എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ആരുടെ കണ്ണുകളിൽ നിന്നാണ് എനിക്ക് കാഴ്ച ലഭിച്ചതെന്ന് എത്ര നിർബന്ധിച്ചിട്ടും ഡോക്റ്റർ പറഞ്ഞില്ല. എന്തിനാണ് അറിയുന്ന തെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആരുമില്ലാതെ ഇരുട്ടിലായി പോകേണ്ടിയിരുന്ന ജീവിതത്തിലേക്കാണ് വെളിച്ചം വീണിരിക്കുന്നത്. കാരണക്കാരായവരോട് ജന്മം മുഴുവൻ കടപ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടും ആ മനുഷ്യൻ അയഞ്ഞില്ല. കൂടാതെ, എന്നെ ഡിസ്റ്റാർജും ചെയ്തു.
ആദ്യം ഹോസ്റ്റലിലേക്കാണ് പോയത്. കൃത്യമായി ക്ലാസുകളൊന്നും അറ്റന്റ് ചെയ്യാത്തത് കൊണ്ട് സ്പോൺസർ പിന്മാറി പോലും. ഈ ആശുപത്രിവാസം കൊണ്ട് മാത്രമല്ല. അപകടം സംഭവിക്കുന്നതിന് മുമ്പും ഞാൻ ഉഴപ്പായിരുന്നു. ക്ലാസ്സിൽ കയറാതെ കൈകോർത്ത് നടക്കാൻ സെറിൻ എന്ന് പേരുള്ളയൊരു പെണ്ണിനെ കിട്ടിയപ്പോൾ ലക്ഷ്യങ്ങളെല്ലാം ഞാൻ മറന്നു. മറക്കാൻ പോലും ലക്ഷ്യങ്ങളില്ലാത്ത അവളുടെ ജീവിതത്തോട് അസൂയ തോന്നിപ്പോയി.
എന്റെ സീനിയറായിരുന്നു സെറിൻ. തോറ്റ പരീക്ഷകൾ എഴുതാൻ വീട്ടുകാർ നിർബന്ധിച്ചുപോലും. അങ്ങനെ ഒരു താൽപര്യവും ഇല്ലാതെ പരീക്ഷ എഴുതാൻ വന്ന അവളുമായി എങ്ങനെയൊക്കെയോ ഞാൻ അടുത്തു. ഞാൻ നാട് മാറി വന്നവൻ ആണെങ്കിലും സെറിൻ ആ നഗരത്തിലെ സ്ഥിരക്കാരിയായിരുന്നു. തന്റെ അച്ഛന് ഇവിടെ നല്ല പേരാണെന്നൊക്കെ അവൾ ഇടയ്ക്ക് പറയും. പെണ്ണ് സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ ഒറ്റ പോക്കാണ്. പലപ്പോഴും കേൾക്കുന്ന കാതുകൾക്ക് അവളോടൊപ്പം എത്താൻ പറ്റിയെന്ന് വരില്ല.
അത് തന്നെയായിരുന്നു എല്ലാത്തിന്റെയും കാരണം. വേഗത…! നാക്കിനും നോക്കിനും നടത്തത്തിനും വല്ലാത്തയൊരു തിടുക്കം. അവളുടെ മനസ്സിന് വിമാനത്തേക്കാൾ വേഗതയാണെന്ന് വരെ തോന്നിപ്പോകും. കൂട്ടുകാരന്റെ ബൈക്കുമെടുത്ത് കറങ്ങിയ നാളാണ് അത് സംഭവിച്ചത്.
