അവൾ തേങ്ങലോടെ അവന്റെ തോളിലേക്ക് ചായുമ്പോൾ അവന്റെ മനസ്സിൽ നാളെ എന്തെന്നുള്ള ചിന്ത ആയിരുന്നു……

എഴുത്ത് :- മഹാ ദേവൻ

കൂടെ ഇറങ്ങിവന്നവളുടെ കയ്യും പിടിച്ചു വീടിന്റെ പടി കേറുമ്പോൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു അച്ഛൻ.

” അല്ലേ, നമ്മളിതെങ്ങോട്ടാ ഇടിച്ചുകേറി വരുന്നേ. ഇതാരാ സാറിന്റ കൂടെ “

അച്ഛന്റെ മുഖത്തെ ഭാവവും വാക്കുകളിലെ പരിഹാസവും കിരണിന് മനസ്സിലാകുന്നുണ്ടായിരുന്നു.

” അച്ഛാ.. ഇവളെന്റെ ഭാര്യയാണ്. എന്നെ വിശ്വസിച്ചു എന്റെ കൂടെ ഇറങ്ങിവന്നവൾ. സ്നേഹിക്കുന്നത് ഒരു തെറ്റ് അല്ലല്ലോ അച്ഛാ.. ആരോടും അനുവാദം ചോദിച്ച് അനുഗ്രഹം വാങ്ങി വിവാഹം കഴിക്കാൻ പറ്റിയ ഒരു അവസ്ഥ അല്ലാത്തതുകൊണ്ടാണ് ഞാൻ… “

കിരൺ പ്രതീക്ഷയെന്നോണം അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവന്റെ പിന്നിൽ നിൽക്കുന്ന ശ്യാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” ശരി നീ കെട്ടി. ഈ വീട്ടിലേക്ക് കൊണ്ടുവരേം ചെയ്തു. പക്ഷേ എന്റെ ജാതിക്കും അന്തസ്സിനും ചേർന്ന ഒരു പെണ്ണാണോ ഇവള്? ഇവളുടെ ജാതി ഏതാ? കുലം ഏതാ? “

അച്ഛന്റെ ചോദ്യം കേട്ടപ്പോൾ അവന്റെ മുഖത്തും പുച്ഛമായിരുന്നു. പെണ്ണിന്റ ജാതി അറിഞ്ഞാലേ വീട്ടിൽ കേറ്റൂ എന്ന് പറയുന്നവരോട് എന്ത് പറയാൻ എന്ന് ചിന്തിച്ചു കൊണ്ട് അച്ഛന് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് ശ്യാമയുടെ കയ്യും പിടിച്ചു തിരിഞ്ഞ് നടക്കുമ്പോൾ പിറകിൽ നിന്നയാൾ ചോദിക്കുന്നുണ്ടായിരുന്നു ” ന്താടാ, ജാതി പോലും പറയാൻ കൊള്ളാത്ത ഒന്നിനെ ആണോ തലയിലേറ്റിയത് ” എന്ന്.

അച്ഛന്റെ വാക്കിലെ പരിഹാസം ശ്യാമയുടെ കണ്ണുകളിൽ പുഴയായി മാറുന്നത് കണ്ടപ്പോൾ കിരൺ അവളുടെ കയ്യിൽ അമർത്തി പിടിച്ച് അച്ഛന്റെ മുന്നിലേക്ക് വലിച്ചു നിർത്തി.

” അച്ഛനെന്താ അറിയേണ്ടത്. ഈ പെണ്ണിന്റ ജാതിയോ. അതോ ഇവളുടെ കുലമഹിമയോ?

