ആദ്യമായി ഉണ്ടായ മോൾക്, വിഡിയോയിൽ മാത്രം കണ്ട് പുഞ്ചിരിക്കുന്ന പൈതലിനു വേണ്ടി ഒരുപ്പ അത്രമേൽ ആഗ്രഹത്തോടെ ചെയ്യാൻ കരുതിയ കാര്യം പകുതിയിൽ അവസാനിപ്പിക്കേണ്ടി വന്ന…….

എഴുത്ത്:-നൗഫു

“ആ നായി പറ്റിച്ചു!”

ഒരു ഫോൺ കാൾ വിളിച്ചു നേരെ എന്റെ അടുത്ത് വന്നിരുന്നു കൊണ്ടു ഷിഹാബ് നിസ്സഹായത നിറഞ്ഞ വാക്കുകളോടെ പറഞ്ഞത് അതായിരുന്നു..

“ആര്.. എന്ത്‌ പറ്റിച്ച കാര്യമാ നീ പറയുന്നേ..?”

കാര്യമെന്താണെന്ന് പോലും അറിയാത്തത് കൊണ്ടു തന്നെ ഞാൻ അവനോട് ചോദിച്ചു..

“ടാ, ഞാൻ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നില്ലേ എന്റെ ഒരു കൂട്ടുകാരൻ നാട്ടിൽ പോകുന്ന കാര്യം”

അവൻ പറഞ്ഞത് ഓർത്തു കൊണ്ടു തന്നെ ഞാൻ തലയാട്ടി അതെ എന്ന പോലെ..

“ഞാൻ മോൾക് ഒന്ന് രണ്ട് ഡ്രസ്സും വീട്ടിലേക് ഇത്തിരി മിഠായിയും കൊടുത്തയക്കാൻ കരുതിയിരുന്നു…അവനോട് വിളിച്ചു പറയുകയും ചെയ്തിരുന്നു.. പോകുന്നതിന് മുമ്പ് അവൻ വിളിക്കാമെന്നും എന്നിട്ട് ഷറഫിയയിൽ പോയി വാങ്ങിച്ചു അവന്റെ റൂമിൽ കൊണ്ടു കൊടുത്താൽ മതിയെന്നും പറഞ്ഞതാ അവൻ..

പക്ഷെ ഞാൻ കുറച്ചു മുമ്പ് അവന്റെ സ്റ്റാറ്റസ് കണ്ടു നാട്ടിലേക്കുള്ള ബോർഡിങ്‌ കഴിഞ്ഞു ഇരിക്കുന്നത്…

വിളിച്ചിട്ടാണേൽ ഫോണും എടുക്കുന്നില്ല നായി..”

അവൻ വീണ്ടും നിസ്സഹായനായി കൊണ്ടു പറഞ്ഞു…

“ആദ്യമായി ഉണ്ടായ മോൾക്, വിഡിയോയിൽ മാത്രം കണ്ട് പുഞ്ചിരിക്കുന്ന പൈതലിനു വേണ്ടി ഒരുപ്പ അത്രമേൽ ആഗ്രഹത്തോടെ ചെയ്യാൻ കരുതിയ കാര്യം പകുതിയിൽ അവസാനിപ്പിക്കേണ്ടി വന്ന ദുഃഖത്തിൽ ആയിരുന്നു അവൻ..

അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു…

കാർഗോ അയച്ചാൽ പോരെ എന്ന് ചോദിച്ചാൽ ഒരു കിലോയോ അതിൽ ഇച്ചിരി മാത്രം കൂടുതൽ ഉള്ള സാധനങ്ങൾ എങ്ങനെയാ കാർഗോ അയക്കുക..

ഇങ്ങനെ ഓരോ കുഞ്ഞു പൊതികളാക്കി മക്കളുടെയും വീട്ടുകാരുടെയും സന്തോഷം, ഓരോ കൂട്ടുകാരുടെയോ നാട്ടുകാരുടെയോ കൈയിൽ കൊടുത്തു വിട്ട്, വീട്ടുകാർ അത് പൊളിച്ചു, അതിലുള്ളത് അവർ എടുത്തു നോക്കുന്നത് മനസ്സിൽ കാണുമ്പോളുള്ള ഒരു സന്തോഷമുണ്ടല്ലോ അത് പ്രവാസിക്ക് അല്ലാതെ ആർക്കും മനസിലാവുമെന്ന് തോന്നുന്നില്ല…”

അവൻ എന്തെക്കെയോ മെസ്സേജ് ടൈപ് ചെയ്തു കൂട്ടുകാരന്റെ ഫോണിലേക്കു അയക്കുന്നുണ്ടായിരുന്നു.. വോയിസ്‌ മെസെഞ്ചിൽ ഒത്തിരി തെറികളും കുത്തി കയറ്റിയിരുന്നു.. അവന്റെ സാധനങ്ങൾ ഇനി ഒരിക്കലും നാട്ടിൽ കൊണ്ടു പോകില്ലെന്നും, ഇനി എന്നെ ഒരു കാര്യത്തിനും വിളിക്കരുതെന്നും അങ്ങനെ എന്തെക്കെയോ അവൻ പറഞ്ഞു അവന്റെ മനസ്സിന്റെ ആശ്വസ്ഥത അവൻ മാറ്റി…

ജോലിക്ക് ഇറങ്ങാനായത് കൊണ്ടു തന്നെ ഞാനും അവനും കാറിലേക് കയറി…അപ്പോഴാണ് നാട്ടിൽ നിന്നും നേരത്തെ പറഞ്ഞ കൂട്ടുകാരന്റെ വിളി ഫോണിലേക്കു വന്നത്..

