീ മോൾക്ക് ശനിയും ശുക്രനും വ്യാഴവും ഒക്കെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്ന് .. ഈ തേനിനാണോ ഓള് കിടന്ന് ശനി ശനി എന്ന് പറഞ്ഞത് ..

” ഓഓഓ ന്റെ ഇക്കാ ഹണി എന്ന് ആയിഷനെ പഠിപ്പിക്കുമ്പോൾ ഇവൾ കേട്ട് പഠിച്ചതാ ശനി എന്ന് .. പിന്നെ രണ്ടര വയസുള്ള മോൾ ശനി എന്ന് പറയുമ്പോഴേക്കും അങ് ബഹിരാകാശത്ത് ചിന്തിച്ച ഇങ്ങളെ റോക്കറ്റിൽ കെട്ടി പ്ലൂട്ടോ യിലേക്ക് കയറ്റി വിടണം .. അല്ല പിന്നെ …

” അല്ലെങ്കിലും ഓള് പറഞ്ഞതിൽ എന്താ തെറ്റ് രണ്ടര വയസുള്ള മോൾ അടുക്കളയിൽ ഇരുന്ന് ശനി എന്ന് പറയുമ്പോഴേക്കും അങ് ബഹിരാകാശത്ത് പോവേണ്ട വല്ല ആവശ്യവും ഉണ്ടോ ..

Leave a Reply

Your email address will not be published. Required fields are marked *