മൂഡബദ്രിയിലെ രാത്രിയായിരുന്നു. വീതി കുറഞ്ഞ പാതയിൽ മൂടിയ മഞ്ഞിനെ തുളച്ചാണ് ഞങ്ങൾ സഞ്ചരിക്കുന്നത്. ഹെൽമറ്റൊക്കെ ഊരിയത് കൊണ്ട് മുഖം കോച്ചി പിടിച്ചിട്ടുണ്ട്. ഇനിയും വേഗത്തിലെന്ന് പറഞ്ഞ് സെറിൻ പുറത്ത് തട്ടി. പെണ്ണ് തോളിൽ കൈവെച്ച് സിനിമാരംഗം പോലെ ആസ്വദിക്കുകയാണ്. എനിക്ക് ഹരം പിടിച്ചു. ആ റോഡിൽ അനുവദിച്ചതിലും വേഗതയിൽ പോയിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ അക്സലേറ്റർ വീണ്ടും മുറുകി. ബസ്സാണോ, ലോറിയാണോ യെന്ന് അറിയില്ല. എതിരെ വരുന്നെന്ന് തോന്നിയപ്പോൾ വെiട്ടിച്ചതാണ്. തളം കെട്ടി കിടക്കുന്ന മഞ്ഞിലേക്ക് ഞങ്ങൾ തല തiല്ലി വീഴുകയായിരുന്നു…
ആഴ്ചകൾക്ക് ശേഷമാണ് സംഭവിച്ചതെല്ലാം വ്യക്തമായി അറിയുന്നത്. ഭേദമാകുന്ന പരിക്കുകളോടൊപ്പം എന്റെ കാഴ്ച നഷ്ടമായിരിക്കുന്നു. സാധാരണ കോർണിയൽ അന്ധത ഇങ്ങനെയുള്ള സാഹചര്യത്തിൽ വരാത്തതാണ് പോലും. ഉടൻ ശസ്ത്രക്രിയ നടത്താൻ പറ്റിയത് കൊണ്ടാണ് കാഴ്ചയെ തിരിച്ചെടുക്കാൻ പറ്റിയത് പോലും. സെറീന അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ട വിവരം അറിഞ്ഞപ്പോൾ, തിരിച്ച് കിട്ടിയെന്ന് കരുതിയ ആ കണ്ണുകൾ ചോർന്നുപോയി…
‘എന്തൊരു ക്രൂiരനാണ് ഞാൻ….!’
കാഴ്ചയെ ചുറ്റാൻ പിറകിലൊരു പെണ്ണ് ചേർന്ന് ഇരുന്നപ്പോൾ സ്ഥലകാല ബോധം ഇല്ലാതായിരിക്കുന്നു. സംരക്ഷണം എന്റെ ഉത്തരവാദിത്തമായിയിരുന്നു. അവൾക്കില്ലാത്ത വീണ്ട് വിചാരം എനിക്ക് ഉണ്ടാകണമായിരുന്നു. സെറിൻ രക്ഷപ്പെടണമായിരുന്നു. ആരു മില്ലെന്ന പരിഗണയിൽ നാട്ടുകാർ പിരിവിട്ട് വളർത്തിയ ഞാൻ അത്രത്തോളം പാകത കാട്ടണമായിരുന്നു. കൊണ്ട് പോയി കൊiല്ലിച്ചുവെന്ന തോന്നൽ എന്തൊരു ക്രൂiരനാണ് ഞാനെന്ന ബോധത്തിലേക്ക് എന്നെ നയിച്ചു. അതിൽ നിന്നൊരു രക്ഷയെന്ന പോലെയാണ് കാഴ്ചയ്ക്ക് കാരണമായവരെ അറിയാൻ ആഗ്രഹിച്ചത്. ഇനിയുള്ള ജീവിതം അവർക്കായി മാറ്റി വെക്കാൻ തീരുമാനിച്ചത്.
‘ഡോക്റ്റർ, എന്നോട് പറയണം. എനിക്ക് ഇനിയെങ്ങനെ ജീവിക്കണമെന്ന് പോലും അറിയില്ല… സ്വയം ഇല്ലാതാക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാണ്…’
മൂഡബദ്രിയിൽ തന്നെ ഒരു വാടകമുറി കൂട്ടുകാർ ഏർപ്പാട് ചെയ്ത് തന്നിരുന്നു. അവിടെ എത്തിയതിന് ശേഷമാണ് ഡോക്റ്ററെ വിളിച്ചതും, വീണ്ടും ചോദിച്ചതും. ഇത്തവണ അദ്ദേഹം പറയാതിരുന്നില്ല. വിലാസം മെസ്സേജ് അയച്ച് തരുകയും ചെയ്തു. പിറ്റേന്ന് കാലത്ത് പത്ത് മണിക്ക് പോയാൽ കാണേണ്ടവരെ കാണാൻ പറ്റുമെന്നും ആ മനുഷ്യൻ പറഞ്ഞു. എല്ലാം കൊണ്ടും ആ നിമിഷം അദ്ദേഹത്തെ ദൈവം ആയിട്ടാണ് എനിക്ക് തോന്നിയത്.
പ്രൈവറ്റ് ആശുപത്രിയായിരുന്നു. ആരുമില്ലെന്ന് അറിഞ്ഞിട്ടും പ്രത്യേക പരിഗണന എനിക്ക് നൽകി. കൂട്ടുകാർ പറഞ്ഞിരുന്നു. ബില്ല് അടക്കാൻ ഇല്ലാത്തതിനാൽ കൊണ്ടുപോകാൻ പറഞ്ഞതാണ് പോലും… ആ ഡോക്റ്റർ ഇടപെട്ടത് കൊണ്ട് മാത്രമാണ് ചികിത്സയിൽ തുടരാൻ പറ്റിയത്. നിർബന്ധമല്ലാതിരുന്നിട്ട് പോലും അടഞ്ഞ കണ്ണുകളെ തുറന്ന് തരുകയും ചെയ്തു.