ഒരു കുഞ്ഞ് പിറക്കുമ്പോൾ ആണോ പെണ്ണോ എന്ന് ചോദിക്കുന്നിടത്ത്‌ തുടങ്ങും അവഗണന. പെണ്ണെന്നു കേട്ടാൽ മുഖം മങ്ങുന്ന അപ്പന്മാർ ഉള്ള നാട്ടിൽ, അടിയാത്തി പെണ്ണ് പെറ്റാൽ ആ കുട്ടി അടിയാത്തിയായിത്തന്നെ ജീവിക്കണം, അവൾക്ക് മുന്നോട്ട് ഒരു പുരോഗമനവും പാടില്ല എന്ന് വിധിക്കുന്ന അച്ഛനെ പോലുള്ളവരുടെ സമൂഹത്തിൽ നിങ്ങൾ ജാതി ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. നാളെ ഇവളെ കെട്ടിയ എനിക്കുണ്ടാകുന്ന കുഞ്ഞിന്റെ ജാതിയേതെന്ന് ചോദിച്ചാൽ എനിക്ക് പറയാൻ ഒരുത്തരമേ ഉണ്ടാകൂ.. മനുഷ്യൻ.. അത് തന്നെ ഇവളുടെയും എന്റെയും ജാതി. “

അവൻ അച്ഛനെ ഒന്നുകൂടി നോക്കിക്കൊണ്ട് തിരികെ നടക്കുമ്പോൾ അച്ഛന്റ മുഖത്തെ പുച്ഛം പാടെ അവഗണിച്ചു.

” അച്ഛന് മുന്നിൽ പ്രസംഗിച്ചുകൊണ്ട് വലിയ ആളായെന്ന തോന്നലിൽ പോകുന്നതൊക്കെ കൊള്ളാം. പോകുമ്പോൾ അതങ്ങ് ഒരുപോക്ക് ആണെന്ന് ഓർമ്മ വേണം. കൊള്ളിവെയ്ക്കാൻ പോലും ഇനി ഈ പടി കടന്ന് വരരുത്. “

കിരൺ അതിന് മറുപടി ഒന്നും പറയാതെ മുന്നോട്ട് നടക്കുമ്പോൾ ശ്യാമയുടെ കയ്യിലെ പിടുത്തം മുറുകുന്നുണ്ടായിരുന്നു..

വാടകവീട്ടിലെ ആദ്യരാത്രി മൂകത നിറഞ്ഞതായിരുന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കിരണും സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ച സങ്കടത്തിൽ ശ്യാമയും വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു.

ഏറെ നേരത്തെ മൗനം ബധിച്ചുകൊണ്ട് കിരൺ അവളുടെ മുടിയിക്കൂടെ ഒന്ന് തലോടി.

” ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ? നമ്മുടെ ഈ തീരുമാനം എടുത്ത്ചാടി ആയിരുന്നു എന്ന് മനസ്സ് പറയുന്നുണ്ടല്ലേ? “

അവന്റെ ചോദ്യം കേട്ട് അവൾ വിഷമത്തോടെ ഒന്ന് പുഞ്ചിരിച്ചു.

” തീരുമാനം തെറ്റോ ശരിയോ എന്ന് എനിക്ക് അറിയില്ല കിരണേട്ടാ. പക്ഷേ……. “

അവൾ തേങ്ങലോടെ അവന്റെ തോളിലേക്ക് ചായുമ്പോൾ അവന്റെ മനസ്സിൽ നാളെ എന്തെന്നുള്ള ചിന്ത ആയിരുന്നു.

പ്രതാപിയായ അച്ഛൻ സ്വന്തം തൊടിയിലെ വരുമാനം കൊണ്ട് ജീവിക്കാൻ പഠിപ്പിച്ചപ്പോൾ വേറൊരു ജോലി എന്ന ചിന്ത പോലും വേണ്ടെന്ന് വെക്കേണ്ടി വന്നു. അല്ലെങ്കിൽ അച്ഛൻ പുറമേ ഒരു ജോലിയ്ക്ക് ശ്രമിക്കേണ്ടെന്ന വാശിയിൽ ഉറച്ചു നിന്നപ്പോൾ അതിന് വഴങ്ങേണ്ടി വന്നു.

പക്ഷേ, ഇപ്പോൾ ആ മണ്ടത്തരത്തെ ഓർത്ത് ദുഃഖിക്കേണ്ടി വന്നിരിക്കുന്നു. ഇനി പേടിപ്പിനൊത്ത പെട്ടന്നൊരു ജോലി കണ്ടെത്തുക എന്നത് പ്രയാസമാണ്, അല്ലെങ്കിൽ കിട്ടുന്ന ജോലിയ്ക്ക് പോകുക. ‘

അവന്റെ മനസ്സിൽ നൂറായിരം ചിന്തകൾ കുലംകുത്തി ഒഴുകുമ്പോൾ അതിനേക്കാൾ വേഗത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ശ്യാമയുടെ.

