എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
മോന് ഞങ്ങളെ വിട്ട് പോകാൻ യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. നിർബന്ധിച്ചത് ഞാനാണ്. അവൻ പോയേ പറ്റൂ… അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സകല വിഷമങ്ങളേയും സഹിച്ചേ പറ്റൂ…
‘നിങ്ങക്ക് പറ്റോ…? അവന് ഇഷ്ടല്ലെങ്കിൽ പറഞ്ഞയക്കണ്ടായിരുന്നു.. അവൻ കൊണ്ടുവന്നിട്ട് പുലരേണ്ട ഗതികേടൊന്നും ഇവിടെ ഇല്ലല്ലോ…’
ഞാൻ മിണ്ടിയില്ല. മിണ്ടിയാലും അവളുടെ മണ്ടയിലേക്ക് അത് കയറില്ല. മക്കളെ പൊത്തി വളർത്തുന്ന ആർക്കും എന്റെ പക്ഷം മനസിലാകുകയുമില്ല. തനിക്കെന്ന് കൂടാൻ ഈ ലോകത്ത് ആരും ഇല്ലെങ്കിലും ജീവിക്കാൻ പാകമാകുക എന്നതാണ് ഏറ്റവും വലിയ പാഠം. മക്കളെ അത്തരത്തിൽ മാനസികമായി ഉയർത്തുകയെന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ഒരു ഘട്ടം കഴിഞ്ഞാൽ പറത്തി വിടുക തന്നെ വേണം. തിരിച്ച് വരുന്നുണ്ടെങ്കിൽ വരട്ടെ. ആരുടേയും പിൻബലമില്ലാതെ സമ്പാദിക്കാൻ മനുഷ്യർ പഠിക്കേണ്ടിയിരിക്കുന്നു…
എവിടേക്കും വിടാതെ നിങ്ങളാണ് തന്റെ ജീവിതം നശിപ്പിച്ചതെന്ന് ഏതെങ്കിലുമൊരു മക്കൾക്ക് പറയേണ്ടി വന്നാൽ, മാതാപിതാക്കൾക്ക് കേൾക്കേണ്ടി വന്നാൽ, അതിലുപരി പരാജയം മറ്റൊന്നുമില്ല. അങ്ങനെ ചിന്തിക്കുകയും, ജീവിക്കുകയും ചെയ്യുന്ന എനിക്ക് മോനെ അടച്ച് വെക്കാൻ തോന്നിയില്ല. പ്രായം മുപ്പത് ആകാറായി. വീട്ടിൽ നിന്ന് വന്ന് പോയി എന്തൊക്കെയോ അവൻ പഠിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ജോലിക്ക് വല്ലതും ശ്രമിക്കെന്ന് പറഞ്ഞാൽ കേൾക്കുന്നുമില്ല. കല്ല്യാണവും വേണ്ട. മറ്റ് അനുസരക്കേടുകളൊന്നും ഇല്ലെന്നത് പ്രത്യേകം പറയേണ്ടതാണ്.
‘ഇനി മുതൽ വീട്ടിലെ മുഴുവൻ പണികളും നീയാണ് ചെയ്യേണ്ടത്. ഞങ്ങൾ വരുമ്പോഴേക്കും. അടിച്ച് പെറുക്കി കുളിച്ച് കഴിക്കാൻ വല്ലതും ഉണ്ടാക്കി വെച്ചേക്കണം…’
അവളുമായി ഞാൻ പോയത് സിനിമാ തീയേറ്ററിലേക്ക് ആയിരുന്നു. പഴയത് പോലെയല്ല. കാണാൻ വന്നവരെയെല്ലാം പകർത്താൻ നിരവധിപേർ ക്യാമറകളുമായി ബഹളം വെക്കുന്നു. പ്രച്ഛന്നവേഷക്കാർ ആടുന്നു. പാടുന്നു. ചിലർ തുണിപൊക്കി കൂവുന്നു. സിനിമ മനോഹരമാണോയെന്ന് ചോദിച്ച് അണ്ണാക്കിലേക്ക് മൈക്കുമായി വന്നവനെ ആരോ തiല്ലുകയും ചെയ്തു. നട്ടുച്ചയ്ക്കും പൂരം തന്നെ. ആരാധക കൂട്ടത്തിന്റെ കോപ്രായങ്ങൾ തന്നെ…
