രക്തസാക്ഷികൾ
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
മാരാപറമ്പിലേക്ക് രാത്രി തന്നെ യാത്ര തിരിക്കാമെന്നത് കുഞ്ഞേട്ടന്റെ തീരുമാനമായിരുന്നു.
കുഞ്ഞേട്ടന്റെ തീരുമാനങ്ങളെ ഞാൻ ഒരിക്കലും ചോദ്യം ചെയ്യാറില്ല.
കുഞ്ഞേട്ടന് എന്നേക്കാൾ പത്തു വയസ്സ് മൂപ്പുണ്ടെന്നത് മാത്രമല്ല അതിനു കാരണം, വല്യേട്ടനോടുള്ളതിനെക്കാൾ മാനസികമായ അടുപ്പം എനിക്ക് കുഞ്ഞേട്ടനോടായിരുന്നു.
അതുകൊണ്ടു തന്നെയാണ് മറുത്തൊന്നും പറയാതെ രാത്രിയാത്രക്കൊരുങ്ങിയത്
അമ്മയുടെ വകയിലൊരു അമ്മാവന്റെ ശവസംസ്കാര ചടങ്ങിന് പുറപ്പെട്ടതായിരുന്നു ഞങ്ങൾ.
ആലിൻചുവട് കവലയിൽ ബസിറങ്ങുമ്പോൾ സമയം പുലർച്ചെ മൂന്നു മണി.
നാലു മണിക്കൂറുകളോളം നീണ്ട യാത്രയുടെയും ഉറക്കമൊളിപ്പിന്റെയും
ആലസ്യം ശരീരത്തെ ബാധിച്ചിരുന്നു.
പ്രതീക്ഷകൾക്കു വിപരീതമായി ഓട്ടോസ്റ്റാൻഡ് കാലിയായിക്കിടക്കുന്ന കാഴ്ച അല്പം ആശങ്കയുണർത്തി.
കോവിഡ് കാലമായതിനാൽ യാത്രക്കാർ കുറവായതു കൊണ്ടായിരിക്കാം.
“ഇനി നടക്കുക മാത്രമേ രക്ഷയുള്ളൂ” കുഞ്ഞേട്ടൻ പിറുപിറുക്കുന്നതറിഞ്ഞു.
നാലു കിലോമീറ്റർ ദൂരമുണ്ട്.
“സിദ്ദുവിന് ഫോൺ ചെയ്താലോ. അവൻ കാറുമായി വരും”
ഞാൻ കുഞ്ഞേട്ടനോട് പറഞ്ഞു.
കുഞ്ഞേട്ടന് അതിനോട് താത്പര്യമുണ്ടായില്ല.
“എന്തിനാടോ ഉണ്ണീ വെറുതെ ഈ വെളുപ്പാൻ കാലത്ത് ഉറങ്ങിക്കിടക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നത് നമുക്കങ്ങു നടക്കാന്നേ”
പറഞ്ഞത് കുഞ്ഞേട്ടനായതിനാൽ എനിക്കതിനും എതിർപ്പുണ്ടായില്ല.
വെളുത്ത പക്ഷമാണ്. നിലാവെളിച്ചത്തിന് കുറവില്ല.
പഴങ്കഥകളും പറഞ്ഞു നടന്നു.
കുഞ്ഞേട്ടൻ ആൾ രസികനാണ്. ഒരുപാട് ജീവിതാനുഭവങ്ങളുമുണ്ട്.
ചെറിയ സംഭവങ്ങൾ പോലും ആകർഷകമായ രീതിയിൽ വർണ്ണനകൾ ചേർത്ത് പുള്ളിക്കാരൻ വിവരിക്കുമ്പോൾ സമയം പോകുന്നതറിയില്ല.
നിലംപതി കഴിഞ്ഞു കുറച്ചു മുന്നോട്ടു നടന്നപ്പോൾ എതിരെ രണ്ടുപേർ വരുന്നതു കണ്ടു.അവർ ഞങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ടു കടന്നു പോയി.
അല്പം മുന്നോട്ടു നടന്നപ്പോൾ വഴിയരുകിലെ മാവിൻ ചുവട്ടിൽ ആരൊക്കെയോ നിൽക്കുന്നു.
ആരെയോ പ്രതീക്ഷിച്ചിട്ടെന്ന പോലെ.
അവർ മൂന്നുപേർ ഉണ്ടായിരുന്നു.
ആകാരത്തിൽ ഞങ്ങളെക്കാൾ അത്രക്കൊന്നും മതിപ്പ് തോന്നിക്കാത്തവർ.
അവരിൽ ഒരാളുടെ കയ്യിൽ വടിവാളുണ്ടായിരുന്നു.
വഴിവിളക്കിന്റെ അരിച്ചെത്തുന്ന പ്രകാശത്തിൽ അതിന്റെ വായ്ത്തല തിളങ്ങുന്നു.
അത് വiടിവാoളാണെന്ന് എനിക്ക് അറിയില്ലായിരുന്നു.
കുഞ്ഞേട്ടനാണ് പറഞ്ഞത്.
അതും പതിഞ്ഞ സ്വരത്തിൽ , വിറയലോടെ.
അതു കേട്ടതോടെ പാതി ജീവൻ പോയ പോലെയായി.