രാത്രി ഭക്ഷണം കഴിച്ച് കിടക്കുമ്പോഴും അവളെ ചേർത്ത് പിടിച്ച് ” ഒക്കെ ശരിയാകും “എന്ന വാക്ക് കൊണ്ട് ആശ്വസിപ്പിക്കുമ്പോഴും ഒരു തീരുനമെടുക്കാൻ കഴിയാതെ ഉഴറുകയായിരുന്നു കിരണിന്റെ മനസ്സ്.

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ അവനൊരു തീരുമാനത്തിൽ എത്തിയിരുന്നു. ശ്യാമയോട് വേഗം റെഡിയാവാൻ പറഞ്ഞ് അവനും വേഗം കുളിച്ചു ഫ്രഷ് ആയി അവളെയും കൂട്ടി പുറത്തേക്കിറങ്ങി. നേരേ കൂട്ടുകാരന്റെ വീട്ടിലെത്തുമ്പോൾ അവരെ പ്രതീക്ഷിക്കുംപ്പോലെ കൂട്ടുകാരനും ഭാര്യയും പുറത്ത് തന്നെ ഉണ്ടായിരുന്നു.

” ശ്യാമേ, നീ ഇവിടെ നിൽക്ക്. ഇവരുടെ കൂടെ കുട്ടികളുമൊക്കെ ആയി ഒന്ന് ഇടപഴകുമ്പോൾ ഈ വിഷമമോക്കെ പാതി കുറയും. പിന്നെ ആ വീട്ടിൽ പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റയ്ക് ഇരുത്തി എനിക്ക് പുറത്ത് പോകാനും വയ്യ. “

അവന്റെ മുഖവുരയോടെ ഉള്ള സംസാരം കേട്ട് അവൾ അവനെ ആശ്ചര്യത്തോടെ നോക്കി, ” അപ്പോൾ കിരൺ എവിടെ പോവാ ” എന്ന ചോദ്യത്തോടെ !

” ഇനിയല്ലേ മോളെ ശരിക്കും ജീവിതം. ഇത്ര കാലം ഒരു തണൽ ഉള്ളത് കൊണ്ട് വെയിലിന്റെ ചൂട് അറിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ മരുഭൂമി പോലാ ഉള്ളും പുറവും. തണല് പറ്റി നിന്ന് കണ്ടതല്ല ല്ലോ ജീവിതം. രണ്ട് ദിവസം മുന്നേ വരെ എനിക്കുള്ളത് കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ ഇനി എന്നെ കാത്തിരിക്കാൻ ഒരാൾ കൂടി ഉണ്ടല്ലോ. അതുകൊണ്ട് മോളിവിടെ ഇരിക്ക്.. ഞാൻ പോയി വിയർപ്പിന്റെ ഗന്ധമൊക്കെ ഒന്നറിയട്ടെ. കാർന്നോമ്മാര് പറയുംപോലെ വിയർത്തുണ്ണുന്ന ചോറേ നിറച്ചുണ്ണാൻ കഴിയൂ എന്ന് മനസ്സിലാക്കാൻ വൈകിയെന്നേ ഉളളൂ. “

അത്രേം പറഞ്ഞ് അവൻ നിറഞ്ഞ പുഞ്ചിരിയോടെ കൂട്ടുകാരനൊപ്പം ബൈക്കടുത്ത്‌ ഇറങ്ങുമ്പോൾ അവന് നൽകിയ പുഞ്ചിരിക്കിടയിലും ഒരു കുറ്റബോധം നിഴലിച്ചിരുന്നു.

ഒരു നിമിഷത്തെ എടുത്തുചാട്ടം കൊണ്ട് വേദനിപ്പിച്ച മുഖങ്ങളെ ഓർത്ത്. ആ പൊറുക്കാനാവാത്ത തെറ്റ് അവളിലൊരു നീറ്റലായി.

Leave a Reply

Your email address will not be published. Required fields are marked *