എഴുത്ത്:- അമ്മു സന്തോഷ്
“അപ്പ അതെ.. പെണ്ണ് കെട്ടിയെന്ന് വെച്ചു ഞാൻ നന്നാവാൻ ഒന്നും പോണില്ല. അതും അല്ല തിരുവല്ല, ചങ്ങനാശ്ശേരി ഏരിയായിൽ നിന്ന് പെണ്ണ് വേണ്ടാ.. പ്ലീസ് കേട്ടെ “
സ്റ്റീഫൻ രാഹുലിന്റെ മുഖത്ത് നോക്കി
“അതെന്താടാ?”
“അവിടൊക്കെ. പോയി ഞാൻ അ,ടി ഉണ്ടാക്കിട്ടുണ്ട്. കിട്ടത്തില്ല.. വെറുതെ അന്വേഷിച്ച് പോകണ്ട “
“ഇവനെ ഞാനിന്ന് “
അയാൾ മുറ്റത്തു നിൽക്കുന്ന മൽബറിയിൽ നിന്ന് ഒരു കമ്പ് ഒടിച്ചു. അ,ടി തുടങ്ങി
“അ,ടിക്കല്ലേ അപ്പാ. എനിക്ക് പത്തു മുപ്പത് വയസ്സായതല്ലേ ആരെങ്കിലും കാണും.. ത,ല്ലല്ലേ.. ഞാൻ ഒരു അമ്മയില്ലാത്ത കുഞ്ഞല്ലേ..”
സ്റ്റീഫൻ ആ ഡയലോഗിൽ വീഴും
അത് രാഹുലിന് അറിയാം
അയാൾ വടി ഒരേറു കൊടുത്തു. പോയി പൂമുഖത്ത് ഇരുന്ന് കളഞ്ഞു
പിണങ്ങി
ശെടാ
അവൻ അടുത്ത് ചെന്നു ആ മുഖത്ത് ഒന്ന് തൊട്ടു
“പൊന്നല്ലെടാ പിണങ്ങല്ലേ.. ഇപ്പോൾ എന്താ വേണ്ടേ.. ഞാൻ പോയി പെണ്ണ് കാണണം. കാണാം..വാ “
സ്റ്റീഫൻ ഒന്ന് നോക്കി
ഒരു വയസ്സുള്ള കുഞ്ഞിനേയും തന്നിട്ട് മേരി കർത്താവിന്റെ അടുത്തോട്ടു പോകുമ്പോൾ കയ്യിൽ നീക്കിയിരിപ്പ് ഒന്നുമില്ല. എന്ത് ചെയ്യുമെന്ന് ഓർത്ത് നിക്കുമ്പോ കയ്യിലുള്ള പത്തു സെന്റിന്റെ ആധാരം എടുത്തു കയ്യിൽ തന്നിട്ട് നീ ഇത് പണയം വെച്ചിട്ട്. ഒരു ലോൺ എടുത്തു കച്ചവടം തുടങ്ങിക്കോ എന്ന് പറഞ്ഞ ഡെവിഡിന്റെ മോളെയാ ഇന്ന് ഇവൻ പെണ്ണ് കാണാൻ പോകുന്നത്
ഡേവിഡ് മരിച്ചു പോയി
ആധാരം താൻ തിരിച്ചു കൊടുത്തെങ്കിലും. അവൻ മരിച്ചു പോയതിന്നു ശേഷം ഈ സ്ഥലം വിട്ട് അവന്റെ അപ്പനും അമ്മയും അനിയത്തിയും ഭാര്യയും കുഞ്ഞും ചങ്ങനാശ്ശേരിക്ക് പോയി.
ഭാര്യ പിന്നെ വേറെ കെട്ടിപ്പോയപ്പോൾ അനിയത്തി ആ കുഞ്ഞിനെ വളർത്തി നിന്ന് പോയി
കെട്ടാതെ അവളങ്ങനെ നിന്നത് എന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല
പാവം
“അപ്പൻ ഇത് ഉടുത്തെ.. കടും പച്ച ഷർട്ടും കസവിന്റെ മുണ്ടും “
“എടാ പുല്ലേ എന്റെ പെണ്ണ് കാണലല്ല നിന്റെയാ..”