തിരിച്ചെത്തുമ്പോഴേക്കും ആകെ തളർന്നു. ഉന്മേഷമാകാൻ സംഭാരവുമായി മോൻ പ്രത്യക്ഷപ്പെടുകയായിരുന്നു. വീടൊക്കെ വൃത്തിയായിട്ടുണ്ട്. ഊണും തയ്യാർ! കഴിച്ചപ്പോൾ എല്ലാം കേമമായിരിക്കുന്നു. എല്ലാം നാളും താൻ തന്നെ എല്ലാ പണികളും ചെയ്തോളാമെന്ന് കൂടി അവൻ പറഞ്ഞപ്പോൾ അവൾ എന്നോട് കണ്ണിറുക്കി. ഇവിടുത്തെ പണിയേക്കാളും പുറത്ത് എവിടെയെങ്കിലും പോകുന്നതാണ് നല്ലതെന്ന് അവൻ പറയുമെന്നാണ് കരുതിയത്. എനിക്ക് അവനെ മനസ്സിലാക്കാനേ പറ്റുന്നില്ല. എന്ന് വെച്ച് പ്രോത്സാഹിപ്പിക്കാൻ പാടില്ലല്ലോ… ജീവിതം പഠിക്കുക തന്നെ ചെയ്യണം… അതിന് വേണ്ടി കൂടിയാണ് സുഹൃത്തിന്റെ സഹായത്തോടെ അബുദാബിയിലേക്ക് അവനൊരു വിസ സംഘടിപ്പിച്ചത്…
‘നിങ്ങള് എന്തെങ്കിലും കഴിക്ക് മനുഷ്യാ…. അവൻ പറന്നിട്ടുണ്ടാകും… പത്ത് മണിക്കുള്ള തുള്ളിമരുന്ന് മറക്കണ്ട… ഓർമിപ്പിക്കാൻ അവനില്ല…’
ശരിയാണ്. അവൻ വിമാനം കയറിട്ടുണ്ടാകും. സാധാരണ അവനാണ് നേരത്ത് തുള്ളിമരുന്നൊക്കെ എടുത്ത് തരാറുള്ളത്. റിട്ടേർഡ് ആയതിന് ശേഷം കണ്ണുകളിൽ മങ്ങലുണ്ട്. അവൾ ഒഴിച്ചാൽ ശരിയാകില്ല. പലതവണ കണ്ണിൽ കുത്തിയതാണ്. ആ പേരിൽ തമ്മിൽ പിണങ്ങിയ നാൾ തൊട്ടാണ് മോനത് ഏറ്റെടുക്കാൻ തുടങ്ങിയത്. എനിക്ക് വിഷമം തോന്നുന്നുണ്ട്. വിശ്രമകാലത്ത് ആകെയുള്ള മോൻ കൂടെ ഇല്ലല്ലോയെന്ന പ്രയാസം നന്നായി അനുഭവിക്കുന്നുമുണ്ട്.
ഇനിയെന്നാണ് അവനെ കാണുക…! ഉറപ്പായും പോകണോ അച്ഛായെന്ന് തലേനാളിൽ വരെ അവൻ ചോദിച്ചതാണ്. പറഞ്ഞയ ച്ചതിൽ ശരികേടുണ്ടോയെന്ന് സംശയം തോന്നിയപ്പോൾ ഞാൻ തല കുടഞ്ഞു. തിരിച്ച് കുത്താനെന്നോണം ചിന്തകൾ ആയിരം ചില്ലുകളായി ചിതറി. ആ അസാധാരമാനായ വൈകാരിക നിമിഷത്തിൽ ഭയം ഉളവാകുകയാണ്.
സാരമില്ല. ഇതുമായി ബന്ധപ്പെട്ട് എന്ത് വിഷമങ്ങൾ ഉണ്ടായാലും എല്ലാവരും സഹിക്കുക തന്നെ. മകന്റെ ഭാവിക്ക് എന്റെ തീരുമാനം തന്നെയാണ് ഉചിതം.
‘ഈ നേരത്ത് ആരാ…!?’
ശരിയാണ്. കാളിംഗ് ബെല്ലിന്റെ ശബ്ദം ഞാനും കേട്ടു. പ്രധാന കതകിലേക്ക് നടക്കുകയും ചെയ്തു. തുറന്നപ്പോൾ, വിമാനത്തിൽ കയറി രാജ്യം വിട്ടെന്ന് കരുതിയ മോൻ ലഗേജുകളുമായി മുന്നിൽ നിൽക്കുന്നു. എനിക്ക് യാതൊന്നും ചോദിക്കാൻ തോന്നിയില്ല. ഞാൻ ചാരി നിൽക്കുന്ന കട്ട്ളയോളം തുറന്ന വായയുമായി അവൾ കൂടി വന്നപ്പോഴാണ് അവൻ സംസാരിച്ച് തുടങ്ങിയത്.