‘സാറ് പറഞ്ഞ സ്ഥലമിതാണ്…’
ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി. സമ്പന്നരുടെ റെസിഡൻഷ്യൽ ഏരിയയാണെന്ന് തോന്നുന്നു. എല്ലാ വീടുകൾക്കും വല്ലാത്ത വലുപ്പം തോന്നിക്കുന്നു. നമ്പർ ഉറപ്പ് വരുത്തി ഞാൻ ഗേറ്റ് തുറന്നു. കാര്യം പറയുന്നതിന് മുമ്പേ കാവൽക്കാരൻ അകത്തേക്കും കയറ്റി വിട്ടു. കാളിംഗ് ബെല്ല് അടിച്ചപ്പോൾ തുറന്നത് ദൈവം ആയിരുന്നു.
‘ഇത് ഡോക്റ്ററുടെ വീടാണൊ? അപ്പോൾ എന്നോട് പറഞ്ഞത്…’
അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം സംസാരിക്കാൻ തുടങ്ങിയത്. സെറിന്റെ വീട്ടിലേക്ക് പോയിരുന്നോ എന്നായിരുന്നു ആദ്യ ചോദ്യം. ഇല്ലെന്ന് പറഞ്ഞ് ഞാൻ തല താഴ്ത്തി. അവളുടെ വീട് എവിടെയാണെന്ന് പോലും എനിക്ക് അറിയില്ല. അന്വേഷിച്ചാൽ കണ്ടെത്താൻ പറ്റുമായിരിക്കും. തോന്നിയില്ല. മകളെ നഷ്ടപ്പെടുത്തിയ എന്നോട് അവർക്ക് എങ്ങനെ ക്ഷമിക്കാൻ പറ്റും…!
‘എനിക്കുമുണ്ടായിരുന്നു ഒരു മകൾ… ഇതാണ്… അറിയോയെന്ന് നോക്കൂ…’
ഡോക്റ്റർ ചൂണ്ടിയ ചുമരിലേക്ക് നോക്കിയപ്പോൾ താനേ എഴുന്നേറ്റ് നിന്ന് പോയി. അവിടെ സെറിനാണ്. ചിത്രത്തിൽ അവൾ ചിരിക്കുകയാണ്.
‘എന്റെ കത്രികയ്ക്ക് മുന്നിൽ തന്നെ നിന്നെ കിട്ടിയപ്പോൾ കൊiല്ലണ മെന്നുണ്ടായിരുന്നു. അത്രയ്ക്കും ദേഷ്യം തോന്നി. പക്ഷേ… ഞാനൊരു ഡോക്റ്റർ ആയിപ്പോയില്ലേ…’
എല്ലാം എനിക്ക് മനസ്സിലായി. ഒരക്ഷരം പോലും പറയാൻ ആകാതെ അദ്ദേഹത്തിന്റെ മുമ്പിൽ ഇരുന്ന് ഞാൻ കരഞ്ഞു. കുറ്റബോധത്തിന്റെ എല്ലാ വിങ്ങലുകളോടും കൂടി തല കുലുങ്ങുകയാണ്. കണ്ണുനീർ ടൈൽ മിനുസത്തിലേക്ക് ഊർന്ന് വീഴുകയാണ്.
‘എന്റെ മോളുടെ കാഴ്ചയുമായി നീയിങ്ങനെ കരയരുത്. പോ… എവിടെയെങ്കിലും പോയി സുഖമായി ജീവിക്ക്.’
ശരിയാണ്. കരയരുത്. സെറിന്റെ കണ്ണുകൾ ഇനി നിറയരുത്. ആ ഉത്തരവാദിത്തമെങ്കിലും നിറവേറ്റാൻ എനിക്ക് സാധിക്കട്ടെ. നനവോടെ എന്നെ നോക്കുന്ന ആ വലിയ മനുഷ്യന്റെ മുന്നിൽ നിമിഷങ്ങളോളം ഞാൻ കൈ കൂപ്പി നിന്നിരുന്നു. ഇത്രയും നാടകീയമായ രംഗങ്ങൾ കൊണ്ട് ജീവിതം എന്നെ കൂടുതൽ ശിക്ഷിക്കുന്നതാണോയെന്ന് പോലും അറിയില്ല. ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തുടർ ജീവിതത്തിൽ സെറിനും ഉണ്ടെന്ന തോന്നൽ മാത്രമേ തലയുടെ കാഴ്ചയിൽ ഉണ്ടായിരുന്നുള്ളൂ…!!!