അവരെന്തിനായിരിക്കാം ഈ വെളുപ്പാൻ കാലത്ത് വഴിയിൽ ഇങ്ങനെ കാത്ത് നിൽക്കുന്നത്?
അവർ ആരെയാണ് പ്രതീക്ഷിക്കുന്നത്?
ഞങ്ങളെയായിരിക്കുമോ?
ഞങ്ങൾ ഈ സമയത്ത് അവിടെയെത്തുമെന്ന കാര്യം ആർക്കും അറിയില്ലല്ലോ.
പിന്നിലേക്ക് ഓടി രക്ഷപ്പെട്ടാലോ.
വെറുതെയൊന്ന് തിരിഞ്ഞു നോക്കി.
അൽപസമയം മുൻപ് ഞങ്ങളെ കടന്നു പോയവർ പിന്നിൽനിന്നും ഞങ്ങളുടെ ദിശയിലേക്ക് തിരിഞ്ഞു നടക്കുന്നു.
അവരുടെ കൈകളിലും എന്തോ തിളങ്ങുന്നുണ്ട്.
ഞങ്ങൾ അiക്രമികളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.
ആരാണിവർ?
എന്തായിരിക്കാം കാരണം?
പിടിച്ചുപറിക്കാരാവാൻ ഇടയില്ല.
രക്ഷപ്പെടാൻ എന്താണൊരു വഴി?
ഒന്നുറക്കെ വിളിച്ചു കൂവണമെന്നുണ്ട്.
പക്ഷെ അടുത്ത പ്രദേശങ്ങളിലൊന്നും ആൾ താമസമില്ല .എങ്ങും കതിർ ചൂടിയ പാടശേഖരങ്ങൾ മാത്രം.
മുന്നിലും പിന്നിലുമുള്ളവരുമായുള്ള അകലം കുറയുന്നത് പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ ഞാനറിഞ്ഞു.
അവർ എന്തിനാവാം ഞങ്ങളോടടുക്കുന്നത്.
ഞാൻ പരിഭ്രാന്തിയോടെ കുഞ്ഞേട്ടനെ നോക്കി.
അന്നുവരെ കണ്ടിട്ടില്ലാത്ത പരിഭ്രമം കുഞ്ഞേട്ടന്റെ മുഖത്തു കണ്ടു.
ഓടാമെന്നുവച്ചാൽ വിശാലമായ വയലേലകളിൽ ഓടി രക്ഷപ്പെടുവാൻ പ്രയാസമാണ്.
ഞാൻ ഭീതിയോടെ കുഞ്ഞേട്ടന്റെ കൈകളിൽ മുറുക്കെ പിടിച്ചു.
ആ കൈകൾ തണുത്ത് മരവിച്ചത് പോലെ തോന്നി.
കുഞ്ഞേട്ടനെ ഭയം ഗ്രസിച്ചിരിക്കുന്നു.
ആ ഭയം ഞൊടിയിടയിൽ എന്നെയും കാർന്നു തിന്നുന്നതറിഞ്ഞു.
തൊണ്ട വരളുന്നു.
കൈകൾ വിറക്കുന്നു.
ശരീരം വെiട്ടി വിയർക്കുന്നു.
കാലുകൾ ആരാലോ കെട്ടിയിടപ്പെട്ടതുപോലെ.
പെട്ടെന്ന് പിന്നിൽ നിന്ന് ശക്തിയായ തൊiഴിയേറ്റ് ഞാൻ താഴെ വീണു.
അതേ സമയം തന്നെ ശരീരത്തിന്റെ മാംoസളതകളിലേക്ക് ലോoഹം ആiഴ്ന്നിറങ്ങുന്ന വേദനയും.
എവിടെയൊക്കെയോ വെട്ടു കൊള്ളുന്നതറിഞ്ഞു.
ഞാൻ അലറി വിളിക്കാൻ ശ്രമിച്ചു.പക്ഷെ ശബ്ദം തൊണ്ടക്കുഴിയിൽ എവിടെയോ തടഞ്ഞു നിൽക്കുന്നു.
ആ നേരം തന്നെ കുഞ്ഞേട്ടന്റെ അലർച്ച രാവിനെ കീറിമുറിച്ചുകൊണ്ട് ഉയർന്നു താണു.
ശ്രീദേവിയുടെയും കുട്ടികളുടെയും മുഖം ഒരു നിമിഷം മനസ്സിലേക്കോടിയെത്തി.
മരിച്ചു മണ്മറഞ്ഞ മാതാപിതാക്കൾ തലക്കു മുകളിൽ വന്നു നിൽക്കുന്നത് പോലെ.
ഇനി രക്ഷയില്ല. വിധിക്ക് കീഴടങ്ങുക തന്നെ.
കണ്ണുകളിൽ ഇരുട്ടു പടരുന്നു.
“ആള് മാറിയോന്ന് ഒരു സംശയം”
“ആരായാലെന്താ നാളേക്ക് രiക്തസാക്ഷികൾ പോരെ”
ബോധാവസ്ഥയിൽ നിന്നും അബോധാവസ്ഥയിലേക്കുള്ള പ്രയാണത്തിനിടയിൽ ആരുടെയോ വാക്കുകൾ കാതുകളിൽ പതിച്ചു .
എന്റെ കണ്ണുകൾ മെല്ലെയടഞ്ഞു. രക്തസാക്ഷിത്വത്തിനായി.
അവസാനിച്ചു