Story written by Shaan Kabeer
ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഷാൻ വീണ്ടും അവളെ കാണുന്നത്. ഇനിയൊരിക്കലും കാണില്ല എന്ന് ആയിരം വട്ടം മനസ്സുകൊണ്ട് ഉറപ്പിച്ചിട്ടാണ് പിരിഞ്ഞത്.
ഇതിപ്പോ ഒട്ടും പ്രതീക്ഷിക്കാതെ തൊട്ട് മുന്നിൽ അവൾ നിൽക്കുമ്പോൾ എന്താ ചെയ്യേണ്ടത് എന്നറിയാതെ ഷാൻ നിന്ന് പരുങ്ങി. വയസ്സയെങ്കിലും അവൾക്ക് ഒരു മാറ്റോം വന്നിട്ടില്ല. മുടിയൊക്കെ ഒന്ന് വെളുത്തു എന്നല്ലാതെ. അവൾ തന്റെ നുണക്കുഴി കാണിച്ച് പുഞ്ചിരിച്ച് ഷാനിന്റെ കണ്ണിലേക്ക് നോക്കി
“ന്താ ഇക്കാ എന്നെ അറിയോ…?”
ഷാൻ അവളുടെ മുഖത്ത് നോക്കാതെ കാറിലേക്ക് കയറാൻ നിക്കുന്ന അവളുടെ മോളെ നോക്കി. ഷാനിന്റെ മുഖത്ത് ഒരു അമ്പരപ്പ് ഉണ്ടായിരുന്നു
“മിന്നു മോളാണോ ഇത്…?”
അതെ എന്നർഥത്തിൽ അവൾ മൂളി
“ഇവള് വല്യ കുട്ടി ആയല്ലോ…”
അവളൊന്ന് പുഞ്ചിരിച്ചു
“ആഹാ, ഇങ്ങള് ഇവളെ കുട്ടി ആയിരുന്നപ്പോ കണ്ടതല്ലേ… ഇപ്പൊ പത്തിരുപത് വർഷം കഴിഞ്ഞില്ലേ”
ഷാൻ ഒന്ന് മൂളി. രണ്ടുപേർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ഷാൻ അവളെ നോക്കി
“ന്നാ ഞാൻ പോട്ടെ, മോന്റെ ഒരു ബിസിനസ് ആവശ്യത്തിന് കൂടെ വന്നതാ. ഓൻ ആ ഓഫീസിൽ ഉണ്ട്. ഇപ്പൊ വരും”
അവളൊന്ന് മൂളി. വാർദ്ധ്യക്യത്തിലേക്ക് കടന്നിരിക്കുന്ന ഷാനിന് നടക്കാൻ ചെറിയൊരു പ്രയാസം ഉണ്ടായിരുന്നു. അവളുടെ മുഖത്ത് നോക്കാതെ മുന്നോട്ട് നടന്ന ഷാനിനെ അവൾ പിറകിൽ നിന്നും വിളിച്ചു
“ഇക്കാ, സുഖല്ലേ ഇങ്ങക്ക്”
ഇരുപത് വർഷങ്ങൾക്ക് ശേഷം താൻ ജീവനുതുല്യം സ്നേഹിച്ചിരുന്നവളുടെ ശബ്ദത്തിൽ ആ ഇക്കാ എന്നുള്ള വിളി തന്റെ കാതിൽ സ്പർശിച്ചതും ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അയാൾ മുന്നോട്ട് നടന്നു. തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ കൈകൊണ്ട് തുടച്ച് മാറ്റി ഷാൻ വേഗത്തിൽ നടക്കാൻ ശ്രമിച്ചു.
വിങ്ങുന്ന ഹൃദയത്തോടെ അവൾ കാറിൽ കയറിയിരുന്നു. മോൾ അവളെ നോക്കി
“ആരാ ഉമ്മാ അത്…?”
ഒന്നും മിണ്ടാതെ അവൾ മോളെ നോക്കി പുഞ്ചിരിച്ചു.
അതാരാണ് എന്ന ഉത്തരം ഒറ്റ വാക്കിൽ പറയാൻ അവൾക്ക് ഒരിക്കലും സാധിക്കില്ല. അഥവാ ഒറ്റ വാക്കിൽ പറഞ്ഞാൽ അവൾ പി ഴയായി, വേ ശ്യയായി, കാ മ പി ശാചായി…
ഭർത്താവും കുട്ടികളും ഉണ്ടായിട്ടും മറ്റൊരു പുരുഷനെ പ്രണയിക്കുന്നവൾ എന്നും ഈ സമൂഹത്തിന് മുന്നിൽ വെറുക്കപ്പെട്ടവളാണ്. അതുകൊണ്ട് തന്നെ തന്റെ മോളുടെ ചോദ്യത്തിന് ആ പുഞ്ചിരി അല്ലാതെ മറ്റൊരു ഉത്തരവും അവൾക്ക് നൽകാനില്ലായിരുന്നു.
പക്ഷേ അവൾക്ക് ഒന്ന് ഉറക്കെ വിളിച്ച് പറയണം എന്നുണ്ടായിരുന്നു…
സമൂഹം അ വിഹിത പ്രണയം എന്ന് പേരിട്ട് വിളിക്കുന്ന ആ പ്രണയത്തിന്റെ രക്തസാക്ഷികളാണ് ഞങ്ങളെന്ന്…
ചത്ത് ജീവിച്ചിരുന്ന തന്നെ സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിച്ച അ വിഹിതക്കാരനാണ് കുറച്ച് മുന്നേ തന്റെ മുന്നിലൂടെ നിറ കണ്ണുകളോടെ നടന്ന് നീങ്ങിയത് എന്ന്…
തന്നെ മനസ്സ് തുറന്ന് ചിരിക്കാൻ പഠിപ്പിച്ച, കരയുമ്പോൾ കണ്ണീരൊപ്പുന്ന, പലരും നിലത്തിട്ട് ചവിട്ടി മെതിച്ചപ്പോൾ കൈ പിടിച്ച് ഉയർത്തിയ അയാൾ തന്റെ വെറുമൊരു അ വിഹിത കാമുകൻ മാത്രമായിരുന്നില്ല പ്രാണൻ കൂടി ആയിരുന്നു…