“അതിന് ഞാൻ ഏതിട്ടാലും കിടിലൻ അല്ലേ. അപ്പൻ. പോരാ.. എന്ത് ചെയ്തിട്ടും ഒരു മെന ആകുന്നില്ല.”
“പോടാ പോടാ.. നിന്റെ അമ്മച്ചി പറയുമായിരുന്നു ഞാൻ മമ്മൂട്ടിയേ പോലാണെന്ന്. നിന്നെ വളർത്തി വളർത്തിയാടാ കോ,പ്പേ ഞാൻ ഈ കോലത്തിൽ ആയത്. ചില്ലറ ടെൻഷൻ ആണോ നിയെനിക്ക് തന്നിട്ടുള്ളത് “
അവൻ ഒരു ചമ്മിയ ചിരി പാസ്സാക്കി
അവർ ഒരുങ്ങി ഇറങ്ങി
“അത്യാവശ്യം വേണേൽ മമ്മൂട്ടി എന്നൊക്ക വിളിക്കാം. കേട്ടോ
നല്ല ചോവ ചോവാന്ന് ഇരിക്കുവല്ലേ കൊച്ച് കള്ളൻ “
“നോക്കി വണ്ടി ഓടിക്കെടാ നാ,റി “
നാക്ക് എടുത്താൽ തെ,റിയെ പറയു. പിന്നേ ഞാൻ എങ്ങനെ നന്നാവനാ…
അവൻ പിറുപിറുത്തു
“”വല്ലോം പറഞ്ഞാരുന്നോ.?”
“ഓ ഇല്ല
വലത്തോട്ട് ചെന്നിട്ടു കുരിശിന്റെ അവിടെ അല്ലേ വീട്?”
“ആ കുരിശേ…”
“ഇങ്ങേരെ ഞാൻ ഇന്ന്..”
“നേരെ നോക്കി ഓടിക്കെടാ ചെക്കാ “
അവൻ കൃത്യമായി വീടിന്റെ മുന്നിൽ എത്തിച്ചു
ചെല്ലുമ്പോൾ. ഡെവിഡിന്റെ അപ്പനും അമ്മയും അവന്റെ അനിയത്തി ജെസ്സിയും മോളും. ഉണ്ട്
“എത്ര നാളായി സ്റ്റീഫ കണ്ടിട്ട്?”
ഡെവിഡിന്റെ അച്ഛൻ സ്നേഹത്തോടെ ചോദിക്കുമ്പോൾ അയാളുടെ കണ്ണ് ഫോട്ടോയിൽ ആയിരുന്നു
താനും അവനും.
“അവിടുന്ന് പോന്നതിൽ പിന്നെ ഒരു സന്തോഷം ഇല്ലാ.. ഇപ്പോൾ നിങ്ങളെ കണ്ടപ്പോ പഴയ കാലം ആണ് ഓർമ്മയിൽ വരുന്നേ. നീയും ഡെവിടും ജെസ്സിയും കൂടെ പള്ളിയിൽ. പോയി വരുന്നതും ക്രിസ്മസ് കരോളും.. അതൊരു കാലം.”
സ്റ്റീഫൻ ജെസ്സിയേ നോക്കി ചിരിച്ചു
വലിയ മാറ്റങ്ങൾ ഒന്നുമില്ല
പെൺകുട്ടി നാരങ്ങ വെള്ളം കൊണ്ട് കൊടുത്തു
“മോളുടെ പേരെന്താ?”
