എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
രാത്രി പത്തുമണി കഴിഞ്ഞപ്പോഴാണ് രമേശൻ തുടർച്ചയായി ഏഴോ എട്ടോ പ്രാവശ്യം എന്നെ വിളിക്കുന്നത്. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. അല്ലെങ്കിലും, ഒരുവട്ടം വിളിക്കുമ്പോൾ എടുത്തില്ലെങ്കിൽ അയാൾ തിരക്കിലായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള വിവേകം മനുഷ്യർക്കില്ലല്ലോ…
വിട്ടുപോയ പതിനൊന്നാമത്തെ കാമുകിയും ഈ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. എത്ര തിരക്കിലാണെങ്കിലും ഫോണെടുത്ത് കാര്യം പറഞ്ഞൂടെയെന്ന് പറഞ്ഞാണ് മിക്കപ്പോഴും അവൾ എന്നോട് തiല്ല് കൂടാറുള്ളത്. എന്തോ.. അവളുടെ തല്ലുകൾ എനിക്ക് ഇഷ്ട്ടമായിരുന്നു.
മറുവശം ആരാണെങ്കിലും ഫോണിൽ സംസാരിച്ച് കൊണ്ടേയിരിക്കാൻ തീരേ താല്പര്യമില്ലാത്ത ഒരാളാണ് ഞാൻ. രമേശൻ ആണെങ്കിൽ സംസാരിച്ച് തുടങ്ങിയാൽ പെട്ടെന്നൊന്നും നിർത്തുകയുമില്ല. എന്ന് വിളിച്ചാലും എന്തെങ്കിലുമൊക്കെ സന്തോഷങ്ങൾ വലിച്ച് നീട്ടി പറയാൻ അവന്റെ നാക്കിലുണ്ടാകും. ഇതിനുമാത്രം സന്തോഷങ്ങളോ എന്നോർത്ത് ആ നേരം രമേശനോട് എനിക്ക് അസൂയ തോന്നും. അസൂയ തോന്നുന്നവരോട് ഇടയ്ക്കിടേ സംസാരിക്കാൻ പണ്ട് തൊട്ടേ എനിക്ക് മടിയായിരുന്നു.
നിനക്കൊക്കെ എന്തിനാണ് മൊബൈൽ ഫോണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. കവിതകൾ എഴുതാനും, പ്രസ്ദ്ധീകരിക്കാനും, ചിലരെയൊക്കെ പ്രേമിക്കാനുമാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് അവർക്കുള്ള മറുപടിയെന്നോണം ഞാൻ പറയും. അത് കേൾക്കുന്ന മുക്കാലോളം പേർ നീയൊരു കിഴങ്ങനാടായെന്ന് പറഞ്ഞാണ് വേർപിരിഞ്ഞ് പോകാറുള്ളത്.
ഞാൻ അവരെയൊന്നും തിരിഞ്ഞ് നോക്കാറില്ല. എനിക്കെന്നും പ്രധാനം നേരമാണ്. ഒരു ഗുണവുമില്ലാത്ത തരത്തിൽ ഒരു നിമിഷം പോലും മറ്റുള്ളവർക്കായ് പാഴാക്കി കളയുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാനേ പറ്റില്ല. അതിപ്പോൾ മുൻപേ തീരുമാനിച്ച കാര്യങ്ങളായാലും അങ്ങനെ തന്നെയാണ്. സുഹൃത്തുക്കളെ മുഷിയും വരെ കാത്തിരിപ്പിക്കുന്ന ഞാനുമായി പൊരുത്തപ്പെട്ട് പോകുകയെന്നത് നിസ്സാരമായ കാര്യമല്ല.
എന്തൊക്കെ പറഞ്ഞാലും വീണ്ടും കൂടാൻ വരുന്ന ഇങ്ങനെയുള്ള സാധു സുഹൃത്തുക്കൾ മാത്രമേ ഇപ്പോൾ എന്റെ ജീവിതത്തിൽ ബാക്കി നിൽക്കുന്നുള്ളൂ. അതിൽ ഏറ്റവും കൂടുതൽ ഞാൻ അവഗണിച്ചിട്ടുള്ളതും രമേശനെ ആയിരുന്നു. ഇന്നിട്ടും നീയെന്റെ കൂട്ടുകാരനാടായെന്ന് പറഞ്ഞ് അവൻ വിളിക്കും. എന്ത് സഹായത്തിനായാലും വിളിച്ചാൽ തിരക്കുകളൊക്കെ മാറ്റിവെച്ച് വരുന്നയൊരു പരോപകാരി കൂടിയാണവൻ. തൊട്ടടുത്ത് വീടായിട്ടും നിരന്തരം കാണാൻ പറ്റാത്ത പരിഭവമൊക്കെ രമേശൻ ഇടയ്ക്ക് പറയാറുണ്ട്. ഞാൻ ആണെങ്കിൽ നാളിന്റെ മുക്കാലും തനിച്ച് വേണമെന്ന് നിർബന്ധമുള്ള ഒരാളും.
പിറ്റേന്ന് രാവിലെത്തെ കലാപരിപാടികളൊക്കെ കഴിഞ്ഞ് രമേശനെയൊന്ന് വിളിച്ചേക്കാമെന്ന് എനിക്ക് തോന്നി. അപ്പോഴാണ് പറഞ്ഞുവെച്ചത് പോലെ അവന്റെ നമ്പറിൽ നിന്ന് കാൾ വന്നത്. ജീവിതത്തിന്റെ ചില സന്ദർഭങ്ങളിൽ നാടകീയമായ മുഹൂർത്തങ്ങൾ വരി വരിയായി വരാറുള്ളത് പോലെയായിരുന്നു പിന്നീട് നടന്നതെല്ലാം.
ഫോണിൽ പറഞ്ഞതുപോലെ ആശുപത്രിയുടെ മുൻവശത്തെ ഗേറ്റിന് മുന്നിൽ തന്നെ അയാൾ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. ആളെ തിരിച്ചറിയാൻ വേണ്ടി ഞാൻ അയാളുടെ കൂടെ മോർച്ചറിയിലേക്ക് നടന്നു. എപ്പോഴായിരുന്നു സംഭവമെന്ന് ഞാൻ ചോദിച്ചപ്പോൾ അറിയില്ലെന്നും, വെളുപ്പിന് നടക്കാൻ ഇറങ്ങിയവരാണ് വിളിച്ച് പറഞ്ഞതെന്നും ആ പോലീസുകാരൻ പറഞ്ഞു.
ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു അനുഭവത്തിലൂടെ എനിക്ക് പോകേണ്ടി വന്നത്. അത് രമേശൻ തന്നെയാണെന്ന് തീർച്ചപ്പെടുത്തി ഇറങ്ങുമ്പോൾ മരിച്ചത് ഞാൻ ആണോയെന്ന സംശയമായിരുന്നു എനിക്ക്.
രാത്രിയിൽ അപകടത്തിൽ പെട്ട് രiക്തം വാർന്നാണ് രമേശൻ മരിച്ചത്. എതാണ്ട് പത്തരയൊക്കെ ആയപ്പോഴേക്കും മരണം സംഭവിച്ചുവെന്ന് അവനെ പോiസ്റ്റ്മോർട്ടം ചെയ്ത ഡോക്റ്റർ പോലീസുകാരനോട് പറഞ്ഞു. അത് കേട്ടപ്പോൾ, മരിച്ചത് ഞാൻ തന്നെയാണെന്നത് ആ നിമിഷം തീർച്ചപ്പെടുകയായിരുന്നു…!!!