കണ്ടെങ്കിലും മനസ്സിന്റെ ഉള്ളിൽ അലിഞ്ഞു ചേർന്ന ദേഷ്യമോ അവനോടുള്ള പകയോ.. അവൻ ഫോൺ കാണാത്തത് പോലെ മറച്ചു വെച്ചു..

വീണ്ടും ഒന്നോ രണ്ടോ imo കാളുകൾ ആ ഫോണിലേക്കു വന്നു.. ഒത്തിരി മെസേജുകളും..

അവൻ അതൊന്നും എടുത്തു പോലും നോക്കിയില്ല..

വീണ്ടും ഒരു കാൾ വന്നപ്പോൾ ഈ നാറിയെ ഞാനിന്ന് എന്നും പറഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ അവന്റെ ഭാര്യയുടെ ഫോണിൽ നിന്നായിരുന്നു ആ ഫോൺ കാൾ..

ദേഷ്യവും സങ്കടവും മാറ്റി വെച്ചു അവൻ ഫോൺ എടുത്തു…

ഹലോ എന്ന് പറയുന്നതിന് മുമ്പ് തന്നെ നല്ല സുന്ദരിയായി പുതിയ ഉടുപ്പൊക്കോ ധരിച്ചു സുന്ദരമായി ചിരിക്കുന്ന മോളെയായിരുന്നു അവൻ കണ്ടത്..

ഒത്തിരി നേരം അവൻ അവളെ തന്നെ നോക്കി നിന്നും.. പതിയെ അവന്റെ ചുണ്ടുകൾ വിഥുമ്പുന്നത് പോലെ പറഞ്ഞു..

“ഹലോ.. “

അത് വരെ ബാക് ക്യാമറ ഓൺ ആയിരുന്ന ഫോണിന്റെ ഫ്രണ്ടിലെ കേമറ ഓൺ ആയി.. അതിൽ അവന്റെ നാട്ടിൽ പോയ കൂട്ടുകാരന്റെ മുഖം തെളിഞ്ഞു വന്നു..

“എന്താടാ നാറി, നീ കരയാണോ..? “

അപ്പുറത്തുള്ള കൂട്ടുകാരൻ ചോദിക്കുന്നത് കേട്ടു ശിഹാബിന്റെ മുഖത്തേക് നോക്കിയപ്പോൾ ആയിരുന്നു അവന്റെ കണ്ണുനീർ തുള്ളികൾ കണ്ണിൽ നിന്നും ഒലിച്ചു ഇറങ്ങുന്നത് ഞാൻ കണ്ടത്..

അവൻ ടിഷു എടുത്തു കണ്ണുകൾ തുടച്ചു..

“നീ എന്താ കരുതിയെ നിന്റെ കുഞ്ഞിനുള്ള സാധനങ്ങൾ ഇല്ലാതെ ഞാൻ നാട്ടിൽ കാലു കുത്തുമെന്നോ..

ടാ..

നീയും നിന്റെ മോളും എനിക്ക് അങ്ങനെയാണോ…

ഇന്നലെ വൈകീട്ട് ഷറഫിയയിൽ പോയപ്പോൾ രാത്രിയിലെ ഫ്‌ളൈറ്റിൽ ഒരു സ്പ്ലോട്ട് കിട്ടി.. നാളെയും മറ്റന്നാളും ഉള്ളതിനേക്കാൾ അഞ്ചേട്ടായിരം രൂപയുടെ മാറ്റം കണ്ടപ്പോൾ അത് തന്നെ എടുത്തു..

പിന്നെ ഒരു ഓട്ടമായിരുന്നു സാധനങ്ങൾ വാങ്ങിക്കലും മിഠായി വാങ്ങലും, പെട്ടി കെട്ടലും.. അതിനിടയിൽ നിന്നെ വിളിച്ചു പറയണമെന്ന് ഓർത്തിരുന്നെങ്കിലും ഞാൻ അത് മറന്നു പോയി..

പിന്നെ നിന്റെ വണ്ടിയിലേക്കുള്ള led ഡിസ്പ്ലേ ഞാൻ വാങ്ങിച്ചിട്ടുണ്ട്.. കഴിഞ്ഞ മാസം പറഞ്ഞില്ലായിരുന്നോ ആരുടേലും അടുത് കൊടുത്തയക്കണമെന്ന്.. ഞാൻ നമ്മുടെ സറഫൂന്റെ കടയിൽ നിന്നും അത് വാങ്ങിച്ചു..

പൈസ നീ കൊടുത്താൽ മതി… അവൻ ചിരിച് കൊണ്ടു പറഞ്ഞതും ഷിഹാബും അവനെ നോക്കി ചിരിച്ചു…

കാർ വർക്ക്‌ ഷോപ്പിൽ കൊണ്ടു പോയി അവൻ തന്നെ അത് ശരിയാകാമെന്ന് പറഞ്ഞു ഫോൺ വെച്ചതും ഷിഹാബ് ഒരു ആശ്വാസത്തോടെ സീറ്റിലേക് ചാഞ്ഞു..”

“രണ്ട് മാസത്തിനു ശേഷം വീണ്ടും എഴുതുകയാണ് ഇനി ഒരു രണ്ട് മാസം കഴിഞ്ഞിട്ട് കാണാം 😂”

ബൈ

…🥰

Leave a Reply

Your email address will not be published. Required fields are marked *