“അലീന “
അവർ കുറച്ചു നേരം ഒറ്റയ്ക്ക് സംസാരിക്കട്ടെ എന്ന് പറഞ്ഞു സ്റ്റീഫൻ
“ഊണ് കഴിഞ്ഞു പോയാൽ മതി “
എന്ന് അപ്പനും അമ്മയും നിർബന്ധം
ഒടുവിൽ സമ്മതിച്ചു
സ്റ്റീഫൻ മുറ്റത്തു ഇറങ്ങി നിന്നു ജെസ്സി അരികിൽ വന്നു നിന്നു
“കപ്പ കൂടി ഒന്നായിക്കോട്ടെ. ഇച്ചായന് വലിയ ഇഷ്ടം ആയത് കൊണ്ട് ഞാൻ മേടിപ്പിച്ചതാ “
അയാൾ ഒന്ന് ചിരിച്ചു
“രണ്ട് പേരും തമ്മിൽ. കപ്പപ്പുഴുക്കിനല്ലരുന്നോ അ,ടി?”
“ഇഷ്ടങ്ങൾ ഒക്കെ ഓർമയുണ്ടല്ലോ “
വെറുതെ പറഞ്ഞതാണ് സ്റ്റീഫൻ
“ഓർത്ത് വെയ്ക്കാൻ. എനിക്ക് ഈ ഒരു ഇഷ്ടമേയുള്ളായിരുന്നു ഇച്ചായ “
നേർത്ത ഞെട്ടലോടെ സ്റ്റീഫൻ ജെസിയുടെ മുഖത്ത് നോക്കി
എന്താ നീ കല്യാണം കഴിക്കാഞ്ഞത് എന്ന് കാണുമ്പോൾ ചോദിക്കാൻ ഉണ്ടായിരുന്ന ഒരു ചോദ്യം അയാൾ വിഴുങ്ങി.
ജെസ്സിയോട് തമാശക്ക് പോലും ഒന്നും പറഞ്ഞിട്ടില്ലല്ലോ. എന്നോർത്ത് പോയി
“ഇച്ചായൻ എന്നേ പിന്നെ ഓർത്തിട്ടുണ്ടോ?”
ആ ചോദ്യത്തിൽ അയാളുടെ ഉള്ളു പിടച്ചു പോയി
വർഷങ്ങൾക്കിപ്പുറവും അയാൾക്ക് വേണ്ടി മാത്രം പെയ്യുന്ന പ്രണയത്തിന്റെ ഒരു മഴക്കാലം ജെസിയുടെ കണ്ണുകളിൽ പെയ്യുന്നത് കണ്ട് അയാള് ഉള്ളുരുക്കത്തോടെ നിന്ന് പോയി
രാഹുൽ ഒരു സി,ഗരറ്റ് വലിച്ചാലോന്ന് ആലോചിച്ചു ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു
ഇതിപ്പോ പു,കവലയും മ,ദ്യപാനവും ഒക്കെ ഉണ്ടെന്ന് അറിഞ്ഞിട്ട് വരുന്ന പെണ്ണ് മതി.. അല്ലെങ്കിലും.. പെണ്ണിനെ അവന് തീരെ ബോധിച്ചില്ലായിരുന്നു
“ഹലോ.. “
“ആ “
“ഈ ശീലങ്ങൾ ഒക്കെയുണ്ടോ?”
“ആ അത്യാവശ്യം തെ,മ്മാടിത്തരവും ഉണ്ട്. എന്റെ പൊന്നു കൊച്ചേ എനിക്ക്. പെണ്ണ് സെറ്റ് ആവില്ല.. നീ എന്നേ ഇഷ്ടം ആയില്ല എന്നങ്ങു പറഞ്ഞേക്ക്.എന്നേ കൊള്ളില്ല. അത് കൊണ്ട.. എന്റെ അപ്പനെ പോലെ അല്ല ഞാൻ “
അവൾ ചെറിയ ഒരു ചിരിയോടെ അടുത്ത് വന്നു
“അതിന് തന്നെ വരുത്താൻ അല്ലല്ലോ. അപ്പനെ വരുത്താൻ അല്ലേ ഈ. പാടൊക്കെ പെട്ടത്?”