‘അമ്മേ, ചെക്ക് ഇൻ കഴിഞ്ഞതാണ്. വെയിറ്റ് ചെയ്യുമ്പോൾ അടുത്തിരിക്കുന്ന ആള് കരയുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ മടക്കയാത്രയാണ്. പത്ത് കൊല്ലത്തെ പ്രവാസം നിർത്തിയുള്ള വരവായിരുന്നു. ആകെയുള്ള ഉപ്പയുടെ കൂടെ ഇനിയുള്ള കാലം കഴിയാൻ കൊതിച്ച് വന്നതാണ് പോലും. വന്നതിന്റെ രണ്ടാമത്തെ ആഴച്ച ആ ഉപ്പ മരിച്ച് പോയെന്ന്… കേട്ടപ്പോൾ എന്റെ സമാധാനം പോയി… ഞാനിങ്ങ് പോന്നു….’
എന്നും പറഞ്ഞ് ഞങ്ങളെ തൊട്ട് മാറ്റി അവൻ ഹാളിലേക്ക് കയറി. അവളും ഞാനും വെറുതേ പരസ്പരം നോക്കി. അവൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നുകയാണ്. ഓരോ തലമുറകളിലും ഒരുകൂട്ടം മനുഷ്യർ, വരുംതലമുറകളെ സുരക്ഷിതമാക്കാൻ നെട്ടോട്ടം ഓടുന്നുണ്ട്. അവർക്ക് വീടുകൾ ബാങ്കുകളാണ്. നിക്ഷേപങ്ങളിൽ മാത്രമായിരിക്കും കണ്ണുകൾ. തലയിൽ ബന്ധങ്ങളുണ്ടാകാം. സ്നേഹം നുരയുന്നുമുണ്ടാകാം. പക്ഷേ, ജീവിക്കുന്നത് സമ്പാദിക്കാൻ വേണ്ടി മാത്രമാണെന്ന ഗുണനമാണ് തലയിൽ പെരുകുന്നത്. അതിന്റെ നിയന്ത്രണത്തിൽ പെട്ട് പോകുന്ന മനുഷ്യർക്ക് കാലം ഒരുക്കി വെച്ചിരിക്കുന്നത് ഒന്നാന്തരമൊരു ഓർമ്മയാണ്. ബന്ധങ്ങളിൽ ജീവിക്കാൻ മറന്നുപോയെന്ന അശരീരിയാണ്.
ഉറപ്പായും ഞാൻ അങ്ങനെയല്ല. മകന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ… പണം ശേഖരിക്കാൻ മാത്രമാകരുത് ജീവിതമെന്ന് അവൻ പറഞ്ഞ് തരുന്നത് പോലെ തോന്നുന്നു. ഒറ്റപ്പെടലിൽ പൊരുത്തപ്പെട്ടാൽ ജീവിതം പഠിക്കുമെന്ന കണക്കിൽ ആരെയും ഒറ്റപ്പെടുത്തരുതെന്നും അവൻ പറയാതെ പറയുന്നു. അവന്റെ ജീവിതം ഞാൻ തീരുമാനിക്കരു തായിരുന്നു.
‘അച്ഛാ… നിങ്ങളെ രണ്ടാളെയും നോക്കി ജീവിതം കളഞ്ഞെന്ന് ഞാനൊരിക്കലും പറയില്ല. പിന്നെ, നിങ്ങള് ഇല്ലാത്ത കാലത്ത് ഞാൻ എങ്ങനെ ജീവിക്കുമെന്ന് ഓർത്ത് ആർക്കും ടെൻഷൻ വേണ്ട. അത് അപ്പോഴല്ലേ… ഈ ഒറ്റപ്പെടുന്നതൊക്കെ ഞാനും അറിയട്ടെ… അത് നിങ്ങള് രണ്ടാളും ജീവിച്ചിരിക്കുമ്പോ വേണ്ട…’
അവനത് പറഞ്ഞ് തീർക്കുമ്പോഴേക്കും മണി പത്തായെന്ന് പറഞ്ഞ് ക്ലോക്ക് ശബ്ദിച്ചു. എല്ലാവരുമത് ശ്രദ്ധിക്കുകയും ചെയ്തു. മോൻ ധൃതിയിൽ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോൾ ഹാളിലെ കസേരയിൽ ഞാൻ ഇരുന്നു. ശേഷം, കണ്ണുകളുടെ നനവ് തുടച്ച് സീലിംഗിലേക്ക് തുറന്ന് പിടിച്ചു. തുടർജീവിതം ധന്യമാണെന്ന കാഴ്ച്ചയിലേക്ക് തുള്ളിമരുന്ന് ഒഴിക്കാൻ മോൻ ഇപ്പോൾ വരും…!!!