അവൻ അമ്പരന്നു നിൽക്കെ അവൾ ആ കഥ പറഞ്ഞു
മുപ്പത് വർഷം ഒരു പുരുഷനെ നെഞ്ചിലിട്ട് നീറ്റിയ പെണ്ണിന്റ കഥ
അയാളുടെ ഓർമ്മയിൽ കരയുകയും ചിരിക്കുകയും ജീവിക്കുകയും ചെയ്ത ഒരു പെണ്ണ്
കൂടപ്പിറപ്പിന്റെ കൂട്ടുകാരനായി പോയത് കൊണ്ട് മാത്രം പ്രണയം ഉള്ളിൽ. ഒളിപ്പിച്ചു വെച്ച പെണ്ണ്
പിന്നെ അയാൾ വിവാഹം കഴിക്കുന്നതും കുഞ്ഞുണ്ടാകുന്നത് ഒക്കെ നോക്കി നിന്ന് നീറിയ ഒരു പെണ്ണ്
പിന്നെ ഒരു പദ്മവ്യൂഹം ചമച്ച് ആരെയും കടത്താതെ അതിനുള്ളിൽ ജീവിച്ച ഒരു പെണ്ണ്
അവന്റെ കയ്യിൽ ഇരുന്ന് സി,ഗരറ്റ് പൊള്ളിയപ്പോൾ അവൻ അത് താഴെ കളഞ്ഞു
മുഖം നനഞ്ഞപ്പോൾ അറിഞ്ഞു അത് കണ്ണീർ ആണെന്ന്
നെഞ്ചു പിടഞ്ഞപ്പോൾ അറിഞ്ഞു
അപ്പൻ തന്റെ ഹൃദയത്തിൽ ഇത്രയും നിറഞ്ഞിരിക്കുവാണെന്ന്
അവൻ മുഖം അമർത്തി തുടച്ചു ചിരിക്കാൻ ശ്രമിച്ചു
പരാജയപ്പെട്ടു
ഒരു നോമ്പ് കാലം കഴിഞ്ഞു
സ്റ്റീഫൻ ജെസിയുടെ കൈ പിടിച്ചു വീട്ടിൽ വരുമ്പോൾ നിലവിളക്ക് കൊടുത്തത് രാഹുൽ ആയിരുന്നു
“തല്ക്കാലം ഞാൻ അമ്മായിയമ്മ.പിന്നെ മോനായികൊള്ളാം.. അപ്പനെ ഒന്ന് ശരിയാക്കി തന്ന മതി”
ജെസ്സിക്ക് നാണം വന്നു
സ്റ്റീഫൻ അവനെ ഒന്ന് നോക്കി
അയാളുടെ കണ്ണുകളിൽ നേർത്ത നനവ് ഉണ്ടായിരുന്നു
രാഹുൽ അപ്പനെ ഒന്ന് ചേർത്ത് പിടിച്ചു
“ഇനി അപ്പൻ പൊളിക്ക് “
അവർ പടികൾ കയറി പോകുമ്പോൾ അവൻ അത് നോക്കി നിന്നു
“ഹലോ തെ,മ്മാടി നിനക്ക് പെണ്ണ് വേണ്ടേ?”
അലീന
“എന്തായാലും നീ വേണ്ടാ.. ഞാൻ പ്രേമിക്കാൻ തീരുമാനിച്ചു.. നല്ലോണം ഒന്ന് പ്രേമിച്ചിട്ട് കെട്ടും
. ഹോ എന്തൊരു ഫീൽ ആയിരിക്കും..”
“ഉവ്വ അപ്പൻ നല്ല ആണ് ആയിരുന്നു അതാണ് ജെസ്സി ആന്റി കാത്തിരുന്നത്.. നീ ച,ട്ടമ്പി.ആര് വരും..”
“വരുമെടി വരും..വന്നിരിക്കും..”
“നോക്കിയിരുന്ന മതി “
അലീന പോയപ്പോ അവൻ ഒന്ന് ചിരിച്ചു.
പ്രേമം…
തന്നെ കൊണ്ട് കൂട്ടിയാൽ കൂടുവോ..?
അപ്പൻ നല്ലതാരുന്നു..
താൻ…
തല്ക്കാലം അപ്പന്റെ കാര്യം നടക്കട്ടെ.
അവൻ ഒരു മൂളിപ്പാട്ട് പാടിക്കൊണ്ട് അകത്തേക്ക് നടന്നു

